‘ഞങ്ങളുടെ ചെറുപ്പത്തിൽ ഭോട്ടെകോഷി സംഹാരരുദ്രയായി’; 13 വർഷം മുമ്പുള്ള ആ യാത്രയിൽ നദി ശാന്തമായി ഒഴുകി

#എസ്. ഗോപീകൃഷ്ണ വാര്യര്‍

2013 ഏപ്രിലിൽ ഭോട്ടെകോഷി നദിയിലൂടെ നേപ്പാൾ-ടിബറ്റ് അതിർത്തിവരെ യാത്ര ചെയ്തത് ഓർക്കുകയാണ്. ഈ വർഷത്തെ മഹാദുരന്തത്തിന് പതിമൂന്ന് വർഷം മുമ്പ്. ബംഗ്ലാദേശ്, ഭൂട്ടാൻ, ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക എന്നീ ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പരിസ്ഥിതി മാധ്യമപ്രവർത്തകരുടെ സംഘത്തോടൊപ്പമായിരുന്നു യാത്ര. പാനോസ് സൗത്ത് ഏഷ്യ എന്ന സംഘടനയിലാണ് അന്ന് ഞാൻ പ്രവർത്തിച്ചിരുന്നത്. ഹിമാലയത്തെക്കുറിച്ചും അവിടുത്തെ നദികളെക്കുറിച്ചുമുള്ള അനുഭവങ്ങൾ പങ്കുവെച്ച് മുതിർന്ന മാധ്യമപ്രവർത്തകനും എഡിറ്ററുമായ കുന്ദ ദീക്ഷിതും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.

ഭോട്ടെകോഷി നദി

തന്റെ ചെറുപ്പകാലത്ത് ഇതേ നദിയിൽ സംഭവിച്ച ഹിമതടാക സ്‌ഫോടന പ്രളയത്തെക്കുറിച്ച് (GLOF- Glacial Lake Outburst Flood) ദീക്ഷിത് ഞങ്ങളോട് വിവരിച്ചു. കേട്ടാൽതന്നെ പേടിയാകും. ഇരുവശത്തെയും ഉയർന്ന മലനിരകൾക്കിടയിലെ അഗാധമായ താഴ്വരയിലൂടെ വെള്ളപ്പൊക്ക മതിൽ അതിവേഗം ഉയർന്ന് പാഞ്ഞെത്തുന്നത് സങ്കൽപ്പിക്കാൻ പോലുമാകില്ല. ഓടിരക്ഷപ്പെടാൻപോലും സമയം കിട്ടില്ല. ദീക്ഷിത് ഇത് വിവരിക്കുമ്പോൾ ഞങ്ങൾക്ക് അരികിലൂടെ ഭോട്ടെകോഷി നദി ശാന്തമായി ഒഴുകുകയായിരുന്നു. നേപ്പാളി ഭാഷയിൽ 'ഭോട്ടെകോഷി' എന്നാൽ ടിബറ്റിൽനിന്ന് ഉത്ഭവിക്കുന്ന നദി എന്നാണ് അർത്ഥം (നേപ്പാളിയിൽ 'ഭോട്ടെ' എന്നാൽ ടിബറ്റും 'കോഷി' എന്നാൽ നദിയുമാണ്).

സമയം നിശ്ചലമായതുപോലെ തോന്നി. കുട്ടികൾ നദിയിൽ നീന്തിക്കളിക്കുന്നുണ്ടായിരുന്നു. പാറക്കെട്ടുകളുടെ അരികുകളിൽനിന്ന് മലയാടുകൾ കൗതുകത്തോടെ ഞങ്ങളെ നോക്കി. തെല്ലിട കഴിഞ്ഞപ്പോൾ ഓടിപ്പോവുകയും ചെയ്തു. ചെറുകിട ജലവൈദ്യുത പദ്ധതിയുടെ പെൻസ്റ്റോക്ക് പൈപ്പുകളും (penstock pipes) കണ്ടതോർക്കുന്നു. ഓഗസ്റ്റ് 26-ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ കാണുമ്പോൾ സ്തംഭിച്ചുപോകുന്നു. ഇതേ നദിയാണോ ഇത്രയും രൗദ്രമായി ഒഴുകിയത്!

ഭോട്ടെകോഷി നദി

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ടതാണോ?

ഒരു ഹിമപാതത്തിൽനിന്ന് ഇത്രയും വലിയ മഞ്ഞും പാറയും വെള്ളവും എങ്ങനെ വേർപെട്ടു? ഇതിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിന് വിശദമായ പഠനങ്ങൾ ആവശ്യമാണ്. ഹിമപാതങ്ങളുടെ അറ്റങ്ങൾ അവയുടെ  ഭാരം കാരണം താഴേക്ക് പതിക്കാം. ആഗോളതാപനം മഞ്ഞ് അതിവേഗം ഉരുകുന്നതിലേക്ക് നയിക്കും. താപനില ഉയരുന്നത് ഹിമപാതത്തിന്റെ താഴത്തെ ഭാഗത്ത് പാറകളും മഞ്ഞും കൊണ്ടുള്ള സ്വാഭാവിക അണക്കെട്ടുകളാൽ തടഞ്ഞുനിർത്തപ്പെടുന്ന തടാകങ്ങൾ രൂപപ്പെടാൻ കാരണമാകുന്നു. ഈ തടാകങ്ങളിലെ ജലസമ്മർദ്ദം സ്വാഭാവിക അണക്കെട്ടുകളെ തകർക്കുകയും ഹിമതടാക സ്‌ഫോടന പ്രളയത്തിന് (GLOF) കാരണമാവുകയും ചെയ്യുന്നു. തടാകത്തിലേക്ക് വീഴുന്ന മണ്ണിടിച്ചിൽ വെള്ളം കവിഞ്ഞൊഴുകാനോ അണക്കെട്ട് തകരാനോ ഇടയാക്കും. ഈ സ്വാഭാവിക അണക്കെട്ടുകളും ഹിമതടാകങ്ങളും മഞ്ഞുമലനിരകൾക്ക് മുകളിൽ- 14,000 അടിക്ക് മുകളിൽ- സ്ഥിതി ചെയ്യുന്നതിനാൽ, ഇവിടെനിന്ന് പുറന്തള്ളപ്പെടുന്ന വെള്ളത്തിന്റെ ശക്തി താഴത്തെ പ്രദേശങ്ങളിൽ ഭീമമായ നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നു. ഹിമാലയത്തിലുടനീളം പലയിടങ്ങളിലും ഇത്തരം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

മാധ്യമപ്രവർത്തകൻ കുന്ദ ദീക്ഷിത് പ്രളയാനുഭവം വിവരിക്കുന്നു

നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങൾക്ക് ഇവിടുത്തെ കാലാവസ്ഥാ വ്യതിയാനത്തിൽ നേരിട്ട് പങ്കൊന്നുമില്ല. എങ്കിലും, അവർ വലിയ ഭീഷണി നേരിടുന്നുണ്ട്. പല ഹിമപാതങ്ങളും നദികളും അവരുടെ രാജ്യത്തിനുള്ളിലാണ്. മഞ്ഞുരുകലിന് കാരണമാകുന്ന ഗ്രീൻഹൗസ് വാതകങ്ങൾ പുറന്തള്ളുന്നത് അയൽരാജ്യങ്ങളായ ചൈനയും ഇന്ത്യയുമാണ്. കൂടാതെ, ഹിമാലയത്തിന് ചുറ്റുമുള്ള രാജ്യങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന കരിമ്പുക (black carbon) മഞ്ഞുമലകളിൽ അടിയുമ്പോൾ, അത് ഹിമപാതങ്ങളുടെ ഉപരിതലത്തെ ചൂടാക്കുകയും മഞ്ഞുരുകൽ വേഗത്തിലാക്കുകയും ചെയ്യുന്നു.

(മോംഗാബേ-ഇന്ത്യ എഡിറ്റോറിയൽ ഡയറക്ടറാണ്‌ ലേഖകൻ )

Content Highlights: First-hand account of traveling through the Bhote Koshi River basin 13 years ago., Explanation of Glacial Lake Outburst Floods (GLOF) and their devastating impact., Analysis of how global warming and black carbon accelerate Himalayan ice melting., Vulnerability of countries like Nepal and Bhutan to emissions caused by larger nations.