ചലനങ്ങള്‍ സൃഷ്ടിക്കുന്ന ജയപരാജയം, പാഠങ്ങള്‍ പഠിച്ച മഹായുതി; നേട്ടം ആവര്‍ത്തിക്കാന്‍ അഘാഡി

സംസ്ഥാന രൂപവത്‌കരണത്തിനുശേഷം രാഷ്ട്രീയസാഹചര്യങ്ങൾകൊണ്ട് വ്യത്യസ്തമായ ഒരു നിയമസഭാതിരഞ്ഞെടുപ്പിനാണ് മഹാരാഷ്ട്ര സാക്ഷ്യംവഹിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന മഹാവികാസ് അഘാഡി (എം.വി.എ.) വൻതിരിച്ചുവരവുനടത്തിയിരുന്നു. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ കാറ്റ് ഏതുദിശയിലേക്കെന്ന് ആർക്കും അത്ര ഉറപ്പില്ല.
കോൺഗ്രസും ബി.ജെ.പി.യും നേതൃത്വംനൽകുന്ന രണ്ടു ത്രികക്ഷിസഖ്യങ്ങൾ, വ്യത്യസ്ത രാഷ്ട്രീയ, സമുദായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ആറ് പ്രധാനമേഖലകൾ... മാത്രമല്ല പാർട്ടിമാറിയവരും വിമതരും സ്വതന്ത്രരും ചെറിയ കക്ഷികളുമെല്ലാംചേർന്ന് നിയമസഭാ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കിയിരിക്കുന്നു. പ്രകാശ് അംബേദ്കറും അസദുദ്ദീൻ ഒവൈസിയും രാജ് താക്കറെയും എത്രകണ്ട് വോട്ട് ഭിന്നിപ്പിക്കുമെന്നുള്ളതും ചിലയിടങ്ങളിൽ വിജയപരാജയങ്ങളെ നിർണയിക്കും. 288 സീറ്റുകളുള്ള മഹാരാഷ്ട്ര, ഉത്തർപ്രദേശ് കഴിഞ്ഞാൽ ഇന്ത്യയിലെ നിർണായക സംസ്ഥാനങ്ങളിൽ ഒന്നാണ്. ഇവിടത്തെ ജയപരാജയങ്ങൾ അഖിലേന്ത്യാരാഷ്ട്രീയത്തിൽ ചലനങ്ങൾ സൃഷ്ടിക്കുമെന്നതിനാൽ ഇരുമുന്നണികൾക്കും അഭിമാനത്തിന്റെ പോരാട്ടമാണിത്.
പാഠങ്ങൾ പഠിച്ച് മഹായുതി, നേട്ടം ആവർത്തിക്കാൻ അഘാഡി
ഈ വർഷമാദ്യംനടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് പ്രധാനസഖ്യങ്ങൾ നിയമസഭാതിരഞ്ഞെടുപ്പിനുള്ള തന്ത്രം മെനഞ്ഞത്. പരാജയപാഠം ഉൾക്കൊണ്ട് മഹായുതി സർക്കാർ ലാഡ്കി ബഹിൺ പോലുള്ള ജനക്ഷേമപദ്ധതികൾ പ്രഖ്യാപിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വോട്ടുവിഹിതത്തിൽ ഉണ്ടായിട്ടുള്ള അന്തരം കുറയ്ക്കാൻ കിണഞ്ഞു ശ്രമിക്കുന്നു.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മഹായുതി 42.73 ശതമാനം വോട്ടുവിഹിതംനേടിയപ്പോൾ മഹാവികാസ് അഘാഡിയുടെ വോട്ടുവിഹിതം 44.73 ശതമാനമായി വർധിച്ചു. 48 ലോക്‌സഭാ മണ്ഡലങ്ങളിൽ 30 എണ്ണത്തിൽ സഖ്യം വിജയിച്ചു. മഹായുതി 17 സീറ്റുകളിലേക്ക് ചുരുങ്ങി. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി.ക്ക് അപ്രതീക്ഷിതമായ അടിയായിരുന്നു ഇത്. 400 സീറ്റ് മോഹിച്ച എൻ.ഡി.എ.യെ മഹാരാഷ്ട്ര കഴിഞ്ഞതവണ കൈവിട്ടു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടുതൽ ധുവ്രീകരിക്കപ്പെട്ട രാഷ്ട്രീയസാഹചര്യത്തിൽ വിജയം ഉറപ്പിക്കാൻ പലവിധ കാർഡുകളും എടുത്തുയർത്തിയാണ് മുന്നണികളുടെ പോരാട്ടം.
ആർ.എസ്.എസ്. നേതൃത്വം ബി.ജെ.പി.ക്കുവേണ്ടി ശക്തമായി രംഗത്തിറങ്ങുകയും ബട്ടേംഗേ തോ കട്ടേംഗേ (വിഭജിക്കപ്പെട്ടാൽ തകരും), വോട്ട് ജിഹാദ് തുടങ്ങിയ പ്രചാരണങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി. നേതാക്കളും പ്രചാരണം ശക്തമാക്കുകയും ചെയ്തു. മുസ്‌ലിംവോട്ടുകൾ ഭിന്നിക്കാതിരിക്കാനുള്ള ശ്രമങ്ങൾ മറുഭാഗത്തും ഊർജിതമായി. മഹാവികാസ് അഘാഡി മുംബൈ, വടക്കൻ മഹാരാഷ്ട്ര, മറാഠ് വാഡ, വിദർഭ എന്നിവിടങ്ങളിൽ മേധാവിത്വം തുടരാനും മറ്റുരണ്ടു മേഖലകളിൽ സ്വാധീനം ശക്തിപ്പെടുത്താനും ശ്രമിക്കുന്നു.
പടിഞ്ഞാറ് ആരുപിടിക്കും
സംസ്ഥാന ജനസംഖ്യയുടെയും സമ്പദ്‌വ്യവസ്ഥയുടെയും അഞ്ചിലൊന്നുവരുന്ന പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.വി.എ.യ്ക്ക് നേരിയ മുൻതൂക്കമുണ്ടായിരുന്നു. ഈ മേഖലയിലാണ് ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ളത് -സംസ്ഥാനത്തെ ആകെയുള്ള 288 സീറ്റുകളിൽ ൽ 70 എണ്ണം. ഈ മേഖലയിലെ 10 ലോക്‌സഭാ സീറ്റിൽ പകുതിയും എം.വി.എ. നേടിയപ്പോൾ ഭരണകക്ഷിയായ മഹായുതി നാലെണ്ണംമാത്രമേ നേടിയുള്ളൂ. ഒരു സീറ്റിൽ സ്വതന്ത്രനായ വിശാൽ പാട്ടീൽ വിജയിക്കുകയും പിന്നീട് കോൺഗ്രസിന് പിന്തുണപ്രഖ്യാപിക്കുകയുമായിരുന്നു. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി.) രണ്ട് വിഭാഗങ്ങളും 28 ശതമാനത്തിലധികം സീറ്റുകളിൽ ഇവിടെ നേരിട്ടുള്ള മത്സരത്തിലാണ്. 70 മണ്ഡലത്തിൽ 20 എണ്ണത്തിൽ പോരാട്ടം ശരദ് പവാറും അജിത് പവാറും തമ്മിലാണ്.
കാവിയുടെ കൊങ്കൺ
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എം.വി.എ.യെ മറികടന്ന് ഭരണസഖ്യം ആറുസീറ്റുകളിൽ അഞ്ചുസീറ്റും നേടിയ ഏകമേഖലയാണ് കൊങ്കൺമേഖല. മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ അഞ്ചിലൊന്നിൽ കൂടുതലും സമ്പദ്‌വ്യവസ്ഥയുടെ അഞ്ചിലൊന്നിൽ താഴെയുമുള്ള പ്രദേശം. കൊങ്കൺ മേഖലയിൽ മുസ്‌ലിങ്ങൾക്കും സ്വാധീനമുണ്ട്. ബി.ജെ.പി. നേതാവ് നാരായൺ റാണെയുടെ സ്വാധീനമേഖലകൂടിയാണിത്.
2024 ലോക്‌സഭാ തിരഞ്ഞെടുപ്പ്
ഇന്ത്യമുന്നണി 30
കോൺഗ്രസ് 13
ശിവസേന - ഉദ്ധവ് 9
എൻ.സി.പി. - പവാർ 8
എൻ.ഡി.എ. 17
ബി.ജെ.പി. 9
ശിവസേന - ഷിന്ദെ 7
എൻ.സി.പി. - അജിത് പവാർ 1
മറ്റുള്ളവർ 1
കർഷകരുടെ വിദർഭ
പടിഞ്ഞാറൻ മഹാരാഷ്ട്രയ്ക്കുശേഷം ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ളത് വിദർഭയിലാണ് -62 സീറ്റ് . ലോക്‌സഭാ മണ്ഡലങ്ങളിൽ ഏഴെണ്ണം എം.വി.എ. നേടിയിരുന്നു. അതിൽ അഞ്ചെണ്ണം കോൺഗ്രസിനായിരുന്നു. സംസ്ഥാന ജനസംഖ്യയുടെ അഞ്ചിലൊന്നുവരുന്ന ഈ പ്രദേശം സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലേക്ക് 15 ശതമാനം സംഭാവനചെയ്യുന്നു. ആളോഹരി വരുമാനം സംസ്ഥാനത്തിന്റെ ശരാശരിയെക്കാൾ 25-27 ശതമാനത്തോളം കുറവാണ്, കർഷകർ ഇവിടെ വിധിനിർണയിക്കും. മുസ്‌ലിം-ദളിത്-കുൻബി സമാവാക്യത്തിലാണ് കോൺഗ്രസിന്റെ കണക്കുകൂട്ടൽ. ഇരുമുന്നണികളിലും ഇല്ലാത്ത പ്രകാശ് അംബേദ്കർ എത്ര വോട്ടു വിഭജിക്കുമെന്നു പറയാനാവില്ല. വിദർഭയിൽ ഇരുമുന്നണികളിലും ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരേ ഒട്ടേറെ വിമതരും നിലയുറപ്പിച്ചിട്ടുണ്ട്.
സംവരണത്തിൽ തിളച്ച് മറാഠ് വാഡ
മറാഠ് വാഡ. എം.വി.എ. ഏഴ് ലോക്‌സഭാ സീറ്റുകൾ നേടിയ മറ്റൊരു മേഖലയാണ് മറാഠ് വാഡ. ഭരണകക്ഷിയായ ശിവസേനയ്ക്ക് ഒരു സീറ്റ് മാത്രമാണ് ഇവിടെ ലഭിച്ചത്. മറാഠാ സംവരണത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്ന സാഹചര്യത്തിൽ 46 നിയമസഭാ മണ്ഡലമുള്ള ഇവിടം ഭരണപക്ഷത്തിന് വെല്ലുവിളിയാണ്. മറാഠ് വാഡയുടെ പ്രതിശീർഷവരുമാനം സംസ്ഥാന ശരാശരിയെക്കാൾ 32-34 ശതമാനം കുറവാണ്. കാർഷികമേഖലയിൽ ആധിപത്യം പുലർത്തുന്ന പ്രദേശത്തിന്റെ സമ്പദ്‌വ്യവസ്ഥ മഹാരാഷ്ട്രയുടെ കേവലം 11 ശതമാനം മാത്രം. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ, ഭരണസഖ്യത്തെ പരാജയപ്പെടുത്തി ഏഴ് സീറ്റുകളിൽ ആറെണ്ണവും എം.വി.എ. നേടിയിരുന്നു, ബി.ജെ.പി.ക്ക് ലഭിച്ചത് ഒരെണ്ണം. മറാഠാസംവരണ പ്രക്ഷോഭത്തിന്റെ പ്രഭവകേന്ദ്രമായ ജൽന ഇവിടെയാണ്. സംവരണത്തെച്ചൊല്ലി മറാഠകളും വഞ്ചാരികളും തമ്മിലുള്ള സംഘർഷം മുന്നണികൾ തമ്മിലുള്ളതായി മാറിയിട്ടുണ്ട്. മാറത്ത സംവരണ സമരനായകൻ മനോജ് ജരാങ്കെ പാട്ടീലിന്റെ സ്വാധീനം കുറഞ്ഞിട്ടുണ്ടോ എന്നുകൂടി നിയമസഭാ തിരഞ്ഞെടുപ്പുഫലം കാട്ടിത്തരും.
നിയമസഭാ തിരഞ്ഞെടുപ്പ് - 2019
ബി.ജെ.പി.-105
ശിവസേന- 56
എൻ.സി.പി.-54
കോൺഗ്രസ് -44
മറ്റുള്ളവർ - 29
മുംബൈയിൽ വാഗ്ദാനപ്പെരുമഴ
നഗരവും സബർബൻ പ്രദേശങ്ങളും ഉൾക്കൊള്ളുന്ന മുംബൈ, സംസ്ഥാനത്തെ ഏറ്റവും സമ്പന്നമായ പ്രദേശമാണ്, പ്രതിശീർഷവരുമാനം സംസ്ഥാന ശരാശരിയെക്കാൾ 61-66 ശതമാനം കൂടുതലാണ്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ മൂന്നുശതമാനത്തിൽ താഴെമാത്രമേ ആളുകൾ മുംബൈയിൽ ഉള്ളൂവെങ്കിലും സംസ്ഥാന സമ്പദ്‌വ്യവസ്ഥയുടെ 19-20 ശതമാനം സംഭാവനയും ഇവിടെനിന്നാണ്. ഇവിടെയുള്ള ആറ് ലോക്‌സഭാ സീറ്റിൽ രണ്ടെണ്ണം മാത്രമാണ് ഭരണകക്ഷിക്ക് ലഭിച്ചത്. മൂന്ന് എം.പി.മാരെ ലഭിച്ച ശിവസേനയ്ക്ക് (ഉദ്ധവ്) ശക്തമായ സ്വാധീനമുണ്ട് മുംബൈയിൽ. സ്ത്രീകളെയും കർഷകരെയും യുവാക്കളെയും മറ്റു ജനവിഭാഗങ്ങളെയും ലക്ഷ്യമിട്ടാണ് രണ്ടുമുന്നണികളും പ്രകടനപത്രിക പുറത്തിറക്കിയിട്ടുള്ളത്.
ലോങ്മാർച്ചിന്റെ വടക്കൻ മഹാരാഷ്ട്ര
വടക്കൻ മഹാരാഷ്ട്ര ഗുജറാത്തും മധ്യപ്രദേശുമായി അതിർത്തി പങ്കിടുന്നു. പിന്നാക്കവിഭാഗങ്ങളും പട്ടിക ജാതിവർഗക്കാരും ആദിവാസി വിഭാഗങ്ങളും ഒരുപോലെ നിർണായകമായ മേഖല. കർഷകർ നേരിടുന്ന പ്രശ്നങ്ങൾ സാരമായി ഈ മേഖലയിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 2018-ലെ കിസാൻ ലോങ്മാർച്ച് ഇവിടെനിന്നാണ് ആരംഭിച്ചത്. ലേവാപാട്ടീൽ വിഭാഗമാണ് ഒ.ബി. സി.കളിൽ പ്രമുഖർ. മുൻ ബി.ജെ.പി. നേതാവ്ഏക്‌നാഥ് ഖഡ്‌സേ ഈ വിഭാഗത്തിൽനിന്നുള്ള പ്രമുഖനേതാവാണ്. ബി.ജെ.പി.യോട് ഇടഞ്ഞ് ശരദ്പവാറിന്റെ കൂടെയാണ് ഇപ്പോൾ. ആദിവാസിവിഭാഗങ്ങൾക്കിടയിൽ കോൺഗ്രസിനാണ് കാലാകാലങ്ങളായി സ്വാധീനം. എന്നാൽ, മന്ത്രിയായ ഹീനാഗാവിത് കുടുംബത്തെക്കൂടി ചേർത്ത് ബി.ജെ.പി. ഇവരിലേക്ക് കടന്നുചെന്നിട്ടുണ്ട്. മാലി വിഭാഗമാണ് മറ്റൊരു നിർണായക സമൂഹം. എൻ.സി.പി. നേതാവ് ഛഗൻ ഭുജ്ബലാണ് ഈ വിഭാഗത്തിൽനിന്നുള്ള പ്രമുഖനേതാവ്.
സംസ്ഥാനത്തെ മൊത്തം വോട്ടർമാർ 9.6 കോടിയാണ്. അതിൽ 47.7 ശതമാനം സ്ത്രീവോട്ടർമാരാണ്, അവിടെയാണ് ലാഡ്കി ബഹിൺ പദ്ധതി ഗെയിംചെയ്ഞ്ചറായി മാറുമെന്ന് ഭരണസഖ്യം വിലയിരുത്തുന്നത്. അധികാരത്തിലേറിയാൽ ലാഡ്കി ബഹിൺ തുക വർധിപ്പിക്കുമെന്നാണ് എം.വി.എ. നൽകുന്ന വാഗ്ദാനം. അതേസമയം, വിലക്കയറ്റവും പ്രചാരണവിഷയമായിമാറിയിട്ടുണ്ട്. യുവാക്കൾ വോട്ടർമാരുടെ ഏകദേശം 12 ശതമാനമാണ്. അവർക്കും പലവിധവാഗ്ദാനങ്ങൾ മുന്നണികൾ നൽകിയിട്ടുണ്ട്. കർഷകരുടെ വായ്പ എഴുതിത്തള്ളുമെന്നും മുന്നണികൾ വാഗ്ദാനംചെയ്യുന്നു. വോട്ടെടുപ്പിൽ പ്രതിഫലിക്കുന്നത് ഇവയിൽ ഏതെല്ലാമെന്നാണ് ഇനി അറിയേണ്ടത്.
Content Highlights: Analysis of the upcoming Maharashtra Assembly elections, focusing on key players, regional dynamics