ജനക്ഷേമപദ്ധതികളും സഹതാപതരംഗവും അലയടിച്ചു; വിശാല ഝാര്‍ഖണ്ഡ് പാര്‍ട്ടി പരിവേഷത്തില്‍ ജെ.എം.എം

#സി.പി. ശ്രീഹർഷൻ
വിജയാ​ഹ്ലാദത്തിൽ ഹേമന്ദ് സോറനും സഹപ്രവർത്തകരും  | Photo ://x.com/HemantSorenJMM
വിജയാ​ഹ്ലാദത്തിൽ ഹേമന്ദ് സോറനും സഹപ്രവർത്തകരും | Photo ://x.com/HemantSorenJMM

ന്യൂഡല്‍ഹി: ഝാര്‍ഖണ്ഡില്‍ ജെ.എം.എം നയിക്കുന്ന ഇന്ത്യാസഖ്യത്തെ തുടര്‍ഭരണത്തിലേക്കെത്തിച്ചത് മുഖ്യമായും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സംസ്ഥാനസര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍. ഇതിനൊപ്പം സന്താള്‍ ആദിവാസി നേതാവായ ഹേമന്ദ് സോറന്റെ അറസ്റ്റ് സൃഷ്ടിച്ച സഹതാപതരംഗവും ആദിവാസി ഭൂരിപക്ഷ സംസ്ഥാനമായ ഝാര്‍ഖണ്ഡില്‍ ജെ.എം.എം അനുകൂലതരംഗത്തിന് വഴിയൊരുക്കി. ജെ.എം.എമ്മിന്റെ ശക്തിസ്രോതസ്സായി കണക്കാക്കപ്പെട്ടിരുന്ന ആദിവാസി- മുസ്ലിം ഐക്യം തകര്‍ക്കാന്‍ ബി.ജെ.പി ഉയര്‍ത്തിയ ഘുസ്പൈഠി (ബംഗ്ലാദേശി നുഴഞ്ഞുകയറ്റം) ആരോപണം അവരെ ഒട്ടും തുണച്ചില്ല. ഈ ആരോപണത്തിന്റെ ഗുണഫലം ഏറ്റവുമധികം ബി.ജെ.പി പ്രതീക്ഷിച്ച സന്താള്‍ പര്‍ഗാന മേഖലയിലെ ആകെയുള്ള 18 മണ്ഡലങ്ങളില്‍ 17ഉം ജെ.എം.എം സഖ്യം നേടി. നുഴഞ്ഞുകയറ്റത്തിന്റെ പ്രഭവകേന്ദ്രമായി ബി.ജെ.പി ചൂണ്ടിക്കാട്ടിയ സാഹിബ്ഗഞ്ച് ഉള്‍പ്പെട്ട രാജ്മഹല്‍ മണ്ഡലവും അവരെ കൈവിട്ടു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. ആദിവാസി- ആദിവാസിയിതര വോട്ടുബാങ്ക് വിഭജനം മനസില്‍കണ്ട്് ഹരിയാന മോഡലില്‍ ആവിഷ്‌കരിച്ച ബി.ജെ.പിയുടെ മൈക്രോമാനേജ്മെന്റ് പ്രചരണതന്ത്രവും വിജയിച്ചില്ല. 

സാന്താള്‍ പര്‍ഗാനയിലും സിങ് ഭൂം അടക്കമുള്ള കോല്‍ ഹാന്‍ മേഖലയിലും ആദിവാസികളും മുസ്ലിങ്ങളടക്കമുള്ള മതന്യൂനപക്ഷങ്ങളും തമ്മിലെ ഇഴയടുപ്പം ശക്തമാണ്. ഇത് തിരിച്ചറിയുന്ന പ്രാദേശിക എന്‍.ഡി.എ നേതാക്കള്‍ പറയാന്‍ മടിച്ച ആരോപണമാണ് വോട്ട് ധ്രുവീകരണം മനസ്സില്‍ കണ്ട് സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചുമതലകള്‍ക്ക് ചുക്കാന്‍ പിടിച്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ അടക്കമുള്ളവര്‍ കത്തിച്ചത്. ജല്‍, ജംഗല്‍, ജമീന്‍ എന്ന ആദിവാസി സ്വത്വമുദ്രാവാക്യത്തെ മറികടക്കാന്‍ റോട്ടി, മാട്ടി, ബോട്ടി മുദ്രാവാക്യം കത്തിച്ച ബി.ജെ.പിക്ക് പാളി.

ഹേമന്ദ് സോറന്റെ പത്നി കല്‍പ്പന സോറന്‍ തിരഞ്ഞെടുപ്പുറാലികളിലുണ്ടാക്കിയ ഓളവും ഇന്ത്യാസഖ്യത്തിന്റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. 60 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സൗജന്യമായി ലഭ്യമാക്കുന്ന മയ്യാ സമ്മാന്‍ യോജന, വൈദ്യുതിബില്ലുകളിന്മേലുള്ള വന്‍കുടിശ്ശികത്തുകകള്‍ ഇളവ് ചെയ്തുനല്‍കല്‍, 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കല്‍, കാര്‍ഷിക വായ്പായിളവ് എന്നിവ വന്‍തോതില്‍ കൈയടി നേടിയ പദ്ധതികളായി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഹേമന്ദ് സോറന്‍, ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും അധികാരമേറ്റ ശേഷം നടപ്പാക്കിയ പദ്ധതികളാണിവ. സ്ത്രീവോട്ടര്‍മാരെ വളരെയധികം ആകര്‍ഷിക്കാന്‍ ഈ പദ്ധതികള്‍ക്കായി. ഝാര്‍ഖണ്ഡ് സംസ്ഥാനം രൂപീകൃതമായ ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പോളിങ് ശതമാനം ഇത്തവണ രേഖപ്പെടുത്തിയത് തന്നെ തരംഗത്തിന്റെ സൂചന നല്‍കുന്നതായിരുന്നു.

സന്താള്‍ പര്‍ഗാന, നോര്‍ത്ത് ഛോട്ടാനാഗ്പൂര്‍, സൗത്ത് ഛോട്ടാനാഗ്പൂര്‍, പലാമു, കോല്‍ഹാന്‍ എന്നീ അഞ്ച് ഡിവിഷനുകളിലും മുന്നേറ്റമുണ്ടാക്കാന്‍ ഇന്ത്യാസഖ്യത്തിന് സാധിച്ചതാണ് പ്രവചനങ്ങളെ പോലും കാറ്റില്‍പറത്തിയുള്ള നേട്ടത്തിലേക്ക് അവരെ എത്തിച്ചത്. ഛോട്ടാനാഗ്പൂര്‍ മേഖലകളില്‍ ബി.ജെ.പിക്ക് മേല്‍ക്കൈയുണ്ടെങ്കിലും പ്രതീക്ഷിച്ച വിജയമുണ്ടായില്ല. ഇവിടെ പ്രധാനമായും കോണ്‍ഗ്രസാണ് നേട്ടമുണ്ടാക്കിയതെങ്കിലും പിന്നില്‍ ജെ.എം.എമ്മിന്റെ സംഘടനാമികവ് തന്നെയെന്നാണ് വിലയിരുത്തല്‍. ഈ തിരഞ്ഞെടുപ്പിലൂടെ ജെ.എം.എമ്മിനെ സന്താള്‍ ആദിവാസി പാര്‍ട്ടിയെന്ന ഇമേജില്‍ നിന്ന് വിശാല ഝാര്‍ഖണ്ഡ് സ്വത്വം പേറുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് വളര്‍ത്തിയെടുക്കാനും ഹേമന്ദ് സോറന് സാധിച്ചിരിക്കുന്നു.

44 ശതമാനത്തിലേറെ വോട്ടുകളും ഇന്ത്യാസഖ്യം കരസ്ഥമാക്കിയപ്പോള്‍ എന്‍.ഡി.എയ്ക്ക് 39 ശതമാനമാണ് നേടാനായത്. ജെ.എം.എം തനിച്ച് 23 ശതമാനത്തിലധികം വോട്ട് നേടി. ഇന്ത്യാസഖ്യത്തില്‍ മത്സരിച്ച ആറ് സീറ്റുകളില്‍ അഞ്ചിലും വിജയിച്ച ആര്‍.ജെ.ഡി അദ്ഭുതം സൃഷ്ടിച്ചപ്പോള്‍ മറ്റൊരു സഖ്യകക്ഷിയായ സി.പി.ഐ.എം.എല്‍ നാലിടത്ത് മത്സരിച്ച് രണ്ടിടത്ത് വിജയിച്ചു. കഴിഞ്ഞ തവണ ഓരോ സീറ്റ് വീതമാണ് ഇരുപാര്‍ട്ടികളും നേടിയിരുന്നത്.
   
ചംപായ് വിജയിച്ചു, പക്ഷേ

കോല്‍ഹാന്‍ മേഖലയില്‍ പെട്ട സെരായ്കെല്ലയില്‍ ചംപായ് സോറന്‍ ബി.ജെ.പി ടിക്കറ്റില്‍ വിജയിച്ചെങ്കിലും ചംപയ് ജെ.എം.എം വിട്ട് ബി.ജെ.പിയിലെത്തിയത് അവരെ മേഖലയില്‍ കാര്യമായി തുണച്ചില്ല. സെരായ്കെല്ലയുടെ ചുറ്റുമുള്ള മണ്ഡലങ്ങളെല്ലാം ജെ.എം.എം പിടിച്ചു. ചംപയുടെ മകന്‍ ബാബുലാല്‍ സോറന്‍ ഖട്ശിലയില്‍ പരാജയപ്പെട്ടു.

കോല്‍ഹാന്‍ മേഖലയിലെ 14ല്‍ പത്തിലും വിജയിച്ചത് ഇന്ത്യാസഖ്യമാണ്. അതുപോലെ വടക്കന്‍ ഛോട്ടാനാഗ്പൂരില്‍ മുന്‍മുഖ്യമന്ത്രി ബാബുലാല്‍ മറാണ്ടിയുടെ സ്വീകാര്യതയും ബി.ജെ.പിക്ക് കാര്യമായി പ്രയോജനപ്പെടുത്താനായില്ലെന്ന് ഫലം വ്യക്തമാക്കുന്നു.  

കല്‍പ്പന സോറന്‍ തരംഗം

ഹേമന്ദ് സോറന്‍ കഴിഞ്ഞ ജനുവരിയില്‍ അറസ്റ്റിലായ ശേഷം മാത്രം രാഷ്ട്രീയത്തിലിറങ്ങിയ കല്‍പ്പന സോറന്‍ നോര്‍ത്ത് ഛോട്ടാനാഗ്പൂരിലെ ഗാന്തെ സീറ്റില്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് ആദ്യമായി നിയമസഭയിലെത്തിയത്. ഹേമന്ദിനനുകൂലമായ സഹതാപതരംഗം വളര്‍ത്തുന്നതില്‍ കല്‍പ്പന ഏറ്റെടുത്ത പ്രചരണം വന്‍തോതില്‍ ഫലിച്ചു. പിന്നീട് ഹേമന്ദ് സോറന്‍ വീണ്ടും മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ക്ക് ഇത്തവണത്തെ തിരഞ്ഞെടുപ്പുറാലികളില്‍ വന്‍തോതില്‍ പ്രചാരമുണ്ടാക്കിക്കൊടുത്തത് കല്‍പ്പനയുടെ പ്രസംഗങ്ങളാണ്. ഝാര്‍ഖണ്ഡിലെ വിജയത്തിളക്കത്തില്‍ കല്‍പ്പനയുടെ പങ്ക് അവഗണിക്കാനാവില്ലെന്ന് ബി.ജെ.പിയും തിരിച്ചറിയുന്നു.

200-ലധികം റാലികളിലാണ് ഈ തിരഞ്ഞെടുപ്പില്‍ കല്‍പ്പന പ്രചരണത്തിനിറങ്ങിയത്. പല മണ്ഡലങ്ങളിലും അവര്‍ക്കായി ഇന്ത്യാസഖ്യ സ്ഥാനാര്‍ഥികള്‍ അങ്ങോട്ടാവശ്യപ്പെട്ടു. അതുകൊണ്ടുതന്നെ സ്വന്തം മണ്ഡലമായ ഗാന്തെയില്‍ കൂടുതല്‍ പ്രചരണത്തിനിറങ്ങാന്‍ അവര്‍ക്കായില്ല. ഇതവര്‍ക്ക് വിനയായില്ലെങ്കിലും വോട്ടെണ്ണലിന്റെ ആദ്യ റൗണ്ടുകളില്‍ എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയിലെ മുനിയദേവി തുടര്‍ച്ചയായി ലീഡ് നിലനിര്‍ത്തിയത് കല്‍പ്പനയെ മുള്‍മുനയില്‍ നിര്‍ത്തി.

മുസ്ലിംവോട്ടര്‍മാര്‍ നല്ലതോതിലുള്ള മണ്ഡലത്തില്‍ സിറ്റിങ് എം.എല്‍.എയായ ഡോ.സര്‍ഫറസ് അഹമ്മദിനെ രാജിവയ്പിച്ചാണ് കല്‍പ്പന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഇത് പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തില്‍ അതൃപ്തി സൃഷ്ടിച്ചിരുന്നു.

'വില്ല'നായി ക്രാന്തികാരി മോര്‍ച്ച

ആദിവാസിയിതര പിന്നാക്കവിഭാഗങ്ങളില്‍ പ്രമുഖമായ മഹാതോ വിഭാഗത്തെ അനുകൂലമാക്കിയെടുക്കാന്‍ ബി.ജെ.പിക്ക് സാധിക്കാതായത് ഝാര്‍ഖണ്ഡ് ലോക് താന്ത്രിക് ക്രാന്തികാരി മോര്‍ച്ചയുടെ സാന്നിധ്യം. ഝാര്‍ഖണ്ഡിലെ വളര്‍ന്നുവരുന്ന യുവനേതാവായ ടൈഗര്‍ എന്ന് വിളിപ്പേരുള്ള ജയറാം മഹാതോയുടെ പാര്‍ട്ടി ഒരിടത്ത് മാത്രമാണ് വിജയിച്ചതെങ്കിലും എന്‍.ഡി.എയ്ക്ക് പലേടത്തും വില്ലനായി മാറിയത് ഇവരാണ്.

ധുംരി സീറ്റിലാണ് ജയറാം മഹാതോ വിജയിച്ചത്. ക്രാന്തികാരിമോര്‍ച്ചയുടെ സാന്നിധ്യം തിരിച്ചടിയായത്് പ്രധാനമായും ബി.ജെ.പി സഖ്യകക്ഷിയായ ആള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനാണ്. 10 സീറ്റുകളില്‍ മത്സരിച്ച അവര്‍ ഒമ്പതിടത്തും പരാജയപ്പെട്ടു.
     

Content Highlights: Jharkhand`s JMM-led alliance secured a second term