ഏഴുപാപങ്ങൾ മറന്ന 'മഹാരാഷ്ട്രീയം'; സേവാഗ്രാമില്‍നിന്ന് അകലുന്ന വര്‍ധ

#ഇ.ജി. രതീഷ്
വര്‍ധയിലെ സേവാഗ്രാമിലെ ബാപ്പു കുടില്‍ | Photo: Mathrubhumi
വര്‍ധയിലെ സേവാഗ്രാമിലെ ബാപ്പു കുടില്‍ | Photo: Mathrubhumi

ഹാരാഷ്ട്രയിൽ സേവാഗ്രാമിലെ ബാപ്പു കുടിലിനുമുന്നിൽ ഏഴ് പാപങ്ങളുടെ പട്ടികകാണാം. അതിൽ ആദ്യത്തേത് ആദർശമില്ലാത്ത രാഷ്ട്രീയമാണ്. 1936-48 കാലത്ത് ഗാന്ധിജി വസിച്ച ആശ്രമത്തിൽ ഇന്നും രാഷ്ട്രീയനേതാക്കൾ വന്നുപോകുന്നുണ്ട്. പക്ഷേ, ഒഴിവാക്കണമെന്ന് ഗാന്ധിജി നിർദേശിച്ച തിൻമകൾ അവരിൽ എത്രപേർ മനസ്സിരുത്തി വായിച്ചിരിക്കും...?

അധികാരത്തിനായി പാർട്ടികളിലെ പിളർപ്പും സീറ്റിനായി കൂടുമാറ്റവുംകൊണ്ട് കലുഷിതമാണ് മഹാരാഷ്ട്ര രാഷ്ട്രീയം. സേവാഗ്രാം നിൽക്കുന്ന വർധയിൽ കോൺഗ്രസിന് ചരിത്രത്തിലാദ്യമായി സീറ്റില്ലാതെവന്നത് ഇതിന്റെ ബാക്കിപത്രമാണ്. എൻ.സി.പി. ശരത് പവാർ പക്ഷത്തിന് വിദർഭയിൽനിന്നുള്ള ഏക ഓഹരിയാണ് വർധ. അവർക്ക് കാര്യമായ വേരുമില്ല. സഖ്യകക്ഷിയായ കോൺഗ്രസിന്റെ മുൻ എം.എൽ.എ. അമർ കാലേയെ പാർട്ടിയിലെടുത്ത് സ്ഥാനാർഥിയാക്കിയിരിക്കുകയാണ് ശരത് പവാർ.

 ‘‘തങ്ങളുടെ നേതാവിനെ അടർത്തിയെടുത്തതിൽ കോൺഗ്രസുകാർക്ക് വിഷമമുണ്ട്. അവർ ഇറങ്ങാൻ മടിക്കുന്നു’’. ആശ്രമത്തിന് മുന്നിലെ ഓട്ടോ ഡ്രൈവർ ധനഞ്ജയ് റവുട് പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടികൾക്ക് എം.പി.യും എം.എൽ.എയും പണ്ട് ഉണ്ടായിരുന്ന പ്രദേശങ്ങൾ കൂടിയാണിവ. കഴിഞ്ഞ രണ്ട് ഘട്ടമായി ലോകസഭാമണ്ഡലം ബി.ജെ.പിക്ക് ഒപ്പമാണ്.

എന്നാൽ വിദർഭയിലെ മറ്റ് സീറ്റുകളിലെ കരണംമറിച്ചിൽ നോക്കിയാൽ ബാപ്പുവിന്റെ വർധ ഭേദമാണ്. ഗഡ്ചിരോളിയിൽ കഴിഞ്ഞതവണ മത്സരിച്ച കോൺഗ്രസ് നേതാവ് നാമദേവ് ഉസണ്ടി സീറ്റ് കിട്ടാതെവന്നപ്പോൾ നേരേ ബി.ജെ.പി.യിലെത്തി. രാംടെകിൽ കോൺഗ്രസ് വിട്ടുവന്ന രാജു പർവെയെ ശിവസേന സ്ഥാനാർഥിയാക്കി. കോൺഗ്രസ് പുതിയയാളെ നിർത്തിയപ്പോൾ ഇവിടെ പഴയ സ്ഥാനാർഥി വിമതനായി കുപ്പായമിട്ടു. ഹിങ്കോളിയിൽ സീറ്റുകിട്ടാത്ത ഹേമന്ത് പാട്ടീലിന്റെ പിണക്കംമാറ്റാൻ ഭാര്യയെ യവത്മലിലെ സ്ഥാനാർഥിയാക്കി ശിവസേന... ആദ്യത്തെ പാപത്തിന്റെ അവസ്ഥ ഇതാണെങ്കിൽ മറ്റുള്ളത് വായിക്കേണ്ടതില്ലല്ലൊ.

Content Highlights: Wardha Sevagram Ashram, Seven social sins and Maharashtra Politics