ഷിന്ദേയ്ക്ക് പനിയും തൊണ്ടവേദനയും; ഇനിയും മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കാതെ ബി.ജെ.പി.

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തെത്തി ഒരാഴ്ച കഴിഞ്ഞിട്ടും മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന് പ്രഖ്യാപിക്കാതെ മഹായുതി. ബി.ജെ.പിയില്‍നിന്നാകും മുഖ്യമന്ത്രിയെന്നും സഖ്യകക്ഷികളായ എന്‍.സി.പിക്കും ശിവസേനയ്ക്കും ഉപമുഖ്യമന്ത്രിസ്ഥാനങ്ങള്‍ ലഭിക്കുമെന്നും ശനിയാഴ്ച വൈകിട്ട് എന്‍.സി.പി. അധ്യക്ഷന്‍ അജിത് പവാര്‍ പറഞ്ഞിരുന്നു.
വ്യാഴാഴ്ചയാണ് മഹായുതി നേതാക്കളായ ദേവേന്ദ്ര ഫഡ്‌നവിസും അജിത് പവാറും ശിവസേനയുടെ ഏക്‌നാഥ് ഷിന്ദേയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിയത്. ഈ യോഗത്തില്‍ കൈക്കൊണ്ട തീരുമാനമാണെന്ന്
അവകാശപ്പെട്ടാണ് ഇക്കാര്യങ്ങള്‍ അജിത് ശനിയാഴ്ച പറഞ്ഞത്. എന്നാല്‍, അടുത്ത മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കല്‍ വൈകുന്നതിനിടെ എല്ലാ കണ്ണുകളും നിലവിലെ കാവല്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേയ്ക്കു മേലെയാണ്.
ഡല്‍ഹിയിലെ യോഗത്തിന് പിന്നാലെ ഏക്‌നാഥ് ഷിന്ദേ സാതാര ജില്ലയിലെ തന്റെ ജന്മഗ്രാമത്തിലേക്ക് പോയിരുന്നു. ചര്‍ച്ചയിലെ അസംതൃപ്തിയാണ് അദ്ദേഹത്തിന്റെ യാത്രയ്ക്ക് പിന്നിലെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു. എന്നാല്‍, കഴിഞ്ഞ രണ്ടുദിവസമായി ഷിന്ദേയ്ക്ക് പനിയും തൊണ്ടവേദനയുമാണെന്ന് അദ്ദേഹത്തിന്റെ കുടുംബ ഡോക്ടര്‍ ആര്‍.എം. പാത്രെയെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ടുവരികയാണെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. മൂന്ന്-നാല് ഡോക്ടര്‍മാരുടെ സംഘമാണ് ഷിന്ദേയ്ക്ക് ചികിത്സ നല്‍കുന്നതെന്നും ഡോ. പാത്ര പറഞ്ഞു.
288 അംഗ സഭയില്‍ 145 സീറ്റാണ് സര്‍ക്കാര്‍ രൂപവത്കരണത്തിന് വേണ്ടത്. മഹായുതിയില്‍ 132 സീറ്റ് ബി.ജെ.പി.യും 57 സീറ്റ് ശിവസേനയും 41 സീറ്റ് എന്‍.സി.പി.യും നേടിയിട്ടുണ്ട്. അജിത് പവാറിനെ ഒപ്പം ചേര്‍ത്ത് ബി.ജെ.പിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ സാധിക്കും. എന്നാല്‍ അധികാരസംതുലനത്തിന് ആവശ്യമായതിനാല്‍ ഷിന്ദേയെ ബി.ജെ.പിക്ക് ഒഴിവാക്കാനാകില്ല. ഇക്കാര്യം അറിയാവുന്ന ഷിന്ദേ സമ്മര്‍ദതന്ത്രം പ്രയോഗിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: maharashtra government formation bjp yet to announce name of chief minister