ബിജെപി ദേശീയ നേതാവുള്ള ഹോട്ടലില്‍ നിന്ന് കിട്ടിയത് 9.93ലക്ഷം; 5കോടി ഉണ്ടായിരുന്നുവെന്ന് പ്രതിപക്ഷം

വിനോദ് താവ്‌ഡെ | Photo: PTI
വിനോദ് താവ്‌ഡെ | Photo: PTI

മുംബൈ: മഹാരാഷ്ട്രയില്‍ ബി.ജെ.പി ദേശീയ ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെയെ പണവുമായി പിടികൂടിയ സംഭവത്തിലെ വിവാദങ്ങള്‍ തുടരുന്നു. താവ്‌ഡെയെ തടഞ്ഞുവെച്ച ഹോട്ടലില്‍ നിന്ന് പത്ത് ലക്ഷത്തോളം രൂപയും ചില രേഖകളും കണ്ടെത്തിയതായി പല്‍ഖാര്‍ ജില്ല ഭരണകൂടം വ്യക്തമാക്കി. എന്നാല്‍ പിടികൂടുമ്പോള്‍ താവ്‌ഡെയുടെ പക്കല്‍ അഞ്ച് കോടി രൂപയുണ്ടായിരുന്നുവെന്നാണ് ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

വിരാറിലെ ഹോട്ടലില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നതായി പരാതി ലഭിച്ചിരുന്നുവെന്ന് പല്‍ഖാര്‍ ജില്ല കളക്ടറും ജില്ല തിരഞ്ഞെടുപ്പ് ഓഫീസറുമായ ഗോവിന്ദ് ബോഡ്‌കേ വ്യക്തമാക്കി. ഇതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹോട്ടലില്‍ നിന്ന് 9.93ലക്ഷം രൂപയും ചില രേഖകളും കണ്ടെടുത്തു. വിഷയത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരികയാണെന്നും കളക്ടര്‍ വ്യക്തമാക്കി.

ബഹുജന്‍ വികാസ് അഘാഡി പ്രവര്‍ത്തകരാണ് ബി.ജെ.പിയുടെ ഉന്നത നേതാവായ താവ്‌ഡെയെ പല്‍ഖാര്‍ ജില്ലയിലെ ഹോട്ടലില്‍ പണവുമായി പിടികൂടിയത്. പണം നല്‍കാനുള്ളവരുടെ പേര് അടങ്ങുന്ന ഡയറിയും താവ്ഡെയില്‍ നിന്ന് കണ്ടെത്തിയെന്ന് ബി.വി.എ നേതാവ് ഹിതേന്ദ്ര താക്കൂര്‍ പറഞ്ഞു. ബി.ജെ.പി നേതാവ് വിവരം തന്നിട്ടാണ് തങ്ങള്‍ ഹോട്ടലിലെത്തിയതെന്നും ഹിതേന്ദ്ര താക്കൂര്‍ വെളിപ്പെടുത്തിയിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസും എന്‍.സി.പിയും ശിവസേനയും രംഗത്തെത്തിയിരുന്നു.

എന്നാല്‍ ബി.ജെ.പിയും വിനോദ് താവ്‌ഡെ സംഭവം നിഷേധിച്ച് രംഗത്തെത്തി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഉന്നതതല യോഗങ്ങളില്‍ പങ്കെടുക്കാനാണ് തങ്ങളുടെ ദേശീയ ജനറല്‍ സെക്ട്രറിയായ വിനോദ് താവ്‌ഡെ ഹോട്ടലിലെത്തിയതെന്നാണ് ബി.ജെ.പി നിലപാട്. വിഷയത്തില്‍ അന്വേഷണം വേണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയിലെ ബി.ജെ.പിയുടെ പ്രധാന നേതാവായ വിനോദ് താവ്ഡെ ബി.ജെ.പിയുടെ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ പ്രധാനിയാണ്.

Content Highlights: maharashtra cash for vote row police find 9.93 lakh in hotel