വെള്ളം ഫില്‍ട്ടര്‍ ചെയ്ത് കടത്തിവിടും; ജലലഭ്യത ഉറപ്പാക്കാൻ കിണര്‍ റീചാര്‍ജിങ്ങ് | ഇന്ന് ലോക ജലദിനം

#ഡോ. മാധവന്‍ കോമത്ത്
പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി
പ്രതീകാത്മകചിത്രം | ഫോട്ടോ: എ.എഫ്.പി

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും നമുക്ക് ലഭിക്കേണ്ട മഴയുടെ തോതില്‍ ഗണ്യമായ വ്യതിയാനം ഉണ്ടാക്കിയിരിക്കുകയാണ്. നമുക്ക് ലഭിക്കുന്ന മഴവെള്ളം ശരിയായ രീതിയില്‍ സംഭരിച്ച് സൂക്ഷിച്ച് വെയ്ക്കുകയാണെങ്കില്‍ വേനല്‍കാലത്ത് അത് കുടിവെള്ളമായി ഉപയോഗിക്കാവുന്നതാണ്. ജലസമ്പത്ത്‌കൊണ്ട്  അനുഗ്രഹീതമായ നാം വേനല്‍ കാലത്ത് കുടിവെള്ളത്തിനായി പരക്കം പായുന്ന അവസ്ഥയിലാണ്. 44 നദികള്‍. 152 ഉപനദികള്‍, 70 ലക്ഷം കിണറുകള്‍. നിരവധി കുളങ്ങള്‍, തോടുകള്‍, തടാകങ്ങള്‍, അരുവികള്‍, തുടങ്ങി നിരവധി ജലസ്രോതസ്സുകളെക്കുറിച്ച് നാം അഹങ്കരിക്കുമ്പോള്‍ വേനലാകുമ്പോള്‍ കുടിവെള്ളത്തിനായി ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് നാം. 

ഓരോ വര്‍ഷവും ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന കേരളത്തെ വരള്‍ച്ച ബാധിത സംസ്ഥാനമായി പ്രഖ്യാപിച്ചത് നമുക്ക് ചിന്തിക്കാനേ വയ്യ ഇതിനെല്ലാം ഉത്തരവാദികള്‍ ആരാണ് ? കാടായ കാടെല്ലാം വെളുപ്പിച്ച് മൊട്ടക്കുന്നുകളാക്കി കുന്നും മലയും ഇടിച്ച് നിരപ്പാക്കി കോണ്‍ക്രീറ്റ് സൗധങ്ങള്‍ കെട്ടിപ്പൊക്കി വയലുകളെല്ലാം നികത്തി വീടുകളും ഫ്‌ളാറ്റുകളും പണിതും നദികളെയും തോടുകളെയുമെല്ലാം മലിനമാക്കി ഒരിറ്റ് വെള്ളത്തിന് വേണ്ടി കേഴുന്ന ദൈവത്തിന്റെ സ്വന്തം നാട്ടിലെ മലയാളിയെക്കുറിച്ച് ചിന്തിക്കാനെ വയ്യ. ഇതിനൊരു പരിഹാരമെന്താണ് ? ഇനിവരുന്ന തലമുറയെ സംരക്ഷിക്കുവാന്‍ നമുക്ക് ബാധ്യതയില്ലേ ? ഈ ഘട്ടത്തില്‍ നമുക്ക് എന്ത് ചെയ്യാന്‍ കഴിയും ? ജല സംരക്ഷണത്തിനായി ഓരോ വ്യക്തിയും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ആഗതമായിരിക്കുന്നു.

വേനല്‍കാലത്ത് മാത്രം കുടിവെള്ളത്തെക്കുറിച്ച് ചിന്തിക്കുകയും ഒരു മഴ ലഭിക്കുമ്പോള്‍ അതെല്ലാം മറക്കുകയും ചെയ്യുന്ന നാം ഇനിയെങ്കിലും പാഠം ഉള്‍ക്കൊണ്ട് കൊണ്ട് കര്‍മപരിപാടിയിലേക്ക് തിരിയേണ്ടതുണ്ട്. കാര്യമായ ജലവിനിയോഗത്തിലൂടെ കേരളത്തിലെ ജലക്ഷാമത്തിന് നമുക്ക് പരിഹാരം ഉണ്ടാക്കാവുന്നതാണ്.

ഭാവിയില്‍ കുടിവെള്ളത്തെ സംരക്ഷിക്കുന്നതിനായി നമുക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മഴവെള്ളക്കൊയ്ത്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും മറ്റും ഒരു വീട് നിര്‍മ്മിക്കുമ്പോള്‍ തന്നെ മഴവെള്ളസംഭരണിയും ഉണ്ടാകണമെന്ന് നിയമം മൂലം കര്‍ശനമാക്കിയിരിക്കുകയാണ്. ഇപ്പോള്‍ നമ്മുടെ ഗവണ്‍മെന്റും മഴവെള്ളക്കൊയ്ത്തിന് കൂടുതല്‍ പ്രചാരണവും പ്രോത്സാഹനവും നല്‍കുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം നമ്മെ തുറിച്ചുനോക്കുമ്പോള്‍ ഇനി ഓരോ വീട്ടിലും ഒരു മഴവെള്ള സംഭരണി അത്യാവശ്യമായി ഉണ്ടായാല്‍ മാത്രമേ ഭാവിയില്‍ നാം നേരിടുന്ന ജലക്ഷാമത്തിന് ശാശ്വതമായ ഒരു പരിഹാമാകൂ.

മഴവെള്ളം നേരിട്ട് പതിക്കുന്ന പ്രതലങ്ങളില്‍ നിന്നും അത് ബാഷ്പീകരണം മൂലമോ, നീരൊഴുക്കുമൂലമോ പുഴയിലോ കടലിലോ ചെന്നെത്തി ഉപയോഗമല്ലാതായിത്തീരുന്നതിന് മുന്‍പ് നേരിട്ടു സംഭരിച്ച് ഉപയോഗിക്കുകന്നതിനെയാണ് മഴവെള്ള സംഭരണം എന്ന് പറയുന്നത്. മഴ ധാരാളമായി ഉപയോഗികുന്ന ഏതൊരു സ്ഥലത്തും നടപ്പിലാക്കാവുന്ന വളരെ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ഗമാണിത്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകള്‍, തുറസ്സായ പ്രദേശങ്ങള്‍ തുടങ്ങിയ പ്രതലങ്ങളില്‍ വീഴുന്ന മഴവെള്ളം സംഭരിച്ച് വെള്ളത്തിന് ക്ഷാമം നേരിടുന്ന മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ ഉപയോഗിക്കാവുന്നതാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ നിന്നും ഒഴുകിവീഴുന്ന മഴവെള്ളം സംഭരിക്കുന്ന റൂഫ്ക്യാച്ച്‌മെന്റ് പദ്ധതിയും തറ നിരപ്പിലുള്ള പാറക്കെട്ടുകളോ അത്‌പോലെ ഉറപ്പുള്ള മനുഷ്യനിര്‍മ്മിത പ്രതലങ്ങളില്‍ നിന്ന് ജലം സംഭരിക്കുന്ന ഗ്രൗണ്ട് ക്യാച്ച്‌മെന്റ് പദ്ധതിയുമാണ് മഴവെള്ളം സംഭരിച്ച് ഉപയോഗിക്കുന്നതിന് നടപ്പിലാക്കിവരുന്ന രണ്ട് രീതികള്‍. ഇതില്‍ നമ്മുടെ വീട്ടാവശ്യത്തിന് വേണ്ട കുടിവെള്ളം ശേഖരിക്കാന്‍ മേല്‍ക്കൂരയില്‍ നിന്നും ഒഴുകിയെത്തുന്ന വെള്ളം സംഭരിക്കുന്ന രീതിയിലാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.
    
ഇന്ന് സ്വന്തമായി കിണറുള്ള ആര്‍ക്കും തന്നെ ചെയ്യാവുന്ന ഒന്നാണ് കിണര്‍ റീചാര്‍ജിങ്ങ്. സ്വന്തം കിണറിലേക്ക് പുരയിടത്തിലെ വെള്ളം ഫില്‍ട്ടര്‍ ചെയ്ത് കടത്തിവിടുന്ന പ്രക്രിയയാണിത്. ഇതിനെ മേല്‍ക്കൂര മഴവെള്ളകൊയ്ത് എന്ന് വിളിക്കുന്നു. ഇതിനായി കിണറിന് സമീപം ഒരു ഫില്‍ട്ടറിംഗ് ടാങ്ക് പണിയണം. അതില്‍ നിശ്ചിത അമുപാതത്തില്‍ കരി, മണല്‍, ചരല്‍ മുതലായവ നിറയ്ക്കണം. മഴയില്ലാത്ത അവസരങ്ങളില്‍ മേല്‍ക്കൂരകളില്‍ പതിക്കുന്ന പൊടിപടലങ്ങള്‍, പക്ഷികളുടെയും മറ്റ് വിസര്‍ജ്യവസ്തുക്കള്‍ എന്നിവ മൂലം ജലം മിലിനമാക്കുന്നത് തടയാന്‍ ആദ്യത്തെ ഒന്ന്‌രണ്ട് മഴയില്‍ നിന്നുള്ള വെള്ളം ശേഖരിക്കാതെ ഒഴുക്കിക്കളയുന്നത് നല്ലതായിരിക്കും. അതിന് ശേഷം മേല്‍ക്കൂരയില്‍ നിന്നും ശേഖരിക്കുന്ന ജലം കിണറിലേക്ക് ഇറക്കാവുന്നതാണ്. ആദ്യത്തെ ഒന്നോ രണ്ടോ വര്‍ഷം നിരന്തരമായി  ഈ രീതി തുടരുകയാണെങ്കില്‍ ജലവിതാനം ഉയരുകയും വേനല്‍ക്കാലത്ത് ജലം വറ്റാതിരിക്കുകയും ചെയ്യുന്നതാണ്. മലമുകളിലോ ഉയര്‍ന്ന സ്ഥലങ്ങളിലോ കിണര്‍ റീചാര്‍ജിങ്ങ് അഭികാമ്യമല്ല. നിരശ്ചീനമായ സ്ഥലങ്ങളിലാണ് ഈ പ്രക്രിയ കൂടുതല്‍ ഫലപ്രദമാകുന്നത്. അത്‌പോലെ വര്‍ഷത്തിലൊരിക്കല്‍ ഫില്‍ട്ടര്‍ ടാങ്കിലെ കരിയും മണലും ചരലും പുറത്തെടുത്ത് കഴുകി വൃത്തിയാക്കണം.

മഴവെള്ള സംഭരണത്തിന് ഏറ്റവും പറ്റിയതും ചെലവ് കുറഞ്ഞതുമായ ഒരു മാര്‍ഗമാണ് ഫെറോസിമന്റ് ടാങ്ക് കൊണ്ട് നിര്‍മ്മിക്കുന്ന ജലസംഭരണികള്‍. ഇരുമ്പ് വയര്‍മെഷും ചിക്കന്‍മെഷും സിമെന്റു മണലും കൂടി ഉപയോഗിച്ച് വാര്‍ത്താണ് ഫെറോസിമെന്റ് ജലസംഭരണികള്‍ നിര്‍മിക്കുന്നത് വീടിന്റെ മേല്‍ക്കൂരയില്‍ നിന്നുള്ള മഴവെള്ളം പി.വി.സി പാത്തികള്‍ വഴി ഒരു അരിപ്പയിലൂടെ ഫെഫോസിമെന്റ് സംഭരണിയില്‍ മഴവെള്ളം സംഭരിച്ച് സൂക്ഷിച്ച് വെയ്ക്കാവുന്നതാണ്. സി.ഡബ്ലൂ.ആര്‍.ഡി.എം ഇന്‍ഡോകാനേഡിയന്‍ പ്രോജക്ട് വഴി ലക്ഷദ്വീപിലെ പത്ത് ദ്വീപുകളില്‍ ഫെറോസിമെന്റ് ടെക്‌നോളജി നടപ്പിലാക്കിയിട്ടുണ്ട്. നാല് അംഗങ്ങള്‍ ഉള്ള ഒരു അണുകുടുംബത്തിന് ഒരു ദിവസം പാചകാവശ്യത്തിനും കുടിക്കുവാനുമായി ശാരാശരി ആളൊന്നിന് അഞ്ച് ലിറ്റര്‍ തോതില്‍ ഏകദേശം ഇരുപത് ലിറ്റര്‍ ശുദ്ധജലം ആവശ്യമായിവരും. മറ്റ് സ്രോതസ്സുകളില്‍ നിന്നും ശുദ്ധജലം ലഭ്യമല്ലാത്ത അവസരങ്ങളില്‍ മാര്‍ച്ച് മുതല്‍ മെയ്മാസം വരെ ഒരു കുടുംബത്തിന് 1800 ലിറ്റര്‍ ജലം മതിയാകും. വേനല്‍കാലത്ത് നമുക്ക് ആവശ്യായ കുടിവെള്ളം ഓരോരുത്തര്‍ക്കും അവരവരുടെ മേല്‍കൂരയില്‍ വര്‍ഷകാലത്ത് പതിക്കുന്ന മഴയില്‍ നിന്നും സംഭരിക്കാവുന്നതാണ്. കേരളത്തിലെ  ഓരോ വീട്ടുകാരും സ്വന്തം കിണറിലേക്ക് മഴവെള്ളം കടത്തിവിടുന്നത് കിണര്‍  റീചാര്‍ജിലൂടെ ജലവിതാനം ഉയര്‍ത്തി വേനല്‍കാലത്ത് കുടിവെള്ളക്ഷാമം പരിപൂര്‍ണ്ണമായം പരിഹകിക്കാവുന്നതാണ്. 

മണ്ണ് ജലം സംഭരിക്കുന്നതിനുള്ള ഒരു പ്രധാനയിടമാണ്. മണ്ണില്‍ സംരക്ഷണത്തിലൂടെ ജലസംഭരണശേഷി വര്‍ധിപ്പിക്കാവുന്നതാണ്. നടമെടുക്കല്‍, കയ്യാലകെട്ടല്‍, കിടങ്ങ് കീറല്‍, തടയണ നിർമിക്കൽ, ജൈവ ബണ്ട് നിര്‍മിക്കല്‍ തുടങ്ങിയവ മഴവെള്ളം ശേഖരിച്ചു ഭൂജലവിതാനം ഉയര്‍ത്താവുന്ന സംവിധാനങ്ങളാണ്.  മഴക്കുഴി നിര്‍മ്മിക്കുക വഴിയും മഴവെള്ളം സംഭരിച്ചു വെയ്ക്കാവുന്നതാണ്. മഴയ്ക്ക് മുമ്പായി കിണറിന് ചുറ്റും ഒരു മീറ്റര്‍ നീളത്തിലും വീതിയിലും ആഴത്തിലുമായി മൂന്നോ നാലോ കുഴികള്‍ ഉണ്ടാക്കി ജലവിതാനത്തിന്റെ തോത് വര്‍ധിപ്പിക്കാവുന്നതാണ്.

കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും അനുയോജ്യമായ സ്ഥലം കണ്ടെത്തി  ഒന്നോ രണ്ടോ കുളങ്ങള്‍ നിര്‍മിക്കണം. ജലക്ഷാമം നേരിടുന്ന വേനല്‍കാലത്ത്  അവ  ഉപകരിക്കുന്നതോടൊപ്പം സമീപത്തെ കിണറുകള്‍ വറ്റാത്ത ജലസ്രോതസ്സുകളായി നിലനില്‍ക്കുകയും ചെയ്യും. കൂടാതെ പഞ്ചാത്തുകളിലെ പൊതു കിണറുകള്‍ മഴയ്ക്കു മുൻപേ വൃത്തിയാക്കി ജലപരിശോധന നടത്തി വെയ്ക്കുകയാണെങ്കില്‍ അവ കുടിവെള്ള സ്രോതസ്സായി ഉപയോഗിക്കാവുന്നതാണ്. കിണര്‍ റീചാര്‍ജിങ്ങിലൂടെ ജലലഭ്യത ഉറപ്പുവരുത്തുന്നതോടൊപ്പം അതിന്റെ ഗുണനിലവാരം ഒരു അംഗീകൃത ലബോറട്ടറി വഴി ഉറപ്പ് വരുത്തേണ്ടതാണ്. ജലം സംരക്ഷിക്കുക വഴി ശുദ്ധജലം കുടിക്കുന്നതിലൂടെ നിരവധി ജലജന്യ രോഗങ്ങളില്‍ നന്നും നമുക്ക് മോചിതരാകാം. ജലമേഖലയില്‍ സ്ഥായിയായ ഒരു മുന്നേറ്റം സാദ്ധ്യമാകണമെങ്കില്‍ നമ്മര്‍ ഓരോരുത്തരും ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കണം. അതിനായി നാം എന്തെല്ലാമാണ് ചേയ്യേണ്ടത് ?

  1. ജനങ്ങളെ ജലസാക്ഷരതയുള്ളവരാക്കുക.
  2. വര്‍ഷത്തിലൊരിക്കല്‍ കിണര്‍, കുളങ്ങള്‍ മുതലയവ ചെളി നീക്കി വൃത്തിയാക്കുക.
  3. ജലസ്രോതസ്സുകളിലെ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്യുക.
  4. തണ്ണീര്‍തടങ്ങളും നെല്‍വയലുകളും സംരക്ഷിക്കുക.
  5. വാഹനം കഴുകാനോ മൃഗങ്ങളെ കുളിപ്പിക്കാനോ കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.                    
  6. ചോര്‍ച്ചയുള്ള വാട്ടര്‍ടാപ് മാറ്റി സ്ഥാപിക്കുക
  7. പല്ല് ബ്രഷ് ചെയ്യുമ്പോള്‍ ആവശ്യത്തിന് മാത്രം വാട്ടര്‍ടാപ്പ് തുറക്കുക.
  8. കുളിക്കാന്‍ ബക്കറ്റും മഗ്ഗും ഉപയോഗിക്കുക
  9. ബാത്ത്‌റൂമില്‍ ഇടയ്ക്കിടെ ഫ്‌ളഷിംഗ് ഉപയോഗിക്കുന്നത് കുറച്ചുകൊണ്ടുവരിക.
  10. വാഷിംഗ് മെഷീന്‍ ഉപയോഗിക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരിക.
  11. അടുക്കളയിലെ പാത്രങ്ങള്‍ കഴുകിയതിന് ശേഷമുള്ള വെള്ളം സംഭരിച്ച് തോട്ടം നനയ്ക്കാനും പച്ചക്കറി കൃഷിക്കും മറ്റും ഉപയോഗിക്കുക.

     വെള്ളത്തിന്റെ പരിരക്ഷയും പരിപാലനവും നമ്മള്‍ ഓരോരുത്തരും ഏറ്റെടുക്കുകയാണെങ്കില്‍ ഭാവിയിലെ വെള്ളത്തെക്കുറിച്ച് നമ്മള്‍ ആശങ്കപ്പെടേണ്ടതില്ല.    

( കോഴിക്കോട് സി.ഡബ്ല്യൂ.ആര്‍.ഡി.എമ്മിലെ റിട്ടയേര്‍ഡ് സയന്റിസ്റ്റാണ് ലേഖകന്‍) 
 

Content Highlights: water gets filtered well recharging effective in water scarcity