മുങ്ങിമരിച്ച ജോയിയിൽ നിന്ന് മുങ്ങിനിവർന്ന മേയറിലേയ്ക്ക്; പാരീസ് ഒളിമ്പിക്സും ആമയിഴഞ്ചാൻ തോടും

സെന്‍ നദി | Photo:Thomas Padilla |AP
സെന്‍ നദി | Photo:Thomas Padilla |AP

ടണ്‍കണക്കിന് മനുഷ്യ നിര്‍മിത മാലിന്യം നിറഞ്ഞ, തലസ്ഥാന നഗരിയുടെ മുഖമാകേണ്ടിയിരുന്ന തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ് ജീവശ്വാസം കിട്ടാതെ ജോയ് എന്ന ശുചീകരണ തൊഴിലാളി നിസ്സഹായനായി മരിച്ചതിന്റെ ഷോക്കിലാണ് കേരളം. നൂറ് ശതമാനം സാക്ഷരരെന്ന് ഊറ്റം കൊള്ളുന്ന മലയാളികള്‍ നാണക്കേട് കൊണ്ട് തലതാഴ്ത്തി നിന്നുപോയ ദിവസങ്ങള്‍. ഇതേ ദിവസങ്ങളില്‍ തന്നെയാണ് കോഴിക്കോട്ടെ ചരിത്രമുറങ്ങുന്ന കല്ലായിപ്പുഴയെ കേരളത്തിലെ ഏറ്റവും മലിനമായ ജലാശയങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര പരിസ്ഥിതി മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതും. ഇത് കേവലം തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോടിന്റേയോ കല്ലായിപ്പുഴയുടേയോ മാത്രം അവസ്ഥയല്ല. നമ്മുടെ അഭിമാനമാകേണ്ട ജലസ്രോതസ്സുകള്‍ മാലിന്യത്തൊട്ടികളായി മാറുന്ന നേര്‍ക്കാഴ്ചയുടെ ചുരുക്കം ചില ഉദാഹരണങ്ങളില്‍ ഒന്നുമാത്രമാണിത്. ഇത്രയും പറഞ്ഞത് പാരീസിലെ സെന്‍ നദിയെക്കുറിച്ച് പറയാനാണ്. മാലിന്യം നിറഞ്ഞ് നൂറ് വര്‍ഷത്തോളം നീന്തല്‍ വിലക്കുണ്ടായിരുന്ന സെന്‍ നദി ജീവന്‍ വീണ്ടെടുത്ത് ഇത്തവണത്തെ ഒളിമ്പിക് മത്സരങ്ങള്‍ക്ക് വേദിയാകുമ്പോള്‍ അതിന് പിന്നില്‍ അധികാരികളുടെ നിശ്ചയദാര്‍ഢ്യമുണ്ട്. ജനങ്ങളുടെ വലിയ സഹകരണമുണ്ട്.  

യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഇടംപിടിച്ച ഒരു നഗരത്തിന്റെ സംസ്‌കാരവും മുഖവുമായ സെന്‍ നദി പ്രതിസന്ധികളെയെല്ലാം തരണം ചെയ്താണ് ചരിത്രത്തില്‍ ഇടംപിടിക്കാന്‍ പോകുന്നത്. നഗരത്തിന്റെ മാലിന്യം പേറലും ദുരിതം നിറഞ്ഞ പൂര്‍വകാല ചരിത്രവും മാറ്റിവെച്ചാണ് സെന്‍ നദി തിരിച്ചുവരാനൊരുങ്ങുന്നത്. സാധാരണ ഏതെങ്കിലും സ്റ്റേഡിയത്തില്‍ നടക്കുന്ന അത്‌ലറ്റുകളുടെ മാര്‍ച്ച് പാസ്റ്റ് അടക്കമുള്ളവായിരിക്കും ബോട്ടിലൂടെ സെന്‍ നദിയില്‍ നടക്കുക. അത്‌ലറ്റുകളെയും കൊണ്ട് സെന്‍ നദി യാത്ര നടത്തുമ്പോള്‍ മൂന്ന്‌ ലക്ഷത്തോളം വരുന്ന കാണികളും ഇതിന് സാക്ഷിയാവും. ഈയൊരു നദിയുടെ ശുചീകരണ  പ്രവൃത്തികള്‍ക്ക് മാത്രമായി 130000 കോടി രൂപയോളാണ് ഇക്കാലത്തിനിടയ്ക്ക് പാരീസ് ചെലവിട്ടിരിക്കുന്നത്. 

Content Highlights: How the Seine River shaped the city of Paris, amayizhinjan canal

Continue reading