ആലംഗീർ ആലമിനെ ഔറംഗസേബിനോട് ഉപമിച്ച് യോഗി, JMM മാഫിയയെ സംരക്ഷിക്കുന്നുവെന്നും വിമർശനം

യോഗി ആദിത്യനാഥ്| Photo: ANI
യോഗി ആദിത്യനാഥ്| Photo: ANI

കോഡെർമ: ഝാർഖണ്ഡ് മുക്തി മോർച്ച നേതാവ് ആലംഗീർ ആലമിനെ മുഗൾ ചക്രവർത്തി ഔറംഗസേബിനോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഔറംഗസേബ് രാജ്യം കൊള്ളയടിച്ചു, വിശുദ്ധമായ ക്ഷേത്രങ്ങൾ നശിപ്പിച്ചു. ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ഒരു മന്ത്രി ഉണ്ടായിരുന്നു, ആലംഗീർ ആലം, അയാൾ ഝാർഖണ്ഡ് കൊള്ളയടിച്ചു. യോഗി ആദിത്യനാഥ് കോഡെർമയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പറഞ്ഞു.

വികസനത്തിൻ്റെ പേരിൽ ജെഎംഎം വോട്ടർമാരെ കബളിപ്പിക്കുകയാണെന്നും അവരുടെ സർക്കാരിന് കീഴിലുള്ള മാഫിയയെ സംരക്ഷിക്കുകയാണെന്നും യോഗി കുറ്റപ്പെടുത്തി.

"പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാണ് ഝാർഖണ്ഡ്, പ്രത്യേകിച്ച് കോഡെർമ. രക്തസാക്ഷികളുടെ നാടായ ബിർസ മുണ്ടയുടെ പുണ്യഭൂമിയാണിത്. രാജ്യത്തിൻ്റെ സ്വാതന്ത്ര്യത്തിനായി, ഈ രാജ്യത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിപ്പിക്കാൻ കോഡെർമയിൽ നിന്ന് ഒന്നല്ല, നാല് ആത്മാക്കൾ സ്വയം ത്യാഗം ചെയ്തു. എന്നാൽ ഇന്ന് ഝാർഖണ്ഡിൽ എന്താണ് സംഭവിക്കുന്നത്, ഔറംഗസേബ് രാജ്യം കൊള്ളയടിച്ചു,  വിശുദ്ധമായ ക്ഷേത്രങ്ങൾ നശിപ്പിച്ചു, ഝാർഖണ്ഡ് മുക്തി മോർച്ചയിലെ ഒരു മന്ത്രിയും ഉണ്ടായിരുന്നു, ആലംഗീർ, അയാൾ ഇവിടെ കൊള്ളയടിച്ചു." ഉത്തർപ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.

ഝാർഖണ്ഡിലെ പാവപ്പെട്ടവരുടെ പണം എങ്ങനെയാണ് ഇയാളുടെ വീട്ടിൽ നിന്നും വേലക്കാരുടെയും മറ്റ് കുടുംബാംഗങ്ങളുടെയും വീടുകളിൽ നിന്നും കണ്ടെത്തിയത്? ഇത്രയും തരംതാഴ്ന്ന കൊള്ള മറ്റെവിടെയും കാണാൻ കഴിയില്ല.  വികസനത്തിൻ്റെ പേരിൽ നിങ്ങളെ കബളിപ്പിച്ചവർക്കെതിരെ പ്രതികരിക്കാനുള്ള അവസരമാണ് ഈ തിരഞ്ഞെടുപ്പെന്നും യോ​ഗി പറഞ്ഞു.

Content Highlights: alamgir alam lootted jharkhand yogi adithyanath