ഭരണത്തുടർച്ചക്ക് സ്റ്റാലിൻ, പിടിച്ചെടുക്കാൻ NDA; കറുത്തകുതിരയാകുമോ വിജയ്, തമിഴ്നാടിന്റെ മനസ്സിലെന്ത്

#സ്വന്തം ലേഖിക

സകല ചേരുവകളും ചേരുംപടി ചേർന്ന ഒരു ത്രില്ലർ തമിഴ്പടം. അതാണ് ഏപ്രിൽ 23-ാം തീയതി നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ്. ഭരണത്തുടർച്ചയ്ക്കുവേണ്ടി എം.കെ. സ്റ്റാലിനും അധികാരം വീണ്ടെടുക്കാൻ എഐഎഡിഎംകെ-ബിജെപി സഖ്യവും താരപ്പൊലിമ വോട്ടാക്കാൻ ഇളയ ദളപതി വിജയും പോരിനിറങ്ങുന്നു. 234 അംഗ നിയമസഭയാണ് തമിഴ്നാട്ടിലേത്. സർക്കാർ രൂപവത്കരണത്തിന് ആവശ്യമായ മാജിക് സംഖ്യ 118. അത് ആർക്കൊപ്പമെന്ന് വോട്ടെണ്ണൽദിനമായ മേയ് നാലിന് അറിയാം. 

നിലവിലെ കക്ഷിനില ഇങ്ങനെ

ഡിഎംകെ സഖ്യം- 159 സീറ്റ്

  • ഡിഎംകെ- 133
  • കോൺഗ്രസ്-18
  • വിസികെ-4
  • സിപിഐ-2
  • സിപിഎം-2

എൻഡിഎ സഖ്യം

  • എഐഎഡിഎംകെ-66
  • ബിജെപി-4
  • പിഎംകെ-5

സഖ്യങ്ങൾ, കലഹങ്ങൾ, തന്ത്രങ്ങൾ

ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യത്തിലെ പ്രധാനകക്ഷികളാണ് സിപിഎം, സിപിഐ, കോൺഗ്രസ്, വിസികെ, എംഡിഎംകെ, മുസ്ലിം ലീഗ്, ഡിഎംഡികെ, മക്കൾ നീതി മയ്യം,എംഎംകെ തുടങ്ങിയവ. കഴിഞ്ഞ തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ചവെച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യമുള്ളത്. 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിലുള്ളത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ ആ മുഴുവൻ സീറ്റുകളും സഖ്യം സ്വന്തമാക്കിയിരുന്നു. ഇത് നിയമസഭാ തിരഞ്ഞെടുപ്പിനെ കൂടുതൽ ഊർജത്തോടെ നേരിടാൻ സഖ്യത്തെ പ്രാപ്തമാക്കിയെന്നാണ് വിലയിരുത്തപ്പെടുന്നത്. 36-38 ശതമാനം വരെയാണ് ഡിഎംകെയുടെ വോട്ട് വിഹിതം.

എഐഎഡിഎംകെ നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയിലെ പ്രധാനികളാണ് ബിജെപിയും പിഎംകെയും ടിഎംസിയും. ജയലളിതയെന്ന തലപ്പൊക്കമുള്ള നേതാവിന്റെ മരണത്തോടെ ഉൾപ്പാർട്ടിപോരുകൾക്കും കലഹങ്ങൾക്കും വേദിയായി മാറിയിട്ടുണ്ട് എഐഎഡിഎംകെ. എടപ്പാടി പളനിസ്വാമിയുമായി തെറ്റിപ്പിരിഞ്ഞ ഒ. പനീർസെൽവം ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഡിഎംകെയിയിൽ ചേർന്നിരുന്നു. ജയലളിതയുടെ വിശ്വസ്തനായ അനുയായിയും മൂന്നുവട്ടം തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന പനീർസെൽവം, എഐഎഡിഎംകെയിൽ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് സ്റ്റാലിന്റെ പാളയത്തിലെത്തിയത്.

എഐഎഡിഎംകെ-ബിജെപി സഖ്യത്തിന് 30-33 ശതമാനം വോട്ട് വിഹിതമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ആഭ്യന്തരകലഹവും മുൻനിര നേതാക്കളുടെ കൊഴിഞ്ഞുപോക്കും എഐഎഡിഎംകെയ്ക്ക് ക്ഷീണമുണ്ടാക്കിയെങ്കിലും അമ്മയുടെ പാർട്ടിയോട് തമിഴ്മക്കൾക്കുള്ള വൈകാരിക അടുപ്പം തുണയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പടിഞ്ഞാറൻ തമിഴ്നാട്, വടക്കൻ തമിഴ്നാടിന്റെ ചില ഭാഗങ്ങൾ, കൊങ്ങുനാട് തുടങ്ങിയിടങ്ങളിൽ പാർട്ടി ഇപ്പോഴും ശക്തമാണ്. എന്നാൽ കരുണാനിധിക്കൊത്ത എതിരാളി ആയിരുന്ന ജയലളിതയെ പോലൊരു നേതാവ് എന്ന് എഐഎഡിഎംകെയ്ക്കില്ല. അതാണ് അവരുടെ പോരായ്മയും. ജയലളിതയുടെ മരണം ആ പാർട്ടിയെ അനാഥമാക്കിക്കളഞ്ഞെന്ന് പറയാം. പിൽക്കാലത്ത് ഒപ്പംചേർന്ന ബിജെപിക്കും തമിഴ്നാടിന്റെ രാഷ്ട്രീയഭൂമികയിലേക്ക് ആഴത്തിൽ വേരിറക്കാനായിട്ടില്ല. എന്നാൽ നില മെച്ചപ്പെടുത്താനുള്ള അശ്രാന്തപരിശ്രമത്തിലാണ് ബിജെപി. 

താരത്തിളക്കം വോട്ടാക്കാൻ വിജയ്‌

സ്വന്തം പാർട്ടി രൂപവത്കരിച്ച് രാഷ്ട്രീയത്തിൽ പയറ്റാനൊരുങ്ങുകയാണ് സൂപ്പർ താരം വിജയ്. തമിഴക വെട്രി കഴകം (ടിവികെ) എന്നാണ് പാർട്ടിയുടെ പേര്. ഭരണകക്ഷിയായ ഡിഎംകെയ്ക്കെതിരേ അതിരൂക്ഷവിമർശനമാണ് പൊതുയോഗങ്ങളിലെല്ലാം വിജയ് ഉയർത്തുന്നത്. തമിഴകരാഷ്ട്രീയം താരങ്ങൾക്ക് വളക്കൂറുള്ളിടമാണ്. എംജിആറും ജയലളിതയും തുടങ്ങി വിജയകാന്ത്, ഖുശ്ബു, കമൽഹാസൻ അങ്ങനെ രാഷ്ട്രീയത്തിലിറങ്ങി തിളങ്ങിയ നിരവധി അഭിനേതാക്കളുണ്ട് തമിഴകത്ത്. പട്ടികയിലെ നിലവിലെ അവസാനപേരുകാരനാണ് വിജയ്.

അഭിനയത്തോട് വിടപറഞ്ഞ് മുഴുവൻസമയ രാഷ്ട്രീയക്കാരനാകുന്നെന്ന് വിജയ് പ്രഖ്യാപിച്ച് കഴിഞ്ഞു. അധികാരത്തിലെത്തുമെന്ന് ഉറപ്പിക്കുംവിധത്തിലാണ് പൊതുവേദിയിലെ അദ്ദേഹത്തിന്റെ വാക്കുകൾ. സ്‌ക്രീനിലെ സൂപ്പർ നായകനും അദ്ദേഹത്തിന്റെ പാർട്ടിക്കും രാഷ്ട്രീയത്തിൽ എങ്ങനെ പെർഫോം ചെയ്യാനാകുമെന്ന് ഈ തിരഞ്ഞെടുപ്പ് വിലയിരുത്തും. 12-13 ശതമാനം വോട്ടുകൾ നേടാൻ ടിവികെയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് പല സർവേകളും സൂചിപ്പിക്കുന്നത്. വിജയ് എന്ന നടന് യുവാക്കളിൽനിന്നും മറ്റും ലഭിക്കുന്ന പിന്തുണ, താരമെന്ന നിലയ്ക്ക് ലഭിക്കുന്ന സ്വീകാര്യത തുടങ്ങിയവയാണ് ഈ വോട്ട് വിഹിതത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതേസമയം, കരൂരിൽ പാർട്ടി പരിപാടിക്കിടെ തിക്കുംതിരക്കുമുണ്ടായതിനെ തുടർന്ന് 41 പേർ കൊല്ലപ്പെട്ടതും നൂറിലേറെ പേർക്ക് പരിക്കേറ്റതും വിവാഹമോചനവുമായി ബന്ധപ്പെട്ട വിവാദവും വിജയ്ക്കും ടിവികെയ്ക്കും തിരിച്ചടിയാകുമോയെന്നും അറിയേണ്ടതുണ്ട്.

234 മണ്ഡലങ്ങളിലും പാർട്ടി മത്സരിക്കുമെന്ന് ടിവികെ ഉന്നതതല സമിതി ചീഫ് കോ-ഓർഡിനേറ്റർ കെ.എ. സെങ്കോട്ടയ്യൻ അറിയിയിച്ചിട്ടുണ്ട്. എഐഎഡിഎംകെയുടെ ശക്തനായ നേതാവായിരുന്ന സെങ്കോട്ടയ്യൻ മാസങ്ങൾക്ക് മുൻപാണ് ടിവികെയിലെത്തിയത്.

പുതിയ പാർട്ടിയുമായെത്തുന്ന ‘അമ്മയുടെ തോഴി’

ജയലളിതയുടെ തോഴി എന്നറിയപ്പെട്ടിരുന്ന ശശികല, പുതിയ പാർട്ടി പ്രഖ്യാപിച്ചത് ഇക്കഴിഞ്ഞ ദിവസമാണ്. ഓൾ ഇന്ത്യ പുരട്ചി തലൈവർ മക്കൾ മുന്നേറ്റ കഴകം എന്നാണ് പാർട്ടിയുടെ പേര്. അധികാരത്തർക്കത്തിന് പിന്നാലെ എഐഡിഎംകെയിൽനിന്ന് പുറത്തായ ശശികല, സ്വന്തം നിലയ്ക്ക് രൂപവത്കരിക്കുന്ന പാർട്ടിക്ക് എത്ര കണ്ട് വോട്ട് സമാഹരിക്കാനാകുമെന്ന് കണ്ടറിയണം. ജയലളിത എന്ന മൂലധനത്തിൽ ഊന്നിത്തന്നെയാകും ശശികലയുടെയും പാർട്ടിയുടെയും മുന്നോട്ടുള്ള പോക്ക്.

പ്രചാരണക്കൊഴുപ്പും വാഗ്ദാനപ്പെരുമഴയും ഒട്ടും പുതുതല്ല തമിഴ്നാടിന്. എന്നാൽ എന്താണ് ആ നാടിന്റെ മനസ്സിലെന്തെന്ന് അറിയാൻ മേയ് നാലാം തീയതി വരെ കാത്തിരിക്കണം. 

Content Highlights: DMK seeks to retain power led by MK Stalin., AIADMK faces internal challenges and leadership crisis post-Jayalalithaa., Superstar Vijay enters politics with his new party, Tamizhaga Vettri Kazhagam (TVK)., Election dynamics shift with new parties and shifting vote banks.