ഝാർഖണ്ഡിൽ ജയിച്ചെങ്കിലും ‘ഇന്ത്യ’ക്കും കോൺഗ്രസിനും ക്ഷീണം

#പ്രകാശൻ പുതിയേട്ടി
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുതോൽവിയെത്തുടർന്ന് പ്രവർത്തകർ ഒഴിഞ്ഞ മുംബൈയിലെ പി.സി.സി. ആസ്ഥാനമായ തിലക്ഭവൻ
മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പുതോൽവിയെത്തുടർന്ന് പ്രവർത്തകർ ഒഴിഞ്ഞ മുംബൈയിലെ പി.സി.സി. ആസ്ഥാനമായ തിലക്ഭവൻ

ന്യൂഡൽഹി: ഝാർഖണ്ഡിൽ വൻജയം നേടിയെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമായ മഹാരാഷ്ട്രയിലെ കനത്ത തോൽവി ദേശീയതലത്തിൽ ‘ഇന്ത്യ’ക്കും കോൺഗ്രസിനുമുണ്ടാക്കുന്നത് വലിയ ക്ഷീണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 99 സീറ്റുകൾ നേടി ഉയിർത്തെഴുന്നേൽപ്പിന്റെയും തിരിച്ചുവരവിന്റെയും സൂചന കാട്ടിയെങ്കിലും തുടർന്ന് നടന്ന തിരഞ്ഞെടുപ്പുകളിലൊന്നിലും നേട്ടം കൊയ്യാനാവാത്തത് ‘ഇന്ത്യ’സഖ്യത്തിലെ പ്രധാനകക്ഷിയെന്ന നിലയിൽ കോൺഗ്രസിന് തിരിച്ചടിയാകുന്നു. ഝാർഖണ്ഡിലാവട്ടെ 30 സീറ്റിൽ മത്സരിച്ച കോൺഗ്രസിന് നേടാനായത് 16 സീറ്റുകൾ. 41 സീറ്റുകളിൽ മത്സരിച്ച ജെ.എം.എം. 34 സീറ്റ് നേടിയതാണ് ഭരണം ഇന്ത്യയ്ക്ക് കിട്ടാൻ കാരണം. ജെ.എം.എമ്മിന്റെ ചിറകിലേറിയാണ് ഇവിടെയും കോൺഗ്രസിന്റെ സഞ്ചാരം. ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുമായി നേരിട്ടേറ്റുമുട്ടിയ ഇടങ്ങളിലും പാർട്ടിക്ക് കാലിടറി. രണ്ടിടങ്ങളിലും താഴെത്തട്ടിലുള്ള ജനങ്ങളുമായി തങ്ങളെ കൂട്ടിയിണക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു.

മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ സീറ്റ് വിലപേശി വാങ്ങിയെങ്കിലും പ്രതീക്ഷയുണ്ടായിരുന്ന വിദർഭ മേഖലയിൽപ്പോലും കാര്യമായ ജനപിന്തുണയാർജിക്കാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിനു ശേഷം ഹരിയാണയിൽ അധികാരത്തിൽ തിരിച്ചെത്താമെന്ന് കരുതിയെങ്കിലും സ്ഥാനാർഥി നിർണയത്തിലെ പാളിച്ചകളും വിമത ശല്യവും സ്വതന്ത്രരുടെ കടന്നുവരവും കോൺഗ്രസിന്റെ തോൽവിക്കിടയാക്കി. ജമ്മു-കശ്മീരിൽ ഇന്ത്യ സഖ്യത്തിന് അധികാരം ലഭിച്ചെങ്കിലും പ്രാദേശികപ്പാർട്ടിയായ നാഷണൽ കോൺഫറൻസിന്റെ കാരുണ്യത്തിലാണ് കോൺഗ്രസിന് ആറു സീറ്റ്‌ ലഭിച്ചത്. അതും 32 സീറ്റിൽ മത്സരിച്ചപ്പോൾ.

ഝാർഖണ്ഡിൽ ഭരണം പിടിക്കാനായില്ലെങ്കിലും 33.25 ശതമാനം വോട്ടുമായി ബി.ജെ.പി.യാണ് ബഹുദൂരം മുന്നിൽ. ജെ.എം.എമ്മിന് 23.23 ശതമാനവും കോൺഗ്രസിന് 15.49 ശതമാനവും വോട്ടാണ് നേടാനായത്.

പതിവുപോലെ തോൽവിക്ക് പല കാരണങ്ങളുണ്ടാവാമെന്നും പഠിക്കുമെന്നും തിരുത്തുമെന്നുമുള്ള പ്രതികരണങ്ങൾ കോൺഗ്രസ് നേതാക്കൾ നടത്തിക്കഴിഞ്ഞു. എന്നാൽ, ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ നേരിടാൻ രാഹുൽ ഗാന്ധിയുടെ ആശയപരമായ പോരാട്ടംമാത്രം മതിയാവില്ലെന്ന് കോൺഗ്രസിനെ ബോധ്യപ്പെടുത്തുന്നതാണ് തിരഞ്ഞെടുപ്പുഫലം. ബി.ജെ.പി.-മോദി വിരുദ്ധ മുദ്രാവാക്യംമാത്രം കൊണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളെ നേരിടാനാവില്ല എന്ന് ആവർത്തിച്ചു പറയുന്നുമുണ്ട് ജനവിധി. സംസ്ഥാന വിഷയങ്ങളും പുതിയ നേതൃത്വത്തെ വാർത്തെടുക്കലും വോട്ടർമാരുടെ വിശ്വാസമാർജിക്കലും പ്രധാനമാണ്.

Content Highlights: jharkhand maharashtra election 2024 analysis india block