ഝാര്‍ഖണ്ഡില്‍ പിണങ്ങി സി.പി.എമ്മും സി.പി.ഐ.യും; ഇന്ത്യ മുന്നണിയിലുമില്ല

'ഞങ്ങള്‍ പണ്ട് കോണ്‍ഗ്രസിന് വോട്ട് ചെയ്തതാണ്. പക്ഷേ 24 കൊല്ലമായി സര്‍ന കോഡ് ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഭൂമിയില്ല. അന്യര്‍ വന്ന് കൈയേറുന്നു, ഈ നാട് '- കാതില്‍ നീണ്ട കടുക്കനിട്ട, കഴുത്തില്‍ അരിവാള്‍ ചുറ്റികനക്ഷത്രചിഹ്നം പതിപ്പിച്ച ചുവന്ന ഷാള്‍ പുതച്ച, 64 വയസ്സുള്ള സിദ്‌നെ ഒറാവോന്‍ എന്ന ആദിവാസിക്കാരന്‍ പറഞ്ഞു. പ്രദേശത്തെ ആദിവാസികളുടേതായ സാദ്രി ഭാഷയിലാണ് സംസാരം. സാദ്രിയും നാഗ്പുരിയും ഇവിടെ ആളുകള്‍ സംസാരിക്കും. ഹിന്ദിയുമായി വിദൂരസാമ്യം മാത്രം.
ഉച്ചയ്ക്ക് രണ്ടുമണിക്ക് റാഞ്ചി പട്ടണത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയുള്ള മാണ്ടര്‍ എന്ന ആദിവാസിഗ്രാമത്തിലെ സൊസായ് കോളേജ് മൈതാനത്ത് സിദ്‌നെ അടക്കം പത്തിരുന്നൂറ്റിയമ്പതോളം പേര്‍ കാത്തുനില്‍ക്കുകയാണ്.
സി.പി.എമ്മിന്റെ തിരഞ്ഞെടുപ്പ് റാലിയെ സംബോധന ചെയ്യാനായി ഇവിടേക്ക് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ഏതാനും നിമിഷങ്ങള്‍ക്കകം എത്തുമെന്നാണ് അറിയിപ്പ്. നീണ്ടുകിടക്കുന്ന പാടങ്ങളും പിറകില്‍ മരക്കൂട്ടങ്ങളും ഇടയ്ക്കിടെ തുരുത്ത് പോലെ റോഡരികില്‍ ആഴ്ചച്ചന്തകളും ചെറുകടകളും സ്‌കൂളുകളുമൊക്കെയുള്ള വീഥി കടന്ന് മാണ്ടറില്‍ വൃന്ദയും മറ്റ് സി.പി.എം നേതാക്കളുമെത്തുമ്പോള്‍ രണ്ട് മണി പിന്നിട്ടു.
ഒറാവോന്‍ സമുദായക്കാര്‍ പ്രബലമാണിവിടെ. പിന്നെ മുണ്ട വിഭാഗക്കാരാണ്. ഛോട്ടാനാഗ്പൂര്‍ പ്രവിശ്യയുടെ ഭാഗമായി വരുമിത്. ഇവിടെയടക്കം ഒമ്പത് മണ്ഡലങ്ങളില്‍ ഝാര്‍ഖണ്ഡ് സംസ്ഥാനത്ത് സി.പി.എം മത്സരിക്കുന്നുണ്ട്. സിദ്‌നെ ഒറാവോന്‍ തന്റെ ഒറാവോന്‍ എന്ന സ്വത്വത്തെ അഭിമാനത്തോടെയാണ് വിളിച്ചുപറയുന്നത്. മാണ്ടറും ബഹറാകോഡയും സി.പി.എം വലിയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളാണ്. വിജയിച്ചില്ലെങ്കിലും നല്ല മത്സരം കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷ അവര്‍ക്കുണ്ട്. കാരണം ഭൂമിപ്രശ്‌നത്തിനായി ശക്തമായ പോരാട്ടം അവരേറ്റെടുത്ത് നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമായവരുടെ പങ്കാളിത്തമാണ് നേര്‍ത്ത ശീതക്കാറ്റ് വീശുന്ന ഉച്ചനേരത്തെ ആ ചെറുതല്ലാത്ത ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞത്.
ജല്‍, ജംഗല്‍, ജമീന്‍ എന്നാണ് ഇവിടത്തുകാരുടെ മുദ്രാവാക്യം. ആദിവാസികള്‍ക്കായി പ്രത്യേക മതവും ജീവിത, ആചാരക്രമങ്ങളും നിയമപരമായി അനുവദിച്ചുകിട്ടണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. അതാണ് സര്‍ന കോഡ് എന്നത് കൊണ്ടുദ്ദേശിക്കുന്നത്. അവിഭക്ത ബിഹാറിന്റെ കാലം മുതല്‍ക്കു തന്നെ ഈയാവശ്യമുണ്ട്. പക്ഷേ നടന്നിട്ടില്ല ഇതുവരെ.
'24 വര്‍ഷമായി സര്‍ന കോഡ് കിട്ടുമെന്ന വാഗ്ദാനം മുഴങ്ങുന്നു. ഇതുവരേക്കുമില്ല'- സിദ്‌നെ ഒറാവോന്‍ പരിഭവിച്ചു. ഭൂസമരങ്ങളടക്കം ഏറ്റെടുക്കുമ്പോള്‍ സി.പി.എം സര്‍ന കോഡിനായുള്ള മുദ്രാവാക്യവും മുഴക്കുന്നതാണ് സിദ്‌നെ അടക്കമുള്ള ആദിവാസിജനതയെ ഈ പാര്‍ട്ടിയിലേക്കാകര്‍ഷിച്ചിരിക്കുന്നത്. മാണ്ടര്‍ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ഥി ഡോ. കീര്‍ത്തിസിങ് മുണ്ട എന്ന ആദിവാസി യുവതിയാണ്. പി.എച്ച്.ഡി ബിരുദധാരി. 'ഞങ്ങള്‍ക്ക് പരിമിതികളുണ്ട്. പണം വാരിയെറിയുകയാണ് മറ്റുള്ളവര്‍. കോര്‍പ്പറേറ്റ് പിന്തുണ ആവോളം. ഈ വെല്ലുവിളികളെ മറികടന്ന് വേണം മുന്നോട്ട് പോകാന്‍ '- ഝാര്‍ഖണ്ഡിന്റെ ചുമതലയുള്ള സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് മാതൃഭൂമിയോട് പറഞ്ഞു.
ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി ചര്‍ച്ചയ്ക്ക് പോലും സി.പി.എമ്മിനെയോ സി.പി.ഐയെയോ ക്ഷണിച്ചിട്ടില്ല ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും. അതുകൊണ്ട് ഇരുപാര്‍ട്ടികളും ഇന്ത്യാസഖ്യ നേതൃത്വവുമായി പിണക്കത്തിലാണ്. പക്ഷേ, ഇന്ത്യാസഖ്യവുമായി പിണങ്ങി നില്‍ക്കുമ്പോഴും ഇടതുപക്ഷ ഐക്യം സാധിച്ചെടുക്കുന്നതിലും ഇവര്‍ വിജയിച്ചിട്ടില്ല. സി.പി.ഐ.എം.എല്‍ പാര്‍ട്ടി ഇന്ത്യാസഖ്യത്തിന്റെ ഭാഗമായി 4 സീറ്റുകളില്‍ മത്സരിക്കുന്നു. സി.പി.ഐക്കും സി.പി.എമ്മിനും ഒരുമിച്ചൊരു സീറ്റ് ധാരണയിലെത്താനായിട്ടുമില്ല. ആകെയുണ്ടാക്കിയ ധാരണ, ഇരുകൂട്ടരും അവരവരുടെ പാര്‍ട്ടി മത്സരിക്കുന്നിടത്ത് മത്സരിക്കില്ല എന്ന് മാത്രം. ഛത്ര മണ്ഡലത്തില്‍ പക്ഷേ അതും നടന്നില്ല. അതിനാല്‍ ഇവിടെ സി.പി.എമ്മിനും സി.പി.ഐക്കും സ്ഥാനാര്‍ഥികളുണ്ട്. സി.പി.ഐ 11 മണ്ഡലങ്ങളിലാണ് തനിച്ച് മത്സരിക്കുന്നത്.
'ഞങ്ങള്‍ പലതവണ സി.പി.ഐയുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചതാണ്. അവര്‍ വഴങ്ങിയില്ല. ഞാന്‍ നേരിട്ട് സി.പി.ഐ ഓഫീസിലെത്തി സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. അവര്‍ക്ക് ഞങ്ങളോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ല '- സി.പി.എം സംസ്ഥാന സെക്രട്ടറി പ്രകാശ് വിപ്ലവ് പറഞ്ഞു.
നേരേ തിരിച്ചാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി മഹേന്ദ്ര പഥകിന്റെ പ്രതികരണം. ' അവര്‍ക്ക് സ്വാധീനമില്ലാത്ത മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയെ സ്വയം തീരുമാനിച്ച് ഞങ്ങളോട് സഹകരിക്കാന്‍ പറയുകയാണ്. അത് സാധ്യമല്ല. ഞങ്ങള്‍ സഹകരിക്കാന്‍ തയാറായിരുന്നു. അവര്‍ക്കാണ് ആ മനോഭാവമില്ലാതെ പോയത്. സി.പി.എമ്മിനേക്കാള്‍ സ്വാധീനം ഞങ്ങള്‍ക്കിവിടെയുണ്ട്.' ഏതായാലും ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തണമെന്ന ഇരുപാര്‍ട്ടികളുടെയും രാഷ്ട്രീയനയം ഝാര്‍ഖണ്ഡിന്റെ പ്രായോഗിക രാഷ്ട്രീയ ഇടത്തില്‍ ഇത്തവണയെങ്കിലും നടക്കാത്ത സ്വപ്നമാണ്. സി.പി.എമ്മും സി.പി.ഐയും ഒരുമിക്കാത്തത് പോലെ സി.പി.ഐ.എം.എല്ലും ഇവര്‍ക്കൊപ്പമില്ല. അവര്‍ ഇന്ത്യാസഖ്യത്തിലാണ്.
അതുപോലെ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ വിശാല മതേതര ജനാധിപത്യ ഐക്യമെന്ന സി.പി.എമ്മിന്റെയും സി.പി.ഐയുടെയും രാഷ്ട്രീയ അടവുനയവും ഝാര്‍ഖണ്ഡില്‍ നടപ്പായില്ല. മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ഇന്ത്യാ സഖ്യത്തെ പിന്തുണയ്ക്കുമെന്ന് മാത്രം ഇരുപാര്‍ട്ടി നേതാക്കളും പറഞ്ഞു.
മഹേന്ദ്രപഥകിനെ റാഞ്ചി ഫിരാലാല്‍ ചൗക്കിലെ പാര്‍ട്ടി ആസ്ഥാനത്ത് കണ്ടപ്പോള്‍ ഇന്ത്യാസഖ്യത്തിനെതിരെ അല്പം കടുപ്പിച്ച് വിമര്‍ശിക്കാന്‍ അദ്ദേഹം തയാറായി. 'കോര്‍പ്പറേറ്റുകളുടെ പരിലാളനയിലാണ് ബി.ജെ.പി സഖ്യവും ഇന്ത്യാ സഖ്യവും. അദാനിയും അംബാനിയും ജിന്‍ഡാലുമെല്ലാം ഇരുകൂട്ടര്‍ക്കുമായി കൈകോര്‍ക്കുന്നു'- പഥക് പറഞ്ഞു. ഇവരുടെ പണക്കൊഴുപ്പിനിടയില്‍ തങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാന്‍ പെടാപ്പാട് തന്നെയെന്നാണ് മഹേന്ദ്രപഥകും പ്രകാശ് വിപ്ലവും പറയാതെ പറയുന്നത്.
Content Highlights: cpm cpi india alliance jharkhand