കോർകമ്മിറ്റി തീരുമാനിച്ചു, MLA-മാര്‍ ഏകകണ്ഠമായി അംഗീകരിച്ചു; മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നവിസ് തന്നെ

മുംബൈ: മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നവിസിനെ തിരഞ്ഞെടുത്ത് ബി.ജെ.പി. നിയമസഭാ കക്ഷിയോഗം. മഹാരാഷ്ട്ര വിധാന്‍ സഭയില്‍നടന്ന യോഗത്തില്‍ ഏകകണ്ഠമായാണ് ഫഡ്‌നവിസിനെ സഭാകക്ഷിനേതാവായി തിരഞ്ഞെടുത്തത്. നേരത്തെ, ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബി.ജെ.പി. കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.
ചന്ദ്രകാന്ത് പാട്ടീലും സുധീര്‍ മുന്‍ഗന്തിവറുമാണ് മുഖ്യമന്ത്രിയായി ഫഡ്‌നവിസിന്റെ പേര് നിര്‍ദേശിച്ചത്. ഫഡ്‌നവിസിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ട് ചരിത്രപരമായ ജനവിധി പാര്‍ട്ടി നേടിയെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ യോഗത്തില്‍ പറഞ്ഞു. ബി.ജെ.പി. (132), ശിവസേന (57), എന്‍.സി.പി. (41) എം.എല്‍.എമാര്‍ക്ക് പുറമേ ഏഴ് സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാരിനുണ്ടാവുമെന്നും ബവന്‍കുലെ അറിയിച്ചു.
ബി.ജെ.പി. മുംബൈ മേഖല അധ്യക്ഷന്‍ ആശിഷ് ഷേലാര്‍ ചീഫ് വിപ്പാവും. ബി.ജെ.പി. ദേശീയ നിരീക്ഷകരായ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച മുംബൈ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങില്‍ പങ്കെടുക്കും.
Content Highlights: BJP`s Devendra Fadnavis elected as Maharashtra Chief Minister. Swearing-in ceremony on Thursday