വിത്തുബില്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടിയോ? പരീക്ഷണത്തിനും ഉപയോഗത്തിനും വിദേശ ഏജന്‍സികള്‍ക്ക് അനുവാദംനൽകി കേന്ദ്രം

#സി.പി. ശ്രീഹർഷൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിത്തുകളുടെ പരീക്ഷണത്തിനും ഉപയോഗത്തിനും സര്‍ട്ടിഫിക്കേഷനും വിദേശ ഏജന്‍സികള്‍ക്ക് അനുവാദം നല്‍കി കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ കരട് വിത്തുബില്‍. വിത്തുകളുടെ വിലനിയന്ത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരങ്ങള്‍ ഇല്ലാതാക്കുന്നതടക്കമുള്ള വിവാദവ്യവസ്ഥകളടങ്ങിയ ബില്‍ സംസ്ഥാനസര്‍ക്കാരുകളുടെ അഭിപ്രായങ്ങള്‍ക്കായി അയച്ചുനല്‍കി.

വിത്തുവിപണിയിലെ മത്സരക്ഷമത കര്‍ഷകര്‍ക്കനുകൂലമാക്കാനും വിത്തുകളുടെയും നടീല്‍വസ്തുക്കളുടെയും ഗുണനിലവാരം ഉറപ്പാക്കിക്കൊണ്ട് നഷ്ടങ്ങളൊഴിവാക്കി കര്‍ഷകരെ സംരക്ഷിക്കാനുമാണ് പുതിയ വിത്തുബില്ലെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ഗുണനിലവാരമില്ലാത്ത വിത്തിനങ്ങള്‍ കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തികനഷ്ടം വരുത്തിവയ്ക്കുന്നുവെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍, സാധാരണ കര്‍ഷകരേക്കാള്‍ സ്വകാര്യ വിത്തുകമ്പനികള്‍ക്കും കാര്‍ഷികവ്യവസായ മേഖലകള്‍ക്കും നേട്ടമുണ്ടാക്കുന്നതാണ് ബില്ലെന്ന് കാര്‍ഷികരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ചും പരമ്പരാഗത ജൈവകൃഷി നടത്തുന്ന കര്‍ഷകരെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക.

വിദേശ ഏജന്‍സികള്‍ക്കായി വിത്തുവിപണി തുറന്നിട്ടുനല്‍കുന്നതിലൂടെ കാര്‍ഷിക ഗവേഷണമേഖലയില്‍ നിര്‍ണായകസംഭാവനകള്‍ നല്‍കി വരുന്ന ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സില്‍ അടക്കമുള്ള സ്ഥാപനങ്ങളുടെ മേല്‍ക്കൈ നഷ്ടമാകുമെന്ന ആശങ്കയും പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുന്ന വിത്തിനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ലാത്തതിനാലാണ് വിദേശമണ്ണില്‍ തന്നെ അവയുടെ ഗുണനിലവാര പരിശോധന ഉറപ്പാക്കാന്‍ വ്യവസ്ഥ കൊണ്ടുവരുന്നതെന്നാണ് കേന്ദ്രത്തിന്റെ വാദം. വിദേശരാജ്യങ്ങളിലെ തിരഞ്ഞെടുത്ത സര്‍ട്ടിഫയിങ് ഏജന്‍സികളുടെ അംഗീകാരത്തോടെ മാത്രമാണ് പല രാജ്യങ്ങളും അവരുടെ മണ്ണിലേക്ക് വിത്തുകള്‍ ഇറക്കുമതി ചെയ്യാനനുവദിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള കാര്‍ഷികോല്‍പ്പന്നങ്ങളുടെ കയറ്റുമതിക്കാര്യത്തിലും അങ്ങനെയാണ്. ഇന്ത്യക്കകത്തെ ലാബുകളില്‍ ഗുണനിലവാരം പരിശോധിച്ചുറപ്പാക്കി മാത്രമാണ് കയറ്റുമതി അനുവദിക്കുന്നത്. എന്നാല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ അത്തരം യാതൊരു പരിശോധനകളുമില്ലാത്തതിനാലാണ് ഇത്തരമൊരു വ്യവസ്ഥയെന്ന് കൃഷിമന്ത്രാലയ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
 

ബില്ലിലെ പ്രധാന വ്യവസ്ഥകള്‍:

  • കര്‍ഷകരുടെ പരമ്പരാഗത വിത്തുല്‍പ്പന്നങ്ങള്‍ ഒഴികെയുള്ള മുഴുവന്‍ വിത്തിനങ്ങളുടെയും കയറ്റുമതിക്കും വില്‍പ്പനയ്ക്കും രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. കൃഷിക്കും ഉപയോഗത്തിനുമുള്ള മൂല്യ പരീക്ഷണം (വിസിയു പരീക്ഷണം) വിത്തിനങ്ങളില്‍ നടത്തണം. കുറഞ്ഞ അളവിലെങ്കിലും അങ്കുരണം (ജെര്‍മിനേഷന്‍) ഉറപ്പുള്ള വിത്തിനങ്ങള്‍ക്ക് മാത്രമേ അംഗീകാരമുണ്ടാവൂ.
  • വിത്ത് വ്യാപാരികളും വിതരണക്കാരും വിത്ത് വില്‍പ്പനയ്ക്കും കയറ്റുമതി, ഇറക്കുമതി ആവശ്യങ്ങള്‍ക്കും മുമ്പായി സംസ്ഥാനങ്ങളില്‍ അതത് സംസ്ഥാനസര്‍ക്കാരിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് നേടിയിരിക്കണം. കേന്ദ്രസര്‍ക്കാരിന്റെ സീഡ് ട്രേസബിള്‍ പോര്‍ട്ടല്‍ വഴി സീഡ് കണ്ടെയ്‌നറുകള്‍ ക്യുആര്‍ കോഡ് സജ്ജമാക്കണം.
  • വിത്തുകമ്പനികളുടെ അംഗീകാരത്തിനായി ദേശീയതലത്തില്‍ കേന്ദ്ര അക്രഡിറ്റേഷന്‍ സംവിധാനമുണ്ടാക്കും. ഇവിടെ അംഗീകാരം ലഭിച്ചാല്‍ സംസ്ഥാനങ്ങളിലും അവയ്ക്ക് പ്രവര്‍ത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളുടെ പ്രത്യേക അംഗീകാരം വേണ്ട.
  • കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും സീഡ് കമ്മിറ്റികള്‍.
  • സീഡ് പ്രോഗ്രാമിങിലും പ്ലാനിങ്, വിത്ത് വികസിപ്പിക്കല്‍, ഉല്‍പ്പാദനം, പരിപാലനം, കയറ്റിറക്കുമതികള്‍, വിത്ത് പരീക്ഷണം, രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കേഷന്‍ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങള്‍, ദേശീയാടിസ്ഥാനത്തിലും സംസ്ഥാനാടിസ്ഥാനത്തിലും ഉല്‍പ്പാദിപ്പിക്കുന്ന വിത്തിനങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങിയവയില്‍ കേന്ദ്രസര്‍ക്കാരിന് ഉപദേശം നല്‍കേണ്ടത് കേന്ദ്ര സീഡ് കമ്മിറ്റി.
  • ഇന്ത്യന്‍ മിനിമം സീഡ് സര്‍ട്ടിഫിക്കേഷന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് പ്രകാരം വിത്തിനങ്ങളുടെ ആരോഗ്യം, അങ്കുരണം, അവയുടെ പരിശുദ്ധി എന്നിവയെല്ലാം സംബന്ധിച്ച മാനദണ്ഡങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്യണം.
  • സംസ്ഥാനത്തെ വിത്തിനങ്ങളുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് രജിസ്‌ട്രേഷന്‍ സബ്കമ്മിറ്റിക്ക് ഉപദേശം നല്‍കല്‍, വിത്തുല്‍പ്പാദകര്‍, വിത്ത് സംസ്‌കരണ യൂണിറ്റുകള്‍, വിത്ത് വ്യാപാരികള്‍, വിതരണക്കാര്‍ പ്ലാന്റ് നഴ്‌സറികള്‍ എന്നിവരുടെ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് സംസ്ഥാനസര്‍ക്കാരിന് ഉപദേശം നല്‍കല്‍, ജില്ലകള്‍ തോറും ഇവരുടെ പട്ടികകള്‍ തയാറാക്കി സൂക്ഷിക്കുക, വിത്തുല്‍പ്പാദനത്തിലും വിതരണത്തിലും കൈമാറ്റത്തിലും വ്യാപാരത്തിലുമേര്‍പ്പെടുന്നവരില്‍ നിന്ന് സ്റ്റോക്കുകളുടെയും വിലനിലവാരത്തിന്റെയും മറ്റും വിവരങ്ങള്‍ ശേഖരിക്കുക, ഭരണപരമായ മറ്റ് കാര്യങ്ങളില്‍ സംസ്ഥാനസര്‍ക്കാരിന് ഉപദേശം നല്‍കുക തുടങ്ങിയവയാണ് സംസ്ഥാന സീഡ് കമ്മിറ്റികളുടെ ചുമതല.
  • ദേശീയതലത്തില്‍ വിത്തിനങ്ങളുടെ രജിസ്റ്റര്‍ വേണം.
  • സംസ്ഥാനസര്‍ക്കാരുകളുടെ ശുപാര്‍ശപ്രകാരമോ, പരാതികളുടെ അടിസ്ഥാനത്തില്‍ സ്വമേധയാലോ കേന്ദ്ര സീഡ് കമ്മിറ്റിക്ക് രജിസ്‌ട്രേഷന്‍ നിശ്ചിതകാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയോ പുന:പരിശോധിക്കുകയോ പിന്‍വലിക്കുകയോ ചെയ്യാം.
  • നിയമം നിലവില്‍ വന്ന് ഒരു വര്‍ഷത്തിനകം പ്ലാന്റ് നഴ്‌സറികള്‍ സംസ്ഥാനസര്‍ക്കാരിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം.
  • ചെറുകിട പ്ലാന്റ് നഴ്‌സറികളെ കേന്ദ്രസര്‍ക്കാരിന് ആവശ്യമെങ്കില്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ രജിസ്‌ട്രേഷനില്‍ നിന്നൊഴിവാക്കാം.
  • മൊത്തം നടീല്‍വസ്തുക്കളുടെയും വിത്തിനങ്ങളുടെയും സമ്പൂര്‍ണ വിവരങ്ങള്‍ നഴ്‌സറിയിലുണ്ടാവണം. മുന്‍കാല പ്രവര്‍ത്തന റെക്കോര്‍ഡും സൂക്ഷിക്കണം.
  • എല്ലാ വിവരങ്ങളും സംസ്ഥാനസര്‍ക്കാരിന് കൈമാറണം.
  • കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒന്നില്‍ കൂടുതല്‍ കേന്ദ്ര സീഡ് ടെസ്റ്റിങ് ലാബറട്ടറികള്‍ സ്ഥാപിക്കണം.
  • വ്യാജവിത്തിനങ്ങള്‍, രജിസ്റ്റര്‍ ചെയ്യാത്തവയുടെ വില്‍പ്പന, രജിസ്‌ട്രേഷനില്ലാതെയുള്ള ഉല്‍പ്പാദനം, വിതരണം, സംസ്‌കരണം, രജിസ്റ്റര്‍ ചെയ്യാത്ത പ്ലാന്റ് നഴ്‌സറികള്‍ തുടങ്ങിയ ചട്ടലംഘനങ്ങള്‍ക്ക് 10 ലക്ഷം രൂപ വരെ പിഴശിക്ഷ.
  • 5 വര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 20ലക്ഷം.
  • വീണ്ടും ആവര്‍ത്തിച്ചാല്‍ 30 ലക്ഷം.
  • വ്യാജ വിത്തിനങ്ങളുടെയും രജിസ്റ്റര്‍ ചെയ്യാത്തവയുടെയും വില്‍പ്പനയ്ക്ക് രജിസ്‌ട്രേഷന്‍ റദ്ദാവും, ഒപ്പം 3 വര്‍ഷം വരെ തടവ്.
  • വിത്തിനങ്ങള്‍, രേഖകള്‍, രജിസ്‌ട്രേഷന്‍, ലേബല്‍, ക്യൂആര്‍കോഡ്, കാലാവധി കഴിഞ്ഞ സര്‍ട്ടിഫിക്കറ്റ്, പ്രദേശത്തെ മണ്ണിന് യോജിക്കാത്ത വിത്തുകളുടെ വില്‍പ്പന തുടങ്ങിയവയില്‍ നിയമലംഘനമുണ്ടായാല്‍ ആദ്യം നോട്ടീസ്.
  • 3 വര്‍ഷത്തിനുള്ളില്‍ വീണ്ടും ലംഘനമുണ്ടായാല്‍ 50,000 രൂപ പിഴ.
  • വില കൂടുതല്‍ ഈടാക്കുക, ബ്രാന്‍ഡ് തെറ്റിദ്ധരിപ്പിക്കുക തുടങ്ങിയവയ്ക്ക് ഒരു ലക്ഷം രൂപ വരെ പിഴ.
  • മൂന്ന് വര്‍ഷത്തിനകം കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ രണ്ട് ലക്ഷം.

ഉയരുന്ന ആശങ്കകള്‍:

  • വിത്തുകളുടെ വിലനിയന്ത്രണത്തിന് കൃത്യമായ വ്യവസ്ഥകളില്ല.
  •  ജനിതകമാറ്റം വരുത്തിയ വിത്തുകളുടെ അനധികൃത ഇറക്കുമതിയും വില്‍പ്പനയും തടയാന്‍ പ്രത്യേകവ്യവസ്ഥകളില്ല.
  •  വിത്തുകമ്പനികള്‍ക്കുള്ള അക്രഡിറ്റേഷന്‍ സിസ്റ്റം വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി.
  •  മോശം വിത്തിനങ്ങള്‍ മൂലം വിളനാശമുണ്ടായാല്‍ നഷ്ടപരിഹാരത്തിന് വ്യക്തമായ വ്യവസ്ഥകളില്ല.
  • പരമ്പരാഗത കാര്‍ഷികോല്‍പ്പന്ന സംഘങ്ങളെയടക്കം വന്‍കിട കമ്പനികള്‍ക്കൊപ്പം വാണിജ്യവിഭാഗത്തില്‍ പെടുത്തുന്നത് അവയുടെ പ്രവര്‍ത്തനത്തെ ബാധിക്കും.
  • വിസിയു പരീക്ഷണം വന്‍കിട കമ്പനികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉയര്‍ന്ന സങ്കരയിനം വിത്തിനങ്ങള്‍ക്ക് മാത്രമാകും ഗുണപ്പെടുക. കാലാവസ്ഥയ്ക്കനുയോജ്യമായതും വൈവിധ്യമാര്‍ന്നതും തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നതുമായ വിത്തിനങ്ങള്‍ക്ക് വിസിയു പരീക്ഷണ മാനദണ്ഡത്തിനൊപ്പമെത്താനാകാതെ വരും. ക്രമേണ ഇവ സാധാരണവിപണിയില്‍ നിന്ന് അപ്രത്യക്ഷമാകും.
  • ക്യുആര്‍ കോഡ് പോലുള്ള സാങ്കേതികസംവിധാനങ്ങള്‍ നിര്‍ബന്ധമാക്കുന്നത് ഗ്രാമീണ ചെറുകിടകര്‍ഷകര്‍ക്ക് വെല്ലുവിളിയാകും.
  • വിദേശ ഏജന്‍സികള്‍ക്ക് വിസിയു പരീക്ഷണത്തിന് അനുമതി ലഭിക്കുന്നതോടെ, ജനിതകമാറ്റം വരുത്തിയ വിത്തിനങ്ങള്‍ ഇന്ത്യയിലേക്ക് യഥേഷ്ടം കടന്നുവരാന്‍ വഴിയൊരുക്കും.

2004ലും 2019ലും മാറ്റിവച്ച ബില്ലുകള്‍

2004ല്‍ യുപിഎ സര്‍ക്കാരും 2019ല്‍ മോദിസര്‍ക്കാരും വിത്തുനിയമം കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും എതിര്‍പ്പുകളെ തുടര്‍ന്ന് മാറ്റി. ഇവയ്ക്ക് പകരമായാണ് പുതിയ ബില്‍. 1966ലെ വിത്തുനിയമത്തിനും 1983ലെ വിത്ത് നിയന്ത്രണ ഉത്തരവിനും പകരമായാണിത്.

Content Highlights: India`s new draft Seed Bill allows foreign agencies to test & certify seeds, raising concerns for farmers and traditional agriculture.