കല്പനയിലൂടെ ചരിത്രംസൃഷ്ടിക്കുമോ ജെഎംഎം; മയ്യാ സമ്മാന്‍ യോജന തുണയാകുമെന്ന് പ്രതീക്ഷിച്ച് സോറന്

'ഞങ്ങള്‍ കല്പനയെ വളരെ ഇഷ്ടപ്പെടുന്നു. അവര്‍ ഞങ്ങള്‍ക്ക് പൈസ തരുന്നു, കറന്റ് തരുന്നു... '- ഝാര്‍ഖണ്ഡിലെ ജംതാര നിയമസഭാ മണ്ഡലത്തില്‍ പെട്ട സന്താള്‍ ആദിവാസിഗ്രാമമായ സുഗ്ജുഡയില്‍ ആദിവാസി യുവാവായ ജിത് ലാല്‍ പറഞ്ഞു.
ഇവിടെ ബടാകാര്‍ നദിയില്‍ പുലര്‍ച്ചെ മുതല്‍ മണല്‍വാരലിനായി ഇറങ്ങിയ പല ആദിവാസിയുവാക്കളുടെ കൂട്ടത്തില്‍ പെട്ടയാളാണ് ജിത് ലാല്‍. നദിയില്‍ കൂട്ടത്തോടെ തോണികളില്‍ മണല്‍ വാരിയെടുക്കുന്ന ആദിവാസി യുവാക്കള്‍ ഇവിടെയൊരു കൗതുകക്കാഴ്ചയാണ്. 200- 300 രൂപ വരെ കൂലി കിട്ടും. ചിലര്‍ക്ക് 500 രൂപ.വരെ. ഇത് അനുമതിയോടെയാണോയെന്ന് ചോദിച്ചപ്പോള്‍ ജാള്യത കലര്‍ന്ന ചിരിയോടെ ജിത് ലാല്‍ പറഞ്ഞു: 'പൊലീസ് വരുമ്പോള്‍ ഓടും.'
വോട്ട് കല്പനയ്‌ക്കെന്ന് പറയാന്‍ ജിത് ലാലിനെപ്പോലെ അവിടെ കൂടിനിന്നവര്‍ക്കൊന്നും രണ്ടാമതാലോചിക്കേണ്ടി വന്നില്ല. അയല്‍മണ്ഡലമായ ഗാണ്ടെയിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.എല്‍.എയുമാണ് കല്പനയെങ്കിലും ഈ ഗ്രാമവാസികള്‍ക്കും സ്വന്തം സ്ഥാനാര്‍ഥി അവര്‍ തന്നെ!
ഇ.ഡി കേസിലെ അറസ്റ്റുവാസം കഴിഞ്ഞ് ജയിലില്‍ നിന്നിറങ്ങി വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ഹേമന്ദ് സോറന്റെ പുതിയ സര്‍ക്കാര്‍ ആദ്യം ചെയ്തത് വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സൗജന്യമായി നല്‍കുന്ന മയ്യാ സമ്മാന്‍ യോജന പദ്ധതി നടപ്പില്‍ വരുത്തുകയായിരുന്നു. അതിപ്പോള്‍ ഡിസംബറില്‍ 2500 രൂപയാക്കുമെന്നാണ് പ്രഖ്യാപനവും.
പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് വിവാഹിതരാകാന്‍ നിര്‍ബന്ധിതരായ പെണ്‍കുട്ടികള്‍ ആദിവാസി ഊരുകളില്‍ ധാരാളം. കോവിഡ് കാലത്താണ് ഇത് പെരുകിയത്. മഹുവദാരു എന്ന നാടന്‍ മദ്യത്തിന് അടിമകളായി അരാജക ജീവിതം നയിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരു വശത്ത്. 20 വയസ്സ് എത്തുംമുമ്പേ പ്രസവിച്ച കുഞ്ഞുങ്ങളെ പോറ്റേണ്ട ഭാരം പേറി യുവതികള്‍. ഇവരിലേക്കാണ് മാസംതോറും ആയിരം രൂപ വീതം ആശ്വാസ ധനമായി എത്തിത്തുടങ്ങിയത്.
ഹേമന്ത് സര്‍ക്കാരിന്റെ ജനപ്രിയത ഉയര്‍ത്തിയതില്‍ പ്രധാന ഘടകം ഇതുതന്നെ. എന്നാല്‍, ഇതിനെല്ലാം പിന്നിലും മുന്നിലും ഹേമന്ദിന്റെ പത്‌നി കല്പന സോറനാണെന്ന വിശ്വാസമാണ് സ്ത്രീ- പുരുഷ ഭേദമെന്യേ ആളുകള്‍ക്ക്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കല്പനയുടെ പ്രസംഗശൈലിയും ആളുകളോട് അവര്‍ സംവദിക്കുന്നതും ചുരുങ്ങിയ കാലത്തിനുള്ളില്‍ അവരെ ജനപ്രിയതാരമാക്കിയിരിക്കുന്നു.
കല്പനയുടെ പ്രചരണവേദികളിലെ ജനങ്ങളുടെ ആവേശവും ഓളവും ഒരു സൂചനയാണെങ്കില്‍ ജെ.എം.എം നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യസര്‍ക്കാര്‍ തുടര്‍ഭരണത്തിലേക്കെത്തുമെന്ന് ഝാര്‍ഖണ്ഡിലെ രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. അത് സംഭവിച്ചാല്‍ 2000ല്‍ ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായ ശേഷം ജെ.എം.എമ്മിനെ സംബന്ധിച്ച് ചരിത്രം തിരുത്തിക്കുറിക്കലാകും.
മൂന്ന് സര്‍ക്കാരുകളായിട്ടാണെങ്കിലും 2019 മുതല്‍ 2024 വരെ അഞ്ച് വര്‍ഷം ഭരണം തികച്ച ജെ.എം.എമ്മിന് അതിന് ശേഷവും തുടര്‍ഭരണം സാധ്യമാകുന്നെങ്കില്‍ അതിന് കാരണം കല്പനയും ഹേമന്ദ് സര്‍ക്കാരിന്റെ യോജനയും മാത്രമെന്നുറപ്പ്. മഹിളകള്‍ക്ക് മാസം 2100 രൂപ വീതമുറപ്പാക്കുന്ന പദ്ധതി ബി.ജെ.പിയും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്വാധീനം കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യത്തിനാകുന്നത് സ്വാഭാവികം.
എങ്കിലും ഹരിയാനയിലേത് പോലെ നിശ്ശബ്ദ തന്ത്രത്തിലൂടെ തിരഞ്ഞെടുപ്പിനെ തങ്ങളുടെ വരുതിയിലേക്കെത്തിക്കുന്നതില്‍ ബി.ജെ.പി- ആര്‍.എസ്.എസ് മൈക്രോമാനേജ്‌മെന്റ് എത്ര കണ്ട് വിജയിക്കുന്നുവെന്നതിനെ ആശ്രയിച്ചിരിക്കും ആത്യന്തികഫലം. ആദ്യഘട്ട വോട്ടെടുപ്പില്‍ ചില ആദിവാസിമണ്ഡലങ്ങളില്‍, പ്രത്യേകിച്ച് അടുത്തിടെ ജെ.എം.എം വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയ ചംപയ് സോറന്റെ സെരായ് കെലയിലടക്കം കണ്ട ഉയര്‍ന്ന പോളിങ് ശതമാനം ആര്‍ക്കനുകൂലമെന്നതിലും രണ്ടഭിപ്രായങ്ങള്‍ സജീവം. കല്പന തരംഗം സെരായ്‌കെലയിലുമുണ്ടെന്ന് ജെ.എം.എം അവകാശപ്പെടുമ്പോള്‍ ചംപയ് അനുകൂല സഹതാപതരംഗമെന്നാണ് ബി.ജെ.പി വാദം.
പശ്ചിമബംഗാളിനോട് അതിര്‍ത്തി പങ്കിടുന്ന മേഖലയാണ് റാണിദി, സുഗ്ജുഡ, ജുന്‍രബേഡ, ജുര്‍ഗുഡി തുടങ്ങിയ ആദിവാസിഗ്രാമങ്ങള്‍. ഇവിടെ നിന്ന് ഏറെയകലെയല്ല ബംഗാളിലെ മുര്‍ഷിദാബാദ്. സന്താള്‍, മോഹ്ലി വിഭാഗക്കാരാണേറെ. മുള കൊണ്ടുള്ള കുട്ടനെയ്ത്തും മറ്റുമാണ് പരമ്പരാഗത ജോലി. ബംഗാളില്‍ നിന്നെത്തി കച്ചവടം ചെയ്യുന്നവരുണ്ടിവിടെ. എങ്കിലും അതൊന്നും ആദിവാസി ജീവിതത്തെ ബാധിച്ച മട്ടില്ല. ആദിവാസി, മുസ്ലിം വിഭജനത്തിലൂടെ തങ്ങളുടെ വോട്ടുബാങ്ക് പിളര്‍ത്താനാണ് ബി.ജെ.പി നുഴഞ്ഞുകയറ്റ ആരോപണമുയര്‍ത്തുന്നതെന്നാണ് ജെ.എം.എമ്മിന്റെ ആക്ഷേപം.
സന്താളി ഭാഷയും സന്താളി ചുവടിന്റെ താളവും റാണിദി ഗ്രാമത്തിന്റെ സൗന്ദര്യം. നന്ദുനി ദേവി എന്ന സന്താള്‍ സ്ത്രീ കുഞ്ഞിനെ ഒക്കത്തെടുത്ത് ഉറക്കുന്നത് സന്താള്‍ നൃത്തച്ചുവടിലൂടെ. കോണ്‍ഗ്രസിലെ സിറ്റിങ് എം.എല്‍.എയും മന്ത്രിയുമായ ഇര്‍ഫാന്‍ അന്‍സാരിയും ഹേമന്ദ് സോറന്റെ സഹോദരഭാര്യയും അടുത്തിടെ ബി.ജെ.പിയിലേക്ക് ചേക്കേറിയ മുന്‍ എം.എല്‍.എയുമായ സീത സോറനുമാണ് ജംതാരയില്‍ ഏറ്റുമുട്ടുന്നത്.
ഇതിലുള്‍പ്പെട്ട റാണിദി ഗ്രാമത്തില്‍ കല്പന സോറന്റെ പ്രചരണറാലി നിശ്ചയിച്ചിരുന്നത് ബുധനാഴ്ച ഉച്ചയ്ക്ക് 1.30നായിരുന്നു. എന്നാല്‍ തൊട്ടടുത്ത് സീത സോറന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി നടക്കുന്നതിനാല്‍ കല്പനയുടെ ഹെലികോപ്റ്ററിന് ഇവിടേക്ക് പറക്കാന്‍ കാത്തിരിക്കേണ്ടി വന്നു.അതിനാല്‍ എത്താനായത് വൈകിട്ട് 3.45ന്.
ഉച്ചയ്ക്ക് 12 മുതല്‍ക്കുതന്നെ റാണിദി മൈതാനം പതിനായിരങ്ങള്‍ കൈയടക്കിയിരുന്നു. നഗ്ര ഡോല്‍ എന്ന തുകല്‍വാദ്യത്തില്‍ സന്താള്‍താളം മുഴക്കി നൃത്തമാടി പുരുഷന്മാര്‍. നൃത്തച്ചുവടുകളുമായി സ്ത്രീകള്‍. ക്ഷമയോടെ കാത്തിരുന്നവരുടെ ആവേശം ഹെലികോപ്റ്ററിന്റെ ഇരമ്പം കേട്ടതോടെ അതിരുകടന്നു. പൊലീസിന്റെ ബാരിക്കേഡുകള്‍ ആവേശപ്രകടനത്തില്‍ തകര്‍ന്നു.
വേദിയില്‍ അങ്ങുമിങ്ങും ഉലാത്തി, ആള്‍ക്കൂട്ടത്തോട് സംവദിച്ച്, അവരെക്കൊണ്ട് മുദ്രാവാക്യങ്ങള്‍ ഏറ്റുപറയിച്ച്, കല്പനയുടെ പ്രസംഗം. ജനഹൃദയങ്ങള്‍ കീഴടക്കാന്‍ ഇതില്‍പ്പരമെന്ത് വേണം. ജംതാരയിലെ പ്രചരണറാലി കഴിഞ്ഞ് തിരക്കിട്ട് അടുത്ത യോഗസ്ഥലത്തേക്കെത്താന്‍ ഹെലികോപ്റ്ററിനടുത്തേക്ക് നീങ്ങവേ കല്പന മാതൃഭൂമിയോട് പ്രതികരിച്ചു:
ഈ ആവേശപ്രകടനം പ്രതീക്ഷ പകരുന്നുണ്ടോ?
- തീര്‍ച്ചയായും. ഹേമന്ദ് സോറന്‍ സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ക്കുള്ള അംഗീകാരമാണ് ജനങ്ങള്‍ നല്‍കുന്നത്. അത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും. ഇന്ത്യാ സഖ്യ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും.
ആദിവാസിസ്വത്വം ഇല്ലാതാക്കാന്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ജെ.എം.എം പ്രോത്സാഹിപ്പിക്കുന്നുവെന്ന് ബി.ജെ.പി ആക്ഷേപിക്കുന്നു?
- ഇവിടെ ആദിവാസിപ്രേമം പറയുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മണിപ്പുരില്‍ വേദനയനുഭവിക്കുന്ന ആദിവാസിസമൂഹത്തെ കാണാന്‍ ഇതുവരെ പോയില്ല. ആദിവാസിജനതയുടെ സര്‍ക്കാരാണ് ഝാര്‍ഖണ്ഡിലേത്. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും സ്ത്രീകളും ഈ സര്‍ക്കാരിന്റെ തുടര്‍ച്ചയാഗ്രഹിക്കുന്നു. ആദിവാസികള്‍ക്ക് അവരുടെ സ്വത്വമുറപ്പിക്കാന്‍ സര്‍ന കോഡ് വേണമെന്നാണ് ജെ.എം.എമ്മും ആവശ്യപ്പെടുന്നത്. നുഴഞ്ഞുകയറ്റ ആരോപണമുയര്‍ത്തുന്നത് വര്‍ഗീയധ്രുവീകരണമുണ്ടാക്കി വോട്ടുതട്ടാനാണ്.
ഭരണവിരുദ്ധവികാരമുണ്ടാകില്ലേ?
- ഒരിക്കലുമില്ല. ജനങ്ങള്‍ക്ക് ഇത്രയേറെ ക്ഷേമം ചെയ്ത സര്‍ക്കാരിനോടുള്ള സ്‌നേഹമാണ് ഈ കാണുന്നത്.
ആര്‍ത്തിരമ്പുന്ന ജനക്കൂട്ടത്തെ ഉയര്‍ന്നുപൊങ്ങിയ ഹെലികോപ്റ്ററിനകത്തിരുന്നും കൈവീശി, തൊഴുത് കല്പന പറന്നു, അടുത്ത റാലിസ്ഥലത്തേക്ക്. മൈതാനത്ത് ആവേശമപ്പോഴും അണഞ്ഞിട്ടില്ലായിരുന്നു...........
Content Highlights: How Kalpana Soren has become a magnet for woman tribal voters in Jharkhand