കോണ്‍ഗ്രസിന് തിരിച്ചടി; രാജസ്ഥാനില്‍ സംസ്ഥാന ട്രഷറര്‍ ബി.ജെ.പിയില്‍

സീതാറാം അഗര്‍വാള്‍ | File Photo: PTI
സീതാറാം അഗര്‍വാള്‍ | File Photo: PTI

ജയ്പുര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് ട്രഷറര്‍ സീതാറാം അഗര്‍വാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജയ്പുരിലെ വിദ്യാധര്‍നഗര്‍ മണ്ഡലത്തില്‍ നിലവിലെ  ഉപമുഖ്യമന്ത്രി ദിയാ കുമാരിയോട് പരാജയപ്പെട്ടിരുന്നു. സീതാറം അഗര്‍വാളിനെ ദിയ കുമാരി അടക്കമുള്ളവര്‍ ചേര്‍ന്ന് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

അഗര്‍വാളിനൊപ്പം നിരവധി അനുയായികളും ബി.ജെ.പിയില്‍ അംഗത്വമെടുത്തു. ബി.ജെ.പിക്കുവേണ്ടി ആത്മാര്‍ഥതയോടെയും പ്രതിബദ്ധതയോടെയും പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വിദ്യാധര്‍നഗര്‍ കോണ്‍ഗ്രസ് മുക്തമായിക്കഴിഞ്ഞെന്നും രാജസ്ഥാനും ഉടന്‍ കോണ്‍ഗ്രസ് മുക്തമാവുമെന്നും ദിയ കുമാരി പറഞ്ഞു.

അശോക് ഗഹ്‌ലോത്ത് സര്‍ക്കാരില്‍ രാജസ്ഥാന്‍ സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവല്പമെന്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ സ്വതന്ത്ര ഡയറക്ടറായിരുന്നു സീതാറാം അഗര്‍വാള്‍. 2018-ലും 23-ലും വിദ്യാധര്‍നഗറിലും മത്സരിച്ചെങ്കിലും രണ്ടുതവണയും പരാജയപ്പെട്ടു. 2018-ല്‍ കോണ്‍ഗ്രസ് വിമതന്‍ വിക്രം സിങ് ഷെഖാവത്ത് 22.31% വോട്ടുപിടിച്ചതാണ് അഗര്‍വാളിന് തിരിച്ചടിയായത്. ബി.ജെ.പിക്ക് 42.33% വോട്ട് ലഭിച്ചപ്പോള്‍, 28.5% വോട്ടായിരുന്നു സീതാറാം അഗര്‍വാള്‍ നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷമായ 71,368 വോട്ടിനായിരുന്നു സീതാറാം അഗര്‍വാളിന്റെ പരാജയം.

Content Highlights: Rajasthan Congress treasurer Sitaram Agarwal joined the BJP