അഞ്ചുജീവികളെ അനുകരിക്കും,തലയിൽ കൈകൾ, നട്ടെല്ലില്ലാത്തവയിൽ ഏറ്റവും ബുദ്ധിശാലി ഈ അത്ഭുതനീരാളി

മിമിക്രി എന്ന് കേൾക്കുമ്പോൾ കേരളത്തിലെ പ്രശസ്ത മിമിക്രി താരങ്ങളായിരിക്കും മനസ്സിൽ വരുന്നത്. മിമിക്രിയെന്നാൽ ശബ്ദാനുകരണമാണെന്നാണ് പൊതുവേയുള്ള ധാരണ. എന്നാൽ ശബ്ദാനുകരണം മാത്രമല്ല മിമിക്രി. രൂപാനുകരണവും ഭാവാനുകരണവും മിമിക്രിയുടെ ഭാഗമാണ്. ജൈവലോകത്തിലും അനേകം മിമിക്രിക്കാരുണ്ട്. ജന്തുക്കളും സസ്യങ്ങളുമുണ്ട്!

ഉറുമ്പിനെ അനുകരിക്കുന്ന ചിലന്തി

പ്രഗത്ഭ പരിണാമ ശാസ്ത്രജ്ഞരായ ചാൾസ് ഡാർവിന്റേയും ആൽഫ്രെഡ് റസ്സൽ വാലസ്സിന്റേയും സമകാലികനായിരുന്ന ഹെന്റി വാൾട്ടർ ബേറ്റ്സാണ് (Henry Walter Bates) ജീവികൾക്കിടയിൽ മിമിക്രിയുണ്ടെന്ന് ആദ്യമായി കണ്ടെത്തിയത്. 1848-ൽ ബേറ്റ്സും വാലസ്സും തെക്കേ അമേരിക്കയിലെ ജൈവവൈവിധ്യം പഠിക്കാൻ ആമസോൺ വനമേഖലയിലേക്ക് യാത്രതിരിച്ചു. ഒരുമിച്ച് ജീവികളെ പിടിച്ചും പഠിച്ചും കാട്ടിൽ കഴിഞ്ഞ അവർ ഒരു വർഷം കഴിഞ്ഞപ്പോൾ വഴിപിരിഞ്ഞു. ബേറ്റ്സിന്റെ ആമസോൺ വാസം 1859 വരെ നീണ്ടു. ആ കാലത്താണ് കാഴ്ചയിൽ ഏതാണ്ട് ഒരുപോലെയിരിക്കുന്ന വിവിധ സ്പീഷീസുകളിലുള്ള ചിത്രശലഭങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നതും അവയെ വിശദപഠനങ്ങൾക്ക് വിധേയമാക്കുന്നതും. അവയിൽ ചില സ്പീഷീസുകൾ വിഷമുള്ളവയും മറ്റ് ചിലവ വിഷമില്ലാത്തവയുമാണെന്ന് അദ്ദേഹം കണ്ടെത്തി.

ഇരപിടിയന്മാരായ പക്ഷികൾ വിഷമുള്ള ചിത്രശലഭങ്ങളെ ഭക്ഷിക്കുകയില്ല. വിഷമുള്ള ശലഭങ്ങളുമായി രൂപസാദൃശ്യമുള്ള വിഷമില്ലാത്ത ചിത്രശലഭങ്ങളും ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടുന്നതായി ബേറ്റ്സ് കണ്ടെത്തി. നിലനിൽപ്പിനെ സഹായിക്കുന്ന പരിണാമപരമായ പ്രത്യേകതയാണ് മിമിക്രി എന്ന് അദ്ദേഹം സിദ്ധാന്തിച്ചു. പിൽക്കാലത്ത് അനേകം ജീവികൾ മറ്റ് ജീവികളെ രൂപത്തിലും നിറത്തിലും അനുകരിക്കുന്നതായി മറ്റ് ഗവേഷകരും കണ്ടെത്തിത്തുടങ്ങി. ബേറ്റ്സിന്റെ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടു. ഉറുമ്പിനെ അനുകരിക്കുന്ന ചിലന്തികളും കടന്നലുകളെ അനുകരിക്കുന്ന ഈച്ചകളും മിമിക്രിക്ക് ഉദാഹരണങ്ങളാണ്.

കടന്നലിനെ അനുകരിക്കുന്ന ഈച്ച

ദീർഘകാലത്തെ പരിണാമത്തിലൂടെയാണ് ജീവികൾ ഇത്തരം രൂപപരമായ സാദൃശ്യങ്ങൾ നേടിയെടുക്കുന്നത്. ഒരു രൂപത്തിൽ നിന്നും മറ്റൊരു രൂപത്തിലേക്ക് ഇഷ്ടാനുസരണം മാറാനുള്ള കഴിവ് മിമിക്രി പ്രദർശിപ്പിക്കുന്ന ഇത്തരം ജീവികൾക്കില്ല. എന്നാൽ അതിനൊരപവാദമായി ഒരേയൊരു ജീവിയുണ്ട് ലോകത്തിൽ. അതിന് സ്വന്തം രൂപം മാറ്റി, ആവശ്യത്തിനനുസരിച്ച് ഒന്നിലധികം ജീവികളുടെ രൂപം അനുകരിക്കാനുള്ള അത്ഭുതകരമായ കഴിവുണ്ട്. മിമിക്രി വിദഗ്ദ്ധനായ ആ ജീവിയുടെ പേരാണ് 'മിമിക്ക് നീരാളി' (mimic octopus). ശാസ്ത്രീയനാമം തൗമോക്‌റ്റോപ്പസ് മിമിക്കസ് (Thaumoctopus mimicus).

മിമിക്ക് നീരാളിയുടെ സാധാരണ രൂപം

നീരാളികൾ

ചിപ്പി, കക്ക, ശംഖ്, ഒച്ച്, കണവ തുടങ്ങിയ ജീവികൾ ഉൾക്കൊള്ളുന്ന മൊളസ്‌ക (Mollusca) വിഭാഗത്തിലുള്ള കടൽജീവികളാണ് നീരാളികൾ (Octopus). ഇവയ്ക്ക് മറ്റ് മൊളസ്‌കുകളെപ്പോലെ പുറംതോടില്ല (Shells). അവയുടെ ഏറ്റവും അടുത്ത ബന്ധുക്കൾ കണവകളാണ്. നീരാളികൾക്കും കണവകൾക്കുമുള്ള പൊതുവായ പ്രത്യേകത തലയിലുള്ള കൈകളാണ്. തലയിൽ കൈകളുള്ള ജീവികൾ എന്നർത്ഥമുള്ള സെഫലോപോഡ (Cephalopoda) ഉപവിഭാഗത്തിലെ അംഗങ്ങളാണ് നീരാളികളും കണവകളും. സെഫലോപോഡുകൾ കടലിൽ മാത്രം ജീവിക്കുന്ന മൊളസ്‌കുകളാണ്. എട്ട് കാലുകളുള്ളതുകൊണ്ടാണ് നീരാളികളെ ഒക്ടോപ്പസ് എന്ന് വിളിക്കുന്നത്. ചില നീരാളികൾക്ക് മെലിഞ്ഞു നീണ്ട കൈകളും മറ്റുള്ളവയ്ക്ക് തടിച്ച് കുറുകിയ കൈകളുമാണുള്ളത്. മുന്നൂറിലധികം നീരാളി സ്പീഷീസുകളെ ഇതുവരെയായി കണ്ടെത്തിയിട്ടുണ്ട്.

ചിറകുള്ള നീരാളികളും ചിറകില്ലാത്ത നീരാളികളും ഉണ്ട്. ആദ്യത്തെ കൂട്ടർ ആഴക്കടലിൽ മാത്രം ജീവിക്കുന്നവയാണ്. രണ്ടാമത്തെ കൂട്ടർക്ക് കടലാഴം പ്രശ്‌നമല്ല. നീരാളികൾക്ക് തലയുടെ ഇരുഭാഗങ്ങളിലുമായി നല്ല കാഴ്ചശേഷിയുള്ള വലിയ കണ്ണുകളും കൈകൾക്ക് മധ്യത്തിലായി പക്ഷിചുണ്ട് പോലുള്ള വായുമുണ്ട്. മൃദുലമായ ശരീരമായതുകൊണ്ട് ശരീരത്തെ പലരീതിയിലും വളയ്ക്കാനും ചെറിയ വിടവുകളിൽ കയറിപ്പറ്റാനും ഇവയ്ക്ക് കഴിയും. നീന്തുന്നത് എപ്പോഴും പുറകോട്ടായിരിക്കും. 'സൈഫൺ' എന്ന് പേരുള്ള കുഴൽ പോലുള്ള അവയവത്തിൽ നിന്ന് വെള്ളം ചീറ്റി അവയ്ക്ക് അതിവേഗം നീന്താൻ കഴിയും. ശ്വസനത്തെ സഹായിക്കുന്നതും സൈഫൺ തന്നെയാണ്.

നട്ടെല്ലില്ലാത്ത ജീവികളുടെ കൂട്ടത്തിൽ ഏറ്റവും ബുദ്ധിയുള്ള ജീവികളാണ് നീരാളികൾ. ചെമ്മീൻ, ഞണ്ട്, ചിപ്പികൾ, ഒച്ചുകൾ, മത്സ്യങ്ങൾ തുടങ്ങിയവയാണ് പ്രധാനഭക്ഷണം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ മഷിപോലെയുള്ള ദ്രാവകം പുറത്തുവിടുന്നത് മറ്റ് സെഫലോപോഡുകളെപ്പോലെ പല നീരാളികളുടെയും പ്രത്യേകതയാണ്. മിക്ക നീരാളികൾക്കും നിറം മാറാനുള്ള കഴിവുണ്ട്. ഇരകളിൽ നിന്നും ഇരപിടിയന്മാരിൽ നിന്നും ഒളിഞ്ഞിരിക്കാൻ നിറംമാറ്റം സഹായിക്കും. കടലിലെ സസ്തനികളും സ്രാവുകളെപ്പോലുള്ള വലിയ മത്സ്യങ്ങളുമാണ് നീരാളികളെ ലക്ഷ്യമിടുന്ന പ്രധാന ഇരപിടിയന്മാർ. സ്പീഷീസുകൾക്കനുസരിച്ച് ശരീരഭാരവും വലുപ്പവും വ്യത്യസ്തമായിരിക്കും. ഒരു ഗ്രാം മുതൽ 70 കിലോ വരെ ശരീരഭാരമുള്ള നീരാളികളുണ്ട്! ശരാശരി നാല് വർഷം വരെ മാത്രമേ നീരാളിക്ക് ആയുസ്സുള്ളൂ. നീരാളികൾ ഭക്ഷ്യയോഗ്യമായ ജീവികളാണ്. ലോകത്തിലാകമാനം വർഷത്തിൽ മൂന്നരലക്ഷത്തോളം ടൺ നീരാളികൾ ഭക്ഷണത്തിനായി പിടിക്കപ്പെടുന്നുണ്ട്!

സിംഹമൽസ്യം

മിമിക്ക് നീരാളിയെ കണ്ടെത്തുന്നു

1998-ൽ മൂന്ന് ആസ്‌ട്രേലിയക്കാരും ഒരു ഇംഗ്ലീഷുകാരനുമടങ്ങുന്ന ഗവേഷകസംഘം ഇന്തോനേഷ്യയിലെ സുലാവസി, ബാലി ദ്വീപുകളുടെ തീരക്കടലുകളുടെ അടിത്തട്ടിൽ പഠനം നടത്തുകയായിരുന്നു. അപ്പോഴാണ് സുലാവസിയിലെ തീരക്കടലിന്റെ അടിത്തട്ടിൽ ലോകത്ത് അതുവരെ കണ്ടിട്ടില്ലാത്ത ചില അത്ഭുതദൃശ്യങ്ങൾ അവരുടെ ക്യാമറയിൽ പതിയുന്നത്. ഏകദേശം 60 സെന്റിമീറ്റർ വലുപ്പമുള്ള (ഒരു വശത്തെ കൈയുടെ അഗ്രം മുതൽ എതിർവശത്തെ കൈയുടെ അഗ്രം വരെയുള്ള നീളം) ഒരു നീരാളി രൂപം മാറുന്നു! സൂക്ഷ്മമായി നിരീക്ഷിച്ചപ്പോൾ വിഷമുള്ള ചില കടൽജീവികളുടെ രൂപങ്ങളാണ് നീരാളികൾ അനുകരിച്ചിരിക്കുന്നത് എന്ന് അവർക്ക് മനസ്സിലായി. ആ സമയത്ത് ഇരപിടിയന്മാരായ വലിയ മത്സ്യങ്ങൾ അവിടെ ഇരതേടി നീന്തുന്നുണ്ടായിരുന്നു. പക്ഷേ, വിഷമുള്ള ജീവിയാണെന്ന് തെറ്റിദ്ധരിച്ചാകാം അവ ഈ നീരാളികളെ അവഗണിക്കുകയാണ് ചെയ്തത്!

സിംഹമൽസ്യത്തിന്റെ അനുകരണം

കണ്ട കാര്യം തിടുക്കത്തിൽ ലോകത്തോട് വിളിച്ച് പറയുന്നതിന് പകരം അവർ വിശദമായ പഠനം തുടരുകയാണ് ചെയ്തത്. 1998 ഒക്ടോബറിനും 2000 ഒക്ടോബറിനുമിടയിൽ വടക്കൻ സുലാവസി, ഗിലിമാനുക്ക് (ബാലി) തീരക്കടലുകളിൽ ഒമ്പത് മിമിക്ക് നീരാളികളെ അവർ കണ്ടെത്തി. അവയിൽ ആറെണ്ണം രൂപം മാറുന്നതും കണ്ടു. അവയുടെ ഫോട്ടോകളും രൂപം മാറുന്ന വീഡിയോകളും എടുത്തു. ഈ വീഡീയോകൾ 2000-ൽ ബി.ബി.സി. സംപ്രേഷണം ചെയ്തിരുന്നു. 1998-ൽ കണ്ടെത്തിയെങ്കിലും അവയ്ക്ക് പേരിട്ടത് 2005-ൽ മാത്രമാണ്. അതൊരു പുതിയ ജീനസ്സും സ്പീഷീസുമായിരുന്നു - തൗമോക്‌റ്റോപ്പസ് മിമിക്കസ്.

പരപ്പൻ മീൻ

അത്ഭുതകരം എന്നർത്ഥമുള്ള 'തൗമാ' എന്ന ഗ്രീക്ക് വാക്കിൽ നിന്നാണ് തൗമോക്‌റ്റോപ്പസ് എന്ന ജീനസ് പേര് ഉണ്ടാക്കിയിരിക്കുന്നത്. മിമിക്കസ് എന്ന സ്പീഷീസ് നാമം മിമിക്രിക്കാരൻ എന്ന അർത്ഥത്തിലും. 2 മീറ്റർ മുതൽ 12 മീറ്റർ വരെ ആഴമുള്ള പ്രദേശങ്ങളിലാണ് ഇവയെ കണ്ടെത്തിയത്.

പരപ്പൻ മീനിന്റെ അനുകരണം

പകൽ സമയത്താണ് അവ ഒളിയിടങ്ങളിൽ നിന്ന് പുറത്തുവന്ന് ഇരതേടുന്നത്. പുഴകൾ കടലിനോട് ചേരുന്ന അഴിമുഖങ്ങളിൽ നിന്ന് ഏറെ ദൂരെയല്ലാതെയാണ് അവയുടെ ആവാസസ്ഥലങ്ങൾ. തങ്ങളുടെ പഠനകാലയളവിൽ മിമിക്ക് നീരാളികൾ അഞ്ചുതരം ജീവികളുടെ രൂപങ്ങൾ സ്വീകരിക്കുന്നതാണ് ഗവേഷകർ കണ്ടെത്തിയത്.

കടൽപ്പാമ്പ്

രൂപമാറ്റങ്ങൾ

ഏത് ജീവിയെയാണോ അനുകരിക്കുന്നത് ആ ജീവിയെ 'മാതൃക' എന്നാണ് പറയുന്നത്. പരപ്പൻ മത്സ്യം (flatfish), വരയൻ കടൽപ്പാമ്പ് (banded sea nsake), സിംഹമത്സ്യം (lion fish), ജെല്ലിഫിഷ് (jellyfish), സീ അനിമണി (sea anemone) എന്നിവയായിരുന്നു മിമിക്ക് നീരാളികളുടെ മാതൃകകൾ. അവയിൽ ജെല്ലിഫിഷിന്റെയും സീ അനിമണിയുടെയും രൂപങ്ങൾ സ്വീകരിക്കുന്നത് ഓരോ തവണ മാത്രമേ ഗവേഷകർക്ക് നിരീക്ഷിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ബാക്കി മൂന്ന് വേഷംമാറ്റങ്ങളും പലതവണയായി കാണാൻ കഴിഞ്ഞു. മാത്രമല്ല, രണ്ട് നീരാളികൾ വിവിധ സമയങ്ങളിൽ ഈ മൂന്ന് മാതൃകകളെയും അനുകരിക്കുന്നത് കണ്ടു.

കടൽപ്പാമ്പിന്റെ അനുകരണം

സെബ്രിയാസ് (Zebrias) മത്സ്യമാണ് പരപ്പൻ മത്സ്യ മാതൃക. നമ്മുടെ നാട്ടിലെ മാന്തളാണു (sole fish) സെബ്രിയാസിനോട് സാദൃശ്യമുള്ള മത്സ്യം. കടലിന്റെ അടിത്തട്ടിലുള്ള, കടൽവിരകൾ ജീവിക്കുന്ന മൺകൂനകൾക്കിടയിൽ അതിവേഗം നീന്തുമ്പോഴാണ് അവ സെബ്രിയാസിന്റെ രൂപം അനുകരിച്ചത്. സിംഹമത്സ്യത്തിന്റെ മാതൃക റ്റീറോയിസും (Pterois) കടൽപ്പാമ്പിന്റെ മാതൃക ലാറ്റിക്കോഡയുമാണ് (Laticauda). അടിത്തട്ടിന് തൊട്ടുമുകളിലൂടെ നീന്തുമ്പോഴാണ് അവ സിംഹമത്സ്യമായത്. ഡാംസൽ മത്സ്യങ്ങൾ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് ലാറ്റിക്കോഡയുടെ രൂപം പ്രാപിച്ചത്.

അനുകരിക്കപ്പെട്ട എല്ലാ മാതൃകകളും വിഷജീവികളാണ്. സെബ്രിയാസ് മത്സ്യത്തിന്റെ മേൽച്ചിറകിന്റെയും വാൽച്ചിറകിന്റെയും കടയ്ക്കൽ വിഷഗ്രന്ഥികളുണ്ട്. സിംഹമത്സ്യത്തിന്റെ ശരീരത്തിലെ നീണ്ട മുള്ളുകളുടെ അറ്റത്ത് വിഷമുണ്ട്. അതേപോലെ ലാറ്റിക്കോഡ വിഷപ്പാമ്പാണ്. ഇരപിടിയന്മാരിൽ നിന്ന് രക്ഷപ്പെടാനുള്ള അതിജീവനതന്ത്രമായിരിക്കാം ഈ രൂപമാറ്റങ്ങൾ എന്നാണ് ഗവേഷകരുടെ പ്രാഥമികമായ നിഗമനം.

കേരളത്തിന്റെ തീരക്കടലിൽ

ഇൻഡൊനീഷ്യ, മലേഷ്യ, തായ്ലൻഡ്, ആന്റമാൻ, ഫിലിപ്പീൻസ്, ആസ്‌ട്രേലിയ തുടങ്ങിയ തീരക്കടലുകളിൽ മാത്രം കണ്ടെത്തിയിരുന്ന മിമിക്ക് നീരാളികളെ ആദ്യമായി അറബിക്കടലിൽ കണ്ടെത്തിയത് 2018-ലാണ്. കൊച്ചിയിലെ സമുദ്ര മത്സ്യ ഗവേഷണ കേന്ദ്രത്തിലെ (CMFRI) ഡോ. സജികുമാറിന്റെ നേതൃത്വത്തിലുള്ള ഗവേഷണസംഘമാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. 2018 സെപ്റ്റംബർ ആറിന് നീണ്ടകരയിൽ നിന്ന് മാന്തൾ മത്സ്യങ്ങളെ (Cynoglossus macrostomus) പിടിക്കാൻ പോയ ട്രോളറാണ് തെക്കൻ കേരളത്തിന്റെ തീരക്കടലിൽ നിന്ന് യാദൃച്ഛികമായി രണ്ട് മിമിക്ക് നീരാളികളെ പിടികൂടിയത്. 15 മീറ്റർ ആഴത്തിൽ നിന്ന് പിടികൂടിയ 32 ഗ്രാമും 35 ഗ്രാമും ഭാരമുള്ള ഈ രണ്ട് മിമിക്ക് നീരാളികളും പെൺനീരാളികളായിരുന്നു.

അധിക വായനയ്ക്ക്:

Balyi B, Fushtey K, Marinovic N (2024). The Mimic Octopus. AIDASCO Reviews 2(1): 17-21.

Jereb P, Roper CFP, Norman MD, Finn JK (Ed.) (2014). Cephalopods of the world. An annotated and illustrated catalogue of cephalopod species known to date. Vol 3. Octopods and vampire squids. Food And Agricultural Organization.

Norman MD, Finn J, Tregenza T (2001). Dynamic mimicry in an Indo-Malayan octopus, Proc. R. Soc. Lond. B 268 : 1755-1758.

Norman MD, Hochberg FG (2005). The 'Mimic Octopus' (Thaumoctopus mimicus n. gen. et sp.), a new octopus from the tropical Indo-West Pacific (Cephalopoda: Octopodidae). Molluscan Research . 25(2): 57-70

Sajikumar KK, Jeyabaskaran R, Binesh CP, Mohamed KS (2020). First Record of the Mimic Octopus Thaumoctopus mimicus (Cephalopoda: Octopodidae) from the Arabian Sea: Range Extension and Genotyping. Malacologia. 63(1):115-122

Content Highlights: The mimic octopus can imitate the shape, color, and behavior of multiple dangerous marine species including flatfish, sea snakes, and lionfish., Recognized as one of the most intelligent invertebrates in the animal kingdom, possessing unique behavioral adaptations., First discovered in Indonesian waters in 1998 and later recorded in the Arabian Sea near Kerala in 2018.