'സ്വന്തം' സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യരുതെന്ന അഭ്യര്‍ഥനയുമായി കോണ്‍ഗ്രസ്;രാജസ്ഥാനിൽ പിടിച്ച പുലിവാല്

ബന്‍സ്‌വാഡ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദപ്രസംഗത്തോടെ വാര്‍ത്തകളില്‍ ഇടംനേടിയ സ്ഥലമാണ് രാജസ്ഥാനിലെ ബന്‍സ്‌വാഡ. പ്രത്യേകമായ രാഷ്ട്രീയസാഹചര്യംകൊണ്ടുകൂടെ ശ്രദ്ധേയമാവുകയാണ് ഇവിടം. ഗോത്രവര്‍ഗ ഭൂരിപക്ഷ ലോക്‌സഭാ മണ്ഡലമായ ബന്‍സ്‌വാഡ- ദുംഗര്‍പൂരില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യരുതേ എന്നാണ് കോണ്‍ഗ്രസിന്റെ അഭ്യര്‍ഥന.
നേരത്തെ, മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കാനായിരുന്നു തീരുമാനം. അരവിന്ദ് ദാമോറിനെ ഇവിടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും പത്രിക സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് ഭാരത് ആദിവാസി പാര്‍ട്ടിയുടെ രാജ്കുമാര്‍ റോട്ടിനെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. അരവിന്ദ് ദാമോറിന്റെ പത്രിക പിന്‍വലിക്കുമെന്നും ധാരണയായി.
എന്നാല്‍, പത്രിക പിന്‍വലിക്കുന്നതിന്റെ അവസാനദിവസം അരവിന്ദിനെ കാണാതായി. പക്ഷേ, പിന്നീട് മാധ്യമങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ട അരവിന്ദ്, പാര്‍ട്ടിയെടുത്ത തീരുമാനങ്ങള്‍ അറിഞ്ഞില്ലെന്നും താന്‍ മത്സരത്തില്‍നിന്ന് പിന്നോട്ടില്ലെന്നും പ്രഖ്യാപിച്ചു. ഇതോടെ, കോണ്‍ഗ്രസ്- ബി.ജെ.പി. മത്സരം പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തില്‍ ത്രികോണമത്സരത്തിലേക്കെത്തി കാര്യങ്ങള്‍.
മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ മഹേന്ദ്രജിത് സിങ് മാളവ്യയാണ് ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ഥി. കോണ്‍ഗ്രസ് പിന്തുണയ്ക്കുന്ന ബി.എ.പി. സ്ഥാനാര്‍ഥിക്ക് പുറമേ, കോണ്‍ഗ്രസ് ചിഹ്നത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികൂടെ വന്നതോടെ അങ്കലാപ്പിലാണ് ദേശീയപ്പാര്‍ട്ടി. ബി.ജെ.പി. വിരുദ്ധവോട്ടുകള്‍ ഭിന്നിച്ചുപോവുമോയെന്നാണ് ആശങ്ക.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വോട്ടുചെയ്യരുതെന്ന് പ്രാദേശിക നേതാക്കള്‍ വോട്ടര്‍മാരോട് അഭ്യര്‍ഥിക്കുമ്പോഴും, ബി.എ.പിയുമായുള്ള സഖ്യത്തെ എതിര്‍ക്കുന്ന നേതാക്കളുടെ പിന്തുണ തനിക്കുണ്ടെന്നാണ് അരവിന്ദ് അവകാശപ്പെടുവന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നാണ് പ്രതികരണങ്ങള്‍ പലതും സൂചിപ്പിക്കുന്നതും.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രൂപവത്കരിക്കപ്പെട്ട ബി.എ.പിക്ക് നിലവില്‍ രാജസ്ഥാന്‍ നിയമസഭയില്‍ മൂന്ന് എം.എല്‍.എമാരുണ്ട്. അതില്‍ ഒരാളാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്ന രാജ്കുമാര്‍ റോട്ട്. സംവരണമണ്ഡലമായ ബന്‍സ്‌വാഡ- ദുംഗര്‍പൂരില്‍ കേരളത്തിനൊപ്പം രണ്ടാംഘട്ടത്തില്‍, വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്. ഞായറാഴ്ച മണ്ഡലത്തില്‍ പ്രധാനമന്ത്രി നടത്തിയ പ്രസംഗമാണ് വിവാദമായത്.
2023-ലെ പാര്‍ട്ടിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പ്രതിപക്ഷനേതൃസ്ഥാനം നിഷേധിച്ചതിനെത്തുടര്‍ന്നാണ് മഹേന്ദ്രജിത് സിങ് മാളവ്യ കോണ്‍ഗ്രസ് വിട്ടത്. രണ്ട് കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്നു മാളവ്യ. ബാഗിദൗരയില്‍നിന്നുള്ള എം.എല്‍.എയായിരുന്ന മാളവ്യ സ്ഥാനം രാജിവെച്ചാണ് ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്.
ലോക്‌സഭാ മണ്ഡലത്തിന് കീഴില്‍ എട്ട് നിയമസഭാ സീറ്റുകളാണുള്ളത്. ഇതില്‍ മൂന്നിടത്ത് കോണ്‍ഗ്രസ് എം.എല്‍.എമാരും ഒരിടത്ത് ബി.എ.പി. പ്രതിനിധിയുമാണുള്ളത്. മണ്ഡലത്തില്‍ ഉള്‍പ്പെട്ട ചരോസിയില്‍നിന്നാണ് ബി.എ.പി. സ്ഥാപകനായ രാജ്കുമാര്‍ റോട്ട് നിയമസഭയില്‍ എത്തിയത്. ബാഗിദൗര ഒഴിഞ്ഞുകിടക്കുകയും മറ്റ് മൂന്നിടത്ത് ബി.ജെ.പി. എം.എല്‍.എമാരുമാണുള്ളത്.
Content Highlights: Congress Urges Voters Not To Vote For Its Own Candidate In This Rajasthan Seat