'ചാള്‍സ് ഡാര്‍വിന്‍ തവള'യുടെ 'തലതിരിഞ്ഞ' രതിജീവിതം കണ്ടെത്തി ഇന്തോ-യു.എസ്. ഗവേഷകര്‍

ഇന്ത്യയില്‍ ആന്‍ഡമാനിലെ ചാള്‍സ് ഡാര്‍വിന്‍ തവള. ചിത്രം കടപ്പാട്: S D Biju
ഇന്ത്യയില്‍ ആന്‍ഡമാനിലെ ചാള്‍സ് ഡാര്‍വിന്‍ തവള. ചിത്രം കടപ്പാട്: S D Biju

കോഴിക്കോട്: ജീവലോകത്ത് മറ്റൊരു തവളയും അവലംബിക്കാത്ത വിചിത്ര പ്രജനനരീതി, വിദൂര ആന്‍ഡമാന്‍ ദ്വീപുകളില്‍ കാണപ്പെടുന്ന 'ചാള്‍സ് ഡാര്‍വിന്‍ തവള'കള്‍ പിന്തുടരുന്നതായി കണ്ടെത്തല്‍. വെള്ളമുള്ള മരപ്പൊത്തുകളുടെ ഭിത്തിയില്‍ ഇവ തലകീഴായി ഇണചേരുകയും മുട്ടയിടുകയും ചെയ്യുന്ന വിചിത്രസ്വഭാവമാണ് ഒരു ഇന്തോ-യു.എസ്.സംഘം കണ്ടെത്തിയത്.

'മിനര്‍വാര്യ ചാള്‍സ്ഡാര്‍വിനി' (Minervarya charlesdarwini) എന്ന് ശാസ്ത്രനാമമുള്ള ഈ തവളയിനം ആന്‍ഡമാന്‍ ദ്വീപുകളില്‍ മാത്രമാണ് കണപ്പെടുന്നത്. ഇവയുടെ, വിചിത്ര രതിജീവിതം പഠിക്കാന്‍ വിദൂരദ്വീപുകളില്‍ മൂന്നു വര്‍ഷത്തിനിടെ 55 മണ്‍സൂണ്‍ രാത്രികള്‍ ഗവേഷകര്‍ ചെലവഴിച്ചതായി ഹാര്‍വാഡ് മ്യൂസിയം ഓഫ് കമ്പാരറ്റീവ് സുവോളജിയുടെ 'ബ്രവിയോറ' ജേര്‍ണലില്‍ വന്ന പഠനറിപ്പോര്‍ട്ട് പറയുന്നു.

ഏഷ്യന്‍ തവളകളുടെ വലിയ വിഭാഗമായ 'ഡിക്രോഗ്ലോസിഡേ' (Dicroglossidae) കുടുംബത്തില്‍ ഉള്‍പ്പെടുന്ന 220-ല്‍ കൂടുതല്‍ സ്പീഷീസുകളിലാണ് ആന്‍ഡമാനീസ് ചാള്‍സ് ഡാര്‍വിന്‍ തവള ഉള്‍പ്പെടുന്നത്. മരപ്പൊത്തുകളിലും വേരുകളുടെ പോടുകളിലും കെട്ടിനില്‍ക്കുന്ന വെള്ളത്തിന് മുകളിലെ ഉള്‍ഭിത്തികളിലാണ്, സംഘര്‍ഷഭരിതമായ ഇണചേരലിനൊടുവില്‍ ഈ തവള മുട്ടകള്‍ നിക്ഷേപിക്കുക. വിരിയുന്ന കുഞ്ഞുങ്ങള്‍ തൊട്ടുതാഴെ വെള്ളത്തില്‍ വീഴുകയും വാല്‍മാക്രി ഘട്ടത്തിലെ വളര്‍ച്ച പൂര്‍ത്തിയാക്കുകയും ചെയ്യുന്നു.

ആന്‍ഡമാനിലെ ചാള്‍സ് ഡാര്‍വിന്‍ തവളകളുടെ തലകീഴായുള്ള ഇണചേരല്‍ | ചിത്രീകരണം: S D Biju

ഡല്‍ഹി യൂണിവേഴ്‌സിറ്റി, സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ZSI), യു.എസിലെ ഹാര്‍വാഡ് യൂണിവേഴ്‌സിറ്റി, മിനസോട്ട യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബയോളജിസ്റ്റുകള്‍ പഠനത്തില്‍ ഉള്‍പ്പെട്ടു. 'ഫ്രോഗ് മാന്‍ ഓഫ് ഇന്ത്യ' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളി ശാസ്ത്രജ്ഞന്‍ ഡോ. സത്യഭാമ ദാസ് ബിജു (എസ്.ഡി. ബിജു) ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. നൂറിലേറെ ഉഭയജീവി ഇനങ്ങളെ കണ്ടെത്തി വിശദീകരിച്ച ഡോ. ബിജു, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറാണ്. നിലവില്‍, ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ ഹാര്‍വാഡ് റാഡ്ക്ലിഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫെലോയും കംപാരറ്റീവ് സുവോളജി  മ്യൂസിയത്തിലെ അസോസിയറ്റുമാണ്.

പ്രത്യുത്പാദനവേളയില്‍ മരപ്പൊത്തിലെ ഭിത്തിയില്‍ ലംബമായി തലകീഴായി നില്‍ക്കുന്ന അവസ്ഥയിലുള്ള ഇണകളുടെ ശരീരം, പൂര്‍ണമായും വെള്ളത്തിന് പുറത്തായിരിക്കും. 'ഇത് ഏറെ ശ്രദ്ധേയമാണ്. തലകീഴായി മുട്ടയിടുന്നതാണ് ഈ തവളയുടെ ഏറ്റവും വലിയ സവിശേഷസ്വഭാവം. മറ്റൊരു തവളയിനവും തലകീഴായി മരത്തിന്റെ പൊത്തുകള്‍ക്കുള്ളില്‍ പ്രജനനം നടക്കുന്നതായി അറിയില്ല. ഈ ജീവിവര്‍ഗ്ഗം അതിന്റെ പരിസ്ഥിതിയുമായി എങ്ങനെ ഇടപഴകുന്നുവെന്നും അതിന്റെ നിലനില്‍പ്പിന് ഏതൊക്കെ ആവാസവ്യവസ്ഥകള്‍ അനിവാര്യമാണെന്നും മനസ്സിലാക്കുന്നതില്‍ ഈ കണ്ടെത്തല്‍ നിര്‍ണായകമാണ്'- ഡോ. ബിജു പറയുന്നു.

മരപ്പൊത്തിലിരുന്ന് ഇണയെ ആകര്‍ഷിക്കാന്‍ ഒച്ചയുണ്ടാക്കുന്ന ആണ്‍ ചാള്‍സ് ഡാര്‍വിന്‍ തവള | ചിത്രം കടപ്പാട്: Sonali Garg.

ഇത്രയുംകൊണ്ട് ഈ തവളയുടെ വിശേഷങ്ങള്‍ തീരുന്നില്ല. ആണ്‍തവളകള്‍ ഇണകളെ ആകര്‍ഷിക്കാന്‍ മൂന്നു വ്യത്യസ്ത രീതിയില്‍ ഒച്ചയിടുന്നു. പ്രതിയോഗികളായ മറ്റ് ആണ്‍തവളകളെ പിന്തിരിപ്പിക്കാന്‍ ആക്രമണ മുന്നറിയിപ്പും നല്‍കും. ഇത്തരത്തില്‍ പ്രതിയോഗിയെ അകറ്റാന്‍ കഴിയാതെ വന്നാല്‍, ഇരുവരും തമ്മില്‍ സംഘര്‍ഷഭരിതമായ കൈയാങ്കളിയിലേയ്ക്ക് കാര്യങ്ങള്‍ എത്തും. ചവിട്ടും ഇടിയും കടിയുമൊക്കെ ആയി സംഗതി മുറുകും. പെണ്‍തവളകളുമായി ഇണചേരാന്‍ ഇത്തരത്തിലാണ് ആണ്‍തവളകള്‍ മത്സരിക്കുന്നത്.

ഒരു ആണ്‍തവള ഇണചേരാന്‍ പെണ്‍തവളയുടെ മേല്‍ കയറിപ്പറ്റിയാല്‍, ജോഡിയാകാത്ത മറ്റ് ആണ്‍തവളകള്‍ ഇണയുടെ പുറത്തുള്ള ആണ്‍തവളയെ അവിടുന്ന് നീക്കാന്‍ പരാക്രമം ആരംഭിക്കും. നുഴഞ്ഞു കയറാന്‍ ശ്രമിക്കുന്ന ആ പ്രതിയോഗിയെ ആണ്‍തവള ചവിട്ടിമാറ്റാന്‍ ശ്രമിക്കും. ആ സമയത്ത് പെണ്‍തവള തന്റെ മുതുകത്തെ പ്രിയതമനുമായി മരപ്പൊത്തിലെ ഭിത്തിയിലേക്ക് കയറും. തവളയുടെ തലകീഴായി മുട്ടയിടുന്ന സ്വഭാവം, ആക്രമണകാരികളായ ആണുങ്ങളെ പിന്നില്‍നിന്ന് മാറ്റി മുട്ടയിടുന്നത് തടസ്സപ്പെടുത്തുന്നത് തടയാനുള്ള മാര്‍ഗമായി പരിണമിച്ചിരിക്കാമെന്ന് പഠനം സൂചിപ്പിക്കുന്നു.

ഒരു മരപ്പൊത്തിന്റെ ഭിത്തിയില്‍ ചാള്‍സ് ഡാര്‍വിന്‍ തവളുടെ മുട്ടകള്‍ | ചിത്രം കടപ്പാട്: S D Biju

'ഉഭയജീവികളുടെ വൈവിധ്യം എത്ര ശ്രദ്ധേയമാണെന്നും, അവയുടെ സ്വഭാവത്തെക്കുറിച്ച് ശാസ്ത്രത്തിന് ഇപ്പോഴും അറിയാത്ത കാര്യങ്ങള്‍ അവശേഷിക്കുന്നു എന്നുമുള്ളതിന്റെ, പ്രത്യേകിച്ചും ഏഷ്യയിലെ ഉഷ്ണമേഖലയിലെ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളില്‍, മികച്ച ഉദാഹരണമാണ് പുതിയ പഠനം'- കംപാരിറ്റീവ് സുവോളജി മ്യൂസിയത്തിലെ ഹെര്‍പ്പറ്റോളജി ക്യൂറേറ്ററും ഹാര്‍വാര്‍ഡ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഓര്‍ഗാനിസ്മിക് ആന്റ് എവല്യൂഷണറി ബയോളജിയിലെ പ്രൊഫസറുമായ ജെയിംസ് ഹാങ്കന്‍ പറയുന്നു. പ്രൊഫ. ഹാങ്കനും പഠനത്തില്‍ പങ്കാളിയായിരുന്നു.

ഇത്തരം ജീവികളുടെ ആവാസവ്യവസ്ഥ നേരിടുന്ന ശോഷണം, ആ ജീവികളുടെ നിലനില്‍പ്പിന് എത്ര ഭീഷണിയാകാം എന്നകാര്യവും പഠനത്തില്‍ പരിശോധിക്കപ്പെട്ടു. സ്വാഭാവിക വനങ്ങള്‍ നശിക്കുമ്പോള്‍, ഈ തവളകള്‍ പ്രജനനം നടത്തുന്ന മരപ്പൊത്തുകളും ഇല്ലാതാകുന്നു. ടയര്‍, കുപ്പികള്‍, ഗ്ലാസ്, കണ്ടെയ്‌നേഴ്‌സ് തുടങ്ങി വെള്ളം കെട്ടിനില്‍ക്കുന്ന ഇടങ്ങളില്‍, കുപ്പത്തൊട്ടിയില്‍ പോലും മുട്ടയിടേണ്ട ഗതികേടിലാകുന്നു അവ.

ആന്‍ഡമാനില്‍ നശിപ്പിക്കപ്പെടുന്ന വനം. ഇത്തരം ആവാസവ്യൂഹം നശിക്കുമ്പോള്‍ ചാള്‍സ് ഡാര്‍വിന്‍ തവളകളെപ്പോലുള്ള ജീവികളുടെ നിലനില്‍പ്പ് അപകടത്തിലാകുന്നു | ചിത്രം കടപ്പാട്: G Gokulakrishnan.

''പ്രജനനത്തിനായി തവളകള്‍ കുപ്പത്തൊട്ടി ഉപയോഗിക്കുന്നത് ആശ്ചര്യകരവും ആശങ്കാജനകവുമാണ്. അതിന്റെ കാരണങ്ങളും ദീര്‍ഘകാല പ്രത്യാഘാതങ്ങളും അറിയേണ്ടതുണ്ട്, കൂടാതെ ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിന് നിര്‍ണായകമായ പ്രകൃതിദത്ത പ്രജനന ഇടങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്- പഠനത്തില്‍ മുഖ്യപങ്ക് വഹിച്ചവരിലൊരാളായ ഡോ. സോണാലി ഗാര്‍ഗ് പറയുന്നു. ഹാര്‍വാഡില്‍ കംപാരറ്റീവ് സുവോളജി മ്യൂസിയത്തിലെ ബയോഡൈവേഴ്സിറ്റി പോസ്റ്റ്‌ഡോക്ടറല്‍ ഫെല്ലോ ആണ് ഡോ. സൊണാലി.

തവളകളുടെ വിചിത്ര രതിജീവിതത്തെപ്പറ്റി ആദ്യമായല്ല ഡോ. ബിജുവിന്റെ നേതൃത്വത്തില്‍ പഠനം നടക്കുന്നത്. ലോകത്താകെയുള്ള 7,708 തവളയിനങ്ങള്‍, ആറ് വ്യത്യസ്ത രീതിയില്‍ ഇണചേരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍, 'ബോംബെ രാത്തവള' (Nyctibatrachus humayuni) അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഏഴാമതൊരു ഇണചേരല്‍ രീതി അവലംബിക്കുന്നതായുള്ള കണ്ടെത്തല്‍ ഡോ. ബിജുവും വിദ്യാര്‍ഥികളും 2016-ല്‍ അവതരിപ്പിച്ചിരുന്നു. 'ഡോര്‍സല്‍ സ്ട്രാഡില്‍' (Dorsal straddle) എന്ന് പുതിയ ഇണചേരല്‍ രീതി (sex position) ക്ക് പേരിട്ടു.

ചാള്‍സ് ഡാര്‍വിന്‍ തവളകളിലെ ആണ്‍ അംഗം | ചിത്രം കടപ്പാട് : S D Biju

പ്രകൃതിയില്‍ എന്തെല്ലാം രഹസ്യങ്ങള്‍ ഇനിയും കണ്ടെത്താനിരിക്കുന്നു എന്ന് ഓര്‍മിപ്പിക്കുക മാത്രമല്ല, അവ അറിയും മുമ്പ് ജീവജാതികള്‍ ഉന്‍മൂലനം ചെയ്യപ്പെട്ടേക്കാമെന്ന അപകട മുന്നറിയിപ്പും നല്‍കുന്നു ഇത്തരം പഠനങ്ങള്‍.

Content Highlights: Sathyabhama Das Biju, James Hanken, Sonali Garg, Charles Darwin frog, Breviora, Harvard