മഹാരാഷ്ട്രയില്‍ 74 സീറ്റുകളിൽ കോണ്‍ഗ്രസും ബി.ജെ.പിയും നേർക്കുനേർ; നിർണായകം ഈ പോരാട്ടം

പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 288 സീറ്റുകളിൽ  74 സീറ്റുകളിലും നേരിട്ട് ഏറ്റുമുട്ടി കോണ്‍ഗ്രസും ബി.ജെ.പിയും
രണ്ട് മുന്നണികളിലും ഏറ്റവുംകൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതും ഈ പാർട്ടികളാണ്. മഹായുതിയിൽ ബി.ജെ.പി. 148 സീറ്റുകളിൽ മത്സരിക്കുമ്പോൾ എം.വി.എ. സഖ്യത്തിൽ കോൺഗ്രസ് 102 സീറ്റുകളിലാണ് ബലപരീക്ഷണം നടത്തുന്നത്.

കോൺഗ്രസും ബി.ജെ.പി.യും നേരിട്ട് ഏറ്റുമുട്ടുന്ന സീറ്റുകളിൽ കൂടുതലും മുംബൈക്ക്‌ പുറത്താണ്. ഇതിൽ ഏറ്റവും കൂടുതൽ വിദർഭയിലാണ്-36 സീറ്റുകളിൽ. ഒരു കാലത്ത് കോൺഗ്രസിന്റെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രമായി മാറിയ മേഖലയാണ് വിദർഭ.

ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നവിസ്, പാർട്ടി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ, മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സുധീർ മുൻഗന്തിവർ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെ, നിയമസഭ പ്രതിപക്ഷ നേതാവ് വിജയ് വട്ടേറ്റിവർ എന്നിവരൊക്കെ മത്സരിക്കുന്നത് ഇവിടെ നിന്നാണ്.

നാഗ്പുർ സൗത്ത് വെസ്റ്റിൽനിന്ന് അഞ്ചുതവണ തിരഞ്ഞെടുക്കപ്പെട്ട ഫഡ്‌നവിസിനെതിരേ മത്സരിക്കുന്നത് കോൺഗ്രസ് നേതാവ് പ്രഫുൽ ഗുഡാധെയാണ്. ബവൻകുലെയെ നേരിടുന്നതാകട്ടെ കോൺഗ്രസിലെ സുരേഷ് ഭോയറും.

സകോളിയിൽ ശക്തനായ നാനാ പട്ടോളെയെ നേരിടുന്നത് ബി.ജെ.പി.യിലെ അവിനാഷ് ബ്രഹ്‌മാങ്കറാണ്. ബ്രഹ്‌മപുരി സീറ്റിൽ വട്ടേറ്റിവറിനെതിരേ ബി.ജെ.പി. നിർത്തിയത് കൃഷ്ണലാൽ സഹാരെയെയാണ്.

ചന്ദ്രാപൂർ ലോക്‌സഭാ സീറ്റിൽ തോറ്റ മുൻഗന്തിവർ ബല്ലാർപൂർ സീറ്റിൽ നേരിടുന്നത് കോൺഗ്രസിന്റെ സന്തോഷ് റാവത്തിനെയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിദർഭയിൽ നിന്നുള്ള പത്ത് സീറ്റുകളിൽ അഞ്ചു സീറ്റുകളിൽ വിജയിക്കാൻകഴിഞ്ഞ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ്.

2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിദർഭയിൽ ആകെയുള്ള 62 സീറ്റുകളിൽ 44 എണ്ണത്തിൽ ബി.ജെ.പി. വിജയിച്ചിരുന്നു. എന്നാൽ 2019-ൽ 29 സീറ്റുകളിലേക്ക് അവർക്ക് ഒതുങ്ങേണ്ടി വന്നു.

ഇത്തവണ ആർ.എസ്.എസ്. പ്രവർത്തനം ശക്തമാക്കിയതിനാൽ വലിയ ആത്മവിശ്വാസത്തിലാണ് ബി.ജെ.പി. എതായാലും വിദർഭയിലെ ഭൂരിപക്ഷം സീറ്റുകൾ നേടുകയെന്നത് ഇരുപാർട്ടികളെ സംബന്ധിച്ചും പ്രധാനമാണ്.

Content Highlights: Maharashtra-BJP head-to-head-This fight is decisive