യേവ്‌ലയെ പോരാട്ട ഭൂമിയാക്കി മറാഠാ- ഒ.ബി.സി ക്വാട്ട സംഘര്‍ഷം; ഭുജ്ബല്‍ നേരിടുന്നത് കനത്ത വെല്ലുവിളി

മുംബൈ: അജിത്പവാർ വിഭാഗം എൻ.സി.പി. നേതാവും മന്ത്രിയുമായ ഛഗൻഭുജ്ബൽ വീണ്ടും ജനവിധി തേടുന്ന നാസിക്കിലെ യേവ്‌ല നിയമസഭാ മണ്ഡലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവ്യാപാര വിപണികളിലൊന്ന് സ്ഥിതി ചെയ്യുന്നത്. ഉള്ളി കർഷകരുടെ പ്രശ്നങ്ങൾ സ്വാഭാവികമായി വിധിയെഴുത്തിനെ സ്വാധീനിക്കുന്നതോടൊപ്പം സംവരണ പ്രശ്നത്തിൽ മറാഠാ, ഒ,ബി.സി. വിഭാഗങ്ങൾ തമ്മിലുള്ള സംഘർഷവും ഇക്കുറി ജയപരാജയങ്ങളെ നിശ്ചയിക്കുമെന്ന് വിലയിരുത്തുന്നു.
മറാഠാസംവരണ പ്രക്ഷോഭ നേതാവ് മനോജ് ജരാങ്കെ പാട്ടീലിനെതിരേ ശക്തമായി രംഗത്തുവന്ന ഭുജ്ബലിനെ ഒ.ബി.സി. വിഭാഗങ്ങൾക്ക് ഏറെ പ്രിയങ്കരനാക്കിയെങ്കിലും അതുപോലെതന്നെ മറാഠാവിഭാഗത്തിന്റെ അപ്രീതിക്കുമിടയാക്കിയിട്ടുണ്ട്. എൻ.സി.പി.യിലെ പിളർപ്പിന് ശേഷമുള്ള തന്റെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം കൂടിയാണ് ഭുജ്ബലിന്റേത്.അദ്ദേഹത്തിന്റെ ഒരു കാലത്തെ സഹായിയാണ് ഇപ്പോൾ എതിരാളിയായി മാറിയിരിക്കുന്ന ശരദ്പവാർവിഭാഗം സ്ഥാനാർഥി മണിക്റാവു ഷിന്ദേ. അദ്ദേഹം മറാഠാവിഭാഗക്കാരനാണ്. മറ്റ് പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി.) വിഹിതത്തിൽനിന്ന് മറാഠകൾക്ക് ക്വാട്ട അനുവദിക്കണമെന്ന ജരാങ്കെപാട്ടീലിന്റെ ആവശ്യത്തെ ശക്തമായി എതിർക്കുന്ന നേതാവാണ് ഭുജ്ബൽ.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മറാഠാ സംവരണ പ്രശ്നം യേവ്‌ല നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന ദിൻഡോരി ലോക്‌സഭാ മണ്ഡലത്തിൽ ബി.ജെ.പി. നേതാവ് ഭാരതിപവാറിന്റെ തോൽവിക്ക് കാരണമായി.എന്നാൽ, അതിലൊന്നും തളരാതെ സീറ്റ് നിലനിർത്തുമെന്ന ആത്മവിശ്വാസത്തിലാണ് ഭുജ്ബൽ.വടക്കൻമഹാരാഷ്ട്രയിലെ യേവ്‌ല നിയമസഭാ മണ്ഡലത്തിലാണ് രാജ്യത്തെ ഏറ്റവും വലിയ ഉള്ളി മൊത്തവ്യാപാര വിപണികളിലൊന്നായ ലസൽഗാവ് എ.പി.എം.സി. സ്ഥിതിചെയ്യുന്നത്.ൈപതാനി സാരികൾക്ക് പേരുകേട്ട മണ്ഡലം കൂടിയാണിത്. 1.35 ലക്ഷം മറാഠികൾ ഉൾപ്പെടെ 3,26,626 വോട്ടർമാർ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
ലാഡ്കി ബഹിൺ യോജന പോലെയുള്ള ക്ഷേമപദ്ധതികൾ സ്ഥിതിഅനുകൂലമാക്കുമെന്ന് ഭുജ്ബൽ പ്രതീക്ഷിക്കുന്നു.മാലി എന്ന ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള 77 കാരനായ ഭുജ്ബൽ മുംബൈയിലെ ബൈക്കുള മാർക്കറ്റിൽ പച്ചക്കറി കച്ചവടക്കാരനായാണ് ജീവിതം തുടങ്ങിയത്. 1966-ൽ ബാൽ താക്കറെ ശിവസേന സ്ഥാപിച്ചപ്പോൾ ഭുജ്ബൽ അതിൽ ആകൃഷ്ടനാകുകയായിരുന്നു.ഒരിക്കൽ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ കടുത്ത പിന്തുണക്കാരനായിരുന്ന ഭുജ്ബൽ 1991ൽ ശരദ്പവാർ മുഖ്യമന്ത്രിയായിരിക്കെ കോൺഗ്രസിൽ ചേർന്നു.
പവാറിന്റെ പിന്തുണയോടെ സംസ്ഥാനത്തെ ഒ.ബി.സി.കൾക്കിടയിൽ തന്റെ സ്വാധീനം വിപുലപ്പെടുത്തുന്നതിൽ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. പവാറിന്റെ അടുപ്പക്കാരനായി തുടരവെ കഴിഞ്ഞ വർഷം, അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തോടൊപ്പം ചേർന്ന് ബി.ജെ.പി.-ശിവസേന സർക്കാരിൽ പങ്കാളിയായി. 2004ലെ നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കാൻ ഭുജ്ബലിനെ സഹായിച്ചത് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ എതിരാളിയായ മണിക്റാവു ഷിന്ദേയായിരുന്നു.
ഭുജ്ബൽ 1985 ലും 1990 ലും മുംബൈയിലെ മസ്ഗാവിൽ നിന്നുള്ള നിയമസഭാംഗമായിരുന്നു. അന്ന് അദ്ദേഹം ശിവസേനയെ പ്രതിനിധാനം െചയ്തു. കോൺഗ്രസിലേക്ക് പോയപ്പോഴാണ് നാസിക്കിലേക്ക് മാറിയത്.
Content Highlights: NCP leader Chhagan Bhujbal faces a challenging election in Yeola