കോൺഗ്രസ് സീറ്റ് വാഗ്ദാനംചെയ്തിരുന്നു, തഴഞ്ഞതിൽ നിരാശയുണ്ട്- ടീകാറാം മീണ

ഭയ്യാ... സവായ് മാധേവ്-ടോങിലെ ഖിർനിയിലെ പുര ഗ്രാമത്തിലേക്ക് ബസുണ്ടോ? കേരളത്തിലെ ഒരു മുൻ ഐ.എ.എസ്. ഓഫീസറെ കാണാനാണ്. രാജസ്ഥാൻ ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിങ്ങിനായി ജയ്പുരിലെത്തിയശേഷം ആദ്യ അസൈൻമെന്റിലേക്കുള്ള യാത്രയ്ക്ക് ഹോട്ടലിൽനിന്ന് പുറപ്പെടുന്നതിനുമുമ്പ് റിസപ്ഷനിസ്റ്റിനോടാണ് ആദ്യം വഴിതിരക്കിയത്. ‘‘സവായ് മാധേവ്പുർ അറിയാം. ജയ്‌പുരിൽനിന്ന് 160 കിലോമീറ്റർ അകലെയാണ്. എന്നാൽ, ഖിർനി, പുര ഗ്രാമങ്ങളെക്കുറിച്ച് തിട്ടമില്ല’’ -വിനയത്തോടെ റിസപ്ഷനിസ്റ്റ് മറുപടിനൽകി. ബസ് ബുദ്ധിയല്ലെന്നുതോന്നി നേരേ ജയ്പുർ ടാക്സി സ്റ്റാൻഡിലേക്ക്.
സ്ഥലമറിയില്ലെങ്കിലും വമ്പൻതുക ടാക്സി ചാർജ് പറഞ്ഞ് ടാക്സിക്കാർ ചുറ്റുംകൂടി. കൂട്ടത്തിൽ മാന്യമായൊരു തുകപറഞ്ഞ സത്താൻ ഖാൻ എന്ന അറുപതുകാരനെ വിശ്വസിക്കാൻതോന്നി. ‘സ്ഥലം എനിക്കറിയില്ല. ഗൂഗിൾമാപ്പിട്ട് പോകാം’ -സത്താർ ഭായ്. സമ്മതമെന്ന് ഞാനും. കാണേണ്ടയാളെ വിളിക്കുന്നു. സ്ഥലം ദാ വാട്‌സാപ്പിലെത്തി. ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെ യാത്രതുടങ്ങി.
ഇരുപതുകിലോമീറ്ററോളം പിന്നിട്ടതോടെ കാർ ജയ്‌പുർ നഗരമേഖലവിട്ട് പതിയെ ഗ്രാമത്തിലേക്കു കയറി. ഇരുവശത്തും കണ്ണെത്താദൂരത്തോളം ഗോതമ്പുപാടങ്ങൾ. അവയ്ക്ക് പിന്നിലായി ആരവല്ലി മലനിരകൾ. ഓരോ അഞ്ചുകിലോമീറ്ററിലും ഭൂപ്രകൃതിയുടെ സ്വഭാവംമാറുന്നത് കാണാം.
മരുഭൂമിപ്രദേശങ്ങളും മൊട്ടക്കുന്നുകളും മാറിമാറി തെളിഞ്ഞു. വിളവെടുപ്പുകഴിഞ്ഞ പാടങ്ങളിൽ ഗോതമ്പ് കൂനകൂട്ടിയിട്ടിരിക്കുന്നു. ഗോതമ്പുമാറ്റിയശേഷമുള്ള വൈക്കോൽ മെഷീനുപയോഗിച്ച് പാടത്തുവെച്ചുതന്നെ പൊടിയാക്കുന്നതും കാണാം. ഹരിയാണയിലും പഞ്ചാബിലുമൊക്കെ കാണുന്നപോലെ വിളവെടുപ്പിനുശേഷം കാർഷികാവശിഷ്ടം പാടത്തിട്ടുകത്തിക്കുന്ന പതിവ് രാജസ്ഥാനികൾക്കില്ല. കാർഷികാവശിഷ്ടം മെഷീനുപയോഗിച്ച് പൊടിയാക്കി ചെങ്കൽച്ചൂളകളിലേക്ക് കൊണ്ടുപോകും. അത്തരത്തിൽ കാർഷികാവശിഷ്ടം കയറ്റിപ്പോകുന്ന ലോറികളും ട്രക്കുകളും റോഡിന്റെ അങ്ങോളമിങ്ങോളം കാണാം. ഒപ്പം ചീറിപ്പായുന്ന കാറുകളും. പൊതുഗതാഗതത്തിന് ജീപ്പും ബസുമാണ് രാജസ്ഥാനികൾ ഏറെ ആശ്രയിക്കുന്നത്. രാജസ്ഥാൻ സർക്കാർ ബസിനു മുകളിൽ ഇരുന്നുവരെ യാത്രചെയ്യുന്ന യാത്രികർ, ഹെൽമെറ്റില്ലാതെ മൂന്നും നാലുംപേർ ബൈക്കിൽ സഞ്ചരിക്കുന്നതൊക്കെ സർവസാധാരണം.
ഏകദേശം നൂറ്റമ്പതുകിലോമീറ്ററോളം പിന്നിട്ട കാർ ഗൂഗിൾമാപ്പ് തെളിയിച്ച വഴിയെ ഇടറോഡിലേക്ക് നീങ്ങി. നഗരത്തിലും ഏതു കുഗ്രാമത്തിലും കുണ്ടുംകുഴിയിലുമില്ലാത്ത മികച്ചറോഡുകളുടെ കാര്യത്തിൽ രാജസ്ഥാൻ മാതൃകയാണ്. ജനങ്ങൾ ഓരോ ചെറുഗ്രാമങ്ങളിലുമായി കൂട്ടംകൂട്ടമായാണ് താമസിക്കുന്നത്. മറ്റിടങ്ങൾ കൃഷിക്കായും തരിശുനിലമായും ഒഴിഞ്ഞുകിടക്കും. അരമണിക്കൂറോളം തീരെ ജനവാസമില്ലാത്ത മേഖലയിലൂടെ ഓടിയ കാർ ഒടുവിൽ കിർനി ഗ്രാമത്തിലെത്തി. വൈക്കോൽകൊണ്ടുതീർത്ത വീടുകൾ. പാൻതിന്ന് പല്ലുകൾ ചുവന്ന വളരെ പ്രാകൃതമായ മനുഷ്യർ രാജസ്ഥാന്റെ പരമ്പരാഗതവേഷത്തിൽ ഗ്രാമത്തിലുണ്ട്. ആകെ ഗ്രാമത്തിലുള്ള ഏക ആഡംബരം ഒരു ചന്തമാത്രമാണ്. അവിടെനിന്ന് പിന്നെ വീണ്ടും നീങ്ങിയ കാർ പുര എത്തുംമുമ്പേ നിന്നു. ഗൂഗിൾമാപ്പ് വഴിയറിയാതെ കറങ്ങിനിന്നു. ഇതോടെ ആളുടെ പേരുചോദിച്ചായി പിന്നീടുള്ള യാത്ര. ഒടുവിലെത്തി.
രാജസ്ഥാനിലെ പുര എന്ന തന്റെ കുഞ്ഞുഗ്രാമത്തിൽ കേരളത്തിന്റെ കസവുമുണ്ടുടുത്ത് സാക്ഷാൽ ടീകാ റാം മീണ ഒരു ഒറ്റനിലവീട്ടിൽനിന്ന് പുറത്തേക്കിറങ്ങിവന്നു. ആ ഗ്രാമത്തിലെ ഏക കോൺക്രീറ്റ് കെട്ടിടമാണ് കേരളത്തിന്റെ മുൻ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടീകാ റാം മീണയുടേത്. ഭൂമിയുടെ അറ്റമെന്നോ മറ്റേതോ നൂറ്റാണ്ടിലേക്കോ യാത്രചെയ്തെന്ന് തോന്നിക്കുംവിധമുള്ള ഈ ചെറുഗ്രാമത്തിൽനിന്ന് പഠിച്ച് സിവിൽസർവീസ് നേടിയെന്നത് ടീകാ റാം മീണയുടെ നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് പറയാതെവയ്യ. ജയ്‌പുരിൽ വീടുണ്ടെങ്കിലും കൃഷിയൊക്കെയായി സഹോദരങ്ങൾക്കൊപ്പം മീണ ഇപ്പോൾ പുരയിലാണ്. വീടിനുപിന്നിൽ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന ഗോതമ്പുപാടം കാണാം.
കോൺഗ്രസ് വാക്കുതെറ്റിച്ചു
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഹൈക്കമാൻഡ് തനിക്ക് സീറ്റ് വാഗ്ദാനംചെയ്തിരുന്നെന്നും അവസാനം തഴഞ്ഞതിൽ നിരാശയുണ്ടെന്നും പുരയിലെ വീട്ടിൽവെച്ച് മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ മീണ പറഞ്ഞു. രാഷ്ട്രീയത്തിൽ അവസാനനിമിഷം ഒഴിവാക്കലുകൾ പതിവാണെന്ന് സമാധാനിക്കുന്ന മീണ കോൺഗ്രസ് പ്രചാരണങ്ങളിൽ സജീവമാണ്. അഭിമുഖം ചുവടെ
രാജസ്ഥാനിലെ തിരഞ്ഞെടുപ്പുചൂട് എങ്ങനെ
കടുത്തമത്സരമാണിവിടെ. 25 സീറ്റും നേടുമെന്ന് ബി.ജെ.പി. പറയുന്നുണ്ടെങ്കിലും അത്ര എളുപ്പമാകില്ല. 10 സീറ്റെങ്കിലും കോൺഗ്രസിനുലഭിക്കും. ചുരു, സിക്കർ പോലുള്ള സീറ്റിൽ ഇന്ത്യസഖ്യം ജയിക്കും. ഗ്രാമങ്ങളിൽ ജനങ്ങളുടെ മികച്ചപിന്തുണയുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനേറ്റ തിരിച്ചടിക്കുകാരണം
കോൺഗ്രസ് തുടർഭരണത്തിന് എല്ലാ സാധ്യതയുമുണ്ടായിരുന്നു. എന്നാൽ, ജാതി-മത സമവാക്യമുയർത്തി വോട്ടുതേടുന്ന തുറുപ്പുചീട്ട് രാജസ്ഥാനിലും ബി.ജെ.പി. ഇറക്കി. ഫലത്തിൽ 30 സീറ്റിൽ കോൺഗ്രസ് പിന്നിലായി.
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് എന്നതിനെപ്പറ്റി എന്താണ് അഭിപ്രായം
ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ് ഒരു ആശയമാണ്. ചെലവുകുറയ്ക്കാമെന്നതല്ലാതെ ഇന്ത്യപോലുള്ള ജനാധിപത്യരാജ്യത്ത് അത് നടപ്പാക്കാൻ പ്രായോഗിക പ്രയാസങ്ങളുണ്ട്. രാഷ്ട്രീയപ്പാർട്ടികളോടും ജനങ്ങളോടും അഭിപ്രായംതേടണം. ഇത് സംസ്ഥാനവികസനത്തെയും രാജ്യത്തിന്റെ പ്രവർത്തനത്തെയും ബാധിക്കും.
വോട്ടിങ് യന്ത്രങ്ങളെ പലരും സംശയിക്കുന്നു. ബാലറ്റിലേക്ക് മടങ്ങണോ
ഇലക്‌ട്രോണിക് വോട്ടിങ് മെഷീനിൽ ക്രമക്കേടുണ്ടെന്ന ആരോപണത്തിൽ കഴമ്പില്ല. സുപ്രീംകോടതി ഉൾപ്പെടെ വിഷയം പലതവണ തള്ളിയതാണ്. എന്നാൽ, ബാലറ്റിലേക്കുമടങ്ങണമെന്ന് എല്ലാ രാഷ്ട്രീയപ്പാർട്ടികളും ആവശ്യപ്പെട്ടാൽ അത് നടപ്പാക്കണം.
തിരഞ്ഞെടുപ്പ് കമ്മിഷണർമാരെ തിരഞ്ഞെടുക്കുന്നതിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് ശരിയോ
സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതും തിരഞ്ഞെടുപ്പിന് ദിവസങ്ങൾമാത്രം ബാക്കിനിൽക്കെ തിരഞ്ഞെടുപ്പ് കമ്മിഷണർ രാജിവെച്ചതും തികച്ചും ദൗർഭാഗ്യകരമാണ്. ഇഷ്ടക്കാരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ തിരുകിക്കയറ്റാനുള്ള ബി.ജെ.പി.യുടെ ശ്രമമാണിത്. ഭരണകൂടസംവിധാനങ്ങളെ അട്ടിമറിച്ച് ജനാധിപത്യം അപകടത്തിലാക്കുകയാണ് അവർ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രവർത്തനം സ്വതന്ത്രമല്ലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
വയനാട്ടിൽ ഇന്ത്യസഖ്യത്തിലെ അംഗങ്ങൾ പരസ്പരം മത്സരിക്കുന്നതിനെപ്പറ്റി
ഇന്ത്യസഖ്യമുണ്ടാക്കിയ രാഹുൽഗാന്ധിയും ആനിരാജയും വയനാട്ടിൽ മത്സരിക്കുന്നത് വിചിത്രമാണ്. ജനങ്ങളോട് എങ്ങനെ വോട്ടുചോദിക്കും. എന്നാൽ, അവരുടെ പാർട്ടി തീരുമാനത്തെ ചോദ്യംചെയ്യാനില്ല.
കേരളത്തിലേക്ക് മടങ്ങുമോ
കേരളം ശരിക്കും മിസ് ചെയ്യാറുണ്ട്. വിരമിച്ചശേഷം രണ്ടുതവണ പോയിരുന്നു. ഇപ്പോൾ ആരോഗ്യം അനുവദിക്കുന്നില്ല. സാമൂഹികമാധ്യമങ്ങളിലൂടെയുംമറ്റും മലയാളികൾ കൂടെയുണ്ട്. ജയ്‌പുരിൽ ലൈബ്രറിയും പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്കായി സ്കൂളും തുടങ്ങണമെന്നാണ് ആഗ്രഹം.
Content Highlights: Former Chief Electoral Officer of Kerala, Now Congress Rajasthan leader Teeka Ram Meena Interview