പാർട്ടി പിളർത്തിയവര്‍ക്കും ചിഹ്നം കവർന്നവർക്കും മറുപടി; പവർ കാട്ടി മഹാരാഷ്ട്ര സ്‌ട്രോങ്‌മെൻ ഗാങ്

പാര്‍ട്ടി പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് കൃത്യമായ മറുപടി നല്‍കി ശരദ് പവാറും ഉദ്ധവ് താക്കറേയും. മഹാരാഷ്ട്രയിലെ 48 ലോക്‌സഭാ മണ്ഡലങ്ങളില്‍ 27 ഇടത്ത് ശിവസേന (യു.ബി.ടി.)- എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമാണ് ലീഡ് ചെയ്യുന്നത്. ദ മറാത്ത സ്ട്രോങ് മാന്‍, എന്ന് വിശേഷിപ്പിക്കപ്പെടുന്ന പവാറിന് കരുത്ത് ഒട്ടും കുറഞ്ഞില്ലെന്ന് വ്യക്തമാക്കുന്നതാണ് ഫലം. പാര്‍ട്ടി പിളര്‍ത്തി മറുകണ്ടം ചാടി ബി.ജെ.പിക്കൊപ്പം ചേര്‍ന്ന് മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്ദേയ്ക്ക് ഇതിലും നല്ലൊരു കിഴുക്ക് കൊടുക്കാനാകില്ല, ഉദ്ധവിന്.
21 മണ്ഡലങ്ങളിലാണ് ഇക്കുറി ശിവസേന (യു.ബി.ടി.) മത്സരിച്ചത്. കോണ്‍ഗ്രസ് 17 സീറ്റിലും എന്‍.സി.പി. (ശരദ് പവാര്‍ പക്ഷം) പത്തിടത്തുമാണ് മത്സരിച്ചത്. അതേസമയം ബി.ജെ.പി. 28 സീറ്റിലും ഏക്‌നാഥ് ഷിന്ദേയുടെ ശിവസേന 14 സീറ്റിലും അജിത് പവാറിന്റെ എന്‍.സി.പി. അഞ്ച് സീറ്റിലും മത്സരിച്ചു. ഇതില്‍ ശിവസേന (യു.ബി.ടി) പത്ത് സീറ്റിലും കോണ്‍ഗ്രസ് 12 മണ്ഡലത്തിലും എന്‍.സി.പി. (ശരദ് പവാര്‍) ഏഴിടത്തുമാണ് ലീഡ് ചെയ്യുന്നത്. അതേസമയം ബി.ജെ.പി. 11 മണ്ഡലത്തിലും ഷിന്ദേയുടെ ശിവസേന ആറ് മണ്ഡലത്തിലും അജിത് പവാറിന്റെ എന്‍.സി.പി. ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
അക്കാലമത്രയും കണ്ടുവന്ന സഖ്യങ്ങള്‍ പിളരുന്നതും ഒത്തുപോകുമോ എന്ന് ചോദ്യമുയര്‍ത്തിയ കൂട്ടായ്മകള്‍ വളരുന്നതുമാണ് കഴിഞ്ഞ അഞ്ചുവര്‍ഷം മഹാരാഷ്ട്ര, ദേശീയരാഷ്ട്രീയത്തിന് കാണിച്ചുകൊടുക്കുന്നത്. 2019-ലെ നിയമസഭാ തിരഞ്ഞെടുപ്പും അതിന് പിന്നാലെയുണ്ടായ അധികാര തര്‍ക്കവുമാണ് ഇതിന് വഴിവെച്ചത്. ദീര്‍ഘകാല സഖ്യകക്ഷികളായ ശിവസേനയും ബി.ജെ.പിയും മഹായുതി എന്ന സഖ്യമായാണ് അന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസും എന്‍.സി.പിയും മറുപക്ഷത്തും. ഫലം വന്നപ്പോള്‍ ബി.ജെ.പി. 105, ശിവസേന 56, എന്‍.സി.പി. 54, കോണ്‍ഗ്രസ് 44. അധികാരം തുല്യമായി വീതിക്കണമെന്ന കരാര്‍ പാലിക്കാന്‍ ബി.ജെ.പി. കൂട്ടാക്കാതിരിക്കുകയും രണ്ടരക്കൊല്ലം മുഖ്യമന്ത്രിപദം എന്ന വാഗ്ദാനം തള്ളുകയും ചെയ്തതോടെ ശിവസേന ഇടഞ്ഞു. അവര്‍ ബി.ജെ.പിക്ക് നല്‍കിയ പിന്തുണ പിന്‍വലിച്ചു. എന്നാല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള നീക്കം ബി.ജെ.പി. അവസാനിപ്പിച്ചല്ല. എന്‍.സി.പിയില്‍നിന്ന് അതൃപ്തനായ അജിത് പവാറിനൊപ്പം ചേര്‍ന്ന് രായ്ക്കുരാമാനം സര്‍ക്കാര്‍ രൂപവത്കരിച്ച് മുഖ്യമന്ത്രിയായെങ്കിലും മൂന്നുദിവസത്തിനു ശേഷം രാജിവെച്ചു.
രാഷ്ട്രീയ കരുനീക്കങ്ങള്‍ പുരോഗമിക്കവേ ശിവസേന, എന്‍.സി.പി.യ്ക്കും കോണ്‍ഗ്രസിനുമൊപ്പം ചേരുകയും മഹാവികാസ് അഘാഡി എന്ന സഖ്യമായി സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. പ്രത്യയശാസ്ത്രപരമായി രണ്ട് ചേരികളില്‍ നിലകൊണ്ടിരുന്ന പാര്‍ട്ടികള്‍ ബി.ജെ.പിയെ പ്രതിരോധിക്കുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. മഹാവികാസ് അഘാഡി സഖ്യത്തിന്റെ രൂപവത്കരണത്തിനും ഉദ്ധവിനെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്ത് അവരോധിക്കുന്നതിലും ശരദ് പവാറിന്റെയും അന്നത്തെ ആവോളം നാടകങ്ങളും കൂറുമാറ്റങ്ങളും നിയമവ്യവഹാരങ്ങളും മഹാരാഷ്ട്ര നിയമസഭയില്‍നിന്ന് പൊതുമധ്യത്തിലേക്കും കോടതിവളപ്പുകളിലേക്കുമെത്തി. ഒടുവില്‍ ഏക്നാഥ് ഷിന്ദേ, മൂന്നില്‍ രണ്ട് ഭാഗം എം.എല്‍.എമാരുമായി ശിവസേന പിളര്‍ത്തി ബി.ജെ.പി. പക്ഷത്തെത്തി. ഉദ്ധവ് താക്കറേ സ്ഥാനമൊഴിഞ്ഞു. എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന ഉദ്ധവ് പക്ഷം സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ദീര്‍ഘകാല പോരാട്ടത്തിനൊടുവില്‍ സുപ്രീം കോടതിയില്‍നിന്ന് അനുകൂല വിധി നേടി.
കൈപ്പിടിയില്‍നിന്ന് മണലൂര്‍ന്നു പോകുന്നതുപോലെ സ്വന്തം പാര്‍ട്ടികള്‍ കൈവിട്ട് പോകുന്നത് കണ്ടുനില്‍ക്കേണ്ടി വന്നവരാണ് ശരദ് പവാറും ഉദ്ധവ് താക്കറെയും. ഇതല്ലെങ്കില്‍ ഇനിയൊരു അവസരം ഇല്ലെന്ന ബോധ്യവും അവര്‍ക്കുണ്ടായിരുന്നു. ജനങ്ങളുടെ മനസ്സിലെ സഹതാപതരംഗത്തെ പരമാവധി പ്രയോജനപ്പെടുത്താനും ഇരുകൂട്ടര്‍ക്കും കഴിഞ്ഞു. പവാര്‍ കുടുംബത്തിന്റെ ശക്തികേന്ദ്രമെന്ന് അറിയപ്പെടുന്ന ബാരാമതിയില്‍ അദ്ദേഹത്തിന്റെ മകള്‍ സുപ്രിയക്കെതിരേ അജിത് പവാറിന്റെ ഭാര്യ സുനേത്രയെ സ്ഥാനാര്‍ഥിയാക്കിയത് ബി.ജെ.പി. തന്ത്രമാണെന്ന് കണക്കാക്കുന്നവര്‍ കുറവല്ല. ബാരാമതിയിലെ തോല്‍വി ഒഴിവാക്കാന്‍ പവാര്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുമെന്നതിനാല്‍, അദ്ദേഹത്തെ ആ മണ്ഡലത്തില്‍ തന്നെ തളച്ചിടുകയായിരുന്നു ലക്ഷ്യം. എന്നാല്‍ അത്തരം തന്ത്രങ്ങളൊന്നും വിലപ്പോയില്ലെന്ന് ഫലപ്രഖ്യാപന ദിവസം തെളിയിച്ചു. മത്സരിക്കാനുള്ള മണ്ഡലങ്ങള്‍ വിഭജിക്കുന്നതില്‍ കോണ്‍ഗ്രസ് കടുംപിടിത്തം കാണിക്കാതെനിന്നതും ശ്രദ്ധേയമാണ്.
ഇക്കൊല്ലം ഒക്ടോബറിലാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡി സഖ്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. 2019-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കൂടുവിട്ട് ഷിന്ദേപക്ഷത്തെത്തിയ എം.എല്‍.എമാരില്‍ ചിലരെങ്കിലും ഉദ്ധവ് ക്യാമ്പിലേക്ക് മടങ്ങിവരാനും ലോക്‌സഭാ ഫലം സഹായകമായേക്കും.
Content Highlights: maharashtra shivsena ubt ncpsp congress perfomance loksabha election result