പശ്ചിമഘട്ടത്തിന്റെ ഹൃദയമിടിപ്പ്; ഇന്ത്യയുടെ പ്രഥമ ജൈവമണ്ഡലമായ നീലഗിരിയുടെ മാറ്റത്തിന്റെ ചരിത്രമറിയാം

#ജയപ്രകാശ് നിലമ്പൂർ
നീലഗിരിയിലെ സഞ്ചാരികൾ | ഫോട്ടോ: മാതൃഭൂമി
നീലഗിരിയിലെ സഞ്ചാരികൾ | ഫോട്ടോ: മാതൃഭൂമി

തെക്കെയിന്ത്യയിൽ തുടർച്ചയായി കാടും ഹരിതമലനിരകളും ആകർഷകമായ കൃഷിയിടങ്ങളും നനുത്ത തണുപ്പും എക്കാലത്തുമുള്ള മനോഹരപ്രദേശമാണ് നീലഗിരി. ഈ പശ്ചിമഘട്ടമേഖലയെക്കുറിച്ച് പറയുമ്പോൾ മലയാളിയുടെ നാവിൻതുമ്പിലേക്ക് ആദ്യമെത്തുക നീലഗിരിയുടെ സഖികളേ.. എന്ന ആ മനോഹരഗാനമായിരിക്കും. 1987ൽ നിലവിൽവന്ന ഇൻഡ്യയിലെ ആദ്യ ബയോസ്ഫിയർ റിസർവ് കൂടിയാണ് നീലഗിരി. 5520 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ ജൈവ വൈവിധ്യമേഖല ഇനിയും കണ്ടെത്തി രേഖപ്പെടുത്താത്തവയടക്കമുള്ള ഒട്ടനവധി ജീവജാതികളുടെ ഭൂമുഖത്തെ ഏക ആവാസ കേന്ദ്രം കൂടിയാണ്.

കേരളം, തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന ഇവിടത്തെ ജീവവൈവിധ്യങ്ങളും നിമ്‌നോന്നതമായ മലനിരകളും അഗാധമായ താഴ്വരകളും ജൈവസമ്പത്തും അനുഗ്രഹീത കാലാവസ്ഥയും കാർഷിക വൈവിധ്യവും വർഷംതോറും ലക്ഷക്കണക്കിനു സഞ്ചാരികളെയാണ് നീലഗിരിയിലെ മലമടക്കുകളിലെ വിവിധ കാഴ്ചയിടങ്ങളിലേക്ക് ആകർഷിക്കുന്നത്.

ടിപ്പുസുൽത്താന്റെ പതനത്തോടെ ദക്ഷിണേന്ത്യയിൽ ആധിപത്യമുറപ്പിച്ച വിദേശീയർക്ക് ഇവിടത്തെ കാലാവസ്ഥയും ഹൃദയാവർജകമായ കാഴ്ചകളും ജലശേഖരങ്ങളുമുള്ള ഊട്ടി ഒരു വിസ്മയസങ്കേതമായിരുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ ആദ്യ പകുതിക്കു ശേഷം കണ്ടെത്തി വിദേശീയർ ആവാസകേന്ദ്രങ്ങൾ നിർമ്മിച്ചതോടെയാണ് നീലഗിരി മേഖലയിൽ അതുവരെയുണ്ടായിരുന്ന തോടകുറുമ, ബെട്ടകുറുമ, കാട്ടുനായ്ക്കർ തുടങ്ങിയ നാട്ടുജനവിഭാഗങ്ങളുടെ പൈതൃക കേന്ദ്രങ്ങളിൽ തോട്ടവത്‌കരണവും അതിനൊത്ത് വ്യാപക വനനാശവും ആരംഭിച്ചത്.

കർണാടകയിലെ ബന്ദിപ്പുർ, നാഗർഹോള കടുവാസങ്കേതങ്ങളും സമീപ വനഭാഗങ്ങളും ഗ്രാമങ്ങളും തമിഴ്‌നാട്ടിലെ മുതുമല കടുവ സങ്കേതവും മുക്കൂർത്തി ദേശീയോദ്യാനവും സമീപ വനങ്ങളും ഗ്രാമങ്ങളും കേരളത്തിലെ വയനാട്, കരിമ്പുഴ വന്യജീവി സങ്കേതങ്ങളും സൈലന്റ് വാലി നാഷണൽ പാർക്കും നിലമ്പൂർ വയനാടൻ മണ്ണാർക്കാടൻ കാടുകളും സമീപഗ്രാമങ്ങളും എല്ലാം ഉൾപ്പെടുന്നതാണ് നീലഗിരി ജൈവ മണ്ഡലം.

തേയില, യൂക്കാലിപ്റ്റസ്, തേക്ക്, റബർ, തെങ്ങ്, കമുക്, കാപ്പിത്തോട്ടങ്ങൾ നീലഗിരി മേഖലയിൽ വ്യാപകമായത് കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളിലായാണ്. ഒപ്പം വനനാശവും ഖനനവും കാട്ടുതീയും വനം െെകയേറ്റവും വന്യജീവി വേട്ടയും വ്യാപാരവും ടൂറിസ റിസോർട്ട് വ്യാപനവും ഒക്കെ ഒന്നിനൊന്നായി കൂടി വന്നു. അതൊക്കെ നീലഗിരിയുടെ ലോലവും അതുല്യവുമായ പാരിസ്ഥിതിക സവിശേഷതകൾക്ക് അപരിഹാര്യമായ മുറിവുകളാണുണ്ടാക്കിയത്.

അതുകൊണ്ടുതന്നെയാണ് പിൽക്കാലത്ത് പല കാര്യങ്ങൾക്കും ഈ മേഖലയിൽ കർശന വ്യവസ്ഥകൾ നിർബന്ധമാക്കിയത്. അഞ്ചു ലിറ്ററിൽ കുറഞ്ഞ കുടിവെള്ളവും പ്ലാസ്റ്റിക്ക് കീസുകളും രാത്രി ഗതാഗത നിയന്ത്രണവും സന്ദർശനവാഹനനിയന്ത്രണവുമെല്ലാം ഇങ്ങനെ അനിവാര്യമായതിനാൽ നടപ്പാക്കിയതാണ്.

മൂന്ന് സംസ്ഥാനങ്ങളിലെയും അനേക കോടി മനുഷ്യർക്കും മറ്റു ജീവജാതികൾക്കും പ്രാണജലം പകരുന്ന ഏറെ അരുവികളും പുഴകളും ഉദ്‌ഭവിക്കുന്നത് നീലഗിരി മേഖലയിലെ മലനിരകളിൽ നിന്നാണ്. നീളത്തിൽ കേരളത്തിൽ മൂന്നാം സ്ഥാനമുള്ള പുഴയായ ചാലിയാറിന്റെ മിക്ക പോഷകപുഴകളും ഉദ്‌ഭവിക്കുന്നത് നീലഗിരിതടത്തിൽ നിന്നാണ്. പ്രകൃതി ദുരന്തങ്ങൾക്ക് നിരന്തരം സാക്ഷ്യം വഹിക്കേണ്ടിവരുന്ന പാരിസ്ഥിതിക ദുർബല പ്രദേശം കൂടിയാണ് നീലഗിരി.

കാടിന്റെ അവകാശികളായ വന്യജീവികൾ മനുഷ്യരുടെ അധിവാസ മേഖലകളിലേക്ക് നിരന്തരം ഇറങ്ങിവരുകയും മനുഷ്യർ ചെറുത്തു നിൽക്കുകയും ചെയ്യുന്നതു മൂലമുള്ള പ്രതിസന്ധികൾ ഇവിടെ മനുഷ്യ ജീവിതവും കൃഷിയും ദുഷ്‌കരമാക്കിയിരിക്കുന്നു. ഈയിടെ ഇത്തരം പ്രതിസന്ധികൾ ഏറിവരുകയുമാണ്.

വനമേഖലകൾ ദരിദ്രമായതും ഭക്ഷണ കുടിവെള്ള ലഭ്യത കുറഞ്ഞതും ഉൾപ്പെടെയുള്ള ഒട്ടേറെ കാരണങ്ങൾ കൊണ്ടാണ് വന്യജീവികൾ കൂട്ടത്തോടെയെന്നോണം നാട്ടിലിറങ്ങുന്നത്. ഈ പ്രതിസന്ധിക്ക് ശാശ്വതമായൊരു പരിഹാരം എളുപ്പമാണെന്നു തോന്നുന്നില്ല.

നീലഗിരി കുന്നുകളുടെ ഹരിത മനോഹാരിതയും കാനന വൈവിധ്യവും ജലസമൃദ്ധിയും നിലനിർത്തി ക്കൊണ്ട് വന്യജീവികൾക്ക് കാട്ടിൽത്തന്നെ ഭക്ഷണ ജല ലഭ്യത എക്കാലവും നിലനിർത്തിക്കൊണ്ട് സന്തുലിത ജീവിത കാർഷിക സാമൂഹിക മുന്നേറ്റങ്ങൾക്ക് ആസൂത്രിതമുന്നേറ്റങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നു.

നീലഗിരിയുടെ പാരിസ്ഥിതിക സവിശേഷതകളെക്കുറിച്ച് ഓരോരുത്തരെയും ബോധവത്കരിക്കുകയും പരിസ്ഥിതിക്ക് ഇണങ്ങുന്ന ജീവിത സമീപനങ്ങൾ കൈക്കൊള്ളുകയും ചെയ്യുന്ന ഒരു ഇണക്കുജീവിത സമ്പ്രദായം ആവിഷ്‌കരിക്കുകയും ചെയ്യേണ്ടിയിരിക്കുന്നു നമ്മൾ.

നീലഗിരിയുടെ താഴ് വരയിൽപ്പിറന്ന് ഇവിടെ ജീവിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമായി കരുതുക. ഇവിടത്തെ മണ്ണിന്റെയും കാടിന്റെയും മനസ്സറിഞ്ഞ് ജീവിക്കാൻ നാം സ്വയം പഠിച്ചേ മതിയാകൂ. നീലഗിരിയിലൂടെ മനസ്സറിഞ്ഞ് ഈ കാട്ടുപച്ചയിലൂടെ അതിനെ നോവിക്കാതെ നമുക്കു സഞ്ചരിക്കാം. നമുക്കും നീലഗിരിയുടെ സഖികളാവാം. പാരിസ്ഥിതിക ജാഗ്രതയാർന്ന ആ പുതുജീവിത പാതയിലേക്ക് നമുക്ക് എത്താനായാൽ ലോകത്തിനു തന്നെ ഒരു മാതൃകയായിരിക്കും അത്.

Content Highlights: Explore Nilgiri, a bio-reserve in the Western Ghats. Discover lush forests, stunning landscapes, rich wildlife, and its ecological importance.