'അരിപ്പ'യിലെ ചെടി 'ആമസോണ്‍' കാടുകളില്‍ വളരില്ല എന്ന് ഓർത്താൽ നന്ന്; ഇന്ന് ലോക പരിസ്ഥിതി ദിനം

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം, ടിപ്പു സുല്‍ത്താന്‍ തിരുവിതാംകൂറിനെ ആക്രമിക്കാന്‍ പടനയിക്കുമ്പോള്‍, കേണല്‍ ആര്‍തര്‍ വെല്ലസ്ലി മദ്രാസില്‍ സൈന്യ സേവനത്തിലായിരുന്നു. ടിപ്പുവിന്റെ സൈന്യത്തെ നേരിടാന്‍ വെല്ലസ്ലിയെ അയച്ചു. അദ്ദേഹം മൂന്നാര്‍ വഴി കാഞ്ഞിരപ്പള്ളി വരെ എത്തിയപ്പോഴേക്കും സുല്‍ത്താന്‍ മടങ്ങിപ്പോയി. പെരിയാറ്റിലെ വെള്ളപ്പൊക്കത്തില്‍ വെടിമരുന്നു നനഞ്ഞു പോയതായിരുന്നു തിരിച്ചു പോക്കിനു കാരണം. മൂന്നാറിലെത്തിയ ആദ്യ ബ്രിട്ടീഷുകാരനായ വെല്ലസ്ലി മൂന്നാറിനെ തേയിലക്കൃഷിയ്ക്കു പറ്റിയ സ്ഥലമായി വിലയിരുത്തി. 1790-ലായിരുന്നു ഇത്. ഏതാണ്ട് ഒരു നൂറ്റാണ്ടിനു ശേഷം 1879-ല്‍ ബ്രിട്ടീഷുകാര്‍ തന്നെ അവിടെ തേയിലക്കൃഷി ആരംഭിച്ചു.
അതിനും മുന്‍പ് 1840ല്‍ തന്നെ കനോലി സായ്പ്പ് ബ്രിട്ടനു കപ്പല്‍ നിര്‍മ്മിക്കാനുള്ള തടിക്കായി നിലമ്പൂരില്‍ തേക്കു തോട്ടം വച്ചു പിടിപ്പിച്ചിരുന്നു. 1880-ല്‍ അവിടെ മഹാഗണിയും മറ്റു ചില വിദേശ ജനുസ്സുകളും കൃഷി ചെയ്തു തുടങ്ങി. 1895-ലാണ് റബ്ബര്‍ മരങ്ങള്‍ കേരളത്തിലെത്തുന്നത്. ഇവയെല്ലാം തന്നെ പൊന്നു കായ്ക്കുന്ന മരങ്ങള്‍ അഥവാ ക്യാഷ് ക്രോപ്‌സ് ആിരുന്നു. നമ്മുടെ സസ്യജന്തു വൈവിധ്യത്തെ നിഷ്‌ക്കരുണം തുടച്ചു മാറ്റി പശ്ചിമഘട്ടത്തിന്റെ വലിയൊരു ഭാഗത്ത് അവ നിറഞ്ഞു.
എന്നാല്‍ ഇവയെല്ലാം കടത്തി വെട്ടുന്നതായിരുന്നു 1970-കളുടെ അവസാനം തുടങ്ങിയ അക്കേഷ്യ - യുക്കാലിപ്റ്റസ് തോട്ടങ്ങള്‍. ജൈവ വൈവിധ്യത്തിനു പകരമായി അവ നമുക്കു പള്‍പ്പു മരങ്ങള്‍ സമ്മാനിച്ചു. അപകടം ചൂണ്ടിക്കാണിച്ചവര്‍ക്കു കിട്ടിയ മറുപടി, അക്കേഷ്യ മരങ്ങളില്‍ വന്നിരിക്കുന്ന പക്ഷികളുടെ കാഷ്ഠത്തില്‍ നിന്ന് ചുവട്ടില്‍ പുതിയ മരങ്ങള്‍ കിളിര്‍ക്കുമെന്നാണ്. കേരളത്തിന്റെ അവസ്ഥയില്‍ പരിതപിച്ച് യശശ്ശരീരനായ അയ്യപ്പ പണിക്കര്‍ ഒരു മാതൃഭൂമി ഓണപ്പതിപ്പില്‍ എണ്‍പതുകളുടെ തുടക്കത്തില്‍ എഴുതി,
'ഈട്ടിയും തേക്കും മുറിച്ചു മാറ്റി
യൂക്കാലിക്കൊച്ചനെ നാട്ടി നിര്‍ത്തി'
സ്വകാര്യ തേയില-തേക്ക്-റബ്ബര്‍-കാപ്പി മറ്റ് ഏകവിള തോട്ടങ്ങള്‍ എല്ലാം തന്നെ ഒരു കാലത്ത് വനഭൂമിയായിരുന്നു. ഒരു കാലത്ത് എന്നു പറയുന്നത് അനതി വിദൂരകാലമല്ല. കഷ്ടിച്ച് നൂറു-നൂറ്റമ്പതു വര്‍ഷത്തിനിടയിലാണ് ഈ മാറ്റം സംഭവിച്ചത്. എന്നാല്‍ കഴിഞ്ഞ 60-70 വര്‍ഷങ്ങളില്‍ ഒരു കാര്യം കൂടി സംഭവിച്ചു. സര്‍ക്കാരിന്റെ വനഭൂമിയിലെ ഒന്നേ മുക്കാല്‍ ലക്ഷം ഹെക്ടറോളം സ്ഥലത്തെ സ്വാഭാവിക സസ്യ ജന്തു ജാലങ്ങളെ തുടച്ചു നീക്കി യൂക്കാലി-അക്കേഷ്യ-മാഞ്ചിയം കൊച്ചന്മാരെയും, അവരുടെ ചാര്‍ച്ചക്കാരെയും നാട്ടി നിര്‍ത്തി പോറ്റി വളര്‍ത്തി. അതീവ വിത്തു വ്യാപന ശേഷി ഉള്ള ഇവ സമീപ പ്രദേശങ്ങളിലേക്കു സ്വയം പടര്‍ന്നു. ചുറ്റുപാടുമുള്ള ഒരു 60000 ഹെക്ടര്‍ ഭൂമിയിലേക്കെങ്കിലും അവ പടര്‍ന്നു കയറിയിട്ടുണ്ട്.
മലനാട്, ഇടനാട്, തീരനാട് ഇങ്ങനെ മൂന്നായാണ് കേരളം കിടക്കുന്നതെന്നു നമ്മള്‍ പറയുമെങ്കിലും തീരദേശത്തു നിന്നു കുറച്ചു മാറിക്കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ഭൂമി തട്ടു തട്ടായാണു കിടക്കുന്നത്. നമ്മള്‍ നട്ടു വളര്‍ത്തുന്ന പള്‍പ്പു മരങ്ങള്‍ ഏഴോ എട്ടോ വര്‍ഷങ്ങള്‍ കഴിഞ്ഞു മുറിച്ചെടുക്കുമ്പോള്‍ സംഭവിക്കുന്നത് മണ്ണിളകലാണ്. ഇളകിയ മണ്ണ് മഴക്കാലത്ത് സ്വാഭാവികമായും ഒഴുകിമാറും. കാര്‍ബണ്‍ സമ്പുഷ്ടവും ജൈവ വൈവിധ്യത്തിനാധാരവുമായ കാട്ടിലെ കരിമണ്ണ് അണക്കെട്ടുകളിലും, പുഴകളിലും, അടിയുകയും ബാക്കിയുള്ളത് അറബിക്കടലിലെത്തുകയും ചെയ്യും. കാട്ടില്‍ കരിമ്പാറക്കൂട്ടങ്ങള്‍ തെളിഞ്ഞു വരും. ഉരുള്‍പൊട്ടലും, വെള്ളപ്പൊക്കവും മാത്രമല്ല, പുഴകളുടെ മരണവും, ഭൂഗര്‍ഭജലവിതാനം താഴലും, വരള്‍ച്ചയുമടക്കം ഒട്ടേറെ ദുരന്തങ്ങളിലേക്കു നമ്മള്‍ എത്തിക്കൊണ്ടിരിക്കുന്നു.
ഗതികെട്ടാല്‍ പുലി പുല്ലും തിന്നും എന്നൊരു ചൊല്ലുണ്ടെങ്കിലും പുലി പുല്ലു തിന്നു വിശപ്പടക്കുന്നതു കണ്ടതായി ആരും പറഞ്ഞു കേട്ടിട്ടില്ല. ആസ്‌ട്രേലിയയിലെയും, ന്യൂസിലാന്‍ഡിലെയും, ചെറുമൃഗങ്ങള്‍ക്ക് അവയുടെ ദഹനേന്ദ്രിയങ്ങളുടെ പ്രത്യേകതകള്‍ കൊണ്ട് യൂക്കാലിപ്റ്റസിന്റെയും, അക്കേഷ്യയുടെയുമൊക്കെ ഇലകള്‍ ഭക്ഷിക്കാന്‍ പറ്റും. കൂടാതെ ചതുപ്പു നിലങ്ങളിലെ വെള്ളം വലിച്ചെടുത്തു വളരാനും അക്കേഷ്യയ്ക്കും, യൂക്കാലിപ്റ്റസിനും കഴിയും. നമ്മുടെ കാട്ടിലെ ജീവികള്‍ക്ക് അവ കഴിയ്ക്കാനാവില്ല. സ്വകാര്യ മേഖലയിലും പൊതുമേഖലയുമായി വെറും നൂറു-നൂറ്റമ്പതു വര്‍ഷം കൊണ്ട് ദശലക്ഷക്കണക്കിനേക്കറുകളിലെ ജൈവ വൈവിധ്യം തുടച്ചു മാറ്റിയ നമ്മള്‍ കാട്ടു മൃഗങ്ങള്‍ ഭക്ഷണം തേടി നാട്ടിലേക്കിറങ്ങുന്നതില്‍ പരിതപിക്കുകയല്ല, പരിഹാരമുണ്ടാക്കുകയാണു വേണ്ടത്. മനുഷ്യ-വന്യജീവി സംഘര്‍ഷം മറ്റു സംസ്ഥാനങ്ങളില്‍ എന്തുകൊണ്ട് രൂക്ഷമായ ഒരു പ്രശ്‌നമായി മാറിയിട്ടില്ല എന്നും നമ്മള്‍ ആലോചിക്കണം.
ലോകത്തിലെ എട്ടു ജൈവ വൈവിധ്യ ഹോട്ട് സ്‌പോട്ടു (hot spot) കളിലൊന്നായാണ്, പശ്ചിമ ഘട്ടത്തെ കണക്കാക്കുന്നത്. ഇവിടത്തെ പ്രാദേശിക സസ്യജാലങ്ങള്‍ മറ്റൊരിടത്തുമുണ്ടാവാന്‍ ഇടയില്ല. ഒരിക്കല്‍ സമ്പൂര്‍ണ്ണമായി നശിച്ചാല്‍ അവ എന്നെന്നേയ്ക്കുമായി ലോകത്തു നിന്ന് അപ്രത്യക്ഷമാവുകയാണ്. 'അരിപ്പ'യിലെ ചെടി 'ആമസോണ്‍' കാടുകളില്‍ വളര്‍ന്നോളും എന്നു കരുതരുത്.
ലോകമാകെ പ്രചാരമുള്ള കോടിക്കണക്കിനു രൂപയുടെ വ്യവസായമാണ് ആയുര്‍വേദ മരുന്നു നിര്‍മ്മാണവും, സൗന്ദര്യ സംവര്‍ധക വസ്തുക്കളുടെ നിര്‍മ്മാണവും. അതിനുള്ള പ്രകൃതിദത്തമായ മൂലധനം കൂടിയാണ് നമ്മള്‍ ഇല്ലാതാക്കുന്നത്. ആരും വെള്ളമൊഴിക്കാതെയും, വളമിടാതെയും കീടനാശിനികള്‍ തളിക്കാതെയുമാണ് കാടുകള്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്നത്. കേരളത്തിലെ ശാസ്ത്രജ്ഞന്മാര്‍ തന്നെ അയ്യായിരത്തോളം സ്പീഷീസുകളില്‍പ്പെട്ട ചെടികള്‍ പശ്ചിമഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സൂക്ഷ്മ ജീവികളും, ചെറു ജീവജാലങ്ങളും, പക്ഷി മൃഗാദികളും വേറെയുണ്ട്. ഇവയെല്ലാം തമ്മിലുള്ള പാരമ്പര്യത്തിന്റെ പരിണിത ഫലമാണ് കാട്. അവിടെ ഇരയും, വേട്ടക്കാരനും വേണം. അവയെ തുടച്ചു നീക്കി നമ്മള്‍ അക്കേഷ്യയും, യൂക്കാലിപ്റ്റസും വച്ചു മാറ്റുന്നതിന് ഒരു ന്യായമേ തോന്നുന്നുള്ളൂ. ഒരു ലോറി അക്കേഷ്യയുടെയോ, മാഞ്ചിയത്തിന്റെയോ, യൂക്കാലിപ്റ്റസിന്റെയോ വില നമുക്കറിയാം. അതു വച്ചു ലാഭം കണക്കു കൂട്ടാനുമറിയാം. എന്നാല്‍ നമ്മള്‍ നശിപ്പിക്കുന്ന ഓരോ ചതുരശ്രമീറ്ററിലെയും ജൈവ വൈവിധ്യത്തിന്റെ വില നമ്മുടെ പരിമിതമായ അറിവിനപ്പുറത്താണ്. അതിന്റെ നഷ്ടം കണക്കു കൂട്ടുവാന്‍ നമുക്കു കഴിയുന്നില്ല.
(ലേഖകന്‍ യു.എന്‍.സി.സി.ഡി.യുടെ അര്‍ബന്‍ ഫോറസ്ട്രി എക്‌സ്‌പെര്‍ട് കണ്‍സള്‍ട്ടന്റാണ്)
Content Highlights: Acacia Eucalyptus forest, world environment day, biodiversity