മരണമാല്യം വരിക്കുന്ന കര്‍ഷകര്‍; അഴിമതിയും അപൂര്‍ണ പദ്ധതികളും, വിയര്‍ക്കുമോ വിദര്‍ഭയില്‍ NDA സഖ്യം

#വിദര്‍ഭയില്‍നിന്ന് ഇ.ജി. രതീഷ്
യവത്മാല്‍-വാഷിം സിറ്റിങ് എം.പി. ഭാവനാ ഗവാലി | Photo: ANI
യവത്മാല്‍-വാഷിം സിറ്റിങ് എം.പി. ഭാവനാ ഗവാലി | Photo: ANI

യവത്മാല്‍ പട്ടണത്തിന്റെ ഒത്തനടുക്ക് 'ഭ്രമയുഗം' പിടിച്ചതുപോലെ കിടക്കുന്ന റെയില്‍വേ സ്റ്റേഷന്‍, വിദര്‍ഭയോടുള്ള സര്‍ക്കാരുകളുടെ മനോഭാവത്തെ സൂചിപ്പിക്കുന്നു. പരുത്തി കൊണ്ടുപോകാന്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ച പാളം എട്ടുവര്‍ഷംമുമ്പ് അടച്ചതാണ്. നവീകരണം ഇതുവരെ ഇവിടെയെത്തിയിട്ടില്ല. വ്യവസായ ഇടനാഴികളോടുള്ള 'ഗാരന്റി പ്രണയം' കര്‍ഷകമേഖലകളോടില്ല.

യവത്മാല്‍-വാഷിം സിറ്റിങ് എം.പി.യായ ശിവസേനയിലെ ഭാവനാ ഗവാലിയെ മാറ്റണമെന്ന് വാശിപിടിച്ചത് ബി.ജെ.പി.യാണ്. അഞ്ചുവട്ടം വിജയിച്ച ഗവാലിക്കൊപ്പം ഭരണവിരുദ്ധവികാരവും പോകുമെന്ന പ്രതീക്ഷയുണ്ട് അവര്‍ക്ക്. ഇന്ത്യയിലെ കര്‍ഷക ആത്മഹത്യകളുടെ കേന്ദ്രമായ വിദര്‍ഭമേഖലയില്‍ പൂര്‍ത്തിയാകാത്ത ജലസേചനപദ്ധതികളും കുടിവെള്ളപദ്ധതിയിലെ അഴിമതികളും ഭരണമുന്നണിയായ മഹായുതിയെ വലയ്ക്കുന്നു.

മഹാരാഷ്ട്രയില്‍ ആദ്യഘട്ടത്തില്‍ വോട്ടിങ് നടക്കുന്ന അഞ്ചുമണ്ഡലങ്ങളും വിദര്‍ഭയിലാണ്. രണ്ടാംഘട്ടത്തില്‍ ബാക്കിയുള്ള അഞ്ചിടങ്ങളും പൂര്‍ത്തിയാകും. 2019-ല്‍ എട്ടുസീറ്റും ബി.ജെ.പി.-ശിവസേന സഖ്യം നേടിയപ്പോള്‍ കോണ്‍ഗ്രസിന് സംസ്ഥാനത്തുകിട്ടിയ ഏകസീറ്റ് ഈ മേഖലയിലെ ചന്ദ്രാപുര്‍ ആയിരുന്നു. അമരാവതിയില്‍ സ്വതന്ത്രയും വിജയിച്ചു. മഹാരാഷ്ട്രയുടെ വടക്കുകിഴക്കുള്ള 11 ജില്ലകളില്‍ 62 നിയമസഭാമണ്ഡലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നു വിദര്‍ഭ.

മരണമാല്യം വരിക്കുന്നവര്‍

''ആത്മഹത്യകള്‍ ഇപ്പോഴുമുണ്ട്; വലിയ സംഭവങ്ങളല്ലാതായെന്നുമാത്രം'' -യവത്മാലിലെ കാര്‍ഷികോത്പനച്ചന്തയില്‍ കടല ലേലത്തില്‍ കൊടുക്കാനെത്തിയ ആരവ് തവഡെ പറഞ്ഞു. അത് ശരിയുമാണ്. സ്റ്റേറ്റ് റിലീഫ് ആന്‍ഡ് റിഹാബിലിറ്റേഷന്‍ വകുപ്പിന്റെ കണക്കില്‍ മഹാരാഷ്ട്രയില്‍ 2023-ല്‍ ആത്മഹത്യചെയ്ത കര്‍ഷകര്‍ 2851 പേരാണ്. ഇതില്‍ 1439-ഉം വിദര്‍ഭയില്‍നിന്നാണ്. ജില്ല തിരിച്ചാല്‍ അമരാവതിയില്‍ 318-ഉം യവത്മാലില്‍ 302-ഉം കൃഷിക്കാര്‍ സ്വയം മരിച്ചിട്ടുണ്ട്. വരള്‍ച്ച, കൃഷിനാശം, കടക്കെണി എന്നിവയൊക്കെയാണ് കാരണങ്ങള്‍.

''പദ്ധതികള്‍ പൂര്‍ത്തിയാകുന്നില്ല. അഴിമതിയും വ്യാപകമാണ്. കര്‍ഷകര്‍ വോട്ടുബാങ്കല്ല. തിരഞ്ഞെടുപ്പില്‍ അവര്‍ ജാതിയുടെ പിടിയിലാണ്'' -വിദര്‍ഭയിലെ കര്‍ഷകപ്രശ്‌നങ്ങളെപ്പറ്റി ആഴത്തില്‍ പഠിച്ചിട്ടുള്ള യവത്മാലിലെ പത്രപ്രവര്‍ത്തകന്‍ ടി.ഒ. അബ്രഹാം പറഞ്ഞു. ''ഇത്തവണ രോഗം ബാധിച്ച് തുവര നശിച്ചുപോയി. പരുത്തിക്ക് വില കിട്ടിയില്ല. കടലയാണ് ഭേദം'' -നേരെ താലൂക്കിലെ ഗുയി ഗ്രാമത്തില്‍നിന്നുള്ള തവഡെ വിശദീകരിക്കുന്നു. ഏഴരയേക്കറില്‍ കൃഷിയുണ്ട് അദ്ദേഹത്തിന്. രാവിലെ 9.30-ന് ചന്തയില്‍ ചരക്കുമായി വന്നതാണ്. ക്വിന്റലിന് ആറായിരം രൂപയെങ്കിലും കിട്ടിയാലേ കാര്യമുള്ളൂ. നാലായിരംവരെയേ ലേലക്കാര്‍ പറയുന്നുള്ളൂ. നട്ടുച്ച കഴിഞ്ഞിട്ടും അയാള്‍ കാത്തിരിക്കുന്നു.

വിദര്‍ഭയിലെ മുഖ്യകൃഷി പണ്ടുമുതലേ പരുത്തിയാണ്. ഇത്തവണ താങ്ങുവില 7020 രൂപയാണെങ്കിലും 6000 രൂപവരെയേ കര്‍ഷകര്‍ക്ക് ലഭിച്ചുള്ളൂ. സോയാബീനും കുറഞ്ഞവിലയ്ക്ക് വിറ്റൊഴിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരായി. ബേംബില റിവര്‍ കുടിവെള്ളപദ്ധതിയിലെ അഴിമതിയും ഇത്തവണ ഭരണകക്ഷിക്ക് വിനയാണ്. പ്രധാനമന്ത്രിയുടെ 302 കോടിരൂപയുടെ അമൃതം പദ്ധതിയാണിത്. വ്യാസം കുറഞ്ഞതും നിലവാരമില്ലാത്തതുമായ കുഴലുകള്‍ പൊട്ടിയതിനാല്‍ കുടിവെള്ളം എത്തിയില്ല. ഈ കേസും ഹൈക്കോടതി കയറിയിട്ടുണ്ട്.

യവത്മാലില്‍ ബി.ജെ.പി. സമ്മര്‍ദത്തെത്തുടര്‍ന്ന് സിറ്റിങ് എം.പി.യെ മാറ്റിയ ശിവസേന പകരം നിര്‍ത്തിയത് രാജശ്രീ പാട്ടീലിനെയാണ്. ഹിങ്കോളിയിലെ എം.പി.യായ ഹേമന്ത് പാട്ടീലിന് സീറ്റ് നിഷേധിച്ചതിനാല്‍ ഭാര്യയായ രാജശ്രീക്ക് യവത്മാല്‍ നല്‍കുകയായിരുന്നു. ഉദ്ധവ് താക്കറെ വിഭാഗത്തിലെ എതിര്‍സ്ഥാനാര്‍ഥി സഞ്ജയ് ദേശ്മുഖിന് ഇതെല്ലാം ആത്മവിശ്വാസം നല്‍കുന്നുണ്ട്.

Content Highlights: will mahayuti face setback in vidarbha