ചിലയിടത്ത് കാട്ടുതീ, ചിലയിടത്ത് പ്രളയം; ലോകമെങ്ങും ‘ചെറിയ പയ്യന്റെ’ വിളയാട്ടം

യൂറോപ്പ് സന്ദർശിച്ചു വരുന്നവർ പറയുന്ന കാര്യമുണ്ട്- ചൂട്. വെറും ചൂടല്ല, അസ്സഹ്യം. നാൽപ്പതും നാൽപ്പത്തഞ്ചും ഡിഗ്രിവരെയെത്തിയ ചൂട്! പൊട്ടിപ്പടർന്ന കാട്ടുതീ മുറിവിൽ മുളകരച്ചു. പൊടിപടലങ്ങളുടെ വട്ടംകറക്കം വേറെയും. തെക്കൻ യൂറോപ്പിൽ (സ്‌പെയിൻ, ഇറ്റലി, ഗ്രീസ്) വേനൽക്കാലത്ത് 45 ഡിഗ്രിക്ക് മുകളിലാണ് ചൂടുയർന്നത്. യൂറോപ്യൻ സഞ്ചാരികൾ ഇപ്പോൾ മെഡിറ്ററേനിയൻ തീരങ്ങൾ ഉപേക്ഷിച്ച് നോർവേ, സ്വീഡൻ, ഐസ് ലാൻഡ്‌ തുടങ്ങിയ തണുപ്പുള്ള വടക്കൻ രാജ്യങ്ങളിലേക്ക് യാത്ര തിരിക്കുന്ന 'കൂൾക്കേഷൻ' (Coolcation) ട്രെൻഡും തുടങ്ങി. പലരും വിന്റർ സീസണിലേക്ക് യാത്രകൾ മാറ്റാൻ തുടങ്ങി.

മാഞ്ചസ്റ്ററിനടുത്തുള്ള വുഡ്ഹെഡ് റിസർവോയർ

ഈ വർഷംമാത്രം യൂറോപ്പിൽ കത്തിനശിച്ച വനഭൂമിയെ കുറിച്ചറിഞ്ഞാൽ ഏകദേശ ധാരണ കിട്ടും. 6.4 ലക്ഷം ഹെക്ടർ ഭൂമിയും വനപ്രദേശങ്ങളും! യുക്രൈനിലാണ് കൂടുതൽ നാശം(2,73,314 ഹെക്ടർ) സ്‌പെയിനിൽ 2,06,768, ഫ്രാൻസിൽ 91,024, ഇറ്റലിയിൽ 69,336, പോർച്ചുഗലിൽ 37,422 യുകെയിൽ 21,871 എന്നീ തോതിൽ ഹെക്ടർ ഭൂമി കത്തിനശിച്ചു. ഫ്രാൻസിൽ ഇതുവരെയുണ്ടായ കാട്ടുതീയിൽ ഏറ്റവും നാശകരം ഈ വർഷത്തേതാണ്.

എന്താണ് കാരണം?

എൽ നിനോ വിളയാട്ടമാണ് ലോകമെങ്ങുമുള്ള ഈ അസാധാരണ കാലാവസ്ഥ തകിടംമറിച്ചിലിനുള്ള കാരണം.

എന്താണ് എൽ നിനോ?

പസഫിക് സമുദ്രത്തിലെ ഭൂമധ്യരേഖാ പ്രദേശത്ത് ഉപരിതല ജലം അസാധാരണമായി ചൂടുപിടിക്കുന്ന പ്രതിഭാസമാണ് എൽ നിനോ. സ്പാനിഷ് ഭാഷയിൽ 'എൽ നിനോ' എന്നാൽ 'ചെറിയ പയ്യൻ' എന്നാണ് അർത്ഥം. സാധാരണഗതിയിൽ കിഴക്കൻ പസഫിക്കിൽനിന്ന് പടിഞ്ഞാറൻ പസഫിക്കിലേക്ക് (ഓസ്‌ട്രേലിയ/ഏഷ്യൻ മേഖലകളിലേക്ക്) അടിക്കുന്ന കാറ്റ്, ചൂടുവെള്ളത്തെ അങ്ങോട്ട് തള്ളിവിടുകയും തണുത്ത സമുദ്രജലം മുകളിലേക്ക് വരാൻ സഹായിക്കുകയും ചെയ്യും. എന്നാൽ, എൽ നിനോ വർഷങ്ങളിൽ ഈ കാറ്റ് ദുർബലമാകുന്നു. ഇതിനാൽ ചൂടുവെള്ളം കിഴക്കൻ പസഫിക്കിൽതന്നെ തങ്ങിനിൽക്കുകയും അന്തരീക്ഷ താപനിലയെയും മഴയുടെ പാറ്റേണിനെയും തലകീഴായി മറിക്കുകയും ചെയ്യുന്നു.

അന്തരീക്ഷത്തിലെ ഉയർന്ന ചൂടുകാരണം കൂടുതൽ വെള്ളം ആവിയാവുകയും കുറഞ്ഞ സമയത്തിനുള്ളിൽ വൻമഴ പെയ്ത് പ്രളയം സൃഷ്ടിക്കുകയും ചെയ്യുന്നു. ഒരുവശത്ത് വരൾച്ച ഉണ്ടാകുമ്പോൾ മറുവശത്ത് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ തീവ്രമഴയും മിന്നൽ പ്രളയങ്ങളും ഉണ്ടാകുന്നു.

ഇന്ത്യയെ എങ്ങനെ ബാധിക്കുന്നു?

ഇന്ത്യൻ മൺസൂണിന്റെ ഏറ്റവും വലിയ ശത്രുവാണ് എൽ നിനോ. 1997, 2009, 2015, 2023 എൽ നിനോ വർഷങ്ങളായിരുന്നു. ഈ വർഷങ്ങളെല്ലാം ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ ദുർബലമായിട്ടുണ്ട്. കാർഷിക മേഖലയെ തകിടം മറിച്ചിട്ടുമുണ്ട്.

കേരളത്തിലോ?

ചൂട് പുതിയ റെക്കോർഡുകൾ ഭേദിക്കുമെന്നാണ് നിഗമനം. തെക്കു-പടിഞ്ഞാറൻ മൺസൂൺ ദുർബലമാകുന്നതോടെ കേരളത്തിലെ അന്തരീക്ഷ താപനില അസാധാരണമായി ഉയരും. കടുത്ത ഉഷ്ണതരംഗത്തിന് സാധ്യതയേറെയാണ്. കടുത്ത കുടിവെള്ള-ജലക്ഷാമത്തിനും സാധ്യതയുണ്ട്. അറബിക്കടലിലെ ഉഷ്ണം കൂടുന്നത് മീൻസമ്പത്ത് കുറയ്ക്കും. മത്തി ഉൾപ്പെടെയുള്ള പ്രാദേശിക മത്സ്യങ്ങളുടെ ലഭ്യത കുറയും. ഭൂഗർഭ ജലനിരപ്പ് താഴും. മഴ കുറയുന്നതോടെ ഡാമുകളിൽ വെള്ളമില്ലാതെ ജലവൈദ്യുതോത്പാദനം തടസ്സപ്പെടും. സംസ്ഥാനം കടുത്ത ഊർജ പ്രതിസന്ധിയിലാകുകയും ചെയ്യും. കാർഷികമേഖലയും തകരും.

Content Highlights: El Niño causes extreme global weather, leading to severe heatwaves and massive wildfires across southern Europe., The phenomenon disrupts Pacific Ocean surface temperatures, resulting in droughts in some regions and flash floods in others., El Niño weakens the Indian monsoon, posing significant risks to Kerala's agriculture, water resources, and power generation.