ഫഡ്‌നവിസിനെ തഴയുമോ?; മുഖ്യമന്ത്രിസ്ഥാനത്തേക്ക് മറ്റ് പേരുകളും പരിഗണിച്ച് ബി.ജെ.പി.

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ അടുത്ത മുഖ്യമന്ത്രി ആരാവുമെന്നതില്‍ സസ്‌പെന്‍സ് തുടരുന്നു. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വീട്ടിലെത്തി. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി. നഡ്ഡയും അമിത് ഷായുടെ വീട്ടിലുണ്ട്.
അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് മുന്നോടിയായി ദേവേന്ദ്ര ഫഡ്‌നവിസ്, അജിത് പവാറുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. എന്‍.സി.പി. എം.പി. സുനില്‍ തത്കരെയുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.
മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്കായിരിക്കുമെന്ന് നേരത്തെ ധാരണയിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സര്‍ക്കാരിനെ നയിക്കാന്‍ ബി.ജെ.പിയുടെ മുന്നിലുള്ളത് ഫഡ്‌നവിസിന്റെ പേരാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, ഫഡ്‌നവിസിന് പുറമേ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മറ്റുപേരുകളും പരിഗണിക്കുന്നുണ്ടെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം.
ഫഡ്‌നവിസിന് പകരം മറ്റൊരു മുതിര്‍ന്ന നേതാവിന്റെ പേരാണ് ആര്‍.എസ്.എസ്. മുന്നോട്ടുവെച്ചതെന്നാണ് സൂചന. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒ.ബി.സി. വോട്ടുകള്‍ മഹായുതിക്ക് അനുകൂലമായി ഏകീകരിക്കപ്പെട്ടു. മറാത്തകളുടേയും വലിയ പിന്തുണ സഖ്യത്തിന് ലഭിവെന്നും ബി.ജെ.പി. വിലയിരുത്തുന്നു. അതിനാല്‍, ബ്രാഹ്‌മണ വിഭാഗത്തിലെ ഫഡ്‌നവിസിന് പകരം ഒ.ബി.സി- മറാത്ത വിഭാഗത്തില്‍നിന്നൊരാളെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായും അഭ്യൂഹമുണ്ട്.
Content Highlights: Suspense continues over Maharashtra`s next CM