ഝാർഖണ്ഡിൽ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്; 43 മണ്ഡലങ്ങൾ ബൂത്തിലേക്ക്

റാഞ്ചി: വീറും വാശിയും നിറഞ്ഞ പ്രചാരണത്തിനൊടുവിൽ ഝാർഖണ്ഡിലെ ആദ്യഘട്ടവോട്ടെടുപ്പ് ബുധനാഴ്ച. 43 മണ്ഡലങ്ങൾ വിധിയെഴുതും. അഞ്ച് സംസ്ഥാന മന്ത്രിമാരടക്കം മൊത്തം 683 സ്ഥാനാർഥികളാണ് കളത്തിലുള്ളത്. ഏറ്റവും ശ്രദ്ധേയ മണ്ഡലം മുൻ മുഖ്യമന്ത്രി ചംപായ് സോറൻ മത്സരിക്കുന്ന സെരായ്‌കെല ആണ്. മുഖ്യമന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാൻ നിർബന്ധിതനായതിനെത്തുടർന്ന് ജെ.എം.എം.വിട്ട ചംപായ് ഇത്തവണ സെരായ്‌കെലയിൽ ബി.ജെ.പി. സ്ഥാനാർഥിയായാണ് രംഗപ്രവേശം ചെയ്തത്. ചംപായിയെ എതിരിടുന്നത് കഴിഞ്ഞതവണ അദ്ദേഹത്തിനെതിരേ ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച ഗണേശ് മഹാലിയാണെന്ന പ്രത്യേകതയുമുണ്ട്.
ചംപായ്‌യുടെ മകൻ ബാബുലാൽ സോറൻ തൊട്ടടുത്തുള്ള ഘട്ശില മണ്ഡലത്തിൽ ജനവിധി തേടുന്നുണ്ട്. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീര മുണ്ട, മറ്റൊരു മുൻ മുഖ്യമന്ത്രി രഘുബർദാസിൻറെ മരുമകൾ പൂർണിമ സാഹു എന്നിവരും ബി.ജെ.പി. സ്ഥാനാർഥികളായി ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നു. മീര മുണ്ട പോട്കയിലും പൂർണിമ ജംഷേദ്പുർ ഈസ്റ്റിലുമാണ് മത്സരിക്കുന്നത്.
20 ആദിവാസി സംവരണ മണ്ഡലങ്ങളും ആറ് പട്ടികജാതി സംവരണ മണ്ഡലങ്ങളും 17 പൊതുമണ്ഡലങ്ങളുമാണ് ബുധനാഴ്ച പോളിങ് ബൂത്തിലേക്ക് കടക്കുന്നത്. ഇതിൽ കോലാൻ പ്രവിശ്യയിലെ 14 മണ്ഡലങ്ങളാണ് നിർണായകം. കഴിഞ്ഞതവണ 14-ൽ 11-ഉം നേടിയത് ജെ.എം.എം. ആണ്. രണ്ടാംഘട്ട പോളിങ് 38 മണ്ഡലങ്ങളിൽ 20-ന് നടക്കും.
Content Highlights: first phase of voting in Jharkhand is on Wednesday