ശരദ് പവാറിനെ വീഴ്ത്താന്‍ ബി.ജെ.പി.ക്കാവുമോ; ബാരാമതി ആരെ തുണയ്ക്കും

മുംബൈ: മഹാരാഷ്ട്ര മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ എക്കാലത്തെയും പ്രിയ മണ്ഡലം ബാരാമതി ചൊവ്വാഴ്ച തിരഞ്ഞെടുപ്പിനെ നേരിടുകയാണ്. മകള്‍ സുപ്രിയ സുലെയും മരുമകള്‍ സുനേത്ര പവാറും തമ്മിലാണ് മത്സരം. പവാറിന്റെ കുടുംബംതന്നെയാണ് എതിരാളികളായി പോരാടുന്നത്.
എണ്‍പത്തിനാലിലെത്തിയെങ്കിലും മഹാരാഷ്ട്രയിലെ ഏത് രാഷ്ട്രീയക്കാരനെക്കാളും ചുറുചുറുക്ക് ഇപ്പോഴും ശരദ് പവാറിനുണ്ട്. അര്‍ബുദരോഗം വേട്ടയാടിയിട്ട് വര്‍ഷങ്ങളായി. ഇക്കാലമത്രയും താന്‍ വളര്‍ത്തിക്കൊണ്ടുവന്ന സഹോദരപുത്രന്‍ അജിത് പവാര്‍ കൂടെയുണ്ടായിരുന്നു. അജിത് പവാറിനെ ചുറ്റിനില്‍ക്കുന്ന വലിയ അഴിമതികള്‍ അദ്ദേഹത്തെ ശത്രുപാളയത്തിലെത്തിച്ചതില്‍ അദ്ദേഹത്തിന് അശേഷം ദുഃഖമുണ്ടായിരുന്നില്ല. ജയിലില്‍ കിടക്കുന്നതിനേക്കാള്‍ നല്ലത് സ്വന്തം തടി രക്ഷിക്കുകയെന്ന തന്ത്രമാണ് പവാര്‍ പക്ഷത്തുണ്ടായിരുന്ന അഴിമതിക്കാരെല്ലാം പയറ്റിയത്.
ശരദ് പവാറിന്റെ അര്‍ധസമ്മതം ആ യാത്രയ്ക്ക് ഉണ്ടായിരുന്നുവെന്ന് അജിത് പവാറിനൊപ്പം പോയവര്‍ പറയുന്നു. അതിനെയും ശരദ്പവാര്‍ വെല്ലുവിളിച്ചിട്ടുണ്ട്. ശരദ് പവാറിനെ ഈ തിരഞ്ഞെടുപ്പോടെ ഭീഷ്മ പിതാമഹനെ കിടത്തിയതുപോലെ ശരശയ്യയില്‍ കിടത്താനാണ് ബി.ജെ.പി. ആലോചന. അതിനാലാണ് അജിത് പവാറിനെ മുന്‍നിര്‍ത്തി ബി.ജെ.പി. യുദ്ധം നയിക്കുന്നത്. ബാരാമതി ശരദ് പവാറിന് കൈവെള്ളയിലെ രേഖകള്‍ പോലെ അറിയാവുന്ന സ്വന്തം മണ്ഡലമായിരുന്നു. മകള്‍ സുപ്രിയയ്‌ക്കെതിരേ അജിത് പവാര്‍ സ്വന്തം ഭാര്യ സുനേത്രയെ ഇറക്കിയാണ് അങ്കംകുറിച്ചത്. ഇക്കാര്യത്തില്‍ അജിതിന് ആദ്യം സമ്മതമുണ്ടായിരുന്നില്ല. എന്നാല്‍, ബി.ജെ.പി.യിലെ ഉന്നതരുടെ ശക്തമായ നിര്‍ബന്ധംകൂടി ആയപ്പോള്‍ അജിത് പവാര്‍ വഴങ്ങുകയായിരുന്നു.
പവാര്‍ പക്ഷത്ത് പിന്തുണയായിനിന്ന ചെറിയ വോട്ടുസംഘങ്ങളെ ദേവേന്ദ്ര ഫഡ്നവിസും അജിത് പവാറും ചേര്‍ന്ന് അടര്‍ത്തിമാറ്റി. അത്തരം ഓരോ നീക്കവും ശരദ് പവാറിനെ നിരായുധനാക്കാനായിരുന്നു. ബാരാമതി ശരദ് പവാറിന്റെ തട്ടകമായതിനാല്‍ അവിടെത്തന്നെ ശരദ് പവാറിന്റെ സ്ഥാനാര്‍ഥിക്ക്് തോല്‍വി സമ്മാനിക്കുക എന്നതാണ് ബി.ജെ.പി. ഈ തിരഞ്ഞെടുപ്പില്‍ പയറ്റുന്ന തന്ത്രം. സുനേത്ര പവാറിന് വേണ്ടി ആര്‍.എസ്.എസിന്റെ ശക്തമായ നിരയും പ്രവര്‍ത്തനരംഗത്ത്് സജീവമാണ്. ഈ യുദ്ധക്കളത്തില്‍ തനിച്ചുനിന്നാണ് ശരദ് പവാര്‍ പൊരുതുന്നത്. മകളുടെ വിജയം നേടിയെടുക്കേണ്ടത് ശരദ്പവാറിന്റെ ആത്മാഭിമാന പ്രശ്‌നമായി വളര്‍ന്നുകഴിഞ്ഞു.
തന്റെ കാലുകള്‍ ബാരാമതിയുടെ മണ്ണില്‍ ഉറച്ചുനില്‍പ്പുണ്ടെന്ന് ബി.ജെ.പി.ക്ക് കാണിച്ചുകൊടുക്കാനുള്ള യുദ്ധമാണ് ശരദ് പവാര്‍ നയിക്കുന്നത്. മഹാരാഷ്ട്ര മുഴുവന്‍ യുദ്ധം നയിക്കേണ്ട ശരദ് പവാറിനെ ഈ തിരഞ്ഞെടുപ്പില്‍ ബാരാമതിയില്‍ മാത്രം ചുരുക്കിയെടുക്കാന്‍ ബി.ജെ.പി.ക്കായി. നരേന്ദ്രമോദിക്കെതിരേ തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും ശരദ് പവാര്‍ പ്രയോഗിക്കുന്നുണ്ട്. പുതിനെപ്പോലെയാണ് മോദിയെന്ന് പവാര്‍ പറഞ്ഞുകഴിഞ്ഞു. അശരണനായ ആത്മാവിനെപ്പോലെ അലയുകയാണ് ശരദ് പവാറെന്ന് മോദിയും പറഞ്ഞിട്ടുണ്ട്. ബാരാമതിയിലെ ഈ പോരാട്ടത്തിലൂടെ, ശരദ് പവാറിനെ തോല്‍പ്പിക്കുന്നതിലൂടെ മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ മറാത്തവീര്യം ചോര്‍ത്തിക്കളയാനാണ് ബി.ജെ.പിയുടെ ശ്രമം.
മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ വടവൃക്ഷമാണ് ശരദ് പവാര്‍. ഇന്ന് അദ്ദേഹത്തെ വെല്ലുവിളിക്കുന്ന എല്ലാവരും അദ്ദേഹത്തിന്റെ കീഴില്‍വീണ് പൊട്ടിമുളച്ചവരാണ്. പാര്‍ട്ടിയെ പിളര്‍ത്തി സഹോദരപുത്രന്‍ പാര്‍ട്ടിപ്പേരും ചിഹ്നവും കൊണ്ടുപോയി. ആ കേസ് കോടതിയിലാണ്. ശിവസേന, കോണ്‍ഗ്രസ്, എന്‍.സി.പി. കക്ഷികള്‍ ഉള്‍പ്പെട്ട മഹാവികാസ് അഘാഡിസഖ്യം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തിയത് രാജ്യത്തെ പ്രതിപക്ഷനിരയില്‍ വലിയ ആവേശമാണുണ്ടാക്കിയത്. അതിന് പുറകിലെ സജീവമായ തലച്ചോര്‍ ശരദ് പവാറിന്റേതായിരുന്നു. തക്കം പാര്‍ത്തിരിക്കുകയായിരുന്ന ബി.ജെ.പി. ശിവസേനയെ പിളര്‍ത്തി. സേന എം.എല്‍.എ.മാര്‍ കൂറുമാറിയതോടെ ഉദ്ധവ് താക്കറെ സര്‍ക്കാര്‍ വീണു. ശരദ് പവാറിന് ബി.ജെ.പി. കൊടുത്ത ആദ്യത്തെ അടി അതായിരുന്നു. അധികം വൈകാതെ എന്‍.സി.പി.യെയും പിളര്‍ത്തി അജിത് പവാറിന്റെ നേതൃത്വത്തില്‍ ഭൂരിപക്ഷം എം.എല്‍.എ.മാരും സര്‍ക്കാരിന്റെ ഭാഗമായി. ശരദ് പവാറിന് കൊടുത്ത രണ്ടാമത്തെ കനത്ത പ്രഹരം.
ആദ്യമായാണ് ഒരു പാര്‍ട്ടിയെ അതിന്റെ സ്ഥാപകനേതാവില്‍നിന്ന് തട്ടിയെടുക്കുന്നത്. മറാത്തികളുടെ പാര്‍ട്ടിയായ ശിവസേനയെ തകര്‍ക്കാനായിരുന്നു അവരുടെ നേരത്തേയുള്ള ശ്രമം. ഇപ്പോള്‍ മറ്റൊരു മറാത്തിയുടെ പാര്‍ട്ടിയായ എന്‍.സി.പി.യുടെ അവകാശം പറിച്ചെടുത്ത് മറ്റൊരാള്‍ക്ക് നല്‍കിയിരിക്കുന്നു. ഇതെല്ലാം മഹാരാഷ്ട്രയിലെ ജനങ്ങളോടുള്ള അനീതിയാണെന്ന പ്രചാരണമാണ് തിരഞ്ഞെടുപ്പില്‍ ശരദ്പവാര്‍ പക്ഷം മുന്നോട്ടുവെക്കുന്നത്. അത് സഹതാപമാവുമോയെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ല.
Content Highlights: can bjp deweaponize sharad pawar who will win baramati supriya sule