നാല് കൊല്ലം, 200 കടുവകൾ; 50 വർഷത്തിനു ശേഷം പ്രൊജക്ട് ടൈഗർ നൽകുന്ന ശുഭസൂചനകൾ

2023 ഏപ്രില്‍ 1. പ്രൊജക്ട് ടൈഗർ എന്ന ബൃഹത്ത് പദ്ധതി നിലവില്‍ വന്നിട്ട് 50 വർഷം തികഞ്ഞ ദിവസം. 1973-ല്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 1,411 കടുവകള്‍ മാത്രമാണ് രാജ്യത്തുണ്ടായിരുന്നത്. എന്നാല്‍, 2018-ലെ കണക്കുകള്‍ പ്രകാരം മാര്‍ജാര കുടുംബത്തില്‍പ്പെട്ട ഇക്കൂട്ടരുടെ എണ്ണം 2,967 എന്നതിലേക്കെത്തി. ഏറ്റവുമൊടുവിലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇത് 3,167. പ്രൊജക്ട് ടൈഗർ എന്ന പദ്ധതി വിജകരയമായതിന്റെ തെളിവ് കൂടിയാണ് രാജ്യത്ത് ഏറി വരുന്ന കടുവകളുടെ എണ്ണം. ഏറ്റവുമൊടുവിലെ കടുവകളുടെ എണ്ണം പുറത്തു വന്നത് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്. 2022-ല്‍ രാജ്യത്താകെയുള്ള കടുവകളുടെ 3,167 ആണെന്ന റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പുറത്തുവിട്ടത്. കര്‍ണാടക സംസ്ഥാന ഓപ്പണ്‍ സര്‍വകലാശാലയിലാണ് അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട പരിപാടികള്‍ സംഘടിപ്പിച്ചത്.
പ്രൊജക്ട് ടൈഗര്‍ തുടങ്ങുന്നു
ഏപ്രില്‍ 1 1973-ലാണ് പ്രൊജക്ട് ടൈഗർ പദ്ധതി പിറവികൊള്ളുന്നത്. അസം, ബീഹാര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ തുടങ്ങിയിടങ്ങളിലെ ഒന്‍പത് കടുവ സങ്കേതങ്ങളിലായിട്ടാണ് ആദ്യം പദ്ധതി അവതരിപ്പിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായിരുന്നു പദ്ധതിക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത്. 1973-ല്‍ ഒന്‍പത് കടുവ സങ്കേതങ്ങളെന്നത് ഇന്ന് വളര്‍ന്ന് 53 സംരക്ഷിത മേഖലകള്‍ എന്നതിലേക്ക് എത്തുകയും ചെയ്തു. 19-ാം നൂറ്റാണ്ടിന്റെ അവസാനം രാജ്യത്ത് 40,000 കടുവകളുണ്ടെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നാശം തുടങ്ങിയ കാര്യങ്ങൾ എണ്ണം കുറയലിലേക്ക് നയിച്ചു. പ്രൊജക്ട് ടൈഗറെന്ന പദ്ധതി ഇല്ലായിരുന്നെങ്കില്‍ ഒരു പക്ഷേ രാജ്യത്ത് നിന്നും ഇക്കൂട്ടര്‍ തുടച്ചുനീക്കപ്പെട്ടേക്കാമെന്നായിരുന്നു വിദഗ്ധരുടെ നിഗമനം.
Content Highlights: all you need to know about project tiger in india