ബാരാമതിയിലെ കുടുംബ പോരിൽ സുപ്രിയ തന്നെ

സുപ്രിയ സുലെ | Photo: ANI
സുപ്രിയ സുലെ | Photo: ANI

മുംബൈ: ബാരാമതിയിലെ പോരാട്ടത്തില്‍ സുപ്രിയ സുലേയ്ക്ക് മേല്‍ക്കൈ. വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നാല്‍പ്പതിനായിരത്തിലധികം വോട്ടുകള്‍ക്ക് സുപ്രിയ മുന്നിലാണ്. അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറായിരുന്നു സുപ്രിയയുടെ എതിരാളി. കഴിഞ്ഞ നാലു പതിറ്റാണ്ടായി എന്‍സിപിയുടെ കൈവശമുള്ള മണ്ഡലമാണ് ബാരാമതി. ശരദ് പവാര്‍ ഒഴിഞ്ഞുകൊടുത്ത അതേ സീറ്റില്‍നിന്ന് നാലാം തവണയും മത്സരിച്ച സുപ്രിയ വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല.

ശക്തമായ മത്സരമാണ് മണ്ഡലത്തില്‍ നടന്നത്. പവാര്‍ പക്ഷത്തെ സംബന്ധിച്ചിടത്തോളം പുണെ ജില്ലയിലെ ഏറ്റവും നിര്‍ണായകമായ സീറ്റാണ് ബാരാമതി. എന്ത് വിശ്വാസത്തിലാണോ എന്‍സിപി ശരദ് പവാര്‍ വിഭാഗം ഇത്തവണയും സുപ്രിയയെ സ്ഥാനാര്‍ഥിയാക്കിയത്, ആ വിശ്വാസം അവര്‍ കാത്തു. 2006-ലാണ് സുപ്രിയ ആദ്യമായി പാർലമെന്റിലെത്തുന്നത്. അത് രാജ്യസഭയിലേക്കായിരുന്നു. പിന്നാലെ, 2009, 2014, 2019 വർഷങ്ങളിൽ ബാരാമതിയില്‍ നിന്നും ലോക്‌സഭയിിലേയ്ക്ക്  തിരഞ്ഞെടുക്കപ്പെട്ടു.

ബാരാമതിയിലെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിക്ക് എതിരെയാണ് അജിത് പവാര്‍ വിഭാഗം സുനേത്രയുമായി മത്സരത്തിന് ഇറങ്ങിയത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അജിത് പവാര്‍ വിഭാഗത്തെ എന്‍സിപിയുടെ ഔദ്യോഗിക പക്ഷമായി തിരഞ്ഞെടുത്തത്. 2023 ജൂലായിലെ പിളര്‍പ്പിന് പിന്നാലെ അജിത് പവാര്‍ പക്ഷം മഹാരാഷ്ട്രയിലെ ഏക്‌നാഥ് ഷിന്ദെ പക്ഷത്തിന് പിന്തുണ അറിയിച്ചിരുന്നു.

ബിജെപി തങ്ങളുടെ കുടുംബത്തില്‍ ഭിന്നിപ്പുണ്ടാക്കി എന്നായിരുന്നു സുനേത്രയുടെ സ്ഥാനാര്‍ഥിത്വത്തിന് പിന്നാലെ സുപ്രിയ മാധ്യമങ്ങളോട് പറഞ്ഞത്. നമ്മുടെ സംസ്‌കാരം അനുസരിച്ച് വഹിനി (ചേട്ടത്തിയമ്മ) എന്ന് വിളിക്കുന്ന ചേട്ടന്റെ ഭാര്യ അമ്മയെപ്പോലെയാണ്. ബിജെപി എനിക്കെതിരെ അമ്മയെ മത്സരിപ്പിച്ചിരിക്കുന്നു' - എന്നാണ് സുനേത്രയുടെ സ്ഥാനാര്‍ഥിത്വത്തോട് സുപ്രിയ പ്രതികരിച്ചത്. പ്രചാരണത്തില്‍ ഇരുവരും അങ്ങോട്ടുമിങ്ങോട്ടും കടന്നാക്രമിച്ചിരുന്നില്ല.

വികസനം പറഞ്ഞുള്ള പ്രചാരണത്തിനാണ് സുപ്രിയ ഊന്നല്‍ നല്‍കിയത്. എന്നാല്‍ സുനേത്രയ്ക്ക് സഖ്യകക്ഷികളില്‍ നിന്നുകൂടി പിന്തുണ ലഭിച്ചതോടെ കാര്യങ്ങള്‍ കടുത്തു. ബാരാമതി കൈവിട്ടുപോകാതിരിക്കാന്‍ സുപ്രിയയക്ക് നന്നായി വിയര്‍ക്കേണ്ടി വന്നു. വീടുകള്‍ തോറും കയറിയിറങ്ങിയുള്ള പ്രചാരണ പരിപാടികള്‍ക്കാണ് സുപ്രിയ പ്രാധാന്യം കൊടുത്തത്. അതേസമയം, അച്ഛന്‍ ശരദ് പവാര്‍ ബാരാമതിയില്‍ അങ്ങോളമിങ്ങോളം റാലികളും പ്രചാരണ പരിപാടികളും സംഘടിപ്പിച്ചു.

മണ്ഡലത്തിലെ മത്സരത്തില്‍നിന്ന് പിന്മാറിയ ശിവസേന ഷിന്ദേ വിഭാഗം നേതാവ് വിജയ് ശിവ്താരെയും ബിജെപി നേതാവ് ഹര്‍ഷവര്‍ധന്‍ പാട്ടീലും സുനേത്രയ്ക്ക് പിന്തുണ നല്‍കിയിരുന്നു. താന്‍ കാരണം സഖ്യത്തില്‍ മുഖ്യമന്ത്രിക്ക് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന് ഉറപ്പാക്കാനാണ് മത്സരത്തില്‍നിന്ന് പിന്മാറുന്നത് എന്നാണ് ശിവ്താരെ അന്ന് പറഞ്ഞത്. മത്സരത്തില്‍നിന്ന് പിന്മാറണമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ, ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചിരുന്നുവെന്നും ശിവ്താരെ വെളിപ്പെടുത്തിയിരുന്നു.

Content Highlights: supriya sule leads in maharashtra over sunetra pawar lok sabha election 2024