മഹാരാഷ്ട്ര എന്നോടിത് ചെയ്തുവെന്ന് വിശ്വസിക്കാനാവുന്നില്ല- തിരിച്ചടിയില്‍ പ്രതികരിച്ച് ഉദ്ധവ് താക്കറെ

മുംബൈ: നിയമസഭ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലേറ്റ തിരിച്ചടിയില്‍ പ്രതികരിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വോട്ട് സുനാമിയുണ്ടാക്കാന്‍ മഹായുതി സഖ്യം എന്താണ് ചെയ്തതെന്ന് അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര ഇത് എന്നോട് ചെയ്തുവെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. എങ്കിലും തിരഞ്ഞെടുപ്പില്‍ ശിവസേനയെ പിന്തുണച്ച ജനങ്ങള്‍ക്ക് നന്ദി, മഹാരാഷ്ട്രയില്‍ എന്‍ഡിഎ തരംഗമല്ല, വോട്ടിന്റെ സുനാമി ഉണ്ടായതായാണ് മനസ്സിലാവുന്നത്. എന്നാല്‍ ഇത്തരമൊരു ജനവിധിയുണ്ടാവാന്‍ അവര്‍ എന്താണ് ചെയ്തതെന്ന് എനിക്ക് മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് മഹാവികാസ് അഘാഡി സഖ്യം വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. വെറും നാല് മാസം മാത്രമേ പിന്നിട്ടുള്ളൂ, എങ്ങനെയാണ് കാര്യങ്ങള്‍ ഇത്രയും മാറിമറിഞ്ഞത് എന്ന് അദ്ദേഹം ചോദിച്ചു. കാര്‍ഷിക പ്രശ്നങ്ങളും തൊഴിലില്ലായ്മയും വലിയ പ്രതിസന്ധിയായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇങ്ങനെയൊരു വോട്ട് സുനാമി ഉണ്ടാക്കാന്‍ ഈ പ്രശ്നങ്ങളെ എന്‍ഡിഎ പരിഗണിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണെന്നും താക്കറെ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നയിക്കുന്ന മഹായുതി സഖ്യം വമ്പന്‍ വിജയമാണ് നേടിയത്. 288ല്‍ 234 സീറ്റുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ വിജയിച്ചു. 48 സീറ്റുകളില്‍ മാത്രമാണ് ഇന്ത്യ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞത്. മഹാവികാസ് അഘാഡിയുടെ ഭാഗമായ ഉദ്ധവ് താക്കറെ വിഭാഗം ശിവസേന സ്ഥാനാര്‍ഥികള്‍ 20 സീറ്റില്‍ മാത്രമാണ് വിജയിച്ചത്.
Content Highlights: Uddhav Thackeray on nda huge victory in Maharashtra