ബിജെപിക്ക് പാരയായി വിമതൻ, ഭരണം പിടിച്ചാൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി?; സകോലി നിലനിർത്താൻ നാനാ പട്ടോളെ

മുംബൈ: മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പട്ടോളെ മത്സരിക്കുന്ന സകോലി മണ്ഡലത്തിൽ ഇത്തവണ ത്രികോണമത്സരമാണ്. ബി.ജെ.പി.യുടെ സ്ഥാനാർഥി അവിനാഷ് ആനന്ദറാവു ബ്രഹ്‌മാങ്കറും ബി.ജെ.പി.യിൽനിന്നുള്ള വിമതൻ ഡോ. സോംദത്ത് കരഞ്ചേക്കറും തമ്മിലുള്ള പോരാട്ടമാണ് ഇവിടെ. നാനാ പട്ടോളെ മഹാരാഷ്ട്രയിൽ കോൺഗ്രസിന്റെ സമുന്നതനേതാവായി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സീറ്റുകൾ കോൺഗ്രസ് നേടിയതോടെ പട്ടോളെ പി.സി.സി. അധ്യക്ഷനെന്നനിലയിൽ കൂടുതൽ കരുത്താർജിച്ചു.
അശോക് ചവാൻ പാർട്ടിവിട്ടുപോയതോടെ പാർട്ടിയിൽ പട്ടോളെയുടെ സ്വാധീനം വർധിച്ചു. മഹാവികാസ് അഘാഡിയിലെ സീറ്റുവിഭജന ചർച്ചകളിൽ ഉദ്ധവ് താക്കറെയോടും ശരദ് പവാറിനോടും പോരാടിനിന്ന് കൂടുതൽ സീറ്റുകൾ പാർട്ടിക്ക് നേടിക്കൊടുക്കാനായതോടെ പാർട്ടിയിൽ അദ്ദേഹത്തിനെതിരേ ഉയർന്ന വിമതസ്വരങ്ങൾ ആറിത്തണുത്തു. കോൺഗ്രസിന് അധികാരത്തിലെത്താൻ സാധ്യതതെളിഞ്ഞാൽ ഒരുപക്ഷേ, മുഖ്യമന്ത്രിസ്ഥാനത്തേക്ക് പട്ടോളെയെ പരിഗണിക്കാനുള്ള സാധ്യത നിരീക്ഷകർ തള്ളുന്നില്ല.
സകോലി മണ്ഡലത്തിൽ പട്ടോളെ കഴിഞ്ഞതവണ 6240 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബി.ജെ.പി.യുടെ ഡോ. പരിണയ് രമേഷ് ഫുകെയെ പരാജയപ്പെടുത്തിയിരുന്നു. അഞ്ചാമത് തവണയാണ് പട്ടോളെ നിയമസഭയിലേക്ക് മത്സരിക്കുന്നത്. ഇത്തവണ സ്ഥിതിഗതികൾ പട്ടോളെക്ക് കുറച്ചുകൂടി അനുകൂലമായിട്ടുണ്ട്. 13 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. അതിൽ ബി.ജെ.പി.യുടെ വിമതനും ഉൾപ്പെടുന്നു. അജിത് പവാർ വിഭാഗത്തിൽനിന്നുള്ള പ്രമുഖ ഒ.ബി.സി. നേതാവായ അവിനാഷ് ബ്രഹ്‌മാങ്കർ സ്ഥാനാർഥിപ്രഖ്യാനത്തിന് തൊട്ടുമുൻപാണ് ബി.ജെ.പി.യിൽ ചേർന്നത്. അജത് പവാർ പക്ഷം അറിഞ്ഞുള്ള നീക്കമായിരുന്നു അത്. ബി.ജെ.പി.യുടെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് ഡോ. സോംദത്ത് വിമതനായി രംഗത്തുവരുകയായിരുന്നു. മുൻ എം.എൽ.എ.യും ബി.ജെ.പി.യുടെ പ്രമുഖനേതാവുമായ രാജേഷ് ലഹനുകാശിവർ ഡോ. സോംദത്തിന് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. 2014-ൽ ബി.ജെ.പി.യുടെ രാജേഷ് ലഹനുകാശിവറാണ് ഇവിടെനിന്ന് വിജയിച്ചത്. അന്ന് രാജേഷ് ലഹനുകാശിവർ 80,902 വോട്ടുകളും കോൺഗ്രസ് സ്ഥാനാർഥി സേവക് നിർദൻ വാഘ 55,413 വോട്ടുകളും നേടി. കോൺഗ്രസും ബി.ജെ.പി.യും മണ്ഡലത്തിലെ പരമ്പരാഗത എതിരാളികളാണ്. 1962-ലും 1970-കളിലും 1980-കളിലും കോൺഗ്രസ് ആയിരുന്നു വിജയിച്ചിരുന്നത്. 1990-കളിൽ ബി.ജെ.പി. ശക്തിപ്രാപിച്ചു, 1990-ലും 1995-ലും ബി.ജെ.പി. തുടർച്ചയായി വിജയിച്ച ചരിത്രവും മണ്ഡലത്തിനുണ്ട്.
Content Highlights: Maharashtra Congress chief Nana Patole faces a tough triangular contest in Sakoli