കടുവകളെ കണ്ടത് രണ്ടായിരത്തിലധികം തവണ; ശ്രീനിവാസൻ അങ്ങനെ കടുവാ ശ്രീനിയായി

കെ. ശ്രീനിവാസൻ | ഫോട്ടോ: ഷഹീര്‍ സി.എച്ച്/ മാതൃഭൂമി
കെ. ശ്രീനിവാസൻ | ഫോട്ടോ: ഷഹീര്‍ സി.എച്ച്/ മാതൃഭൂമി

ണ്ടായിരം തവണയിലധികം കടുവയെ കണ്ട ഒരു മനുഷ്യൻ. മൂന്നാം ക്ലാസ് മുതൽ കാടിനെ മനപ്പാഠമാക്കിയവൻ. പറമ്പിക്കുളം കടുവാസങ്കേതത്തിലെ വനംവകുപ്പ് വാച്ചർ കെ. ശ്രീനിവാസൻ അങ്ങനെ ടൈഗർമാൻ ഓഫ് പറമ്പിക്കുളമായി. അഞ്ച് കടുവകളെ ഒരുമിച്ച് ഒറ്റ ഫ്രെയിമിൽ ഫോട്ടോ എടുത്തത് മുതൽ കടുവാ സന്ദർശനത്തിനിടെ കാട്ടുപോത്തിന്റെ ചവിട്ടേറ്റ് കിലോമീറ്ററോളം ഇഴഞ്ഞിഴഞ്ഞ് കാടിന്റെ പുറത്തെത്തിയ കഥവരെ പറഞ്ഞാൽ തീരാത്ത അനുഭവങ്ങൾ അദ്ദേഹത്തിന് പറയാനുണ്ട്. കെ.ശ്രീനിവാസൻ മാതൃഭൂമി ഡോട്ട്കോമിനൊപ്പം ചേരുകയാണ്.

പതിനെട്ടാമത്തെ വയസ്സിൽ പറമ്പിക്കുളത്തെ ആനപ്പാടിയിലെ പാലത്തിനടുത്ത് മീൻ പിടിച്ചിരിക്കുമ്പോഴാണ് ശ്രീനിവാസൻ ആദ്യമായി കടുവയെ കണ്ടത്. അന്നൊന്നും പറമ്പിക്കുളത്തിന് കടുവാ സങ്കേതമെന്ന പദവി കിട്ടിയിട്ടില്ല. അന്ന് മീൻപിടിച്ചിരിക്കുമ്പോഴാണ് മ്ലാവുകൾ ഓടിയകലുന്നതും ശബ്ദമുണ്ടാക്കുന്നതും കേട്ടത്. കാട്ടുപോത്തോ കരടിയോ മറ്റോ ആണെങ്കിൽ അപകടമുണ്ടാവേണ്ടെന്ന് കരുതി ശ്രീനിവാസൻ തൊട്ട് അപ്പുറമുള്ള പാലത്തിന്റെ വശത്തേക്ക് മാറിയിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് കടുവ നടന്നുവരുന്നത് കണ്ടു.

ഇക്കാര്യം വനംവകുപ്പ് ഓഫീസിൽ റിപ്പോർട്ട് ചെയ്തെങ്കിലും ആദ്യം ആരും വിശ്വസിക്കാൻ തയ്യാറായില്ല. പക്ഷേ, പലയിടങ്ങളിൽ നിന്നായി കടുവാ സന്ദർശനം പതിവായതോടെ പഗ്മാർക്ക് എടുത്ത് വനംവകുപ്പും കടുവയെ നിരീക്ഷിക്കാൻ തുടങ്ങി.

2010 ഫെബ്രുവരി രണ്ടാം തീയതിയാണ് അഞ്ചെണ്ണത്തെ ഒരുമിച്ച് കണ്ടത്. പക്ഷേ, അതും വിശ്വസിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ തയ്യാറായില്ല. എന്നാൽ, ശ്രീനിവാസന്റെ കൈയിൽ അന്ന് അമ്മാവൻ വാങ്ങിച്ച് നൽകിയ ഒരു കുഞ്ഞ് ക്യാമറ എല്ലാത്തിനും തെളിവാവുകയായിരുന്നു. അഞ്ച് കടുവകൾ ഒറ്റ ഫ്രെയിമിൽ. ഈ ചിത്രം ലഭിച്ചതിന് ശേഷമാണ് പറമ്പിക്കുളത്തിന് കടുവാ സങ്കേതമെന്ന പേര് പോലും പിന്നീട് ലഭിക്കാനുണ്ടായ സാഹചര്യമുണ്ടായത്.

ഉണങ്ങിയ കാലാവസ്ഥയാകുമ്പോഴാണ് കടുവകളെ കൂടുതൽ കാണാൻ കഴിയുക. ചെറുപ്പത്തിലെ കടുവകളുടെ കാലടികൾ പരിശോധിച്ച് കടുവാ സൈറ്റിങ്ങിനായി കാടുകയറുന്നത് ശ്രീനിവാസന് ശീലമായിരുന്നു. അങ്ങനെയൊരു യാത്രയ്ക്കിടെയാണ് അഞ്ചെണ്ണം ക്യാമറയിൽ കുടുങ്ങിയതെന്ന് പറയുന്നു ശ്രീനിവാസൻ.

കടുവ വരുന്ന വഴി അറിയുന്നത് കൊണ്ടുതന്നെ ക്യാമറയുമെടുത്ത് മരത്തിന് മുകളിൽ കയറിയിരുന്നു. ഒരു അരുവിയും പാറക്കെട്ടുമെല്ലാം ഉള്ള സ്ഥലമായിരുന്നു അത്. അങ്ങനെ കാത്തിരിക്കുമ്പോഴാണ് സാവധാനം ആ പാറയുടെ മുകളിൽകൂടെ ആദ്യം ഒരു കടുവയെത്തിയത്. ശേഷം ഒന്ന് മുരണ്ടു. പിന്നാലെ രണ്ടെണ്ണം ഒരുമിച്ച് എത്തി. ഇതിന് ശേഷം രണ്ടെണ്ണവും പിന്നാലെ മറ്റൊരെണ്ണവും വന്ന് ആ പാറയിൽ ഇരിപ്പുറപ്പിച്ചു.

ഒരിക്കൽ കടുവയെ തേടി കാടുകയറിയിട്ട് ഉറങ്ങിപ്പോയ സംഭവവും ശ്രീനിവാസന്റെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. പലപ്പോഴും തന്റെ ക്ഷമയാണ് കടുവ സന്ദർശനത്തിനായി ഗുണം ചെയ്തതെന്ന് പറയുന്നു ശ്രീനിവാസൻ. അങ്ങനെയൊരു ദിവസമായിരുന്നു അന്ന്. നടന്ന് തളർന്ന് ഒരു മരത്തണലിൽ വിശ്രമിക്കാനിരുന്നതാണ്. കൈയിൽ ക്യാമറയുമുണ്ട്. പക്ഷേ, അറിയാതെ ഉറങ്ങിപ്പോയി. എന്തോ ചെറിയ അനക്കം കേട്ട് ഉറക്കം ഞെട്ടിയപ്പോഴാണ് താൻ കിടന്നതിന്റെ കുറച്ച് ദൂരത്തായി ഒരു കടുവ കിടന്നുറങ്ങുന്നത് കണ്ടത്. അതും അന്ന് ക്യാമറയിൽ പകർത്താനായി. ഒരുപക്ഷേ, സ്ഥിരമായി തന്നെ കാണുന്ന കടുവ ആയത് കൊണ്ടാകാം ആക്രമിക്കാതിരുന്നതെന്നും ശ്രീനിവാസൻ പറയുന്നു.

ചിലപ്പോൾ ശ്രീനിവാസനൊപ്പം ഉദ്യോഗസ്ഥരും കാടുകയറാൻ പോവും. അങ്ങനെയൊരു ദിവസം തന്റെ നേർക്ക് മുപ്പതുമീറ്റർ അടുത്തുവരെ കടുവ നടന്നുവന്ന് തിരിച്ചുപോയ അനുഭവവും ശ്രീനിവാസന് ഉണ്ടായിട്ടുണ്ട്. ഇതിന്റെ ദൃശ്യവും ശ്രീനിവാസന് ക്യാമറയിൽ പകർത്താനായി. തന്നെ കണ്ടതോടെ കടുവ ചാർജ് ചെയ്യാനെന്നപോലെ അടുത്തേക്ക് വന്നു. തങ്ങൾ മനുഷ്യരാണ് നിൽക്ക് എന്നൊക്കെ അതിനോട് പറയുന്നുണ്ട്. ഭാഷ മനസ്സിലായത് കൊണ്ടോ അല്ലെങ്കിൽ തന്നെ അറിയാവുന്നത് കൊണ്ടോ കടുവ തിരിച്ച് പോവുകയായിരുന്നു. ധരിക്കുന്ന വസ്ത്രത്തിന് പോലും കടുവ ദർശനം ലഭിക്കുന്നതിനുള്ള നിർണായക പങ്കുണ്ടെന്ന് പറയുന്നു ശ്രീനിവാസൻ. കണക്കെടുപ്പിനൊക്കെ പോകുമ്പോൾ കാടിന്റെ മണം വസ്ത്രത്തിനും ലഭിക്കട്ടെ എന്ന് കരുതി ദിവസങ്ങളോളം അലക്കാതെ ഇരുന്നിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

ആനയെവരെ ഇരയാക്കുമെങ്കിലും വേട്ടയാടൽ മൂലം കാട്ടിൽ ഏറെ വെല്ലുവിളി നേരിടുന്ന മൃഗങ്ങളിലൊന്നാണ് കടുവയെന്ന് പറയുന്നു ശ്രീനിവാസൻ. കടുവ ഇരതേടാനെത്തുന്നത് വളരെ ദൂരത്ത് നിന്ന് പോലും കാണാൻ കഴിയുന്നവരാണ് കുരങ്ങുകൾ. ഇതോടെ മുന്നറിയിപ്പ് ശബ്ദമുണ്ടാക്കും. ഇത് പലമൃഗങ്ങൾ വഴി കുറേ ദൂരത്തേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യും. അതുകൊണ്ടു തന്നെ പത്തോ പതിനഞ്ചോ പരിശ്രമത്തിന് ശേഷമാകും കടുവയ്ക്ക് ഇരയെ കിട്ടുന്നത്. എന്നാൽ ആനയെവരെ വീഴ്ത്താനുമാകും.

ആനയെ പോലുള്ള വലിയ മൃഗങ്ങളെ ആദ്യം എവിടെയെങ്കിലും മുറിവുണ്ടാക്കുകയാണ് ചെയ്യുക. കഴുത്തിലോ അല്ലെങ്കിൽ കാലിലോ പുറക് വശത്തോ മുറിവുണ്ടാക്കി വിടും. ഇത് പത്ത് ദിവസം കഴിയുമ്പോൾ അല്ലെങ്കിൽ ഒരുമാസം കഴിയുമ്പോൾ വ്രണമായി മാറി ആനയ്ക്ക് മരണം സംഭവിക്കാം. അതുവരെ തന്റെ ഇരയെ പിന്തുടർന്ന് കാത്തിരിക്കും.

അതിന്റെ മരണത്തിന് ശേഷമാണ് തീറ്റ ആരംഭിക്കുന്നത്. ചീഞ്ഞ മാംസമാണ് കടുവയ്ക്ക് കൂടുതൽ ഇഷ്ടം. രുചി കൂടുന്നതും കഴിക്കാൻ എളുപ്പവും ആ സമയമാണ്. തന്റെ ഏരിയയിൽ മറ്റൊരാളെയും കടന്നുവരാൻ സമ്മതിക്കാത്ത കടുവ ദിവസങ്ങളെടുത്താണ് മുഴുവൻ ഇറച്ചിയും തിന്ന് തീർക്കുന്നതെന്നും ശ്രീനിവാസൻ പറയുന്നു.

ഏതൊക്ക മൃഗങ്ങളെ എവിടെ കണ്ടെത്താനാകും എന്നതിനെക്കുറിച്ച് ശ്രീനിവാസന് കൃത്യമായ ധാരണ ഉണ്ട്. അത് 26 വർഷമായുള്ള കാട്ടറിവിലൂടെ ശ്രീനിവാസൻ സ്വായത്തമാക്കിയതാണ്.

മൃഗങ്ങളുടെ സ്വൈര്യജീവിതത്തിന് ഒരുതരത്തിലും ബുദ്ധിമുട്ടുണ്ടാകാതെയാണ് ശ്രീനിവാസൻ അവയെ നിരീക്ഷിക്കാറ്. മൃഗങ്ങളിൽനിന്ന് അകലം പാലിച്ചു നിൽക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കാറുമുണ്ട്. ചില സമയങ്ങളിൽ മൃഗങ്ങളെ ഭയപ്പെടുത്താതെ നാലുകാലിൽ ഇഴഞ്ഞുനീങ്ങിവരെ വന്യമൃഗങ്ങളെ നിരീക്ഷിച്ചിട്ടുണ്ട്.

ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിൽ ഒരു തവണ മാത്രമാണ് ശ്രീനിവാസനെ ഭയപ്പെടുത്തിയ സംഭവം ഉണ്ടായത്. ഒരിക്കൽ കടുവകളുടെ കണക്കെടുക്കാനുള്ള ശ്രമത്തിനിടെ കാട്ടുപോത്ത് അദ്ദേഹത്തെ ആക്രമിച്ചിരുന്നു.

കാട്ടുപോത്തിന്റെ തൊഴിയേറ്റ് കാലിന് സാരമായ പരിക്കേറ്റു. അഞ്ച് കിലോമീറ്ററോളം വനത്തിനുള്ളിലൂടെ സ്വയം ഇഴഞ്ഞുനീങ്ങിയാണ് പുറത്തെത്തി സഹായം തേടാനായത്. അതേത്തുടർന്ന് മൂന്നുമാസം താൻ കിടപ്പിലായിരുന്നുവെന്നും ശ്രീനിവാസൻ പറയുന്നു. എന്നാൽ ഇത്തരം അനുഭവങ്ങളിൽ പതറാതെ വനസംരക്ഷണത്തിനായി തന്റെ ജീവിതം തന്നെ നീക്കിവച്ചിരിക്കുകയാണ് അദ്ദേഹം.

ഭാര്യയും മൂന്നു മക്കളും അടങ്ങുന്നതാണ് ശ്രീനിവാസന്റെ കുടുംബം. പറമ്പിക്കുളം ബൈസൺവാലിക്കടുത്ത ക്വാർട്ടേഴ്സിലാണ് താമസം. 2019-ൽ മികച്ച വനപാലകനുള്ള ബഹുമതി നൽകി നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റി ശ്രീനിവാസനെ ആദരിക്കുകയും ചെയ്തിരുന്നു.

Content Highlights: Parambikulam forest department watcher K. Sreenivasan has spotted tigers over 2,000 times in his 26 years of service. His rare photograph of five tigers in a single frame became crucial evidence for Parambikulam being declared a tiger reserve. Sreenivasan shares insights into tiger hunting habits, patience during wildlife sightings, and tracking techniques. He survived a severe gaur attack during a tiger census and crawled five kilometers to safety. Honored with the National Tiger Conservation Authority award in 2019 for his outstanding service to forest conservation.