'അമ്പും വില്ലും' നഷ്ടമായെങ്കിലും ശ്രദ്ധയോടെ ചുവടുവെച്ച് ഉദ്ധവ്; ഇത് നിലനില്‍പ്പിനുള്ള പോരാട്ടം

#പി.സി. മാത്യു
ഉദ്ധവ് താക്കറെ | Photo: PTI
ഉദ്ധവ് താക്കറെ | Photo: PTI

മുംബൈ: തന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ അഗ്‌നിപരീക്ഷയിലൂടെ കടന്നുപോകുകയാണ് ഉദ്ധവ് താക്കറെ. 2024 ലോക്സഭാ തിരഞ്ഞെടുപ്പ് ഉദ്ധവിനെ സംബന്ധിച്ച് അതിജീവനത്തിന്റെ വിധിയെഴുത്താണ്. സ്വന്തംപാര്‍ട്ടിയെ വീണ്ടെടുക്കാനുള്ള ഉദ്ധവിന്റെ പോരാട്ടംകൂടിയാണ് ഈ തിരഞ്ഞെടുപ്പ്. അച്ഛന്‍ ബാല്‍താക്കറെ സ്ഥാപിച്ച ശിവസേനയെ അധികാരത്തിന്റെ ബലത്തില്‍ സ്വന്തമാക്കിയ ഏക്നാഥ് ഷിന്ദേയോടു കണക്കുതീര്‍ക്കാനുള്ള അവസരം. ഉദ്ധവിന്റെ ഓരോ ചുവടുവെപ്പുകളും ശ്രദ്ധയോടെയാണ്. കോണ്‍ഗ്രസിനോട് കൂടുതല്‍ സീറ്റുകള്‍ വിലപേശി വാങ്ങിയത് തന്റെ പാര്‍ട്ടിയെ ഏറ്റവുംവലിയ കക്ഷിയാക്കുക എന്ന ലക്ഷ്യം മുന്നില്‍നിര്‍ത്തിയാണ്. മഹാവികാസ് അഘാഡി സഖ്യത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റില്‍ മത്സരിക്കുന്നത് ഉദ്ധവ് ശിവസേനയാണ്. 

21 സീറ്റില്‍ ഷിന്ദേയുടെ ശിവസേനയുമായി നേര്‍ക്കുനേരുള്ള മത്സരമാണ് പല മണ്ഡലങ്ങളിലും. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കുന്നത് ഇത്തരമൊരു പോരാട്ടമാണ്. താക്കറെ കുടുംബത്തോടുള്ള മറാത്തി വോട്ടര്‍മാരുടെ അനുഭാവം സഹതാപതരംഗമായി മാറാനുള്ള സാധ്യതയാണ് ഉദ്ധവ് മുന്നില്‍ക്കാണുന്നത്. ഷിന്ദേയോടൊപ്പം ഒട്ടേറെ നേതാക്കള്‍ പോയിട്ടുണ്ടെങ്കിലും കൈവിട്ടുപോകാത്ത ശിവസേന ശാഖകള്‍ ഉദ്ധവിനെ സംബന്ധിച്ച് കോട്ടകള്‍ തീര്‍ത്തിരിക്കുന്നു. മോദി ബ്രാന്‍ഡല്ല മഹാരാഷ്ട്രയില്‍ താക്കറെ ബ്രാന്‍ഡ് മാത്രമേ ചെലവാകൂവെന്ന് ഉദ്ധവ് പ്രഖ്യാപിച്ചത്  ഈ ആത്മധൈര്യം ഒന്നുകൊണ്ടുമാത്രം. പക്ഷെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചത് ഷിന്ദേ വിഭാഗത്തിനായതിനാല്‍ പാര്‍ട്ടി ചിഹ്നമായ അമ്പും വില്ലും ഉദ്ധവിന് നഷ്ടമായി. 

ഉദ്ധവിനെ വീഴ്ത്താന്‍ ഷിന്ദേ പോരായെന്നുള്ള തിരിച്ചറിവാകാം എം.എന്‍.എസ്. നേതാവും താക്കറെ കുടുംബാംഗവുമായ രാജ് താക്കറെയെ ബി.ജെ.പി. കൂടെക്കൂട്ടിയത്. ശിവസേനയുടെ അവകാശത്തര്‍ക്കത്തില്‍ ജയിക്കാനായാല്‍ ഉദ്ധവ് മഹാരാഷ്ട്ര രാഷ്ടീയത്തിലെ കരുത്തനായി മാറുമെന്നുള്ളതില്‍ സംശയമില്ല. മതേതരത്വ സ്വഭാവമുള്ള സഖ്യകക്ഷികളുമായി ചേര്‍ന്നശേഷം ഹിന്ദുത്വ പ്രത്യയശാസ്ത്രം ഉപേക്ഷിച്ച ഉദ്ധവിനെ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ അംഗീകരിക്കുമോ എന്നതും ഈ തിരഞ്ഞെടുപ്പില്‍ അറിയാം. ഈ വിഷയത്തിലൂന്നി ബി.ജെ.പി. പ്രചാരണം നടത്തുമ്പോള്‍ മറാത്താവികാരം ഉയര്‍ത്തി ഉദ്ധവ് പ്രതിരോധം തീര്‍ക്കുന്നു.

ബാല്‍താക്കറെയില്‍ നിന്ന് വിഭിന്നന്‍

ശിവസേന തലവന്‍ ബാല്‍താക്കറെ 'മണ്ണിന്റെ മക്കള്‍' വാദത്തിലൂടെ നേരിട്ടത് സാധാരണക്കാരനായ മുനുഷ്യരെയായിരുന്നെങ്കില്‍, അതില്‍നിന്നു ഭിന്നമാണ് മകന്‍ ഉദ്ധവ് താക്കറെ. ജെ.ജെ. സ്‌കൂള്‍ ഓഫ് ആര്‍ട്സില്‍നിന്ന് ഫോട്ടോഗ്രാഫിയില്‍ ബിരുദമെടുത്ത ഉദ്ധവിന് വന്യജീവി  ഫോട്ടോഗ്രാഫിയിലായിരുന്നു കമ്പം. യാദൃച്ഛികമായി രാഷ്ട്രീയത്തിലേക്ക് എത്തപ്പെട്ട ഉദ്ധവിന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവുകൂടിയാണ് ഈ തിരഞ്ഞെടുപ്പ്.
 

Content Highlights: uddhav thackeray all set to show his streanth in maharashtra