കരി, മൃഗക്കൊഴുപ്പ്, പെർഫ്യൂം; 1000 വർഷം പഴക്കമുള്ള 'ഷോഡോ', കാലിഗ്രാഫിയുടെ പിന്നാമ്പുറം | Eco Story

അക്ഷരങ്ങൾ മഷി കൊണ്ട് ബ്രഷോ പേനയോ മറ്റു എഴുത്തുപകരണങ്ങളോ ഉപയോഗിച്ച് പേപ്പറിലോ മറ്റു മാധ്യമങ്ങളിലോ കലാപരമായി എഴുതുന്ന രീതിയാണ് കാലിഗ്രാഫി എന്നറിയപ്പെടുന്നത്. പല രാജ്യങ്ങളിലും അക്ഷരമെഴുത്തുകളിൽ വിവിധങ്ങളായ കാലിഗ്രാഫി രീതികൾ ഉണ്ടെങ്കിലും ജപ്പാനിലെ കാലിഗ്രാഫി രീതി അതിപ്രശസ്തമാണ്. ഷോഡോ എന്നറിയപ്പെടുന്ന ഈ രീതിക്ക് ആയിരത്തിലേറെ വർഷത്തെ പഴക്കമുണ്ട്, ഇതിൽ ജപ്പാനീസ് അക്ഷരങ്ങൾ ബ്രഷും മഷിയും ഉപയോഗിച്ച് പേപ്പറിലോ മറ്റു മാധ്യമങ്ങളിലോ എഴുതുന്നു.
അർത്ഥത്തെപ്പോലെ തന്നെ അക്ഷരങ്ങളുടെ ഭംഗിക്കും ഷോഡോയിൽ അതിപ്രാധാന്യമുണ്ട്. പല കനത്തിൽ, വടിവിൽ, നീളത്തിൽ, കോണുകളിൽ എഴുതപ്പെടുന്ന ഈ അക്ഷരങ്ങൾ ആ എഴുത്തിന് പ്രത്യേകമായൊരു ജീവനും വ്യക്തിത്വവും നൽകുന്നു. പ്രായോഗികമായ ഉപയോഗവും ഉള്ള ഈ രീതി ഉപയോഗിച്ച് ചിഹ്നങ്ങളും ദിശാസൂചകങ്ങളും സർട്ടിഫിക്കറ്റുകളും ഔദ്യോഗികരേഖകളും ഉണ്ടാക്കാറുണ്ട്. സ്കൂൾ വിദ്യാർത്ഥികൾ അവരുടെ പഠനത്തിന്റെ ഭാഗമായിത്തന്നെ കാലിഗ്രാഫി അഭ്യസിക്കാറുണ്ട്. വ്യതിരിക്തമായ രീതികളും നിയമങ്ങളും കൊണ്ട് ജപ്പാനിൽത്തന്നെ പലതരം കാലിഗ്രാഫികൾ ഉണ്ട്. സാധാരണ അക്ഷരരീതി ഉപയോഗിച്ചുള്ള കൈഷോ, കുറച്ചു ചെരിഞ്ഞ ഗ്യോഷോ, നന്നായി ചെരിവുള്ള സോഷോ എന്നിവ അവയിൽ ചിലതാണ്. വെവ്വേറേ രീതികളും കഴിവുകളും വേണ്ട ഓരോ രീതിയിലും മികവുകാട്ടാൻ വർഷങ്ങളുടെ പഠനവും പരിശീലനവും ആവശ്യമാണ്.
Content Highlights: about all you need to know about japan calligraphy, eco story