'ഭീമൻ മസ്തകം കുലുക്കി ശരീരം പന്തുപോലെയാക്കി കാട്ടാന വനപാലകരുടെ ജീപ്പ് ലക്ഷ്യമിട്ട് കുതിച്ചു!'

ഗവിയെക്കുറിച്ച് പറഞ്ഞപ്പോൾ റാന്നി ഫ്ളൈയിങ് സ്ക്വാഡിൽ ആയിരിക്കുമ്പോൾ കേസന്വേഷണത്തിന്റെ ഭാഗമായി പലപ്പോഴും അവിടേയ്ക്കും പച്ചക്കാനത്തേയ്ക്കും പോയതാണ് ഓർമ വന്നത്. മുമ്പ് സൂചിപ്പിച്ചത് മാതിരി ജോയി, പ്രകാശ്, മനോജ്. അനിൽകുമാർ എന്നിവരും സാരഥിയായി രാജീവും ആണ് പതിവായി ഉണ്ടാകാറുള്ളത്. മിക്ക ദിവസങ്ങളിലും അന്വേഷണവും മൊഴി രേഖപ്പെടുത്തലും ഒക്കെക്കഴിഞ്ഞ് പച്ചക്കാനത്തുനിന്നോ ഗവിയിൽനിന്നോ ഞങ്ങളുടെ ലാവണമായ റാന്നിക്ക് തിരിക്കുമ്പോൾ ഉച്ച കഴിഞ്ഞിരിക്കും. ഉച്ച എന്ന് പറയുമ്പോൾ അന്നൊക്കെ കിട്ടിയിരുന്ന രുചിയേറിയ ഊണിന്റെ കാര്യവും കൂടി പറയണമല്ലോ. കൊച്ചുപമ്പയിലെ കേരള ഇലക്ട്രിസിറ്റി ബോർഡിന്റെ ക്യാന്റീനിലെ സ്വാദിഷ്ടമായ ഉച്ചയൂണ്! പച്ചക്കാനത്തെ ആസ്വാദ്യകരമായ തണുത്ത അന്തരീക്ഷത്തിൽ അതിന് സ്വാദ് കൂടുതലായിരുന്നു. അധികം വിഭവങ്ങളൊന്നും ഇല്ലെങ്കിലും കുത്തരിച്ചോറിനോടൊപ്പമുള്ള സാമ്പാറും രസവും മികച്ചതായിരുന്നു. ബുക്ക് ചെയ്യണമെന്ന നിബന്ധന മാത്രം കർശനമായി പാലിക്കണം. ഇന്ന് കെ.എഫ്.ഡി.സിയുടെ പാക്കേജിൽ വരുന്നവർക്ക് പഴയ കൊച്ചുപമ്പയിലെ സബ് യൂണിറ്റ് ഓഫീസിൽ ആഹാരം കൊടുക്കുന്നുണ്ട്. നമ്മൾ അവിടേയ്ക്ക് പോകുന്ന സഞ്ചാരികൾ വശമോ രാവിലെ പോകുന്ന ബസ്സിലോ അതുമല്ലെങ്കിൽ പച്ചക്കാനത്തെ സ്റ്റാഫുകളെ അറിയിച്ചോ അഞ്ചോ ആറോ പേർക്കുള്ള ഉച്ചഭക്ഷണം കരുതി വയ്ക്കണമെന്ന് പറയുകയായിരുന്നു അന്നൊക്കെ പതിവ്. ഇത് പറയുമ്പോഴാണ് പതിറ്റാണ്ടുകൾക്ക് മുൻപ് തൃശൂരിലെ കാർഷിക സർവ്വകലാശാലയിൽ ഫോറസ്ട്രിക്ക് പഠിച്ചിരുന്നപ്പോൾ ഹോസ്റ്റൽ മെസ്സിൽ സമരം ഉണ്ടാകുന്ന അവസരങ്ങളിൽ ചിറക്കേക്കോട് എന്ന സ്ഥലത്ത് അമ്മാവൻ എന്ന് വിളിക്കുന്ന ഒരാളും (അദ്ദേഹത്തിന്റെ പേര് ഓർമ്മയിലില്ല) ഭാര്യയും ചേർന്ന് നടത്തിയിരുന്ന ചെറിയ ഹോട്ടലിലെ ഊണിന്റെ രുചിയും ഓർമ വരുന്നത്. അവ രണ്ടും ഏതാണ്ട് സമാനമായിരുന്നു. അന്ന് മീൻ പൊരിച്ചതോട് കൂടിയ ഊണിന് പതിനഞ്ചോ ഇരുപതോ രൂപ ആയിരുന്നു നിരക്ക് എന്നാണ് ഓർമ. (മീൻ പൊരിച്ചതിന് മീൻ വറവ് എന്നാണ് അമ്മാവൻ തൃശൂർ ഭാഷയിൽ പറയുക. ചോറിനൊപ്പം അമ്മാവൻ ആദ്യം ഉപ്പേരി വിളമ്പുന്നുവെന്ന് പറഞ്ഞ് കേട്ടപ്പോൾ ഞാൻ ഏത്തക്കായ വറുത്തുണ്ടാക്കുന്ന ചിപ്സ് ആണെന്നാണ് കരുതിയത്. പിന്നീടാണ് അത് തോരനോ മെഴുക്കുപുരട്ടിയോ ആണെന്ന് മനസ്സിലായത്. )
സാധാരണയായി കാട്ടാനയെ റോഡിൽ കണ്ടാൽ വണ്ടിയുടെ എഞ്ചിൻ ഓഫാക്കാതെതന്നെ നിറുത്തിയിടുകയാണ് വേണ്ടത് എന്നറിയാമല്ലോ. രാത്രി കാലങ്ങളിൽ ആണെങ്കിൽ വണ്ടിയുടെ ഹെഡ് ലൈറ്റ് ഓഫാക്കാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം. കാഴ്ചശക്തി കുറവാണെങ്കിലും ശബ്ദവും ഗന്ധവും പിടിച്ചെടുക്കാൻ ആനകൾക്ക് കഴിവ് ഏറെയാണ്. ശരീരവലിപ്പം കൊണ്ടുതന്നെ അവയ്ക്ക് അത്രവേഗത്തിൽ റോഡിൽനിന്ന് മാറാനും ആകില്ല. പതിയെ നടന്ന് സുരക്ഷിതമെന്ന് കാണുന്ന ഇടം കണ്ടെത്തുമ്പോൾ വഴിയിൽനിന്ന് ആനകൾ സാവധാനം കാട്ടിലേയ്ക്ക് കയറുകയാണ് പതിവ്. അപ്പോൾ നമുക്ക് സുരക്ഷിതമായി കടന്നുപോകാം. അപൂർവ്വം ചില ആനകൾ നിത്യപരിചയം കൊണ്ടെന്ന പോലെ കുറച്ചുദൂരം നടന്നിട്ട് വനാന്തരത്തിലൂടെ പോകുന്ന റോഡിന്റെ ഏതെങ്കിലും വശത്തേയ്ക്ക് നീങ്ങി തല അകത്തേയ്ക്ക് നീട്ടിപ്പിടിച്ച് റോഡിലേയ്ക്ക് പുറംതിരിഞ്ഞുനിന്ന് വണ്ടിക്ക് കടന്ന് പോകാനായി വഴിയൊഴിഞ്ഞ് നിൽക്കുന്നതും കണ്ടിട്ടുണ്ട്. എന്നാലും സാധാരണ രീതിയിൽ അത് പ്രതീക്ഷിക്കാൻ വയ്യ. മുഴുവൻ വണ്ടികളും കടന്ന് പോകുന്നത് വരെ ക്ഷമയോടെ മുഖം തിരിച്ച് നിൽക്കുന്ന കാട്ടുകൊമ്പനെപ്പറ്റി അന്ന് കൂടെ ജോലി ചെയ്തിരുന്ന ളാഹ സ്വദേശിയായ മനോജ് എന്ന ഫോറസ്റ്റർ ഈയ്യടുത്ത് വിളിച്ചപ്പോഴും പറഞ്ഞു. ശരിക്കും ഗോത്രവർഗ്ഗക്കാരനായ മനോജിന്റെ മനോധൈര്യം വെളിപ്പെട്ട സന്ദർഭം കൂടി പറയാമെന്ന് കരുതുന്നു. റാന്നി സ്ക്വാഡിൽ ജോലി ചെയ്യുമ്പോൾ കലശലായ കഴുത്തുവേദന കാരണം എന്റെ പിടലി തിരിക്കാനാകാതെ ഇരിക്കുകയായിരുന്നു. കഴുത്ത് തിരിച്ച് ആരേയും നോക്കാനാകില്ല. വണ്ടിയിലിരുന്നു കുടുങ്ങിയാൽപ്പോലും ഇലക്ട്രിക്ക് ഷോക്ക് അടിക്കുന്നത് മാതിരി തലയിലേയ്ക്ക് കഠിനമായ വേദന തുളഞ്ഞ് കയറുമായിരുന്നു. അന്ന് ചന്നംപിന്നം മഴ ചാറിക്കൊണ്ടിരുന്ന പകലാണ്. ഉച്ചയ്ക്ക് നേരത്തെ പറഞ്ഞ കെ.എസ്.ഇ.ബിയുടെ ക്യാന്റീനിൽനിന്ന് ശാപ്പാടും തെല്ല് വിശ്രമവും കഴിഞ്ഞ് പുറപ്പെട്ടു. വല്ലാത്ത നടുവേദനയും കഴുത്തുവേദനയും കൊണ്ട് വശം കെട്ടിരുന്നു. ജീപ്പിൽ ചെറിയ തലയിണവച്ചത് ചെറിയ ആശ്വാസമുണ്ടാക്കി. അങ്ങനെ സ്റ്റാഫിനോടൊപ്പം അന്നത്തെ പച്ചക്കാനം സ്റ്റേഷൻ എത്തുന്നതിന് മുമ്പ് കക്കി ഡാമിനേയും ആനത്തോട് ഡാമിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന 'ഐസി' ടണൽ (Interconnected) എന്ന് പറയുന്ന സ്ഥലത്തേയ്ക്ക് തിരിച്ചു. കൂടെ പച്ചക്കാനം സ്റ്റേഷനിലെ ഒന്നുരണ്ട് ഫീൽഡ് സ്റ്റാഫുകളും ഉണ്ടായിരുന്നു.
Content Highlights: A gripping true account of forest officers facing an aggressive wild elephant near Pachaakanam., Highlights indigenous tribal wisdom and tracking skills used by forest staff for survival., Shares practical safety measures and precautions to take during unexpected wildlife encounters on forest roads.