രാജസ്ഥാന്‍ മരുഭൂമിയില്‍ തൂത്തുവാരല്‍ തുടരാന്‍ ബി.ജെ.പി; അത്ഭുതം കാട്ടുമോ കോണ്‍ഗ്രസ്

മരുഭൂമിയില്‍നിന്ന് വീശിയടിക്കുന്ന ഉഷ്ണക്കാറ്റുപോലെ വരണ്ടതല്ല രാജസ്ഥാന്‍ രാഷ്ട്രീയം. ബി.ജെ.പി.യും കോണ്‍ഗ്രസും നേരിട്ടേറ്റുമുട്ടുന്ന സംസ്ഥാനം ഇന്ത്യ സഖ്യത്തിനും എന്‍.ഡി.എ.ക്കും പ്രധാനമാണ്. 2019-ല്‍ 25 സീറ്റുകളില്‍ ഒരെണ്ണം പോലും എതിര്‍പക്ഷത്തിനു വിട്ടുകൊടുക്കാതെ ബി.ജെ.പി. കൈയടക്കിയ സംസ്ഥാനത്ത് കേന്ദ്ര, സംസ്ഥാന ഭരണങ്ങളുടെ ഇരട്ടയന്ത്രങ്ങള്‍ നല്‍കുന്ന ആത്മവിശ്വാസവുമായാണ് അവര്‍ പോരിനിറങ്ങുന്നത്. പടലപ്പിണക്കങ്ങള്‍ താത്കാലികമായി ഒതുക്കിയെന്ന പ്രതീതിയുമായി കളത്തിലിറങ്ങുന്ന കോണ്‍ഗ്രസും പ്രതീക്ഷയിലാണ്.
ജാതി-ഉപജാതി രാഷ്ട്രീയം
ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ ഒമ്പതാം സ്ഥാനത്തുള്ള രാജസ്ഥാന്റെ രാഷ്ട്രീയം നിശ്ചയിക്കുന്നത് ജാതിസമവാക്യങ്ങള്‍ കൂടിയാണ്. ജനസംഖ്യയിലെ 88.8 ശതമാനവും ഹിന്ദുക്കളാണ്. 8.5 ശതമാനം മുസ്ലിങ്ങള്‍, 1.2 ശതമാനം ജൈനന്മാര്‍, 1.4 ശതമാനം സിഖുകാര്‍. ഇതിനു പുറമേ വിഭജനകാലത്ത് കുടിയേറിയ സിന്ധികളുമുണ്ട്. ജാട്ട്, രജപുത്രര്‍, മീണ, ഗുജ്ജര്‍ എന്നിവയാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കുന്ന പ്രബല സമുദായങ്ങള്‍. ഇതില്‍ അംഗബലം കൂടുതല്‍ കാര്‍ഷികമേഖലയുടെ പ്രാതിനിധ്യം പേറുന്ന ജാട്ട് സമുദായത്തിനാണ്. രണ്ടാമതൊരു കര്‍ഷകസമരം രാജ്യത്ത് പുകയുന്നതിനിടെ രാജസ്ഥാനിലെ പത്തുശതമാനത്തിലേറെ വോട്ടര്‍മാരുള്‍പ്പെടുന്ന ജാട്ട് സമുദായം ബി.ജെ.പി.ക്കെതിരേ ജനവിധിയെഴുതുമോയെന്നാണ് ചോദ്യം. എന്നാല്‍, കര്‍ഷകസമരം പഞ്ചാബിനും ഹരിയാണയ്ക്കും പുറത്ത് മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ ഇക്കുറി കാര്യമായി സ്വാധീനിച്ചിട്ടില്ല എന്നതിനാല്‍ ബി.ജെ.പി.ക്ക് കടുത്ത ആശങ്കയ്ക്കു വഴിയില്ലെന്ന് രാഷ്ട്രീയനിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.
കര്‍ഷകസമരംതന്നെയാണ് ഇന്ത്യ സഖ്യം ബി.ജെ.പി.ക്കെതിരേ രാജസ്ഥാനില്‍ ഉയര്‍ത്തുന്ന പ്രധാന ചുവപ്പുകാര്‍ഡ്. കര്‍ഷകസമരത്തില്‍ ചാഞ്ചാടിനില്‍ക്കുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍.എല്‍.പി.) കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും തെക്കന്‍ രാജസ്ഥാനില്‍ ഭാരത് ആദിവാസി പാര്‍ട്ടിയുമായി (ബി.എ.പി.) കോണ്‍ഗ്രസിന്റെ സഖ്യത്തിനുള്ള സാധ്യത മങ്ങിയിരിക്കുകയാണ്.
പിണക്കങ്ങളും ഇണക്കങ്ങളും
പാര്‍ട്ടികള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളും ഗ്രൂപ്പുയുദ്ധങ്ങളുമാണ് രാജസ്ഥാനില്‍ മുന്നണികളുടെ തലവേദന. കോണ്‍ഗ്രസില്‍ മുതിര്‍ന്ന നേതാവായ അശോക് ഗഹ്ലോതും യുവനേതാവായ സച്ചിന്‍ പൈലറ്റും തമ്മില്‍ കസേരത്തര്‍ക്കം, ബി.ജെ.പി.യില്‍ മുഖ്യമന്ത്രിക്കസേരയ്ക്കായി വസുന്ധര രാജെ ഒരുഭാഗത്തും നാല് നേതാക്കള്‍ മറുഭാഗത്തുമായി പോര്.
കേന്ദ്രനേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ബി.ജെ.പി.യിലെ തമ്മിലടി തത്കാലം ശമിച്ചെങ്കിലും കനലുകള്‍ നീറിക്കിടപ്പാണ്. പക്ഷേ, തത്കാലം പൂട്ടിവെച്ച പോര്‍വിളികള്‍ തിരഞ്ഞെടുപ്പ് അടുക്കുേമ്പാള്‍ പാര്‍ട്ടിയിലെ ഗ്രൂപ്പുകള്‍ പുറത്തെടുക്കില്ല എന്നുറപ്പില്ല. വസുന്ധരയും അനുയായികളും പാര്‍ട്ടിയില്‍ തുരങ്കമുണ്ടാക്കാനിറങ്ങിയാല്‍ 2019 ആവര്‍ത്തിക്കാന്‍ ബി.ജെ.പി.ക്കു പ്രയാസപ്പെടേണ്ടിവരും.
കോണ്‍ഗ്രസില്‍ ഗഹ്ലോത്-സച്ചിന്‍ പോര് തുടരുകയാണ്. ഇതിന്റെ ലക്ഷണങ്ങളാണ് ബി.ജെ.പി.യിലേക്കുള്ള കൊഴിഞ്ഞുപോക്കില്‍ പ്രകടമാകുന്നത്. മുന്‍മന്ത്രിമാരായ രാജേന്ദ്ര യാദവും ലാല്‍ ചന്ദ് കട്ടാരിയയും ഉള്‍പ്പെടെ രാജസ്ഥാനിലെ ചില നേതാക്കള്‍ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി.യില്‍ ചേര്‍ന്നു.
മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ.മാരായ റിച്ച്പാല്‍ മിര്‍ധ, വിജയ്പാല്‍ മിര്‍ധ, ഖിലാഡി ബൈര്‍വ, മുന്‍ സ്വതന്ത്ര എം.എല്‍.എ. അലോക് ബെനിവാള്‍, മുന്‍ സംസ്ഥാന കോണ്‍ഗ്രസ് മേധാവി സുരേഷ് ചൗധരി, രാംപാല്‍ ശര്‍മ, റിജു ജുന്‍ജുന്‍വാല തുടങ്ങിയ നേതാക്കളും മറുകണ്ടം ചാടി. പ്രശ്‌നപരിഹാരത്തിന് ഇടപെടേണ്ട ഗഹ്ലോതാകട്ടെ മകന്‍ വൈഭവ് ഗഹ്ലോതിന്റെ രാഷ്ട്രീയഭാവി ഉറപ്പിക്കാനുള്ള തിരക്കിലാണ്. വൈഭവ് സ്ഥാനാര്‍ഥിയാണ്.
മോദിതന്നെ മുഖം
രാജസ്ഥാനിലും ബി.ജെ.പി.യുടെ പ്രചാരണം നയിക്കുക പ്രധാനമന്ത്രി നരേന്ദ്രമോദിയായിരിക്കും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഭരണവും വികസനവാദങ്ങളും മുദ്രാവാക്യമാക്കുന്നതിനൊപ്പം അയോധ്യയും പൗരത്വനിയമഭേദഗതിയും പ്രതിരോധ മേഖലയിലെ വികസനങ്ങളും നാരീശക്തിയുമൊക്കെ തുരുപ്പുചീട്ടാക്കാനാണ് ബി.ജെ.പി. ഒരുങ്ങുന്നത്. വോട്ടര്‍മാരില്‍ ഭൂരിപക്ഷം സ്ത്രീകളായതിനാല്‍ സ്ത്രീസുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ബി.ജെ.പി.യുടെ പ്രകടനപത്രിക.
Content Highlights: lok sabha election 2024 rajasthan analysis