അതിരപ്പിള്ളിയിൽ ഡിജിറ്റൽ ലൈറ്റിങ് പദ്ധതി; വന്യജീവികൾക്കും ഭീഷണിയാകുമെന്ന് പരിസ്ഥിതിപ്രവർത്തകർ

#കെ.വി. കല
.
.

തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ ദൃശ്യാനുഭവം കൂടുതൽ നിറപ്പകിട്ടുള്ളതാക്കാൻ ‘ഡിജിറ്റൽ ലൈറ്റിങ്’ പദ്ധതി എന്ന ബജറ്റ് പ്രഖ്യാപനത്തിൽ ആശങ്കയുമായി പരിസ്ഥിതിപ്രവർത്തകർ. അഞ്ചുകോടിയാണ് നീക്കിവെച്ചിട്ടുള്ളത്.

വനമേഖലയിലെ അനാവശ്യവും അമിതവുമായ വെളിച്ചം പക്ഷികളും മൃഗങ്ങളും പ്രാണികളും പുഴുക്കളും ഉഭയജീവികളുമുൾപ്പെടെ സകല ജീവജാലങ്ങളുടെയും ജീവതാളം തെറ്റിക്കുമെന്ന് പഠനങ്ങളുള്ള സാഹചര്യത്തിൽ ലാഘവത്തോടെ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്നാണ് ആവശ്യം. വർഷങ്ങൾക്കുമുൻപ് അതിരപ്പിള്ളിയിൽ ഇത്തരമൊരു പദ്ധതിനിർദേശം ഉയർന്നിരുന്നെങ്കിലും എതിർപ്പുമൂലം ഉപേക്ഷിക്കേണ്ടിവന്നതാണ്.

കാട്ടുപൂച്ചകൾ, മൂങ്ങകൾ, വവ്വാലുകൾ, ഉഭയജീവികൾ തുടങ്ങിയ രാത്രീഞ്ചരരായ ജീവികളുടെ ഇരതേടൽ പൂർണമായും ഇരുട്ടിലാണ്. മിന്നാമിന്നികളും നിശാശലഭങ്ങളുൾപ്പെടെ അപൂർവ ശലഭങ്ങളേറെയുള്ള വനമേഖലയാണിത്.

മിക്ക ജീവികളുടെയും ഇണചേരലും ഇരതേടലുമെല്ലാം രാത്രിയിലാണ്. അവയുടെ ആശയവിനിമയത്തിനും ദേശാടനങ്ങൾക്കും കൂട്ടംചേരലുകൾക്കും പ്രകാശമലിനീകരണം തടസ്സമാവും. മിക്കവയുടെയും നിലനിൽപ്പുതന്നെ അപകടത്തിലാവും.

രാത്രിയിലും വിനോദസഞ്ചാരികളെത്തും

നിലവിൽത്തന്നെ സഞ്ചാരികളുടെ ബാഹുല്യമുള്ള അതിരപ്പിള്ളിയിൽ രാത്രിയിലും വിനോദസഞ്ചാരികൾക്ക് പ്രവേശനമനുവദിച്ചാൽ ഗുരുതര ഭവിഷ്യത്തുകളുണ്ടാവും. സാധാരണ ‘ലൈറ്റിങ് ഷോ’കൾക്കൊപ്പം ഉയർന്നശബ്ദത്തിലുള്ള സംഗീതമുണ്ടാവാറുണ്ട്. കാണികളുടെ ആഹ്ലാദാരവങ്ങളും കാടിന്റെ നിശ്ശബ്ദത ഇല്ലാതാക്കും.

മൃഗങ്ങളെ പ്രകോപിപ്പിക്കുന്നതോ സ്വാഭാവിക ജീവിതത്തിനു തടസ്സംനിൽക്കുന്നതോ കടുത്തശിക്ഷ ലഭിക്കാവുന്ന ക്രിമിനൽക്കുറ്റമാണ്. സൂര്യാസ്തമയത്തിനുശേഷമുള്ള മനുഷ്യരുടെ ഇടപെടലുകൾക്കോ വലിയ പ്രകാശവിന്യാസങ്ങൾക്കോ കേന്ദ്ര, പരിസ്ഥിതി മന്ത്രാലയത്തിന്റെ കർശനനിർദേശപ്രകാരം അനുമതിയില്ല. രാത്രിസഫാരികളിൽ ക്യാമറ ഫ്ളാഷുകൾ ഉപയോഗിക്കുന്നത് മൃഗങ്ങളെ ഭയപ്പെടുത്തുമെന്നതിനാൽ നിരോധനമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് പദ്ധതി. രണ്ടാംഘട്ടത്തിൽ വിശാലമായ പാർക്കിങ്, താമസ സ്ഥലങ്ങൾ, വ്യൂ പോയിന്റ് തുടങ്ങിയ സൗകര്യങ്ങൾകൂടി നടപ്പാക്കുമെന്നാണ് സനീഷ് കുമാർ ജോസഫ് എം.എൽ.എ. വ്യക്തമാക്കിയിട്ടുള്ളത്.

മനുഷ്യ-വന്യജീവി സംഘർഷം കൂട്ടും

ആവാസവ്യവസ്ഥയുടെ താളംതെറ്റുന്നതോടെ മനുഷ്യ-വന്യജീവി സംഘർഷവും രൂക്ഷമാവും. രാത്രിനേരമെങ്കിലും ജീവജാലങ്ങൾക്കായി വിട്ടുനൽകണം. ഏറെ അപകടങ്ങളുണ്ടായിട്ടുള്ള ഇവിടെ രാത്രികാലവിനോദസഞ്ചാരം ഏർപ്പെടുത്തുന്നത് മനുഷ്യർക്കും അപകടമാണ്. 

-എസ്.പി. രവി (കേരള നദീസംരക്ഷണസമിതി പ്രസിഡന്റ്)

നിശാശലഭങ്ങൾക്ക് ഭീഷണി

വനത്തിനുള്ളിലും കൃത്രിമവെളിച്ചമെത്തിച്ചാൽ അവിടെയും ശലഭങ്ങളുടെ നിലനിൽപ്പ് ഭീഷണിയാവും. ഡിജിറ്റൽ വെളിച്ചത്തിന്റെ തിളക്കത്തിലേക്ക് രാത്രികാല പ്രാണികളും നിശാശലഭങ്ങളും ദിശതെറ്റി ആകർഷിക്കപ്പെടും. പ്രത്യുത്പാദനമടക്കമുള്ള ജീവൽപ്രവർത്തനങ്ങൾ നടക്കാതെപോവും.

- വി.വി. രാജശ്രീ (ശലഭ ഗവേഷക)

പഠനമില്ലാതെ നടപ്പാക്കുന്നത് ജനദ്രോഹം

അശാസ്ത്രീയവും നിയമവിരുദ്ധവുമായ പൈനാപ്പിൾ കൃഷിയും മറ്റും പ്രദേശത്തെ മനുഷ്യ-വന്യജീവി സംഘർഷം നാൾക്കുനാൾ കൂട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്. ഒരുതരത്തിലുള്ള പാരിസ്ഥിതിക ആഘാത പഠനങ്ങളുമില്ലാതെ ജനപ്രതിനിധികൾ ഇത്തരത്തിലുള്ള പദ്ധതികൾ കൊണ്ടുവരുന്നത് പരിസ്ഥിതിനാശം മാത്രമല്ല, ജനങ്ങളെ ദ്രോഹിക്കലുമാണ്.

- ഡോ. സന്ദീപ് ദാസ് (റിസർച്ച് അസോസിയേറ്റ്, കാലിക്കറ്റ് സർവകലാശാല)

Content Highlights: Proposed 5-crore digital lighting project at Athirappilly faces backlash., Concerns regarding disruption of nocturnal wildlife activity and insect breeding., Potential for increased human-wildlife conflict due to night tourism., Violation of environmental guidelines regarding artificial light in forest zones., Lack of scientific environmental impact assessment (EIA) for the project.