ഒരുമിച്ച് നിന്ന് 'സേഫായി', തോൽവിയിൽനിന്ന് ഉയിർത്തെഴുന്നേറ്റ വിജയം; മഹാരാഷ്ട്രയിൽ മഹായുതി 'സുനാമി'

ദേവേന്ദ്ര ഫഡ്‌നവിസും ഏക്‌നാഥ് ഷിന്ദേയും അജിത് പവാറും മോദിക്കൊപ്പം | Photo: ANI
ദേവേന്ദ്ര ഫഡ്‌നവിസും ഏക്‌നാഥ് ഷിന്ദേയും അജിത് പവാറും മോദിക്കൊപ്പം | Photo: ANI

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തില്‍ നിന്നുള്‍ക്കൊണ്ട പാഠങ്ങളാണ് മഹായുതിയെ മഹാരാഷ്ട്രയില്‍ വീണ്ടും അധികാരത്തിലെത്തിച്ചത്. ജനങ്ങള്‍ക്ക് സര്‍ക്കാരിനോടുണ്ടായിരുന്ന എതിര്‍പ്പുകള്‍ മറികടക്കാന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള തെറ്റ് തിരുത്തല്‍ നടപടികളിലൂടെ മഹായുതിക്ക് സാധിച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ജനങ്ങൾക്ക് നേരിട്ട് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചായിരുന്നു സാധാരണക്കാരെ കൈയിലെടുത്തത്. ലഡ്കി ബഹൻ യോജനയാണ് ഇതില്‍ പ്രധാനം. വീണ്ടും അധികാരത്തിലെത്തിയാല്‍ 2,100 രൂപയായി ഇത് ഉയര്‍ത്തുമെന്നും അവര്‍ വാഗ്ദാനം നല്‍കി. ലഡ്ക ബാഹു യോജന, 44 ലക്ഷം കര്‍ഷകര്‍ക്ക് വൈദ്യുതി സൗജന്യമാക്കിയതെല്ലാം മഹായുതിയെ സഹായിച്ചു.

മുംബൈ തീരദേശപാതയും മുബൈ മെട്രോയുടെ വിപുലീകരണവും അടക്കം നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ ചൂണ്ടിയും മഹായുതി വോട്ടുചോദിച്ചു. ഇതിനെല്ലാം പുറമെയായിരുന്നു ആര്‍.എസ്.എസ്. നേരിട്ടിറങ്ങിയുള്ള പ്രചാരണം. ഭൂരിപക്ഷവോട്ടുകള്‍ ഭിന്നിച്ചുപോവാതിരിക്കാനുള്ള നീക്കങ്ങളെല്ലാം അവര്‍ നടത്തി. വീടുകള്‍ കയറി പ്രചാരണം നടത്തിയ ആര്‍.എസ്.എസ് വോട്ട് എങ്ങനെ ചെയ്യണമെന്ന സന്ദേശം വോട്ടര്‍മാര്‍ക്ക് നല്‍കി. വോട്ടുവിഭജിക്കാതിരിക്കാനുള്ള ആഹ്വാനങ്ങള്‍ അവസാനഘട്ടത്തോട് അടുത്തപ്പോള്‍ ദേശീയ നേതാക്കള്‍ നേരിട്ട് ഉച്ചത്തില്‍ തന്നെ നടത്തി. വിഭജിക്കപ്പെട്ടാല്‍ തകരുമെന്നും ഒന്നിച്ചുനിന്നാല്‍ സുരക്ഷിതമാണെന്നും മോദിയും യോഗിയും അടക്കമുള്ള നേതാക്കള്‍ മഹാരാഷ്ട്രയിലെ ജനങ്ങളെ 'ഓര്‍മിപ്പിച്ചു'.

60,000-ത്തിലേറെ ചെറുയോഗങ്ങളാണ് ആര്‍.എസ്.എസ്. ഈ തിരഞ്ഞെടുപ്പ് കാലത്ത് നടത്തിയത്. ബി.ജെ.പി. വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നുവെന്ന് അവര്‍ ഉറപ്പുവരുത്തി. പോളിങ്ങിലെ അഞ്ചുശതമാനം വര്‍ധന ഇതേത്തുടര്‍ന്നാണെന്നാണ് പറയപ്പെടുന്നത്.

ആധികാരിക മുന്നേറ്റം

എല്ലാ മേഖലകളിലും വ്യക്തമായ മേല്‍ക്കൈയ്യോടെ ആധികാരികമാണ് മഹായുതിയുടെ വിജയം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലും കര്‍ഷക പ്രശ്‌നങ്ങള്‍ സജീവചര്‍ച്ചയായ മഹാരാഷ്ട്രയിലും 50 ശതമാനത്തിലേറെ വോട്ടാണ് മഹായുതി നേടിയത്. ശിവസേനയ്ക്കും ബി.ജെപിക്കും ഒരുപോലെ സ്വാധീനമുള്ള കൊങ്കണ്‍ മേഖലയിലും മഹായുതി പകുതിയിലേറെ വോട്ടുവിഹിതം നേടി. 75 സീറ്റുകളുള്ള കൊങ്കണ്‍ മേഖലയില്‍ 27 ഇടത്ത് ശിവസേനകള്‍ തമ്മിലായിരുന്നു നേരിട്ട് മത്സരം. 17 ഇടത്ത് ഉദ്ധവ് ശിവസേനയും ബി.ജെ.പിയും ഏറ്റുമുട്ടി. 14 ഇടത് ദേശീയ പാര്‍ട്ടികളായ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലായിരുന്നു മത്സരം. അഞ്ചിടത്ത് വീതം ബി.ജെ.പിയും പവാറിന്റെ എന്‍.സി.പിയും, എന്‍.സി.പികള്‍ പരസ്പരവും മത്സരിച്ചു. 58 സീറ്റുള്ള പടിഞ്ഞാറന്‍ മഹാരാഷ്ട്രയില്‍ 20 ഇടത്ത് ശരദ് പവാറും അനന്തരവന്‍ അജിത് പവാറും തമ്മിലായിരുന്നു മത്സരം. പിന്നാക്ക വിഭാഗങ്ങളും പട്ടികജാതിവര്‍ഘക്കാരും നിര്‍ണായകമായ മേഖലയാണ് വടക്കന്‍ മഹാരാഷ്ട്ര. ഇവിടെയും മുന്നേറ്റം നടത്താന്‍ ബി.ജെ.പിക്കായി.

പിളര്‍ന്നവരുടെ പോരാട്ടം

രണ്ടു മുന്നണികളിലായിനിന്നിരുന്ന ആറുപാര്‍ട്ടികള്‍ തമ്മിലായിരുന്നു മഹാരാഷ്ട്രയിലെ മത്സരം. ഇതില്‍ രണ്ടുഭാഗത്തുമായി ഒരേ പ്രത്യയശാസ്ത്ര പാരമ്പര്യം പേറുന്ന നാലു പാര്‍ട്ടികള്‍. 2019-ലെ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ നാടകീയ സംഭവഭങ്ങളെത്തുടര്‍ന്നാണ് ശിവസേനയും എന്‍.സി.പിയും പിളര്‍ന്ന് നാലായി മാറിയത്. തിരഞ്ഞെടുപ്പിനെ ഒന്നിച്ചുനേരിട്ട ബി.ജെ.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനം പങ്കിടുന്നതിനെച്ചൊല്ലി പിരിഞ്ഞു. എന്‍.സി.പിയും ശിവസേനയും കോണ്‍ഗ്രസും ഒന്നിച്ചതോടെ സ്ഥിരതയുള്ള സര്‍ക്കാരുണ്ടായി. എന്നാല്‍, അതിനേയും പൊളിച്ച് ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തി. ആദ്യം ഏക്‌നാഥ് ഷിന്ദേയുടെ നേതൃത്വത്തില്‍ ശിവസേനയേയും പിന്നീട് അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍.സി.പിയേയും പിളര്‍ത്തി.

അഞ്ചുവര്‍ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാരാണ് മഹാരാഷ്ട്രയ്ക്ക് ഉണ്ടായിരുന്നത്. പിളര്‍ത്തിയവര്‍ക്കെതിരെ ഉയര്‍ത്തിയ വികാരം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേട്ടമായെങ്കിലും അത് നിയമസഭാ തിരഞ്ഞെടുപ്പിലും നിലനിര്‍ത്തുന്നതില്‍ ഉദ്ധവും ശരദ് പവാറും പരാജയപ്പെട്ടു. ഇരുവരുടേയും രാഷ്ട്രീയ അസ്തിത്വം തന്നെ ചോദ്യംചെയ്യപ്പെടുന്ന സാഹചര്യമാണ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഉണ്ടാക്കിയിരിക്കുന്നത്.

സഖ്യത്തിലെ ഐക്യക്കുറവ്‌

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആത്മവിശ്വാസത്തില്‍ മഹാവികാസ് അഘാഡി ലാഘവത്തോടെയാണ് തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. ഇത് സീറ്റുവിഭജന ചര്‍ച്ചകള്‍ നീണ്ടുപോകാന്‍ കാരണമായി. വിജയസാധ്യതയുണ്ടെന്ന്  കല്പിക്കപ്പെട്ട സീറ്റുകള്‍ക്കുവേണ്ടി അവര്‍ തമ്മിലടിച്ചു. ഭരണത്തിലെത്തുമെന്ന അമിതാത്മവിശ്വാസത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിപ്പോലും പാര്‍ട്ടികള്‍ക്കിടയില്‍ അഭിപ്രായഭിന്നതയുണ്ടായി. നേതാക്കള്‍ ആദ്യം തങ്ങളുടെ പാര്‍ട്ടികള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെടും. പിന്നാലെയെത്തുന്ന മുതിര്‍ന്ന നേതാക്കള്‍ വാദത്തെ തള്ളുകയും തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് പറഞ്ഞ് തണുപ്പിക്കുകയും ചെയ്യും. ഇതും ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കിയെന്ന് വേണം കരുതാന്‍.

ഐക്യത്തോടെ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയാതെ പോയതായിരുന്നു അഘാഡിയുടെ പരാജയത്തിന്റെ മറ്റൊരു കാരണം. കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്ന മുദ്രാവാക്യങ്ങള്‍ ഏറ്റെടുക്കാന്‍ പവാറിന്റെ എന്‍.സി.പി. തയ്യാറായില്ല. കോണ്‍ഗ്രസും ഉദ്ധവ് ശിവസേനയും ഒന്നിച്ച് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ കൃത്യമായി ജനങ്ങള്‍ക്കിടയില്‍ എത്തിക്കാനും സാധിച്ചില്ല. പലപ്പോഴും സ്വന്തം നേതാക്കള്‍ പോലും പാര്‍ട്ടികളുടെ പ്രചാരണം ഏറ്റെടുത്തില്ല.

ധാരാവി പുനര്‍വികസനപദ്ധതി ചൂണ്ടിക്കാട്ടി അദാനി നല്‍കുന്ന വഴിവിട്ട സഹായങ്ങള്‍ ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു. എന്നാല്‍ ഇത് പവാറോ അദ്ദേഹത്തിന്റെ പാര്‍ട്ടിയോ ഏറ്റെടുത്തില്ല. മഹാരാഷ്ട്രയില്‍ നടപ്പാക്കേണ്ടിയിരുന്ന വലിയ പദ്ധതികള്‍ ഗുജറാത്തിലേക്ക് പോയത് ചൂണ്ടിക്കാട്ടി ശിവസേന മറാത്താ വികാരം ഉയര്‍ത്തിവിടാന്‍ ശ്രമിച്ചു. പവാറും ഇതിനെ അനുകൂലിച്ചെങ്കിലും കാര്യമായ ചര്‍ച്ചയാക്കാന്‍ സാധിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജാതി സെന്‍സസ് അടക്കമുള്ള പ്രചാരണങ്ങള്‍ നിയമസഭയില്‍ കാര്യമായ ഓളമുണ്ടാക്കിയില്ല. ഭരണഘടനാസംരക്ഷണമെന്ന തുറപ്പുചീട്ടും രക്ഷയായില്ല.

മുന്നില്‍ ഇനിയെന്ത്?

മഹാരാഷ്ട്രയില്‍ രാഷ്ട്രീയത്തില്‍ എന്നും സ്വാധീനശക്തികളായ രണ്ടു നേതാക്കളുടേയും അവരുടെ കുടുംബങ്ങളുടേയും ശക്തി ക്ഷയിക്കുന്നതും ഈ തിരഞ്ഞെടുപ്പോടെ കണ്ടു. 86 മണ്ഡലങ്ങളില്‍ മത്സരിച്ച ശരദ് പവാറിന്റെ എന്‍.സി.പി. രണ്ടക്കം കടന്നത് കഷ്ടിച്ചാണ്. കോണ്‍ഗ്രസിനോട് സീറ്റുകള്‍ പിടിച്ചുവാങ്ങിയ ശിവസേന 95 ഇടത്ത് മത്സരിച്ചു. 20 മണ്ഡലത്തില്‍ മാത്രമാണ് വിജയമുറപ്പിച്ചത്. 101 ഇടത്ത് മത്സരിച്ച കോണ്‍ഗ്രസും ചിത്രത്തില്‍ നേര്‍വരകള്‍ മാത്രമായി.

പിളര്‍ന്ന പാര്‍ട്ടികളില്‍ ജനങ്ങളുടെ അംഗീകാരമാര്‍ക്ക് എന്നുകൂടി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ശിവസേന പിളര്‍ന്നപ്പോള്‍ ഔദ്യോഗിക പേരും ചിഹ്നവും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിച്ചത് ഷിന്ദേ വിഭാഗത്തിനായിരുന്നു. സോണിയയോട് കലഹിച്ച് താനുണ്ടാക്കിയ പാര്‍ട്ടിയുടെ പേരും ചിഹ്നവും അനന്തരവനും കൂടെപ്പോയവരും കൊണ്ടുപോവുന്നത് നിസ്സഹായതയോടെ ശരദ് പവാര്‍ നോക്കി നിന്നു. എങ്കിലും തങ്ങളാണ് യഥാര്‍ഥ ശിവസേനയും എന്‍.സി.പിയും എന്നായിരുന്നു താക്കറേയുടേയും പവാറിന്റേയും അവകാശവാദം. ഒരു കണക്കിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ അത് വകവെച്ചു നല്‍കുകയും ചെയ്തു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇതേ വാദത്തിനൊപ്പം ജനങ്ങള്‍ നിന്നില്ല.

ഇരുവര്‍ക്കും മുന്നില്‍ ഇനിയെന്ത് എന്ന ചോദ്യമാണ് ബാക്കി. ഇപ്പോഴുള്ള നിലയില്‍ അഞ്ചുവര്‍ഷം കൂടി തുടരണോ അതോ മറ്റ് സാധ്യതകള്‍ തേടണോ എന്നാണാ ചോദ്യം. അധികാരമില്ലാതെ ഒപ്പമുള്ളവരെ എങ്ങനെ ചേര്‍ത്ത് നിര്‍ത്തുമെന്നതും ആശങ്കയാണ്. രാഷ്ട്രീയ റിട്ടയര്‍മെന്റിന്റെ സൂചന തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പവാര്‍ നല്‍കിയിരുന്നു. വോട്ടു നേടാനുള്ള വൈകാരികതയ്ക്കപ്പുറം ആത്മാര്‍ഥമായ പ്രഖ്യാപനമായിരുന്നോ അതെന്ന് തെളിയിക്കേണ്ടത് കാലമാണ്.

നാച്ച്വറലി കറപ്റ്റ് പാര്‍ട്ടി എന്നായിരുന്നു ബി.ജെ.പി. എന്‍.സി.പിയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍, അധികാരം ഉറപ്പിക്കാന്‍ അവരെ പിളര്‍ത്തി അജിത് പവാറിനെ ഒപ്പം നിര്‍ത്തി. അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം സൗകര്യപൂര്‍വം വിഴുങ്ങി. ബാന്ധവം അംഗീകരിക്കാന്‍ ആര്‍.എസ്.എസ്. തയ്യാറായിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന് അജിത്തുമായുള്ള സഖ്യത്തെ ആര്‍.എസ്.എസ്. പഴിപറഞ്ഞു. എന്നിട്ടും കൈവിടാന്‍ ബി.ജെ.പി. തയ്യാറായിരുന്നില്ല. തിരിച്ചടിക്ക് പിന്നാലെ കൈവിടുന്നത് ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാക്കും എന്നായിരുന്നു അവകാശവാദം.

ഇപ്പോള്‍ പുറത്തുവന്ന ഫലം പ്രകാരം ഒറ്റയ്ക്ക് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. ഷിന്ദേയുടേയും അജിത് പവാറിന്റേയും സഹായമില്ലാതെ സര്‍ക്കാര്‍ സാധ്യമല്ല. ഷിന്ദേ ടിക്കറ്റില്‍ വിജയിച്ചവരില്‍ അരഡസനിലേറപ്പേരെ സംഭാവന ചെയ്തത് ബി.ജെ.പിയാണ്. ശിവസേനയുടേയും എന്‍.സി.പിയുടേയും ചിഹ്നത്തില്‍ 16-ഓളം ബി.ജെ.പി. നേതാക്കള്‍ ജനവിധി തേടിയിരുന്നു. എന്തെങ്കിലും അപ്രതീക്ഷിത നീക്കം നടന്നാലും സമ്മര്‍ദതന്ത്രത്തിലൂടെ പാര്‍ട്ടികളെ ഒപ്പം നിര്‍ത്താനുള്ള വലിയ രാഷ്ട്രീയ പദ്ധതിയുടെ ഭാഗമായിരുന്നു ഈ നീക്കം. പ്രതിപക്ഷം വളരെ ദുര്‍ബലരായിരിക്കുന്ന സാഹചര്യത്തില്‍ ഒരു അട്ടിമറി ഇനി ബി.ജെ.പി. കണക്കുകൂട്ടുന്നുണ്ടാവില്ല. അതേസമയം, ഫലത്തില്‍ നിരാശരായിരിക്കുന്ന മറുപകുതികളെക്കൂടെ തങ്ങള്‍ക്കൊപ്പം എത്തിക്കാന്‍ ബി.ജെ.പി.യോ എന്‍.സി.പിയോ ശിവസേനയോ ശ്രമിക്കുമോ എന്നതാണ് ബാക്കി നില്‍ക്കുന്ന ആകാംക്ഷ.

Content Highlights: How Mahayuti won Maharashtra, What happened to Maha Vikas Aghadi