നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകള്‍ മാത്രം; മഹാരാഷ്ട്രയിൽ സീറ്റ് വിഭജനത്തില്‍ സസ്പെൻസ്

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാന്‍ കേവലം ഒരുദിവസം മാത്രം അവശേഷിക്കെ പൂര്‍ണമായും സീറ്റ്വിഭജനം പൂര്‍ത്തിയാക്കാനാവാതെ ഇരുമുന്നണികളും.
ബി.ജെ.പി. നേതൃത്വം നല്കുന്ന മഹായുതി 280 സീറ്റുകളില്‍ ധാരണയിലെത്തിയെന്ന് നേതാക്കള്‍ വ്യക്തമാക്കി. അവശേഷിക്കുന്ന എട്ട് സീറ്റുകളില്‍ തീരുമാനം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ചൊവ്വാഴ്ചയോടെ തീരുമാനം ഉണ്ടാകുമെന്ന് നേതാക്കള്‍ വ്യക്തമാക്കി. ബി.ജെ.പി. 146 സ്ഥാനര്‍ഥികളുടെ പട്ടിക പുറത്തു വിട്ടിട്ടുണ്ട്. ഷിന്ദേ വിഭാഗം ശിവസേന 65 സ്ഥാനാര്‍ഥികളുടേയും അജിത്പവാര്‍വിഭാഗം എന്‍.സി.പി. 49 സ്ഥാനാര്‍ഥികളുടേയും പട്ടികയാണ് ഇതുവരെ പുറത്തുവിട്ടിരിക്കുന്നത്. ഷിന്ദേ വിഭാഗം ശിവസേനയ്ക്ക് 85 സീറ്റുകളാണ് ലഭിക്കുകയെന്നറിയുന്നു.
ബാക്കി 20 പേരുടെ പട്ടിക വൈകാതെ പുറത്തിറക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. അജിത് പവാര്‍ വിഭാഗത്തിന് ലഭിക്കുന്ന സീറ്റുകള്‍ വ്യക്തമായിട്ടില്ല. മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 99 സ്ഥാനാര്‍ഥികളേയും ഉദ്ധവ്വിഭാഗം ശിവസേന 85 സ്ഥാനാര്‍ഥികളേയും ശരദ്പവാര്‍ വിഭാഗം 82 സ്ഥാനാര്‍ഥികളേയും തീരുമാനിച്ചു. ഘടകകക്ഷികള്‍ക്ക് 18 സീറ്റുകള്‍ നല്‍കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. സി.പി.എം. നാല് സീറ്റുകളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നാസിക്കിലെ കള്‍വണും പാല്‍ഘറിലെ ദഹാനുവും പാര്‍ട്ടിക്ക് അനുവദിച്ചിട്ടുണ്ട്. സോളാപുര്‍സിറ്റി സെന്‍ട്രല്‍, നാസിക്വെസ്റ്റ് എന്നീ മണ്ഡലങ്ങള്‍ കൂടി പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്.
മഹാവികാസ് അഘാഡിയില്‍ കോണ്‍ഗ്രസ് 99 സ്ഥാനാര്‍ഥികളേയും ഉദ്ധവ്വിഭാഗം ശിവസേന 85 സ്ഥാനാര്‍ഥികളേയും ശരദ്പവാര്‍ വിഭാഗം 82 സ്ഥാനാര്‍ഥികളേയും തീരുമാനിച്ചു.
മാറി മറിഞ്ഞ സഖ്യങ്ങളും സീറ്റ് വിഭജനത്തിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സാധിക്കാത്തതുമാണ് അന്തിമ ഘട്ടത്തിലും മഹാരാഷ്ട്രയിലെ മുന്നണികള്‍ക്കുള്ളിലെ ധാരണ പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തത്. തിരഞ്ഞെടുപ്പിന് ശേഷവും ഈ അനിശ്ചിതത്വം നിലനില്‍ക്കുമെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മഹാരാഷ്ട്ര രാഷ്ട്രീയം പ്രക്ഷുബ്ധതയാല്‍ ആടിയുലഞ്ഞ നിലയിലാണ്. ശിവസേനയിലെ പിളര്‍പ്പ്, മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ച, ഇതിന് പിന്നാലെ ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പിളര്‍പ്പും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിമത വിഭാഗവും ഭരണസഖ്യത്തില്‍ ചേര്‍ന്നതും പിളര്‍ന്ന പാര്‍ട്ടികള്‍ക്കുള്ളിലെ ചേരിപ്പോരുമൊക്കെയായി തിളച്ചുമറിയുകയാണ് മഹാരാഷ്ട്ര രാഷ്ട്രീയം.
Content Highlights: Hours Before Maharashtra Nominations Close-Suspense Continues Over Seat Division