ആമ മുയലിനോട് പറഞ്ഞ കഥകൾ: പുസ്തകം പവിഴപ്പുറ്റുകളേക്കുറിച്ച്, പ്രകാശനം കടലിനടിയിൽ

#ഡോ.സാബിൻ ജോർജ്
അരുണ്‍ അലോഷ്യസ് കടലിനടിയില്‍ തന്റെ പുസ്തകവുമായി, അരുണ്‍ അലോഷ്യസ്‌
അരുണ്‍ അലോഷ്യസ് കടലിനടിയില്‍ തന്റെ പുസ്തകവുമായി, അരുണ്‍ അലോഷ്യസ്‌

ഗ്രേറ്റ് ബാരിയർ റീഫിൽ തങ്ങുന്ന വിസ്മയാവഹമായ പ്രകൃതി കർമത്തിലെ സൗന്ദര്യമെല്ലാം ഭൂമിയിൽ നിറച്ച് സ്വർഗത്തെ ചേർത്തുവെച്ചു ഈ സമുദ്രത്തിൽ ( 2016-ൽ എസ്.ഡി.തിവാരി എഴുതിയ കവിത )

വിഴപ്പുറ്റുകളേക്കുറിച്ച് ഒരു പുസ്തകമെഴുതിയപ്പോൾ അതിൻ്റെ ഔപചാരിക പ്രകാശനം എവിടെവെച്ച് നടത്തണമെന്ന കാര്യത്തിൽ അരുൺ അലോഷ്യസിന് സംശയമൊന്നുമുണ്ടായിരുന്നില്ല. സ്കൂബാ ഡൈവിങ്ങ് ഇൻസ്ട്രക്ടറും അക്വേറിയം സ്പെഷ്യലിസ്റ്റുമായ അരുണിനെ സംബന്ധിച്ചിടത്തോളം അത്രമേൽ സുപരിചിതമായ സ്ഥലമാണ് കടലിനടിയിൽ  നിത്യവസന്തം വിരിയിക്കുന്ന പൂന്തോട്ടങ്ങളായ പവിഴപ്പുറ്റുകൾ പാർക്കുന്ന ആഴക്കടൽ. തൃശ്ശൂരിലെ  സമത ബുക്സ് പ്രസിദ്ധീകരിച്ച ”പവിഴപ്പുറ്റുകൾ, കടലിലെ മഴക്കാടുകൾ “ എന്ന 105 പേജുള്ള പുസ്തകം കോവളത്ത് വച്ചാണ് പ്രകാശനം ചെയ്യപ്പെട്ടത്. മറൈൻ ബയോളജിസ്റ്റും “ ഫ്രണ്ട്സ് ഓഫ് മാറൈൻ ലൈഫ് “ കോർഡിനേറ്ററുമായ അനീഷ ബെനഡിക്റ്റാണ് സമുദ്രജലത്തിനടിയിൽ വച്ചു നടന്ന ചടങ്ങിൽ റിസ്വാന റഫീഖ്, ഗായത്രി ഗോപൻ, ആവണി ബാബു എന്നീ സ്കൂബ ഡൈവിങ്ങ് വിദ്യാർഥികൾക്ക് നൽകി പുസ്തകം ഔദ്യോഗികമായി പുറത്തിറക്കിയത്.

കുട്ടികൾക്കായുള്ള പുസ്തകം, വലിയവരും വായിക്കണം

മഴവില്ലിൻ്റെ ഏഴഴകിനെ വെല്ലുന്ന ആഴക്കടലിലെ ദൃശ്യമഹാവിസ്മയങ്ങളായ പവിഴപ്പുറ്റുകൾ എന്ന സമ്പത്തിനെക്കുറിച്ചും അവയെ സംരക്ഷിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ചും കുഞ്ഞുങ്ങളെ ബോധവൽക്കരിക്കാനാണ് അരുൺ ലക്ഷ്യമിടുന്നത്. അറിയാൻ കൗതുകമുള്ള മുതിർന്നവർക്കും ഈ പുസ്തകം ഇഷ്ടപ്പെടുമെന്നുറപ്പ്. സമുദ്രങ്ങളിലെ ' ആവാസവ്യവസ്ഥയേക്കുറിച്ച് ‘ കൂടുതൽ അവബോധം സൃഷ്ടിക്കാനാണ് വെള്ളത്തിനടിയിലെ ബുക്ക് റിലീസ് പ്ലാൻ ചെയ്തതെന്ന് കൊല്ലം സ്വദേശിയായ അരുൺ പറയുന്നു. കടലിനടിയിലെ പ്രകാശന ചടങ്ങിനു ശേഷം കോവളം കടൽത്തീരത്തു വച്ച് പുസ്തകം പരിചയപ്പെടുത്തുന്ന ചടങ്ങുമുണ്ടായിരുന്നു. സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI ) വിഴിഞ്ഞം യൂണിറ്റ് മേധാവി ബി.സന്തോഷ് പുസ്തകം അവലോകനം ചെയ്തു. എറണാകുളം പനങ്ങാട് ഫിഷറീസ് കോളേജിൽ നിന്ന് ഫിഷറീസ് സയൻസിൽ ബിരുദവും ,ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിൻ്റെ (ICAR) കീഴിൽ മുംബൈയിലുള്ള സെൻട്രൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് ഫിഷറീസ് എഡ്യൂക്കേഷനിൽ നിന്ന് ഫിഷറീസ് സയൻസിൽ മാസ്റ്റഴ്സ് ഡിഗ്രിയും അരുൺ അലോഷ്യസ് നേടിയിട്ടുണ്ട്. കേരള തീരത്ത് അപൂർവമായ പവിഴപ്പുറ്റുകളിൽ കുറച്ച് തിരുവനന്തപുരം ഭാഗത്ത് കാണപ്പെടുനുണ്ടെന്ന് അരുൺ പറയുന്നു.

'പവിഴപ്പുറ്റുകള്‍ കടലിലെ മഴക്കാടുകള്‍' എന്ന പുസ്തകത്തിന്റെ പ്രകാശനം

ആമ മുയലിനോട് പറഞ്ഞതെന്ത്?

കടൽക്കരയിൽ വിശ്രമിക്കാൻ പോയതാണ്  ചങ്ങാതിമാരായ കടലാമയും മുയലും. ഭൂമിയുടെ 70 ശതമാനം വരുന്ന കടലിനെക്കുറിച്ച് തനിക്കുള്ള അറിവുകൾ മുയലിൻ്റെ മുൻപിൽ കെട്ടഴിക്കുന്ന കടലാമയാണ് പുസ്തകത്തെ മുന്നോട്ടു ചലിപ്പിക്കുന്നത്. എന്താണ് പവിഴങ്ങൾ, പവിഴപ്പുറ്റുകൾ എന്ന അടിസ്ഥാന അറിവിൽ തുടങ്ങി പവിഴപ്പുറ്റുകളുടെ സംരക്ഷണ നിയമങ്ങളേക്കുറിച്ചും അവയുടെ കാലാനുസൃതമായ ഭേദഗതികളേക്കുറിച്ചും വരെ ആമ മുയലിന് പറഞ്ഞു കൊടുക്കുന്നുണ്ട്. പവിഴത്തിൽ തുടങ്ങിയ വിവരണം പവിഴപ്പുറ്റുകൾ എങ്ങനെ ഉണ്ടാകുന്നു, അവയുടെ വർഗീകരണം, പവിഴപ്പുറ്റുകളെ ആശ്രയിക്കുന്ന മറ്റു ജീവികൾ, പവിഴപ്പുറ്റുകൾ നേരിടുന്ന ഭീഷണികൾ തുടങ്ങി വിവിധങ്ങളായ വിഷയങ്ങളിലൂടെ കടന്നു പോകുന്നു.

അതിൽ സ്കൂബാ ഡൈവിങ്ങിൻ്റെ ഭാഗമെത്തുമ്പോൾ മുയൽ ആവേശഭരിതനാകുന്നുണ്ട്. വെള്ളത്തിനടിയിൽ മത്സ്യങ്ങളെപ്പോലെ നീന്തുവാൻ സഹായിക്കുന്ന സ്കൂബാ സംവിധാനത്തിൽ ഇപ്പോൾ വെള്ളത്തിനടിയിൽ സംസാരിക്കാൻ കഴിയുന്ന ഫുൾ ഫെയ്സ് മാസ്കുകളുമുണ്ടെന്ന് ആമ പറഞ്ഞു കൊടുക്കുന്നു. 

എനിക്കു വേണമൊരു പവിഴപ്പുറ്റ്

പവിഴങ്ങളേയും പവിഴപ്പുറ്റുകളെയും കുറിച്ചു കേട്ടതോടെ മുയലിന് സ്വന്തമായി ഒരെണ്ണം വേണമെന്ന ആഗ്രഹമുണ്ടായി. അതിന് സമുദ്രജല അക്വേറിയം എന്നൊരു വിദ്യയുണ്ടെന്ന് ആമ പറഞ്ഞു കൊടുക്കുന്നു. പക്ഷേ നിലവിൽ ഇന്ത്യയിലെ ഉപയോഗത്തിന് പവിഴ ഫ്രാഗുകൾ മറ്റ് രാജ്യങ്ങളിൽ നന്ന് വാങ്ങേണ്ടി വരുമെന്നും അവ ഫാമിൽ നിന്ന് വാങ്ങിയതിൻ്റെ തെളിവ് കൈവശം ഉണ്ടാവണമെന്നും ആമ മുയലിനെ ഓർമപ്പെടുത്തി.

Read more- 105 പേജുകള്‍, ലക്ഷ്യം പവിഴപ്പുറ്റുകളുടെ സംരക്ഷണം; കോവളത്ത് കടലിനടിയിലൊരു പുസ്തകപ്രകാശനം

ഇങ്ങനെ ആമയും മുയലും തമ്മിലുള്ള കൊച്ചു കൊച്ചു സംസാരങ്ങളിലൂടെ പവിഴങ്ങളുടെയും പവിഴപ്പുറ്റുകളുടെയും വിശാലമായ ലോകത്തിലൂടെ അരുൺ നമ്മളെ കൊണ്ടു പോകുന്നു. കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ലളിതമായ ഭാഷ കൊണ്ട് ഈ പുസ്തകം ആകർഷിക്കും. പുസ്തക പ്രകാശനത്തിന് പിന്തുണ നൽകിയ സമത ബുക്സ് മേധാവി ഉഷാകുമാരിയെയും കൊച്ചിൻ സ്കൂബ ഡയറക്ടർ ജസ്റ്റിൻ ജോസിനെയും അരുൺ ഓർക്കുന്നു. എന്തായാലും വിദ്യാർഥികൾക്കും ശാസ്ത്ര കുതുകികൾക്കും വിനോദ സഞ്ചാരികൾക്കും പരിസ്ഥിതി സ്നേഹികൾക്കും പ്രകൃതിയുടെ വർണക്കാഴ്ചകളായ പവിഴപ്പുറ്റുകളുടെ അത്ഭുതലോകം തുറക്കാൻ ഈ പുസ്തകത്തിനു കഴിയുന്നുണ്ട്.

Content Highlights: coral reefs, the rainforests of the sea book by arun