വാതിലിനുമുന്നിൽ വരിവച്ച് പോകുന്ന വെള്ളത്തുള്ളികൾ; ആ രാത്രിയിൽ ഫോറസ്റ്റർക്ക് എന്താണ് സംഭവിച്ചത്?

പതിറ്റാണ്ടുകൾക്ക് മുൻപ് മലയോര ഗ്രാമത്തിൽ വനംവകുപ്പിലെ ഔട്ട് പോസ്റ്റിൽ അരങ്ങേറിയ വിചിത്രസംഭവമാണ്.  അതിന്റെ കുരുക്ക് വിജയകരമായി അഴിച്ചതും പദപ്രശ്‌നം പൂരിപ്പിച്ചതും ബുദ്ധിമാനായ ഫോറസ്റ്റ് ഗാർഡും! സ്ഥലത്തിന്റേയോ ആളുകളുടേയോ പേരിന് ഇവിടെ പ്രസക്തിയില്ല. കഥ ഉരുത്തിരിയുന്ന ഔട്ട്‌പോസ്റ്റിൽ ചെറുപ്പക്കാരനായ ഫോറസ്റ്ററാണ് മേധാവി. (ഇന്ന് വനംവകുപ്പിൽ ഫോറസ്റ്റർ തസ്തികയിലേയ്ക്ക് നേരിട്ടുള്ള നിയമനമില്ല) കൂടെ പ്രായം ചെന്ന രണ്ട് ഫോറസ്റ്റ് ഗാർഡുമാരും. പുഴയുടെ കരയിലാണ് ഔട്ട് പോസ്റ്റ്. ആഴ്ചാവസാനവും ഔട്ട് പോസ്റ്റിലെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുമ്പോഴും മടങ്ങിയെത്തുമ്പോഴും റോഡരികിലെ ഫോറസ്റ്റ് സ്റ്റേഷനിലെ ജനറൽ ഡയറിയിൽ വിവരം രേഖപ്പെടുത്തിയിട്ടാണ് സ്റ്റാഫുകൾ പോകുക. അതാണ് ശരിക്കും രേഖാമൂലമുള്ള ഹാജർ രേഖപ്പെടുത്തലും. ഔട്ട് പോസ്റ്റിൽ സൂക്ഷിക്കുന്ന 'മൂവ്‌മെന്റ് രജിസ്റ്റർ' (Movement Register) എന്ന പുസ്തകത്തിൽ ദിനസരി ഡ്യൂട്ടി രേഖപ്പെടുത്തുക പതിവാണെങ്കിലും അത് അവരുടെ തന്നെ നിയന്ത്രണത്തിലുള്ളതാണല്ലോ. അതിൽ വേണമെങ്കിൽ തിരുത്തലുകൾ വരുത്താനാകും എന്ന് സാരം. ഈ പശ്ചാത്തലത്തിൽ വേണം ഇനി പറയുന്ന സംഭവങ്ങൾ കൂട്ടി വായിക്കേണ്ടത് .

കഥാനായകനായ നമ്മുടെ ഫോറസ്റ്റർ എപ്പോഴും ഗഹനമായ ചിന്തയിൽ കഴിഞ്ഞിരുന്നയാളാണ്. പ്രത്യേകിച്ച് 'വരായ്ക' (കിമ്പളം) ഒന്നുമില്ലാത്ത ഓ പി ആയതിനാലും അവിടേയ്ക്ക് നിയമനത്തിനായി അതിർത്തിചെക്ക്‌പോസ്റ്റുകളിലെ പോലെ തള്ളിച്ചയൊന്നും ഇല്ല. അതിനാൽ ആ സാത്വികൻ ദീർഘനാളുകളായി അവിടെത്തന്നെയാണ് ജോലി ചെയ്തിരുന്നത്. ആകെയുള്ള മെച്ചമെന്നത് വലിയ കേസ്സും പുക്കാറും ഒന്നും വരാറില്ല. അതുകൊണ്ട് തന്നെ നമ്മുടെ ഏമ്മാന് മലയാളം-ആംഗലേയം എന്നീ ഭാഷകളിലെ സാഹിത്യകൃതികൾ തുടർച്ചയായി വായിച്ച് തള്ളാൻ ധാരാളം സമയം കിട്ടി. ആകാശവാണിയിലെ പ്രഭാഷണങ്ങളും ധാരാളം കേൾക്കും. ആണ്ടിലും സംക്രാന്തിക്കും പരിശോധനക്കായി ഓപിയിലെത്തുന്ന റെയ്ഞ്ച് ഓഫീസറന്മാരുമൊക്കെയായി ലോകകാര്യങ്ങളെക്കുറിച്ച് അവഗാഹത്തോടെ സംസാരിക്കും. ലോകവിവരങ്ങൾ പങ്കുവയ്ക്കുന്നതും അമ്പരപ്പോടും ആരാധനയോടും കൂടിയാണ് കൂടെയുള്ളവർ കണ്ടിരുന്നത്. ബുദ്ധിജീവി പരിവേഷം ആ ഫോറസ്റ്റ് സ്റ്റേഷനിലും റെയ്ഞ്ചിലുമൊക്കെ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഓപിയിൽ ഉണ്ടായിരുന്ന രണ്ട് ഫോറസ്റ്റ് ഗാർഡുമാരാകട്ടെ (ഇന്നത്തെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ) കാലത്ത് ഫീൽഡിൽ പോയി മടങ്ങിയതിന് ശേഷം പരദൂഷണങ്ങളിൽ വ്യാപരിക്കും. അല്ലാത്ത ദിവസങ്ങളിൽ അവർ തമ്മിൽ അഡ്ജസ്റ്റ് ചെയ്തും സ്റ്റേഷനിലെ ജനറൽ ഡയറിയിൽ രേഖപ്പെടുത്തലുകൾ വരുത്താതെയും സ്വന്തം വീടുകളിലേയ്ക്ക് പോകും എന്നാൽ തനിക്ക് ന്യായമായും അവകാശപ്പെട്ട അവധികൾ മാത്രം എടുക്കുകയും അവയൊക്കെ യഥാവിധി രേഖപ്പെടുത്തകയും ചെയ്തിരുന്ന നമ്മുടെ ഫോറസ്റ്റർ അതിലൊന്നും ഇടപെടുക പതിവില്ല. അതൊക്കെ അവരുടെ ഇഷ്ടം എന്ന രീതിയിൽ കാണാൻ അദ്ദേഹത്തിന്റെ ഹൃദയ വിശാലത അനുവദിച്ചിരുന്നു. എന്നിരുന്നാലും അവർ അത്തരത്തിൽ 'ഫ്രഞ്ച് ലീവുകൾ' (French Leaves) കഴിഞ്ഞ് തിരികെ എത്തുമ്പോൾ ആ കാലയളവിൽ ഔദ്യോഗികമായി ഏതെങ്കിലും ഓഫീസുകളിലോ ചടങ്ങുകളിലോ സംബന്ധിക്കുക ഉണ്ടായോ എന്ന് തിരക്കും. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നിർബന്ധമായും അത് ലീവായി മാർക്ക് ചെയ്യണമെന്ന് ശഠിക്കും. കാരണം മായ്ക്കാനാകാത്ത തെളിവാകുമല്ലോ അത് അവശേഷിപ്പിച്ച് പോരുന്നത്. അതിനാൽ കൂട്ട് സ്റ്റാഫുകൾക്ക് വലിയ പരിഭവമില്ലായിരുന്നു. ഭക്ഷണം പാകം ചെയ്യാനും മറ്റുമായി വനംവകുപ്പിലെ പ്രായം ചെന്ന ദിവസക്കൂലി വാച്ചറുണ്ടായിരുന്നു. പ്രാതലിനും ഉച്ചയൂണിനും മാത്രം ഫോറസ്റ്റർ സ്റ്റാഫുകളോടെ കൂടെയിരിക്കും. ഭക്ഷണം കഴിയുന്ന മാത്രയിൽത്തന്നെ പാത്രം സ്വയം കഴുകി വച്ച് തന്റെ മുറിയിലേയ്ക്ക് മടങ്ങും. രാത്രിയിൽ ലഹരിയിലുള്ള ഗാർഡുമാരുമായി അദ്ദേഹം കൂട്ടുചേരാറും ഇല്ല.

Content Highlights: A strange incident unfolds at a remote forest department outpost in a hill village., A meticulous yet mysterious forester and an observant young forest guard are the central characters., Unexplained nocturnal activities and wet footprints spark a deep investigation., The forester mysteriously goes missing during the monsoon season, leaving behind an unsolved puzzle.

Continue reading