ലോക്സഭാ: സമീർ വാംഖഡെ ഉൾപ്പെടെ നാല് ഉന്നതോദ്യോഗസ്ഥർ സ്ഥാനാർഥികളായേക്കും

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിൽ നർക്കോട്ടിക്സ് കൺേട്രാൾ ബ്യറോ മുൻ മുംബൈ സോണൽ ഡയറക്ടർ സമീർ വാംഖഡെ ഉൾപ്പെടെ നാല് ഉന്നതോദ്യോഗസ്ഥർ മത്സരരംഗത്തേക്ക്. കേന്ദ്രമന്ത്രി രാംദാസ് അഠാവ്ളെയുടെ പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിലാവും സമീർ വാംഖഡെ മത്സരിക്കുക. വിദർഭയിലെ വാഷിം ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് നീക്കം. ഭാര്യയും മറാഠി നടിയുമായ ക്രാന്തി റെഡ്കറും വാംഖ്ഡെയും ജില്ലയിലെ വിവിധ സാമൂഹിക പരിപാടികളിൽ സജീവമാണ്.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്തിരുന്ന ഐ.എ.എസ്. ഉദ്യോഗസ്ഥൻ പ്രവീൺ പർദേശി, മുംബൈ-നാഗ്പുർ എക്സ്പ്രസ് ഹൈവേ നിർമിക്കുന്നതിൽ നിർണായക പങ്കുവഹിച്ച രാധേശ്യാം മോപാൽവാർ, ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ ഉജ്ജ്വൽ ചവാൻ എന്നിവരും മത്സരിച്ചേക്കും. ബി.ജെ.പി. ടിക്കറ്റിൽ മത്സരിക്കാനാണ് മൂന്നുപേരുടെയും നീക്കം.
നടൻ ഷാരൂഖ്ഖാന്റെ മകൻ ആര്യൻഖാനുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ അന്വേഷണോദ്യോഗസ്ഥനായിരുന്നു ഐ.ആർ.എസ്. ഉദ്യോഗസ്ഥനായ സമീർ വാംഖഡെ.
പ്രവീൺ പർദേശി മധ്യ മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് മണ്ഡലത്തിൽനിന്ന് മത്സരിക്കാനാണ് നീക്കം. ഏക്നാഥ് ഷിന്ദേയുടെ നേതൃത്വത്തിലുള്ള ശിവസേന ഈ സീറ്റിന് വേണ്ടി അവകാശവാദം ഉന്നയിച്ചിട്ടുണ്ടെങ്കിലും, ബി.ജെ.പി.യും ഈ സീറ്റ് ലക്ഷ്യമിട്ടിട്ടുണ്ട്. മുഖ്യമന്ത്രിമാരുടെ സെക്രട്ടറി, മുംബൈ, പുണെ മുനിസിപ്പൽ കമ്മിഷണർ, ലാത്തൂർ ജില്ലാ കളക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1993-ലെ ഭൂകമ്പ ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനത്തിന് പ്രശംസ നേടിയിരുന്നു.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡിവലപ്മെന്റ് കോർപ്പറേഷന്റെ (എം.എസ്.ആർ.ഡി.സി.) തലവനായിരുന്ന രാധേശ്യാം മോപാൽവാർ അടുത്തിടെയാണ് സർവീസിൽനിന്ന് വിരമിച്ചത്. മറാത്താവാഡയിലെ ഹിംഗോളി ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനാണ് നീക്കം. ജൽഗാവ് ജില്ലയിലെ ധമൻഗാവ് സ്വദേശിയായ ഐ.ആർ.എസ്. ഉദ്യോഗസ്ഥൻ ഉജ്ജ്വൽ ചവാൻ ബി.ജെ.പി. ടിക്കറ്റാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പി. നൽകിയ ഉറപ്പിനുശേഷമാണ് അദ്ദേഹം സർവീസിൽനിന്ന് രാജിവെച്ചത്.
Content Highlights: Wankhede, Pardeshi among top bureaucrats keen to run for Lok Sabha