കലങ്ങിമറിഞ്ഞ് 'മഹാരാഷ്ട്രീ'യം; പത്രികസമര്‍പ്പണം അവസാനിച്ചിട്ടും തര്‍ക്കം തീര്‍ന്നില്ല, വിമതരുടെ പട

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമർപ്പണം ചൊവ്വാഴ്ചയോടെ പൂർത്തിയായെങ്കിലും ഇരുമുന്നണികളിലും സ്ഥാനാർഥിത്വത്തെച്ചൊല്ലിയുള്ള തർക്കം ബാക്കി. ബി.ജെ.പി നേതൃത്വത്തിലുള്ള മഹായുതിയിലും കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാവികാസ് അഘാഡിയിലും ഒട്ടേറേപ്പേർ വിമതരായി രംഗത്തുവന്നു.
പത്രിക പിൻവലിക്കാനുള്ള അവസാനതീയതി നവംബർ നാലാണ്. അതിനുള്ളിൽ വിമതരെ അനുനയിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നണികൾ. ഇത്രയും വൈകി സീറ്റ് വിഭജനം നടന്നിട്ടുള്ള ഒരു തിരഞ്ഞെടുപ്പ് ഇതിനുമുൻപുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസമാണ് സഖ്യങ്ങൾ അവസാനപട്ടിക പുറത്തിറക്കിയത്. മഹാവികാസ് അഘാഡിയിൽ കോൺഗ്രസ് 102 സീറ്റിലും ഉദ്ധവ് വിഭാഗം ശിവസേന 90 സീറ്റിലും ശരദ് പവാർ വിഭാഗം എൻ.സി.പി. 86 സീറ്റിലും മത്സരിക്കുന്നു. ബാക്കിയുള്ള സീറ്റുകൾ ഇന്ത്യസഖ്യത്തിലെ കക്ഷികൾക്ക് വിട്ടുകൊടുത്തു. മഹായുതിയിൽ ബി.ജെ.പി. 148, ഷിന്ദേവിഭാഗം ശിവസേന 80, അജിത് പവാർ വിഭാഗം എൻ.സി.പി. 53 എന്നിങ്ങനെയാണ് സീറ്റ് വിഭജനം. ബി.ജെ.പി. ഏഴുസീറ്റുകൾ ചെറിയ കക്ഷികൾക്ക് നൽകി.
ജാതി സമാവാക്യങ്ങളും പ്രദേശികപരിഗണനകളും മുൻനിർത്തിയാണ് സഖ്യങ്ങൾ സ്ഥാനാർഥികളെ നിർത്തിയതെങ്കിലും പലവിഭാഗങ്ങളും അതൃപ്തി പ്രകടമാക്കി. കോൺഗ്രസ് ഇത്തവണ മുംബൈയിൽ ക്രിസ്ത്യൻ സമുദായത്തെ പരിഗണിക്കാത്തതിൽ സമുദായനേതാക്കൾക്ക് അതൃപ്തിയുണ്ട്. എം.പി.സി.സി. ജനറൽസെക്രട്ടറി ജോജോ തോമസ്, ജാനറ്റ് ഡിസൂസ എന്നിവരെ സജീവമായി പരിഗണിച്ചെങ്കിലും അവസാനനിമിഷം പട്ടികയിൽ ഇടംപിടിച്ചില്ല. കഴിഞ്ഞതവണ മുൻ നഗരസഭാംഗം ജോർജ് എബ്രഹാം കലീനയിൽ മത്സരിച്ചിരുന്നു. ആനി ശേഖർ, സി.ഡി. ഉമ്മച്ചൻ എന്നിവർ ദീർഘകാലം എം.എൽ.എ.മാരായിരുന്നിട്ടുണ്ട്.
മൂന്നുവീതം കക്ഷികളുമായി രണ്ട് പ്രബലമുന്നണികൾ രൂപപ്പെട്ടതോടെയാണ് ഇത്തവണ തർക്കം രൂക്ഷമായത്. 2019-ൽ ബി.ജെ.പി. 152 സീറ്റിലും ശിവസേന 124 സീറ്റിലും മത്സരിച്ചിരുന്നു. കോൺഗ്രസും എൻ.സി.പി.യും 125 വീതം സീറ്റിലും. ബാക്കിയുള്ള 38 സീറ്റ് യു.പി.എ. സഖ്യത്തിലെ ഘടകകക്ഷികൾക്കും വിട്ടുകൊടുത്തിരുന്നു. 288 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.
മഹാവികാസ് അഘാഡി
കോൺഗ്രസ്- 102
ഉദ്ധവ് വിഭാഗം ശിവസേന -90
ശരദ് പവാർ വിഭാഗം എൻ.സി.പി.- 86
മഹായുതി
ബി.ജെ.പി. -148,
ഷിന്ദേവിഭാഗം ശിവസേന- 80,
അജിത് പവാർ വിഭാഗം എൻ.സി.പി.- 53
സദാ സര്‍വങ്കര്‍ പിന്മാറുന്നില്ല; അമിതിന്റെ വിജയസാധ്യതയ്ക്ക് മങ്ങല്‍
മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്.) സ്ഥാനാർഥിയും പാർട്ടി അധ്യക്ഷൻ രാജ് താക്കറെയുടെ മകനുമായ അമിത് താക്കറെക്ക് പിന്തുണ പ്രകടിപ്പിച്ചാണ് സർവങ്കറിനെ പിൻവലിക്കാൻ ശിവസേന(ഷിന്ദേ) തീരുമാനിച്ചത്. മത്സരത്തിൽനിന്ന് പിന്മാറാനുള്ള ശിവസേനയുടെ നിർദേശങ്ങൾ അവഗണിച്ച് ചൊവ്വാഴ്ച മാഹിം സീറ്റിലേക്ക് സർവങ്കർ നാമനിർദേശപത്രിക സമർപ്പിച്ചു. ഇതോടെ രാജ് താക്കറെയുടെ മകൻ അമിതിന്റെ വിജയസാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്.
ഈ വർഷം ആദ്യം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യസഖ്യത്തെ എം.എൻ.എസ്. നിരുപാധികമായി പിന്തുണച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ താനെയിലെ പച്ച്പഖാഡി മണ്ഡലത്തിൽ ശിവസേന മേധാവിയും മുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിന്ദേയ്ക്കെതിരേ സ്ഥാനാർഥിയെ നിർത്തുന്നതും ഒഴിവാക്കിയിട്ടുണ്ട്. സേനയും മഹായുതി സഖ്യത്തിലെ സഖ്യകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും (ബി.ജെ.പി.) മത്സരത്തിൽനിന്ന് പിന്മാറാൻ സർവങ്കറിന് നിർദേശംനൽകി. എന്നാൽ, മാഹിമിലെ നിലവിലെ എം.എൽ.എ.യും സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സണുമായ സർവങ്കർ മത്സരിക്കുന്നതിൽ ഉറച്ചുനിൽക്കുകയാണ്. താൻ മൂന്നുതവണ കോർപ്പറേറ്ററായിരുന്നു. മൂന്നുതവണ മാഹിമിനെ എം.എൽ.എ.യായി പ്രതിനിധീകരിച്ചു. പിന്മാറ്റമില്ലെന്ന് സർവങ്കർ പ്രതികരിച്ചു. മത്സരരംഗത്തുനിന്ന് പിന്മാറിയതിനുപകരമായി സർവങ്കറിന് എം.എൽ.സി. സ്ഥാനം പാർട്ടി വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഒരു മുതിർന്ന സേനാ നേതാവ് പറഞ്ഞു. സിദ്ധിവിനായക ക്ഷേത്ര ട്രസ്റ്റ് ചെയർപേഴ്സൺ സ്ഥാനത്തേക്കുള്ള അദ്ദേഹത്തിന്റെ കാലാവധി സേന വർധിപ്പിക്കുകയും മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ മകൻ സമാധാനിന് ടിക്കറ്റ് നൽകുകയും ചെയ്യും. തനിക്ക് ഈ പ്രലോഭനങ്ങൾ വാഗ്ദാനംചെയ്തിട്ടില്ലെന്ന് സർവങ്കർ നിഷേധിച്ചു.
ഗോപാൽ ഷെട്ടി സ്വതന്ത്രനായി മത്സരിക്കും
ടിക്കറ്റ് നിഷേധിച്ച ഒട്ടേറെ നേതാക്കൾ സ്വതന്ത്രസ്ഥാനാർഥികളായി മുന്നോട്ടുവന്നിട്ടുണ്ട്.മുംബൈയിൽനിന്നുള്ള ബി.ജെ.പി. നേതാക്കളായ അതുൽ ഷാ, ഗോപാൽ ഷെട്ടി, താനെയിൽനിന്നുള്ള ഹസ്മുഖ് ഗെഹ്ലോട്ട് എന്നിവരാണ് പ്രധാനമുഖങ്ങൾ. ബോറിവ്ലി മണ്ഡലത്തിൽ ശക്തനായ നേതാവും മുൻ ബി.ജെ.പി. എം.പി.യുമായ ഗോപാൽ ഷെട്ടി പാർട്ടി സഞ്ജയ് ഉപാധ്യായയെ സ്ഥാനാർഥിയാക്കിയതിനുശേഷം സ്വതന്ത്രസ്ഥാനാർഥിത്വം പ്രഖ്യാപിച്ചു.
മുംബൈ ബി.ജെ.പി. ജനറൽസെക്രട്ടറിയാണ് ഉപാധ്യായ. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഗോപാൽ ഷെട്ടിയെ മാറ്റിയാണ് പിയൂഷ് ഗോയലിനെ മുംബൈ നോർത്തിൽനിന്ന് മത്സരിപ്പിച്ചത്.ഉപാധ്യായ ബോറിവ്ലിയിലെ താമസക്കാരനല്ല. എന്നെ സ്ഥാനാർഥിയാക്കാത്തതിൽ ബി.ജെ.പി. പ്രവർത്തകർ അസ്വസ്ഥരാണ്. അതിനാൽ അവരുടെ ആവശ്യപ്രകാരം ഞാൻ സ്വതന്ത്രമായി മത്സരിക്കാൻ തീരുമാനിച്ചു.ഞാൻ ബി.ജെ.പി.യെയും ദേവേന്ദ്ര ഫഡ്നവിസിനെയും പിന്തുണയ്ക്കുന്നു. പക്ഷേ, ഉപാധ്യായയെ സ്ഥാനാർഥിയാക്കാനുള്ള പാർട്ടിയുടെ തീരുമാനം ശരിയല്ല. ഞാൻ അതിനെതിരേ മത്സരിക്കുന്നുവെന്ന് ഷെട്ടി പറഞ്ഞു.
മറ്റൊരു ബി.ജെ.പി. നേതാവ് ഹസ്മുഖ് ഗെഹ്ലോട്ട് താനെയിലെ ഒവാല മാജിവാഡ സീറ്റിൽനിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. മുൻ ഡെപ്യൂട്ടി മേയറായായ ഗെഹ്ലോട്ട് ബി.ജെ.പി.യിൽനിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
ഗീതാജെയിൻ സ്വതന്ത്രയായി മത്സരിക്കും
മീരാ ഭയിന്തർ മണ്ഡലത്തിൽ മഹായുതി സ്ഥാനാർഥിയാകാനുള്ള പോരാട്ടത്തിനൊടുവിൽ നരേന്ദ്രമേത്തയ്ക്ക് വിജയം. സിറ്റിങ് എം.എൽ.എ. ഗീതാജെയിൻ വീണ്ടും സ്വതന്ത്രയായി മത്സരിക്കുന്നു. ഏക്നാഥ് ഷിന്ദേ മുഖ്യമന്ത്രിയായതിനുപിന്നാലെ ഗീതാജെയിൻ അദ്ദേഹത്തിന് പിന്തുണപ്രഖ്യാപിച്ചിരുന്നു. ഇത്തവണ പാർട്ടിയുടെ സ്ഥാനാർഥിയായി രംഗത്തിറക്കാൻ ഷിന്ദേ പരിശ്രമിച്ചിരുന്നു. മഹായുതിയുടെ സ്ഥാനാർഥിയാകുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ബി.ജെ.പി. നേതൃത്വം നരേന്ദ്രമേത്തയെ വീണ്ടും പരിഗണിക്കുകയായിരുന്നു. മീരാഭയന്ദറിൽ നരേന്ദ്രമേത്തയും ഗീതാജെയിനും രാഷ്ട്രീയത്തിൽ എതിരാളികളായി നിലകൊള്ളുന്നു. 2019-ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ബി.ജെ.പി. നരേന്ദ്രമേത്തയെ ഇവിടെ മത്സരിപ്പിച്ചിരുന്നു. എന്നാൽ, ഗീതാ ജെയിൻ സ്വതന്ത്രയായി മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. ഗീതാ ജെയിൻ 79,527 വോട്ടുകൾ നേടിയപ്പോൾ നരേന്ദ്ര മേത്ത 63,992 വോട്ടുകൾ നേടി. കോൺഗ്രസ് സ്ഥാനാർഥി സയ്യിദ് ഹുസൈൻ മുസാഫർ 55,899 വോട്ടുകൾ നേടി മൂന്നാമതെത്തി. മുസാഫർഹുസൈൻ വീണ്ടും ഇവിടെ മത്സരിക്കുന്നു.
Content Highlights: Maharashtra Elections-No Clarity In Around 15 Seats As Nominations End