6 MLA-മാർക്ക് ഒരു മന്ത്രി- ഫോർമുല സെറ്റ്: വകുപ്പുകളിൽ തീരുമാനം വൈകുന്നു; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉടൻ

അജിത് പവാര്‍, ഏക്‌നാഥ് ഷിന്ദേ, ദേവേന്ദ്ര ഫഡ്‌നവിസ്‌ | Photo: ANI
അജിത് പവാര്‍, ഏക്‌നാഥ് ഷിന്ദേ, ദേവേന്ദ്ര ഫഡ്‌നവിസ്‌ | Photo: ANI

മുംബൈ: നാടകീയതകള്‍ക്കും സസ്‌പെന്‍സുകള്‍ക്കുമൊടുവില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ബുധനാഴ്ച തീരുമാനമുണ്ടായേക്കും. ഇന്ന് ചേരുന്ന ബി.ജെ.പി. യോഗത്തില്‍ നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കും. ബി.ജെ.പിയില്‍നിന്നാവും മുഖ്യമന്ത്രിയെന്ന് നേരത്തേ ധാരണയായിരുന്നെന്നാണ് സൂചന.

ബി.ജെ.പിയും ഏക്‌നാഥ് ഷിന്ദേ വിഭാഗം ശിവസേനയും അജിത് പവാര്‍ നേതൃത്വം നല്‍കുന്ന എന്‍.സി.പിയും അടങ്ങുന്ന മഹായുതി നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടിയിരുന്നു. എന്നാല്‍, വകുപ്പുവിഭജവനവും മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതും നീണ്ടുപോയി. കഴിഞ്ഞ മഹായുതി സര്‍ക്കാരില്‍ മുഖ്യമന്ത്രിയും നിലവില്‍ സഖ്യത്തിലെ രണ്ടാംകക്ഷിയുടെ നേതാവുമായ ഏക്‌നാഥ് ഷിന്ദേ ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമാകാത്തതോടെ ഫലം വന്ന് പത്തുദിവസം കഴിഞ്ഞിട്ടും സംസ്ഥാനത്തിന് ഭരണനേതൃത്വത്തെ ലഭിച്ചില്ല. എന്നാല്‍, ഡിസംബര്‍ അഞ്ചിന് പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് ബി.ജെ.പി. വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി. നിയമസഭാകക്ഷിനേതാവിനെ തിരഞ്ഞെടുക്കാനുള്ള നിരീക്ഷകരായി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനേയും മുന്‍മുഖ്യമന്ത്രി വിജയ് രൂപാണിയേയും കേന്ദ്ര നേതൃത്വം നിയമിച്ചിരുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് മുഖ്യമന്ത്രിയാകുമെന്നാണ് നിലവിൽ ലഭിക്കുന്ന സൂചന. അങ്ങനെയെങ്കിൽ, ബി.ജെ.പി. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുത്തശേഷം ഫഡ്‌നവിസും ഷിന്ദേയും അജിത് പവാറും ഗവര്‍ണറെക്കണ്ട് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിച്ചേക്കും.

മുഖ്യമന്ത്രിയും രണ്ട് ഉപമുഖ്യമന്ത്രിമാരും അടങ്ങുന്നതാവും അടുത്ത സര്‍ക്കാര്‍ എന്നാണ് സൂചന. നേരത്തെ, ഉപമുഖ്യമന്ത്രി പദം ഏറ്റെടുക്കാന്‍ ഷിന്ദേ വിസമ്മതിച്ചിരുന്നു. കഴിഞ്ഞ ദിവസം ഫഡ്‌നവിസ് നേരിട്ടെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെ ഷിന്ദേ അയഞ്ഞിട്ടുണ്ടെന്നാണ് വിവരം.

ആറ് എം.എല്‍.എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയിലായിരിക്കും മന്ത്രിസഭാ രൂപവത്കരണം. അങ്ങനെയെങ്കില്‍ 132 സീറ്റില്‍ വിജയിച്ച ബി.ജെ.പിക്ക് 22 മന്ത്രിമാരെ ലഭിക്കും. ഷിന്ദേയുടെ പാര്‍ട്ടിയില്‍നിന്ന് 12 പേരും അജിത് പവാര്‍ പക്ഷത്തുനിന്ന് 10 പേരും മന്ത്രിമാരാവുമെന്നാണ് സൂചന.

അതേസമയം, വകുപ്പുകളുടെ കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ലെന്നും വിവരമുണ്ട്. ആഭ്യന്തരവകുപ്പ് വേണമെന്ന നിലപാടിലാണ് ഷിന്ദേ. എന്നാല്‍, ഫഡ്‌നവിസ് കൈവശംവെച്ചിരുന്ന വകുപ്പ് വിട്ടുകൊടുക്കാന്‍ ബി.ജെ.പിക്ക് വൈമുഖ്യമുണ്ട്.

മുംബൈയിലെ ആസാദ് മൈതാനത്താണ് സത്യപ്രതിജ്ഞാ ചടങ്ങ്. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. 2,000 വി.വി.ഐ.പികളും 40,000 പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിക്കും. ചടങ്ങിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

Content Highlights: Maharashtra CM: Fadnavis likely to be CM