തേനീച്ചകളെ കൂട്ടത്തോടെ ആക്രമിക്കുന്ന കടന്നലുകൾ; വിചിത്രമായ തിരിച്ചടികൾ | ബന്ധുക്കൾ മിത്രങ്ങൾ

വേലക്കാരി തേനീച്ചകൾക്ക് ഗതികെട്ടാൽ കുത്താൻ പിറകിൽ മുള്ളുണ്ട്. വാസ്പുകളിലെ പെണ്ണിനങ്ങൾക്കുമുണ്ട് മുള്ള്. മുട്ട പ്രത്യേക സ്ഥലങ്ങളിൽ നിക്ഷേപിക്കാനുള്ള ഓവിപൊസിറ്റർ എന്ന അവയവം പരിണമിച്ചാണ് ഈ മുള്ളുകളായി മാറിയത്. വേലക്കാരി തേനീച്ചകൾക്ക് സാധാരണയായി മുട്ടയിടൽ പരിപാടിയൊന്നും ഇല്ലാത്തതിനാൽ മുള്ള് ശത്രുക്കളെ തുരത്താനേ ആവശ്യമുള്ളു. വേലക്കാരി ഈച്ചകളാണല്ലോ കൂടിന്റെ സംരക്ഷകർ. കഷ്ടപ്പെട്ട്, ബുദ്ധിമുട്ടി തേനും പൂമ്പൊടിയും ശേഖരിച്ചെത്തിച്ചും, രാജ്ഞി ഇട്ടു വെക്കുന്ന മുട്ടകൾ ശ്രദ്ധിച്ച്, വിരിയിച്ച് ലാർവപ്പുഴുക്കൾക്ക് ഭക്ഷണം നൽകിയുമൊക്കെയാണ് വേലക്കാരി ഈച്ചകൾ കോളനിയെ പരിപാലിക്കുന്നത്. ഈ തേനും മുട്ടകളും ലാർവകളും കൂടാതെ സഹ ഈച്ചകളേയും തിന്നാൻ തക്കം പാർത്തിരിക്കുന്ന ശത്രുക്കൾ ഏറെയുണ്ട്. മുള്ളുകൊണ്ട് കുത്തിയോടിക്കാൻ എല്ലാവരേയും പറ്റില്ല.
പക്ഷികൾ, കരടികൾ, തേൻ തേടുന്ന മനുഷ്യർ എന്നിവരൊന്നുമല്ല പ്രധാന ഭീഷണി. ഇവരെക്കാളെല്ലാം ഭയക്കേണ്ടത് കില്ലർ വാസ്പുകളായ ഹോണെറ്റ് കടന്നലുകളെയാണ്. ഒറ്റയ്ക്കും കൂട്ടമായും വന്ന് കൂട്ടിൽനിന്ന് ഇതൊക്കെ മോഷ്ടിക്കുന്നവരാണ് കടന്നലുകൾ. തേനീച്ച കുത്തുമ്പോൾ മുള്ളു പറിഞ്ഞ് കുത്തിയ ശരീരത്തിൽ പറ്റും. അതിനാൽ ഒരു തേനീച്ചയ്ക്ക് ഒരു തവണ മാത്രമേ കുത്താനാവുകയുള്ളു. ( കടന്നലുക്കളുടെ മുള്ള് അങ്ങിനെയല്ലാത്തതിനാൽ പല തവണ ഒരു കടന്നലിന് കുത്താനാകും.)
Content Highlights: about the survival of honeybees against hornets