ഈ പ്രവചനവും ശരിയാകും; മോദി വീണ്ടും അധികാരമേറ്റാല്‍ ഉദ്ധവ് NDAയില്‍ ചേക്കേറും - മഹാരാഷ്ട്ര MLA

പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉദ്ധവ് താക്കറെ(ഫയൽ ചിത്രം) | Photo:AFP
പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം ഉദ്ധവ് താക്കറെ(ഫയൽ ചിത്രം) | Photo:AFP

മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നിർണായക വെളിപ്പെടുത്തലുമായി മഹാരാഷ്ട്ര ബഡ്നേരഡിയിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ രവി റാണ. മൂന്നാം തവണയും മോദി അധികാരത്തിലേറിയാൽ ഉദ്ധവ് താക്കറെ എൻ.ഡി.എയിൽ ചേരുമെന്ന് രവി റാണ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം 20 ദിവസത്തിനകം ഉദ്ധവ് എൻ.ഡി.എയിൽ ചേക്കേറുമെന്നും അദ്ദേഹം സി.എൻ.എൻ.-ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഏക്നാഥ് ഷിന്ദേ ശിവസേനയിൽ നിന്നും അജിത് പവാർ എൻ.സി.പിയിൽ നിന്നും പുറത്തുപോകുമെന്ന് താൻ ശരിയായി പ്രവചിച്ചിരുന്നുവെന്ന് റാണ അവകാശപ്പെട്ടു. ഇത്തവണയും താൻ പറയുന്നത് ശരിയാകും. ബാൽ താക്കറെയുടെ മകനായതിനാൽ ഉദ്ധവിന് വേണ്ടിയുള്ള വാതിൽ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഉദ്ധവ് ഈ വാതിൽ ഉപയോ​ഗിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും റാണ കൂട്ടിച്ചേർത്തു. 

മഹാരാഷ്ട്രയിൽ ബി.ജെ.പി. നേതൃത്വംനൽകുന്ന സഖ്യത്തിൽ അജിത്പവാർ നേതൃത്വം നൽകുന്ന എൻ.സി.പി.യും മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ നേതൃത്വം നൽകുന്ന ശിവസേനയും ഘടകകക്ഷികളാണ്. കോൺഗ്രസും ശരദ്പവാർ വിഭാഗം എൻ.സി.പി. യും ഉദ്ധവ്‌വിഭാഗം ശിവസേനയും ഉൾപ്പെടുന്നതാണ് ഇന്ത്യമുന്നണി. സംസ്ഥാനത്ത് മഹാവികാസ് അഘാഡി (എം.വി.എ.) എന്ന പേരിൽ ഈ സഖ്യം അറിയപ്പെടുന്നു. 

Content Highlights: Uddhav Thackeray to join NDA within 20 days says ravi rana