പാര്‍ട്ടിയും ചിഹ്നവും പോയ ശരദ് പവാര്‍; ബാരാമതിയില്‍ സുപ്രിയയെ വീഴ്ത്തുമോ സുനേത്ര

#സി.കെ. സന്തോഷ്
സുനേത്ര, സുപ്രിയ | Photo: ANI, PTI
സുനേത്ര, സുപ്രിയ | Photo: ANI, PTI

ബാരാമതി (മഹാരാഷ്ട്ര): ''ക്ലോക്ക് അല്ല നമ്മുടെ ചിഹ്നം. നമ്മുടേത് കൊമ്പ് വാദ്യമാണ്. ആഘോഷങ്ങള്‍ക്ക് നമ്മള്‍ ആദ്യം ഉപയോഗിക്കുന്നതെന്താണ്? കൊമ്പ്, എല്ലാവരെയും സ്വീകരിക്കാന്‍ നമ്മള്‍ ഉപയോഗിക്കുന്നതെന്താണ്? കൊമ്പ്'' -പതിറ്റാണ്ടുകളായി ബാരാമതിയിലെ ജനമനസ്സുകളില്‍ പതിഞ്ഞ ചിഹ്നമാണ് എന്‍.സി.പി.യുടെ ക്ലോക്ക്. ഇതല്ല ഇത്തവണ തങ്ങളുടെ ചിഹ്നമെന്ന് ഗ്രാമീണരായ വോട്ടര്‍മാരെ മനസ്സിലാക്കിക്കാന്‍ പാടുപെടുകയാണ് എന്‍.സി.പി. ശരദ് പവാര്‍ പക്ഷ സ്ഥാനാര്‍ഥിയും പവാറിന്റെ മകളുമായ സുപ്രിയ സുലെ. 

കഴിഞ്ഞ മൂന്നുതവണയും ക്ലോക്ക് ചിഹ്നത്തിലാണ് ഇവിടെ സുപ്രിയ വിജയിച്ചത്. ഇത്തവണ ക്ലോക്ക് ചിഹ്നത്തില്‍ മത്സരിക്കുന്നത് ശരദ് പവാറിന്റെ ജ്യേഷ്ഠന്റെ മകന്‍ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറാണ്. ക്ലോക്ക് എന്ന ചിഹ്നംതന്നെയാണ് അവരുടെ ബലം. പാര്‍ട്ടിയും ചിഹ്നവും പോയതിന്റെ വലിയപ്രശ്‌നമാണ് സുപ്രിയ സുലെ അടക്കം ശരദ്പവാര്‍പക്ഷ എന്‍.സി.പി. സ്ഥാനാര്‍ഥികള്‍ നേരിടുന്നത്. ശരദ് പവാറിനു ലഭിക്കുന്ന സ്‌നേഹവും പാര്‍ട്ടി പിളര്‍ത്തി അദ്ദേഹത്തെ ഒന്നുമല്ലാതാക്കിയതിന്റെ സഹതാപവും വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് സുപ്രിയ. ഇതാദ്യമായി പവാര്‍കുടുംബത്തിലെ രണ്ടുപേര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ ബാരാമതിമണ്ഡലം ഏറെ ശ്രദ്ധേയമാകുകയാണ്. 

1996-നുശേഷം ബാരാമതി ലോക്സഭാ മണ്ഡലത്തില്‍ പവാര്‍ കുടുംബത്തിനു പുറത്തുനിന്ന് ആരും വിജയിച്ചിട്ടില്ല. നാലുതവണ തുടര്‍ച്ചയായി ശരദ് പവാറും മൂന്നുതവണ മകള്‍ സുപ്രിയ സുലെയും. ഇത്തവണയും വിജയം കുടുംബത്തിനകത്തു തന്നെയാവുമെങ്കിലും അതാരാവും എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്. പാര്‍ട്ടി പിളര്‍ത്തി കൂടുതല്‍ നേതാക്കളെ ഒപ്പംനിര്‍ത്തി ഭൂരിപക്ഷം പാര്‍ട്ടി ഓഫീസുകളും കൈയടക്കിയ അജിത് പവാറിന് ബാരാമതി തിരഞ്ഞെടുപ്പ് നിലനില്‍പ്പിന്റെ പോരാട്ടമാണ്. സുനേത്ര പവാര്‍ സ്ഥാനാര്‍ഥിയായതിനു കാരണവും ഇതുതന്നെ. ഇതിനൊക്കെ പിന്നില്‍ ചരടുവലിച്ച ബി.ജെ.പി.ക്കും ഇത് അഭിമാനപ്രശ്‌നമാണ്. അതുകൊണ്ടുതന്നെ ആര്‍.എസ്.എസ്. പ്രവര്‍ത്തകരടക്കം വീടുവീടാന്തരം കയറി വോട്ടുചോദിക്കുന്നു. 

''ബി.ജെ.പി.ക്ക് ശരദ് പവാറിനെ ഇല്ലാതാക്കുക എന്നതാണു ലക്ഷ്യം. അവരത് തുറന്നുപറഞ്ഞിട്ടുണ്ട്. അതാണ് കുടുംബത്തില്‍നിന്നുതന്നെ ഒരാളെ എന്റെ എതിരാളിയാക്കിയത്. എനിക്കതില്‍ വിഷമമൊന്നുമില്ല. പക്ഷേ, ഏറെ നിരാശയുണ്ട്. ജനങ്ങള്‍ അത് മനസ്സിലാക്കുമെന്നാണ് ഞാന്‍ കരുതുന്നത്'' -ബാരാമതി മണ്ഡലത്തിലെ ലോട്ടെഗാവില്‍ പ്രചാരണത്തിനെത്തിയ സുപ്രിയ സുലെ പറഞ്ഞു. അതേസമയം, ഇതൊരു കുടുംബപ്രശ്‌നമല്ലെന്നും രാഷ്ട്രീയമായി മാത്രമാണ് താന്‍ ഇതിനെ കാണുന്നതെന്നുമാണ് അംബേഗാവിലെ പ്രചാരണത്തിനിടയില്‍ ഇതേ ചോദ്യത്തിന് സുനേത്ര പവാറിന്റെ മറുപടി. ബാരാമതിയില്‍ ഇതാദ്യമായാണ് 'ആര് ജയിക്കും' എന്ന വലിയചോദ്യം ഉയരുന്നത്. മുമ്പൊക്കെ 'എത്രലക്ഷം വോട്ടിന്' എന്നതായിരുന്നു ചോദ്യം.
 

Content Highlights: supriya sule or sunetra pawar who will win baramati